മലയാള സിനിമയിലെ സദാചാര പ്രഘോഷണങ്ങൾ


3

ഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കകം കണ്ടത് വടചെന്നൈ, 96, രാക്ഷസൻ, എന്നിങ്ങനെ 3 തമിഴ് സിനിമകളാണ്. ‘വടചെന്നൈ’ ജയിലിനും പുറത്തുമൊക്കെയുള്ള ഗുണ്ടാസംഘങ്ങളുടെ കഥപറയുമ്പോൾ, ‘രാക്ഷസൻ’ സമൂഹത്തിൽ ഒളിഞ്ഞിരുന്ന് പ്രതികാരം നടപ്പാക്കുന്ന സൈക്കോപ്പാത്തിന്റെ കഥ പിടിച്ചിരുത്തി ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. പ്രണയകഥകൾക്ക് ഇനിയും ബാല്യമുണ്ട് സിനിമയിലെന്ന് ‘96‘ അടിവരയിടുന്നു. എനിക്ക് മൂന്നും ഇഷ്ടമായി.

പറയാൻ ഉദ്ദേശിക്കുന്നത് ഈ മൂന്ന് സിനിമകപ്പറ്റിയുള്ള അഭിപ്രായമല്ല. ഈ സിനിമകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ തീയറ്ററിൽ കാണാനായ ഒരു മറ്റൊരു കാര്യമാണ്.

മലയാള സിനിമകളിലേത് പോലെ രസംകൊല്ലികളായ സദാചാര മുന്നറിയിപ്പുകൾ തമിഴ് സിനിമകളുടെ സീനുകൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതായത്…, ഹെൽമെറ്റ് വെക്കാൻ ബോധവൽക്കരിക്കുക, മദ്യപാനം ഹാനികരമാണ്, പുകവലി ഹാനികരമാണ് എന്നൊക്കെയുള്ള സന്ദേശങ്ങൾ ഈ തമിഴ് സിനിമകളുടെ ഫ്രെയിമുകളിലൊന്നും കാണാനായില്ല. മലയാളസിനിമകളിൽ ഇക്കാര്യം എങ്ങനെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?

ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്, ഈ ബോധവൽക്കരണം ദേശീയ അടിസ്ഥാനത്തിൽ നിയമപരമായി ഏകോപിപ്പിച്ച് നടപ്പിലാക്കിയിട്ടുള്ള ഒരു കാര്യമല്ലെന്നാണ്. ഹിപ്പോക്രാറ്റുകളായ മലയാളികളും അവർ ചേർന്ന ഭരണകൂടവും കൊണ്ടുവന്നിട്ടുള്ള ഒരു ഏർപ്പാട് മാത്രമാണിത്. അത് എത്രത്തോളം സിനിമയുടെ രസം കൊല്ലുന്നുണ്ടെന്ന് തമിഴൻ നന്നായി മനസ്സിലാക്കുന്നുണ്ട്. കാരണം അവന് സിനിമ, ജീവവായുവാണ്, ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ഇന്നാട്ടിലാകട്ടെ എല്ലാ സദാചാരങ്ങളും ഒറ്റയടിക്ക് ജനങ്ങളെ പഠിപ്പിക്കാനുമുള്ള ഏക മാദ്ധ്യമം മാത്രമാണ് സിനിമ എന്ന തോന്നലാണ് ഈയിടെയായി ഉളവാകുന്നത്.

എന്തായാലും ഞാനൊന്ന് തീരുമാനിച്ചു. ബോധവൽക്കരണങ്ങൾ കുത്തിനിറച്ച് രസം കൊല്ലാതെ ത്രസിപ്പിക്കുന്ന സിനിമകൾ തരുന്നത് മറ്റ് ഭാഷാചിത്രങ്ങളാണെങ്കിൽ അതൊന്നുപോലും വിട്ടുപോകാതെ കാണുക. (ആദ്യമായി കാണുന്ന ധനുഷ് ചിത്രം ‘വടചെന്നൈ’ ആണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. മിയ 3 പ്രാവശ്യം കുൾപ്പ) സദാചാരം പഠിപ്പിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്ന മലയാള സിനിമകൾ, ഒഴിവാക്കാൻ പറ്റാത്ത ഒന്നാണെങ്കിൽ മാത്രം, കണ്ടില്ലെങ്കിൽ നഷ്ടമാകും എന്നുറപ്പുള്ളതാണെങ്കിൽ മാത്രം, കാണുക. ബാക്കിയുള്ള മലയാളം സിനിമകൾ കണ്ണും പൂട്ടി ബഹിഷ്ക്കരിക്കുക. അല്ലെങ്കിൽ‌പ്പിന്നെ മലയാള സിനിമാപ്രവർത്തകർ തന്നെ മുൻ‌കൈ എടുത്ത് സദാചാര പ്രഘോഷണങ്ങൾ സിനിമയുടെ ഫ്രെയിമിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക. തമിഴ് സിനിമയിൽ ടൈറ്റിലിനൊപ്പം ഇതെല്ലാം ഒരു പ്രാവശ്യം എഴുതി കാണിക്കുന്നുണ്ട്. ആ മാർഗ്ഗം എന്തുകൊണ്ട് മലയാളിക്കും അവലംബിച്ചുകൂട ?

വാൽക്കഷണം:- സൂപ്പർ താരങ്ങളുടെ സിനിമ എത്ര മഹത്തരമായതായാലും തീയറ്ററിൽ പോയി കാണില്ലെന്നത് മുന്നേയുള്ള തീരുമാനമാണ്. ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ സീഡി സംഘടിപ്പിച്ച് കാണും. ഷഷ്ടിപൂർത്തിയും സപ്തതിയുമൊക്കെ കഴിഞ്ഞിട്ടും മുപ്പത്തഞ്ചുകാരന്റെ കോലങ്ങൾ മാത്രം കെട്ടുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>