ഇന്ന് രാവിലെ സഫിഡോണിൽ മൂന്ന് ഡിഗ്രി താപമാനം എന്നാണ് ഇന്റർനെറ്റിൽ കാണിച്ചത്. പക്ഷേ രാവിലെ, 3 ഡിഗ്രിയുടെ തണുപ്പ് എനിക്ക് തോന്നിയില്ല. അക്കാര്യം സൂചിപ്പിച്ചപ്പോൾ ജയ്പാൽ റാണ തമാശ രൂപേണ ചിരിച്ചുകൊണ്ട് പറഞ്ഞു.
“രണ്ടേ രണ്ട് ദിവസം കൊണ്ട് ശൈത്യ തരംഗം തീർന്നെന്നാണ് തോന്നുന്നത്.”
ആരാണ് ജയ്പാൽ റാണ എന്നല്ലേ? പർമൽ ജഗ്ലൻ്റെ പഴയ വ്യോമസേന സഹപ്രവർത്തകനാണ് ജയ്പാൽ റാണ. സഫിഡോണിൽ നിന്ന് 7 കിലോമീറ്റർ മാറിയുള്ള സിംഖാന ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. ഞാൻ ഇവിടെ വന്നു പോയ കാര്യവും ഭാഗിയുടെ വിശേഷവും ഒക്കെ പർമൽ തൻറെ സുഹൃത്തിനോട് പറഞ്ഞപ്പോൾ, എന്തുകൊണ്ടെന്നെ പരിചയപ്പെടുത്തിയില്ല വീട്ടിലേക്ക് കൊണ്ടുവന്നില്ല എന്നൊക്കെ ജയ്പാൽ റാണ പരാതി പറഞ്ഞു. അതുകൊണ്ട് ഇന്ന് രാവിലെ അദ്ദേഹത്തിൻറെ വീട് വരെ എന്തായാലും പോകണം എന്നാണ് പർമലിൻ്റെ ആവശ്യം.
എനിക്കതിൽ സന്തോഷമേയുള്ളൂ. ഒരു ഗ്രാമത്തിൽ ഔദ്യോഗികമായി കടന്ന് ചെല്ലാമല്ലോ.
വലിയ സ്വീകരണമാണ് എനിക്ക് അവിടെ കിട്ടിയത്. ജയ്പാൽ റാണ ആ ഗ്രാമത്തിലെ സാമാന്യം ധനാഢ്യനായ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വീട് കണ്ടാൽത്തന്നെ അത് മനസ്സിലാക്കാം. ഞങ്ങൾ അവിടെ ചെന്നതും ജയ്പാലിന്റെ സഹോദരന്മാർ തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് വന്നു. ഗ്രാമത്തിലെ പ്രമുഖന്മാർ രണ്ടുമൂന്ന് പേർ വന്നു. സർപഞ്ച് പ്രമോദ് റാണ വന്നു. ജയ്പാൽ എല്ലാവർക്കും ചായയും ആലു പക്കോടയും വിളമ്പി.
പലപ്പോഴായി, ചെറുപ്രായക്കാർ നാലഞ്ച് പേർ വന്ന് എൻ്റെ കാൽതൊട്ട് വന്ദിച്ച്, “റാം റാം ബാബുജി, നമസ്തേ ബാബുജി” എന്നെല്ലാം പറഞ്ഞു. ഞാൻ കുനിഞ്ഞ് അവരുടേയും കാല് തൊട്ടു. വേറെന്തു ചെയ്യാൻ? മുതിർന്നവർ അങ്ങനെ ചെയ്യരുതെന്ന് പ്രായമുള്ളവർ എന്നെ വിലക്ക്. ഞാൻ കൂടുതൽ തർക്കങ്ങൾക്കൊന്നും നിന്നില്ല. അവരുടെ സമ്പ്രദായവും സംസ്കാരവും ആണ്. നമുക്ക് ഇഷ്ടമല്ലെങ്കിലും തൽക്കാലം അതിനെ മാനിക്കുക തന്നെ.
