തണുപ്പ് ഗംഭീരമായി തുടരുന്നു. പക്ഷേ കൻഹാജി റസ്റ്റോറന്റിൽ രാത്രിയും രാവിലേയും നന്നായി തീ കൂട്ടുന്നതുകൊണ്ട്, കൈകാലുകൾ മരവിക്കാതെ പിടിച്ചുനിൽക്കാൻ പറ്റുന്നുണ്ട്. റെസ്റ്റോറന്റ് ഉടമയുടെ സ്വന്തം തോട്ടത്തിൽ അവരുടെ ആവശ്യത്തിന് വേണ്ടി ഉണ്ടാക്കുന്ന തമ്പാക്കു (പുകയില) ഉപയോഗിക്കുന്ന ഹുക്കയും വലിക്കാൻ കിട്ടുന്നുണ്ട്.
ഗ്രാമീണർക്കൊപ്പം ഹുക്കയും വലിച്ച് സൊറ പറഞ്ഞിരിക്കുന്നതിന്റെ രസം ഒന്ന് വേറെയാണ്. ഒറ്റക്ക് വണ്ടിയും ഓടിച്ച് കോട്ടകൾ കാണാൻ ഇറങ്ങിയിരിക്കുന്ന ഞാൻ, അവർക്ക് ഒരു അത്ഭുത ജീവിയാണ്. വരുന്നവർക്കും പോകുന്നവർക്കും ഒക്കെ എന്നെ പരിചയപ്പെടുത്തുന്നുണ്ട്. എല്ലാവരും ഭാഗിയുടെ സൗന്ദര്യം ആസ്വദിച്ചാണ് മടങ്ങുന്നത്.
രാവിലെ അവർ വിളമ്പിയ ഗംഭീര ആലു പൊറോട്ടയും കഴിച്ച് 11 കിലോമീറ്റർ ദൂരെയുള്ള മധോഗഡ് കോട്ടയിലേക്ക് തിരിച്ചു. അവസാനത്തെ 3 കിലോമീറ്റർ, അരാവല്ലി മലനിരയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിലൂടെ സഞ്ചരിച്ച് വേണം കോട്ടയിലെത്താൻ.
കോട്ടയുടേതെന്ന് എടുത്ത് പറയാവുന്ന പ്രധാന കെട്ടിട ഭാഗം അടച്ചിട്ടിരിക്കുന്നു. എന്തോ മിനുക്ക് പണികൾ നടക്കുന്നത് പോലെ. ഇത്ര ദൂരം വന്നിട്ട് മടങ്ങിപ്പോയാൽ ശരിയാകില്ലല്ലോ. ഞാൻ അതിന് ചുറ്റും ഒന്ന് നടന്ന് നോക്കി. ആ കെട്ടിടത്തിനു പിന്നിലൂടെ മുകളിലേക്ക് വഴി കയറി പോകുന്നുണ്ട്. അത് ഇടിഞ്ഞു കിടക്കുന്ന കോട്ടയുടെ ഭാഗങ്ങളിലേക്ക് ചെന്നെത്തും. താഴെ കാണുന്നത് സർക്കാർ നടത്തുന്ന മിനുക്കുപണികളുടെ ഭാഗമായുള്ള കെട്ടിടമാണ്.
ഏറെക്കുറെ തകർന്ന അവസ്ഥയിലാണ് കോട്ട. എങ്കിലും ആ കുന്നിന്റെ മുകളിൽ അത്രയും ഉയരത്തിൽ ധാരാളം മുറികളും കെട്ടിടങ്ങളും ഒക്കെ ഉള്ള നിർമ്മിതികൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനാവും. അവിടുന്ന് നോക്കിയാൽ, താഴ്വരയുടെ കാഴ്ച്ച മനോഹരമാണ്.
