നാഗരുടെ സ്നേഹ വിരുന്ന്. (GIE 2025-26. Day#14 – Dec 12)


12
ഇന്ന് രണ്ട് പ്രധാന കാര്യങ്ങളാണ് സംഭവിച്ചത്. അതേ ക്രമത്തിൽ പറയാം.

രാവിലെ 7 മണിയോടെ ഓൺലൈൻ സുഹൃത്ത് സജി മാനുവൽ Saji Manuel എന്നെ കാണാൻ എത്തി. ഞങ്ങൾ ഒരു മണിക്കൂറോളം തെരുവിൽ നിന്ന് സംസാരിച്ച് ഓഫ്ലൈൻ ആക്കി. സജിയിൽ Saji Manuel നിന്ന് കിട്ടിയത് ഒരുപാട് വിലപിടിപ്പുള്ളതും നാഗാലാൻഡിൽ വരുന്ന ഏതൊരാൾക്കും പ്രയോജനപ്പെടുന്നതുമായ വിവരങ്ങളാണ്. അക്കമിട്ട് പറയാം.

1. നാഗാലാൻഡ് മദ്യ നിരോധന സംസ്ഥാനം ആണെങ്കിലും മദ്യം ലഭിക്കാൻ ഇവിടെ ഒരു ബുദ്ധിമുട്ടുമില്ല. ഹോൺബിൽ ഫെസ്റ്റിവലിലെ മിക്കവാറും എല്ലാ ഭക്ഷ്യ സ്റ്റാളുകളിലും മദ്യം ലഭ്യമായിരുന്നു. അത് ഫെസ്റ്റിവലിന് വേണ്ടി ഇളവ് ചെയ്തതാണെന്ന് വേണമെങ്കിൽ കരുതാം. പക്ഷേ മുൻവശത്ത് അഴികൾ പിടിപ്പിച്ച് മറ്റെന്തെങ്കിലും ചെറിയ സാധനങ്ങൾ എടുത്തു വെച്ച് നടത്തുന്ന ചെറിയ ചില കടകളിൽ സത്യത്തിൽ നടക്കുന്നത് മദ്യ വില്പനയാണ്. പോലീസ് അല്ലെങ്കിൽ എക്സൈസ് ഇടപെട്ട് ഇത് നിർത്തിക്കാനോ പൂട്ടിക്കാനോ ഒന്നും ശ്രമിക്കാറില്ല. എന്നുവെച്ച് മദ്യപിച്ച് അഴിഞ്ഞാടി നടക്കാനോ കയ്യിൽ മദ്യം വെച്ച് അനാവശ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടാനോ ശ്രമിച്ചാൽ നടപടികളിൽ നേരിടേണ്ടി വരും.

2. ഇവിടത്തെ വാഹനങ്ങൾ സാധാരണ നിലക്ക് ഇൻഷുറൻസ് എടുക്കാറില്ല. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രം എടുക്കും. മറ്റ് തട്ടലോ മുട്ടലോ ഉണ്ടായാൽ രണ്ടു കൂട്ടരും തമ്മിൽ തർക്കിച്ച് കയ്യൂക്കുള്ളവൻ പറയുന്നത് പോലെ കാര്യങ്ങൾ നീങ്ങും. അതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വരുന്നവർ ശ്രദ്ധിച്ചു വാഹനം ഓടിക്കുക. തിണ്ണമിടുക്ക് നിങ്ങൾക്കല്ല നാഗന്മാർക്കായിരിക്കും എന്ന് മറക്കാതിരിക്കുക.

3. സ്ത്രീകളെ നാഗന്മാർ വളരെ ബഹുമാനത്തോടെയും ആദരവോടെയും ആണ് കാണുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ല. എന്നുവച്ച് സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടെന്ന് തെറ്റിദ്ധരിക്കരുത്.

4. മേൽപ്പറഞ്ഞ കാര്യങ്ങളാൽ ട്രാഫിക് നിയന്ത്രിക്കുന്നത് കൂടുതലും വനിതാ പൊലീസുകാരാണ്. പുരുഷ പോലീസുകാർ പറഞ്ഞാൽ നാഗന്മാർ വകവെച്ചെന്ന് വരില്ല.

5. വേട്ടയാടൽ നിരോധിച്ചിട്ടുണ്ട് എങ്കിലും ആവശ്യമുള്ളവർ അത് യഥേഷ്ടം. അതിന്റെ പേരിൽ ആരും കേസെടുക്കാൻ പോകില്ല. വേട്ടയാടൽ അവരുടെ രക്തത്തിലുള്ളതാണ്.