പഴയ വ്യോമസേനക്കാരൻ ആയിരുന്നെങ്കിലും, മിക്കവാറും എല്ലാ ഹരിയാനക്കാരേയും പോലെ ജയ്പാലും ഒരു കൃഷിക്കാരൻ ആണ്. വലിയ കൃഷിയിടങ്ങൾ അദ്ദേഹത്തിനുണ്ട്. എങ്കിലും വീടിന്റെ പിന്നാമ്പുറത്തുള്ള ഇത്തിരി പോന്ന സ്ഥലത്ത് അദ്ദേഹം മഞ്ഞളും പാലക്കും വെളുത്തുള്ളിയും പേരയും പീച്ചും ഒക്കെ കൃഷി ചെയ്യുന്നു.
ചായ സൽക്കാരത്തിന് ശേഷം വലിയ ഒരു പ്രദർശനം എന്നപോലെ ഭാഗിയുടെ സൗകര്യങ്ങൾ എല്ലാവരും കണ്ട് ആസ്വദിച്ചു. ഇന്ന് രാത്രി ഇവിടെ തങ്ങിക്കൂടെ എന്ന് ജയ്പാൽ പലവട്ടം നിർബന്ധിച്ചു. കൃഷിയിടങ്ങളിൽ താങ്ങാനായി പിന്നീട് ഒരിക്കൽ വരാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. അടുത്തവർഷം പഞ്ചാബിലേക്കും ഹിമാചലിലേക്കും പോകുമ്പോൾ ഈ വഴി ഇനിയും വരേണ്ടതാണ്.
കുറച്ച് ദിവസമായി ഉത്തരം കണ്ടെത്തണമെന്ന് കരുതിയിരുന്ന ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ആ ഗ്രാമത്തിൽ നിന്ന് ഉത്തരം കിട്ടി.
ചോദ്യം 1:- ചാണകവും വൈക്കോൽപ്പൊടിയും ചേർത്ത് ഉണ്ടാക്കുന്ന വലിയ വരടികൾ, മൃതദേഹങ്ങൾ സംസ്കരിക്കാനാണോ അതോ അടുപ്പിൽ കത്തിക്കാൻ ആണോ?
ഉത്തരം 1:- രണ്ട് ആവശ്യങ്ങൾക്കും ഉപയോഗിക്കും. പക്ഷേ കൂടുതലായും ഗ്രാമവാസികളുടെ അടുക്കളയിലാണ് ഉപയോഗിക്കാറ്. ഒരു വരടി മുക്കാൽ മണിക്കൂറോളം നിന്ന് കത്തും.
ചോദ്യം 2:- ഭംഗിയുള്ള വലിയ ചുരുളുകളാക്കി വച്ചിരിക്കുന്ന വൈക്കോലുകൾ, അത്തരത്തിൽ ചുരുട്ടുന്നത് എങ്ങനെയാണ്? അത് പിന്നീട് എന്ത് ചെയ്യുന്നു? ഈ ചോദ്യം കഴിഞ്ഞദിവസം കമന്റിലൂടെ എന്നോട് ചോദിച്ചത് ബിജു ചെറിയാൻ Biju Cherian ആണ്.
ഉത്തരം 2:- യന്ത്ര സഹായത്താലാണ് വൈക്കോൽ അങ്ങനെ ചുരുളുകൾ ആക്കുന്നത്. ഇത് പിന്നീട് പേപ്പർ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയും കടലാസ് ഉണ്ടാക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
ജയ്പാൽ റാണയുടെ വീട്ടിൽനിന്ന് മടങ്ങിയ ശേഷം ഞാൻ പർമലിൻ്റെ റസ്റ്റോറന്റിന് മുന്നിൽ ജനറേറ്റർ സ്റ്റാർട്ട് ചെയ്ത് ഭാഗിയുടെ ബാറ്ററി ചാർജ്ജ് ചെയ്തു, ബാക്കപ്പ് എടുത്തു, വാട്ടർ ടാങ്കിൽ വെള്ളം നിറച്ചു. ആ രംഗങ്ങൾ പർമൽ സാമാന്യം നന്നായിത്തന്നെ വീഡിയോയിൽ പകർത്തി തന്നു.
