“ഒരുകാലത്ത് മുല്ലപ്പെരിയാർ ഡാമിനെ രക്ഷിക്കണമെന്ന് മുറവിളി കൂട്ടി നടന്നിരുന്ന ആളല്ലേ ? ഇപ്പോളെന്താ ഒന്നും പറയാത്തത് “… ഇൻബോക്സിൽ ഒരു സുഹൃത്തിന്റെ ചോദ്യമാണ്.
മറുപടി:- ഓ…. ഞാനീ ചോദ്യത്തിന് അന്നേ മറുപടി പറഞ്ഞിട്ടുണ്ട്.
കാരണം 1:- ഞാനൊരു കറകളഞ്ഞ സ്വാർത്ഥനാണ്. ഞാൻ ചത്തുപോയാലോന്ന് പേടിച്ചിട്ട് മാത്രമാണ് അന്നങ്ങനെയൊക്കെ ചെയ്തത്. ബാക്കി ജനത്തിനെപ്പറ്റി എനിക്കൊരു ബേജാറുമില്ല. ഞാൻ ചാകരുത്. എനിക്ക് ശേഷം പ്രളയമുണ്ടായാലും കുഴപ്പമില്ല, എനിക്ക് മുൻപ് ഡാം പൊട്ടി പ്രളയം ഉണ്ടാകരുത്.
കാരണം 2:- കേരളത്തിലെ കക്ഷിരാഷ്ട്രീയക്കാർക്കും നേതാക്കന്മാർക്കും തമിഴ്നാട്ടിൽ എത്ര ഏക്കർ തോട്ടങ്ങളും വസ്തുവഹകളും ഉണ്ടെന്ന കണക്ക് പുറത്തുവിടുമെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒന്ന് വിരട്ടിയതും, മുല്ലപ്പെരിയാർ സമരങ്ങളൊക്കെ ഇട്ടെറിഞ്ഞ്, നേതാക്കളൊക്കെ മുങ്ങിയതോടെ, ആ തോതിൽ ഒരു സമരം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഡാം പൊട്ടിയാൽ പൊട്ടി. വെള്ളം വരുന്നിടത്ത് വെച്ച് കാണുക, അനുഭവിക്കുക, കുടിച്ച് ചങ്കും പള്ളയും വീർപ്പിച്ച് ചത്ത് മലക്കുക. അത്രതന്നെ.
കാരണം 3 :- അന്നത്തെ സമരങ്ങളൊക്കെ പൊളിഞ്ഞതോടെ, വെള്ളം പൊങ്ങി വരുമ്പോൾ പിടിച്ചുതൂങ്ങി കിടക്കാൻ വേണ്ടിയുള്ള ഐറ്റംസ് സംഘടിപ്പിച്ച് കട്ടിലിനടിയിൽ സൂക്ഷിച്ചുവെക്കാൻ തുടങ്ങിയത്, ഞാൻ ചത്തു പോകരുത് എന്നുള്ള സ്വാർത്ഥ താൽപ്പര്യമൊന്ന് കൊണ്ട് മാത്രമാണ്.
കാരണം 4:- അന്ന് ഹൈക്കോടതിക്കടുത്ത് താമസിച്ച് പോന്നിരുന്ന രണ്ടാം നിലയിൽനിന്ന്, തൃക്കാക്കരയിലെ ആറാം നിലയിലേക്ക് താമസം മാറ്റിയതും മേൽപ്പറഞ്ഞ സ്വാർത്ഥ താൽപര്യവും പേടിയും കൊണ്ടുമാത്രം.
കാരണം 5:- എന്നിട്ടും പേടി മാറാഞ്ഞതുകൊണ്ടും സ്വാർത്ഥത പിന്നെയും തികട്ടിത്തികട്ടി വന്നതുകൊണ്ടും മാത്രമാണ് കേരളം വിട്ട് കർണ്ണാടകത്തിലേക്ക് ചേക്കേറിയത്. തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള വട്ടം കൂട്ടുന്നത്.
കാരണം 6:- ‘If you cannot beat them, join them.‘ എന്നാണല്ലോ ചൊല്ല്. കേസ് നടത്തി തമിഴരെ തോൽപ്പിക്കാൻ പറ്റാത്തതുകൊണ്ട് അവർക്കൊപ്പം കൂടാൻ തീരുമാനിച്ചു.