6. തോക്കുകൾക്ക് ലൈസൻസിന്റെ ആവശ്യമൊന്നുമില്ല. വേണ്ടവർക്ക് വാങ്ങാം, ഉപയോഗിക്കാം.

7. ഗതാഗതം മാന്യമായ രീതിയിലുള്ളതാണ്. ഒരു ട്രാഫിക് ബ്ലോക്ക് വന്നാൽ ആരും കുത്തി കയറ്റില്ല നിരനിരയായി നിൽക്കുന്നത് കാണാം.

8. അവസാനത്തെ തലവെട്ട് ഒരു വേലി തർക്കത്തിന്റെ പേരിലായിരുന്നു. കോന്യാക്ക് എത്ര വർഗ്ഗത്തിലെ ഒരു സ്ത്രീയുടെ തലയാണ് അന്ന് വെട്ടിയത്. പകരത്തിന് പകരം എന്നതാണ് നാഗന്മാരുടെ കണക്ക്. തിരിച്ച് തല വെട്ടേണ്ടത് ആയിരുന്നു പക്ഷേ അത് നടന്നില്ല. വെട്ടിയ തല കൊടുക്കാറില്ല. അത് ട്രോഫി പോലെ സൂക്ഷിക്കും. പക്ഷേ ഈ കേസിൽ തല തിരികെ കൊടുത്ത പൊലീസുകാർ കേസ് ഒതുക്കി. അതുകൊണ്ടുതന്നെ അത് അവസാനത്തെ തലവെട്ടായി അവസാനിച്ചു. അന്ന് വെട്ടിയ തല കുന്തത്തിൽ കോർത്ത് ജാഥയായി പോകുന്നത് സജി നേരിൽ കണ്ടതാണ്.

ഇന്നലെ ഒരുപാട് കാര്യങ്ങളുണ്ട്. ചിലത് ഞാൻ മറന്നു പോയിരിക്കുന്നു. ഓർമ്മ വരുന്ന മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

രണ്ടാമത് സംഭവിച്ചത്…..

ഹോൺബിൽ ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുമ്പോൾ ബസ്സിൽ വെച്ച് പരിചയപ്പെട്ട റോങ്ങ്സെൻ ജാമിർ Shyni TheRider എന്ന നാഗ കുടുംബത്തിന്റെ കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. കൊഹീമ വിടുന്നതിന് മുൻപ് അവരുടെ വീട്ടിൽ അത്താഴത്തിന് ചെല്ലണമെന്ന് അവർ നിർബന്ധം അറിയിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ച് ഇന്ന് രാത്രി ഷൈനിയും ഞാനും അവരുടെ വീട്ടിൽ പോയി. രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള സ്നേഹസംഗമം ആയിരുന്നു അത്.

ഞങ്ങൾക്ക് വേണ്ടി വലിയ വിരുന്ന് തന്നെയാണ് അവർ ഒരുക്കിയിരുന്നത്. ചപ്പാത്തി, ചോറ്, ചിക്കൻ, ചെമ്മീൻ, സ്പെഷ്യൽ കൂൺ കറി, ബീൻസ് തോരൻ, സാലഡ്, എന്നിങ്ങനെ നീളുന്നു വിഭവങ്ങൾ. ലഹരി ഇല്ലാത്ത സ്പാനിഷ് വീഞ്ഞ് വിളമ്പിയാണ് അത്താഴം ആരംഭിച്ചത്.

അവരുടെ കെട്ടിടത്തിന്റെ നാലാം നിലയിൽ പരമ്പരാഗത നാഗ ശൈലിയിലുള്ള അടുക്കള ഉണ്ട്. പിന്നീട് അങ്ങോട്ടാണ് ഞങ്ങൾ പോയത്. ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴ്വരയുടേയും നഗരത്തിന്റേയും ദീപങ്ങൾ ജ്വലിച്ചു നിൽക്കുന്ന മനോഹരമായ കാഴ്ച കാണാം. തീ കാഞ്ഞുകൊണ്ട് അതിൽ ചുട്ടെടുത്ത ഓറഞ്ചുകൾ ഞങ്ങൾ കഴിച്ചു. തണുപ്പ് കാലത്ത് അവർ ഓറഞ്ച് കഴിക്കുന്നത് അങ്ങനെയാണത്രേ.