രണ്ടര മണിക്കൂർ യാത്രയുണ്ട് ഫത്തേഹബാദിലേക്ക്. ഏകദേശം 130 കിലോമീറ്റർ. വൈകുന്നതിനു മുൻപ് അങ്ങ് ചെന്നാൽ ഒരു കോട്ടയെങ്കിലും കാണാൻ പറ്റും.
പക്ഷേ, ഫത്തേഹബാദിൽ ഒരു കോട്ട ഗൂഗിൾ കാണിക്കുന്നില്ല. പിന്നെയുള്ളത് 10 കിലോമീറ്റർ മാറി, ഫിറോസ് ഷാ കൊട്ടാര സമുച്ചയം ആണ്. ഞാൻ ഭാഗിയെ അങ്ങോട്ട് നയിച്ചു. നഗരം അദ്ധ്യത്തിൽ ബസ്റ്റാൻഡിന് എതിരെ തന്നെയാണ് ഈ കൊട്ടാര സമുച്ചയം നിലകൊള്ളുന്നത്. ASI അങ്ങനെയൊരു പേര് ഇട്ട് വെച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലായില്ല. അതൊരു കോട്ടയാണ്. കോട്ടയ്ക്കകത്ത് തകർന്ന കൊട്ടാരത്തിന്റെ ഭാഗങ്ങളും ആരാധനാലയങ്ങളും. മറ്റെല്ലായിടത്തും ഇതിനെ കോട്ട എന്നാണല്ലോ അടയാളപ്പെടുത്തിയിരിക്കുന്നത്?! ഇതുതന്നെ ആയിക്കൂടെ ഫത്തേഹബാദ് കോട്ട? കവാടത്തിലിരിക്കുന്ന വാച്ച്മാന് അതേപ്പറ്റി ഒരു ഗ്രാഹ്യവും ഇല്ല.
ഞാൻ കോട്ടയ്ക്ക് ഉള്ളിൽ സമയമെടുത്ത് കറങ്ങി നടന്നു. സാമാന്യം വലിയ കോട്ടയും കൊട്ടാരഭാഗങ്ങളും ആണത്. നഗരമദ്ധ്യത്തിൽ ആയതുകൊണ്ട് കുറെയൊക്കെ സഞ്ചാരികൾ കോട്ട കാണാൻ വരുന്നുമുണ്ട്.
* ഫിറോസ് ഷാ കൊട്ടാരം, തഹ്ഖനാസ്, ലാട്ട് കി മസ്ജിദ്, എന്നിവയാണ് കോട്ടയ്ക്കുള്ളിൽ ഉള്ളത്.
* ഭൂമിക്കടിയിലുള്ള കെട്ടിട ഭാഗങ്ങളെയാണ് തഹ്ഖനാസ് എന്ന് പറയുന്നത്. അത്തരം ഒന്നിലധികം കെട്ടിടങ്ങളും കനാലുകൾ പോലുള്ള ഭാഗങ്ങളും ഇതിനകത്തുണ്ട്.
* പതിനാലാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക്ക് ആണ് ഇതിനകത്തുള്ള ലാട്ട് കി മസ്ജിദ് അഥവാ ഹിസ്സർ നിർമ്മിച്ചത്.
* മസ്ജിദിനോട് ചേർന്ന് നിൽക്കുന്ന 30 അടിയോളം ഉയരമുള്ള കല്ലിന്റെ സ്തൂപം ഈ കോട്ടയിലെ പ്രധാന ആകർഷണമാണ്. ലാട്ട് എന്നാൽ ഈ സ്തൂപമാണ്.