കോട്ടയുടെ പുതുക്കിപ്പണിത മറ്റൊരു ഭാഗം അവിടുന്ന് കാണാം. ഭാഗിയെ പാർക്ക് ചെയ്തിരിക്കുന്നതിന് തൊട്ടടുത്താണ് അത്. ഒരു ജലസംഭരണി അടക്കമുള്ള ഭാഗങ്ങൾ അവിടെ ഉണ്ട്. ഒന്ന് രണ്ട് സഞ്ചാരികൾ അതിനിടയ്ക്ക് വന്നു പോയി. അവസാനം വന്ന രണ്ടുപേർ എന്നെ കാര്യമായി ശ്രദ്ധിക്കുന്നത് പോലെ തോന്നി. അതിൽ ഒരാളുടെ കമ്പിളി തൊപ്പിയിൽ നിന്ന് എനിക്ക് കാര്യം പിടികിട്ടി. അവർ രണ്ടുപേരും പൊലീസുകാരാണ്. ഞാൻ ഭാഗിയുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ അവരുടെ പോലീസ് ബൈക്ക് അവിടെ കാണുകയും ചെയ്തു.
അപ്പോഴേക്കും പൊലീസുകാർ എൻ്റെ പിന്നാലെ എത്തി. “എവിടുന്ന് വരുന്നു, ഒറ്റയ്ക്കാണോ” എന്നിങ്ങനെ ചില ചോദ്യങ്ങളും ഉണ്ടായി. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല.
* മധോസിങ്ങ് ഒന്നാമൻ ആണ് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കോട്ട സ്ഥാപിച്ചത്.
* 1792ൽ മറാഠാ സാമ്രാജ്യത്തിലെ ഖണ്ടേ റാവു ഈ കോട്ട കീഴടക്കിയിട്ടുണ്ട്.
അടുത്തത് 40 കിലോമീറ്റർ എതിർ ദിശയിലുള്ള ധോസി കോട്ടയാണ്. കുന്നിൻ മുകളിലാണ് അതും നിലകൊള്ളുന്നത്. ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ കയറി ഭാഗി ചെന്ന് നിന്നത് ഒരു കമാനത്തിന് മുന്നിലാണ്. അവിടുന്ന് മുകളിലേക്ക് നോക്കിയാൽ കുത്തനെ നിൽക്കുന്ന മല കാണാം. ധാരാളം ബാബമാരുടെ സമാധി സ്ഥലങ്ങളുണ്ട് മലമുകളിൽ. അതിന്റെ കമാനമാണ് കാണുന്നത്. കോട്ടയെപ്പറ്റി ഒന്നും അവിടെ പറയുന്നില്ല.
ഭാഗ്യത്തിന് മുകളിലേക്ക് പടികൾ ഉണ്ട്. പക്ഷേ, കുത്തനെയുള്ള പടികളാണ്. ഇടക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും കുടിക്കാനുള്ള വെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. ധർമാൻ എന്ന ബാബയുടെ സമാധി സ്ഥലവും കഴിഞ്ഞ് വീണ്ടും 400 എങ്കിലും മുകളിലേക്ക് കയറിയാൽ കോട്ടയുടെ ഭാഗങ്ങൾ കാണാനാകും. മൊത്തത്തിൽ 800 പടികളെങ്കിലും ഞാൻ കയറി. കുറച്ചുദിവസമായി തണുത്തുറഞ്ഞിരിക്കുന്ന എൻ്റെ പേശികൾക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ കയറാതെ നിവൃത്തിയില്ല. ലിസ്റ്റ് പ്രകാരം, ഇത് ഹരിയാനയിലെ അവസാനത്തെ കോട്ടയാണ്.
ഗംഭീര കയറ്റം ആയിരുന്നു അത്. ഈ തണുത്ത കാലാവസ്ഥയിലും ഞാൻ നിന്ന് വിയർത്തു. പക്ഷേ അവസാനത്തെ പടിക്കെട്ടുകൾ കയറിച്ചെന്ന് കോട്ടയുടെ കവാടം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതൊന്നുമല്ല.
വന്യമൃഗങ്ങളുള്ള ഭാഗമാണോ ഇല്ലയോ എന്നൊന്നും അറിയില്ല. നടപ്പാത കാണുന്നുണ്ട്. അകത്തുള്ള കാട് ചുറ്റിവളഞ്ഞ് ചെന്നാൽ നിറയെ നിർമ്മിതികൾ ഉള്ള ഒരു ഭാഗത്താണ് എത്തുന്നത്. മലമുകളിലെ സമനിരപ്പുള്ള ഭാഗമാണത്. ബാബമാരുടെ സമാധികളാണ് അവിടെ ഉള്ളത്. അതിൽ ഒരു ഇരുനില കെട്ടിടവും ഉണ്ട്. വലിയ ഒരു കിണറുള്ളതിൽ നിറയെ വെള്ളമുണ്ട്.