കാരണം 7:- ഡാം പൊട്ടില്ല എന്ന സുപ്രീം കോടതി നിഗമനവും വിധിയുമുള്ളപ്പോൾ ഡാമെങ്ങനെ പൊട്ടാനാണ്. പൊട്ടിയാൽ അത് കോടതിയലക്ഷ്യമല്ലേ ? ഡാം അഴിയെണ്ണും. കളി കോടതിയോടാണോ?
ഡാം പൊട്ടുമെന്നും പൊട്ടില്ലയെന്നും കേരളത്തിൽത്തന്നെ രണ്ട് വിദഗ്ദ്ധാഭിപ്രായവും അതിൻ്റെ പേരിലുള്ള തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, വേണമെങ്കിൽ സൗജന്യമായി ഒരു ഉപദേശം തരാം.
അണക്കെട്ട് പൊട്ടില്ല എന്ന് കരുതുന്ന കൂട്ടർ, അല്ലലും ആശങ്കകളും ഇല്ലാതെ പഴയതുപോലെ കേരളത്തിൽ അവരിപ്പോൾ കഴിയുന്ന ഇടങ്ങളിൽത്തന്നെ തുടരട്ടെ. ഡാം പൊട്ടില്ലെന്ന അവരുടെ വിശ്വാസം അത്രയ്ക്ക് ശക്തമാണെങ്കിൽ അപകട സാദ്ധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മേഖലകളിൽപ്പോലും അവർ താമസിക്കട്ടെ, വസ്തുവഹകൾ വാങ്ങിക്കൂട്ടട്ടെ, കെട്ടിടങ്ങൾ പണിയട്ടെ.
അണക്കെട്ട് പൊട്ടുമെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്. സുപ്രീം കോടതിയും തമിഴ്നാടും കേരളത്തിലെ തന്നെ വലിയ വലിയ അണക്കെട്ട് വിദഗ്ദ്ധന്മാരും എഞ്ചിനീയർ സാറന്മാരുമൊക്കെ പറയുന്ന കണക്ക് പ്രകാരം ഡാം അടുത്ത കാലത്തൊന്നും പൊട്ടില്ലായിരിക്കാം. പക്ഷേ 999 കൊല്ലവും അതങ്ങനെ കട്ടയ്ക്ക് വെള്ളവും താങ്ങി നിൽക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഒരു 100 കൊല്ലം കൂടെ കഴിഞ്ഞ് ഇതേയളവിൽ ബഹളമുണ്ടാക്കിയാലും കേസ് നടത്തിയാലും, ജയിക്കാൻ പോകുന്നത് തമിഴ്നാട് തന്നെയാണ്. അതുകൊണ്ട് ആ വെള്ളം ഒഴുകി വരുന്ന ഭാഗത്താണ് നിലവിലെ താമസമെങ്കിൽ, പതുക്കെ അവിടം വിടുക. ട്രാൻസ്ഫർ ആയി, മക്കളുടെ പഠിത്തം പ്രമാണിച്ചാണ്, കാലാവസ്ഥ പിടിക്കുന്നില്ല, എന്നിങ്ങനെ എന്ത് കള്ളം പറഞ്ഞിട്ടായാലും അവിടന്ന് തടിയൂരിയാൽ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും. നിങ്ങളുടെ രക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. ഒരു സർക്കാരും ഒരു കോടതിയും ഒരു ഭരണകൂടവും ഒരു നേതാവും ഒരു സാമൂഹ്യ പ്രവർത്തകനും നിങ്ങളുടെ രക്ഷയ്ക്ക് എത്തില്ല. ഉച്ചിയ്ക്കും മുകളിൽ പൊങ്ങുന്ന വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയ്ക്ക് അവർക്കതിന് സമയം കാണില്ല. അതുകൊണ്ടാണ്; അതുകൊണ്ട് മാത്രമാണ്.
വാൽക്കഷണം:- കമൻ്റ് ബോക്സിലും മെസ്സേജ് ബോക്സിലുമെല്ലാം പിതൃക്കളെ സ്മരിച്ചുകൊണ്ടുള്ള വാഴ്ത്തുകൾ വരുന്നതും കാത്ത് അക്ഷമനായിരിക്കുന്നു.