നീറ്റാ ജലാറ്റിൻ – നീറ്റുന്ന ചില സംശയങ്ങൾ !


344

നീറ്റാ ജലാറ്റിൻ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്ന മാലിന്യക്കുഴൽ പൊട്ടി ജനജീവിതം ദുസ്സഹമായിരിക്കുന്നതായി വാർത്ത കണ്ടു. മാലിന്യക്കുഴൽ പൊട്ടിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കമ്പനിക്കെതിരെയുള്ള സമരക്കാരെ സംശയിക്കുന്നു എന്നും കമ്പനി അധികൃതർ.

ഈ സാഹചര്യത്തിൽ കുറച്ച് ചെറ്യേ ചെറ്യേ സംശയങ്ങൾ ബാക്കിയുണ്ട്.

സംശയം 1:‌- അഥവാ, മാലിന്യക്കുഴൽ പൊട്ടിയില്ലെങ്കിലും ജനത്തിനെ ശ്വാസം മുട്ടിക്കുന്ന, ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുന്ന, കിണറുകളും കുളങ്ങളുമെല്ലാം അശുദ്ധമാക്കുന്ന, ഇതേ വിഷമാലിന്യം തന്നെയല്ലേ ചാലക്കുടി പുഴയിലേക്ക് ചെന്നെത്തുന്നത് ?

സംശയം 2:- പുഴയിലെ മീനുകളടക്കമുള്ള ജീവജാലങ്ങൾക്ക് ഇത് ഭീഷണിയല്ലേ ?

സംശയം 3:- ഇതേ വെള്ളം തന്നെയല്ലേ പതിനായിരക്കണക്കിന് (അതോ ലക്ഷങ്ങളോ) ജനങ്ങൾ കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വസ്ത്രം കഴുകാനുമൊക്കെ എടുക്കുന്നത് ?

സംശയം 4:- നദീതടസംസ്ക്കാരം എന്ന് കേട്ടിട്ടുണ്ട്, പഠിച്ചിട്ടുണ്ട്. പക്ഷേ, ഫാൿടറികളിലെ വിഷമാലിന്യം നദികളിൽ തള്ളുന്നത് നദീതട സംസ്ക്കാരത്തിന്റെ ഭാഗമാണോ ? ആണെങ്കിൽ എവിടെ നിന്ന് എന്ന് മുതൽക്ക് ഇത് ഉണ്ടായിവന്നു ? തുടർന്നും ഇതേ സംസ്ക്കാരമാണോ നമ്മൾ പരിപാലിച്ച് പോകേണ്ടത് ?

സംശയം 5:- ചാലക്കുടിപ്പുഴയിലേക്കോ നീറ്റാ ജലാറ്റിൻ ഇരിക്കുന്ന ഭൂമിയിലേക്കോ അല്ലാതെ ഈ മാലിന്യം ഒഴുക്കലുണ്ടാകില്ല എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ, വിഷവിമുക്തമാക്കിയശേഷം ഇത് പുറത്തേക്ക് കളയാൻ ആവില്ലേ ? അതിനുള്ള സാങ്കേതിക വിദ്യകൾ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ? (27 വർഷങ്ങൾക്ക് മുൻപ്, ചെമ്മീന്റെ പുറംതോടിൽ നിന്ന് ഫാക്ടറികളിലെ മാലിന്യം ശുദ്ധീകരിക്കാനുള്ള സംസ്കൃതവസ്തു വികസിപ്പിച്ചെടുത്ത തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിലെ ഒരു രസതന്ത്ര പ്രൊഫസറെ എനിക്കറിയാം.)

സംശയം 6:- ഇതിനെതിരെ നടപടിയെടുക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് തന്നെയല്ലേ ? (അവരല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ സംവിധാനം ജനങ്ങളേയും ഭൂമിയേയും കണ്ടില്ലെന്ന് നടിച്ച് എന്തിന് ഈ കമ്പനിയെ വെച്ചുപൊറുപ്പിക്കുന്നു എന്നത് മാത്രം സംശയമായി അവശേഷിക്കുന്നില്ല.)

സംശയം 7:- പക്ഷേ, ജനങ്ങളുടെ ഏത് പ്രശ്നത്തിനും ഇടപെടുന്ന പാർട്ടിക്കാർ ഏത് വരെ ഇക്കാര്യത്തിൽ ഇടപെട്ടു ? ഇടപെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു തീരുമാനമാകുന്നില്ല. (ഈ രണ്ട് ചോദ്യങ്ങൾ, ഇതേപ്പറ്റി കാര്യമായി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. പാർട്ടി ചാവേറുകൾ മനസ്സിലാക്കുമല്ലോ)

സംശയം 8:- കേരളത്തിലെ ഭരണകൂടം, ജനപ്രതിനിധികൾ, പാർട്ടിരാഷ്ട്രീയക്കാർ, പൊലീസ്, പൊതുസമൂഹം, മാദ്ധ്യമങ്ങൾ, എന്നതൊക്കെ ഒരിക്കലും ശുദ്ധീകരിക്കാൻ കഴിയാത്ത തരത്തിൽ മലിനമായിക്കഴിഞ്ഞോ ?

ഇത്രയും ചോദ്യങ്ങൾ നീറ്റാ ജലാറ്റിൻ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചതുകൊണ്ട്, ജലാറ്റിൻ കമ്പനിയുടെ ഓഫീസുകളിൽ നടന്ന ആക്രമണവുമായി ബന്ധപ്പെടുത്തി എന്നെ പൊക്കരുത് എന്നപേക്ഷയുണ്ട്. പൊക്കണമെങ്കിൽ വേറെ ഒരു വകുപ്പിൽ പിടികിട്ടാപ്പുള്ളി സ്റ്റാറ്റസ് ചാർത്തിത്തന്നിട്ടുണ്ടല്ലോ ? അത് പ്രകാരം പൊക്കിക്കോളൂ. ഞാൻ മാവോയിസ്റ്റ് അല്ല. പക്ഷേ, മാവോയിസ്റ്റുകൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് എനിക്കിപ്പോൾ നന്നായിട്ടറിയാം.

ഈ വിഷയവുമായി ചേർത്ത് ചിന്തിക്കാൻ പോന്ന ഒരു കാർട്ടൂൺ ഇവിടെ പങ്കുവെച്ചുകൊണ്ട് സംശയങ്ങളുടെ ലിസ്റ്റ് തൽക്കാലം ചുരുക്കുന്നു.

Comments

comments

2 thoughts on “ നീറ്റാ ജലാറ്റിൻ – നീറ്റുന്ന ചില സംശയങ്ങൾ !

  1. എട്ടാമത്തെ സംശയത്തിനുത്തരം ‘അതെ‘ എന്നാണെങ്കിൽ, അതെല്ലാം ഇനി ഏത് നദിയിൽ കൊണ്ടുപോയി ഒഴുക്കണമെന്ന് കൂടെ അറിഞ്ഞാൽക്കൊള്ളാം.

  2. Situation is the same in front of infopark also, in a minor way. In the river there are bubbles seen coming up from bottom, which is obviously the drainage pipes from teh nearby food courts/flats… but Nitta Gelatin issue being very serious and with long lasting after effecs needs to be immediately looked into!!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>