ഒരു ഡസൻ കോളേജ് കുട്ടികൾ അവിടെ തമാശ പറഞ്ഞിരിക്കുന്നു. മല മുകളിലുള്ള ഈ കോട്ടയിലേക്ക് നാല് വഴികൾ ഉണ്ടെന്ന് അവരിൽ നിന്നാണ് മനസ്സിലാക്കിയത്. ഞാൻ വന്ന വഴിയാണ് പോലും ഏറ്റവും എളുപ്പമുള്ളത്. അവർ വന്നത് നേരെ എതിർവശത്തുള്ള വഴിയിലൂടെയാണ് അവിടെ ചില ഭാഗങ്ങളിൽ, പാറയിൽ പൊത്തിപ്പിടിച്ച് വേണം കയറാൻ.
* ച്യവന മഹർഷി ജീവിച്ചിരുന്ന മലയാണ് ഇത് എന്നാണ് സങ്കല്പം.
* ലൂണി രാജാവായ നൺ കരൺ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ കോട്ട നിർമ്മിച്ചു എന്നാണ് കരുതപ്പെടുന്നത്. ആ കോട്ട പിന്നീട് ഉണ്ടായ ചില ആക്രമണങ്ങളിൽ നശിച്ചുപോയി.
* പിന്നീട് യാദവ് രാജാവ് റാവു ഗംഗാ സിങ്ങ് വീണ്ടും ഇവിടെ കോട്ട നിർമ്മിച്ചു. ആ കോട്ടയുടെ ചില ഭാഗങ്ങളാണ് നിലവിൽ ഇവിടെ കാണുന്നത്.
* മലമുകളിൽ ഉള്ള ബാബമാരുടെ ആശ്രമങ്ങൾ സംരക്ഷിക്കുകയായിരുന്നു പ്രധാനമായും ഒരു കാലത്ത് കോട്ടയുടെ ധർമ്മം.
* ഒരു ധ്യാന കേന്ദ്രമായി ഈ ഭാഗത്തുള്ളവർ പലരും ഈ പ്രദേശം പ്രയോജനപ്പെടുത്തുന്നു.
* ഫെബ്രുവരി ആദ്യവാരത്തിലാണ് ഇവിടെ ഉത്സവം കൊണ്ടാടപ്പെടുന്നത്.
ആറോളം ബാബമാരുടെ സമാധി സ്ഥലങ്ങൾ ഞാനവിടെ കണ്ടു. ചിലതിൽ പ്രതിമകളുണ്ട്; ചിലത് മണ്ഡപങ്ങൾ മാത്രം.
സമയം നാല് മണി ആകുന്നു. ഇരുട്ട് വീണാൽ മലമുകളിൽ പെട്ടെന്ന് തണുപ്പാകും. ഞാനാണെങ്കിൽ ജാക്കറ്റോ സ്വറ്ററോ എടുക്കാതെയാണ് മല കയറിയത്. മല മുകളിൽ ദേശീയ പതാക പാറുന്നുണ്ട്. താഴെയുള്ള ഗ്രാമം ചെറുതായി മുകളിൽ നിന്ന് കാണാം. ഞാനാ ത്രിരംഗയ്ക്ക് മുന്നിൽ ചെന്ന് നിന്ന് ഒരു ഫോട്ടോയെടുത്തു. ഹരിയാനയിലെ അവസാനത്തെ കോട്ടയാണ് ധോസി. അത് ഗംഭീരമായിത്തന്നെ അവസാനിച്ചിരിക്കുന്നു.
നാളെ ജയ്പുരിലേക്ക് മടങ്ങുകയാണ്. അവിടെ ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതുകഴിഞ്ഞാൽ ഗുജറാത്തിലേക്ക് നീങ്ങണം. എന്റെ ക്രിസ്തുമസ് ജയ്പൂരിൽ ആണോ ഗുജറാത്തിലാണോ എന്ന് പറയാൻ ആയിട്ടില്ല.
ശുഭരാത്രി.