* ലാട്ടിന്റെ കീഴ് ഭാഗം സാൻഡ് സ്റ്റോൺ കൊണ്ടും മുകൾഭാഗം പിങ്ക് സ്റ്റോൺ കൊണ്ടും ആണ് ഉണ്ടാക്കിയിരിക്കുന്നത്.
* ലാട്ടിന്റെ കീഴ്ഭാഗം മൗര്യ ചക്രവർത്തിയായ അശോകൻ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. മൗര്യൻ ബ്രഹ്മി ലിപികൾ അതിൽ കാണുന്നതുകൊണ്ടാണ് അങ്ങനെ ഒരു നിഗമനം.
* തുഗ്ലക്ക് വാസ്തു ശില്പകലയുടെ മകുടോദാഹരണമാണ് ഇതിനകത്തെ നിർമ്മിതികൾ.
* ASI വളച്ചു കെട്ടി പുതുക്കിപ്പണിതിരിക്കുന്ന കോട്ടയുടെ മതിലിന് വെളിയിൽ വേറെയും കൊട്ടാരഭാഗങ്ങൾ കാടുപിടിച്ച് കിടക്കുന്നത് കാണാം. അത് സംരക്ഷിക്കാനോ മിനുക്കു പണികൾ ചെയ്യാനോ ASI മുതിരാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഈ കോട്ടയുടെ കെട്ടിന് അകത്തുള്ളതിനേക്കാൾ വലിയ കെട്ടിടങ്ങളാണ് പുറത്തുള്ളത്.
മൂന്ന് നിലകളായുള്ള കൊട്ടാരത്തിന്റെ ഭാഗങ്ങളിലേക്ക് കയറിപ്പോകാൻ വഴികളുണ്ട്. സഞ്ചാരികൾ അതിലെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. 5 മണിക്ക് കോട്ട അടക്കുകയാണെന്ന് വാച്ച്മാൻ വന്ന് പറയുന്നത് വരെ ഞാൻ അതിനകത്ത് ചുറ്റി നടന്നു.
കോട്ടയ്ക്ക് വെളിയിൽ ഇടത് വശത്ത് കാണുന്ന സ്കൂൾ കെട്ടിടവും കോട്ടയുടെ ഭാഗമായിരുന്നെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന നിർമ്മിതികൾ അവിടെ അവശേഷിക്കുന്നുണ്ട്.
കോട്ട സന്ദർശനം കഴിഞ്ഞാൽ അടുത്ത നടപടി രാത്രി തങ്ങാനുള്ള സ്ഥലം കണ്ടെത്തലാണ്. വരുന്ന വഴിക്ക് 10 കിലോമീറ്റർ പിന്നിൽ കൊള്ളാവുന്ന ഒരു ഹോട്ടൽ ഞാൻ അടയാളപ്പെടുത്തിയിരുന്നു. അങ്ങോട്ട് തിരിച്ചു. അതിന്റെ പേര് തന്നെ ധാബ എന്നാണ്. അവിടെ ചെന്ന് കാര്യം പറഞ്ഞു. അവർക്ക് സന്തോഷം. ധാരാളം കുടുംബങ്ങൾ വന്ന് തങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സ്ഥലമാണ്.
ഭക്ഷണം കഴിച്ച ശേഷം സ്ലീപ്പിങ് ബാഗിലേക്ക് നുഴഞ്ഞ് കയറണം. വെളുപ്പിന് 2 ഡിഗ്രിയാണ് താപമാനം കാണിക്കുന്നത്. ശൈത്യ തരംഗം ഒഴിവായിട്ടൊന്നുമില്ല. എനിക്ക് പക്ഷേ 2 ഡിഗ്രി ഇപ്പോൾ ശീലമായിരിക്കുന്നു. കേരളത്തിലേക്ക് തിരിച്ചെത്തിയാലുള്ള അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.
ശുഭരാത്രി.