ഓ… റോങ്സെൻ കുടുംബത്തെപ്പറ്റി പറയാൻ ഞാൻ മറന്നു. അദ്ദേഹം കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ച വ്യക്തിയാണ്. ഭാര്യ വാടികാല ലോഗ്രി, നാഗാലാൻ്റ് സർക്കാറിൻ്റെ ആരോഗ്യ വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടർ ആയിരുന്നു. മൂത്ത മകൾ മോസെൻല ജാമിർ കവയത്രിയും ഷോർട്ട് ഫിലിം സംവിധായികയും ഡോക്യുമെന്ററി സംവിധായികയും ആണ്. നിരവധി ദേശിയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള യുവതി. രണ്ടാമത്തെ മകൻ ശാൻക്തി ജാമിറും മൂന്നാമത്തെ മകൻ ജാമിറും ഡോക്ടർമാർ ആണ്. മൂത്തയാൾ ഉപരിപഠനം നടത്തിയത് ചൈനയിലും രണ്ടാമത്തെയാൾ ആംസ്റ്റർഡാമിലും ആണ്. മൂന്നുപേരുടെയും സ്കൂൾ പഠനം മദ്രാസിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് തെക്കേ ഇന്ത്യക്കാരെയും തെക്കേ ഇന്ത്യൻ വിഭവങ്ങളും വളരെ ഇഷ്ടമാണ്. ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. ശാൻക്തി ജാമിർ വിവാഹിതനും രണ്ട് മിടുക്കി പെൺകുട്ടികളുടെ പിതാവുമാണ്. എല്ലാവരും ഒരുമിച്ച് ആ വീട്ടിൽ തന്നെയാണ് താമസം.

ഞങ്ങൾ ഒരുമിച്ച് കുടുംബചിത്രം എടുത്തു. എത്രയോ ആളുകൾക്ക് ശേഷമാണ് അങ്ങനെയൊരു ചിത്രം എടുക്കുന്നതെന്നായി അവർ.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അന്ന് രാത്രി ഞങ്ങൾ അവിടെത്തന്നെ തങ്ങണമെന്നായി നിർബന്ധം. അവരുടെ സ്നേഹത്തിനു മുന്നിൽ എതിർത്തുനിൽക്കാൻ ഞങ്ങൾക്കായില്ല.

ഞാൻ ആലോചിക്കുകയായിരുന്നു അവരുടെ നാട്ടിൽ ഒരു ടൂറിസ്റ്റുകൾ ആയി വന്ന് വഴിയിൽ വെച്ച് കണ്ട് പരിചയപ്പെട്ട രണ്ടുപേരെ അവർ എന്തിന് ഇത്രത്തോളം ആദരവോടെയും സ്നേഹത്തോടെയും അതിഥികളായി സ്വീകരിക്കണം? കൊഹീമ നഗരത്തിൽ വിദ്യാഭ്യാസം കൊണ്ടും സാമ്പത്തികമായും ഉയർന്ന നിലയിൽ ജീവിക്കുന്ന ഒരു കുടുംബമാണത്.

എത്ര ഉയർന്ന നിലയിൽ എത്തിയിട്ടും അവർ മനുഷ്യരിൽ നിന്നും അകന്നിട്ടില്ല. ഉയരങ്ങളിലാണ് തങ്ങൾ എന്ന് അഹങ്കാരം അവർക്ക് വന്നിട്ടില്ല. ഇതൊക്കെയാണ് എനിക്ക് തോന്നിയത്. എന്തായാലും നാഗാലാൻഡിൽ ഒരു കുടുംബം ഉള്ളതുപോലെ ഉള്ള തോന്നലാണ് എനിക്കുണ്ടായത്. ഞാൻ ശ്രീമതി വാടികാലയെ ദീദി എന്നാണ് വിളിച്ചത്.

സ്വീകരണ മുറിയിൽ ഒരുക്കിയ കട്ടിലിൽ നഗരത്തിന്റെ ദീപക്കാഴ്ചകൾ കണ്ടാണ് ഞാനിന്ന് ഉറങ്ങുക. ഭാഗി വീടിന് മുന്നിലെ തെരുവിൽ സുരക്ഷിതയാണ്. ഒരുപക്ഷേ നാഗാലാൻഡിൽ ഇത്രയും ഗംഭീരമായ ഒരു ഉറക്കം ഇനി അങ്ങോട്ട് വേറെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#kohima
#caravan
#motorhomelifestyle
#northeastindia
#kohimanagaland
#nagahospitality

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>