രാവിലെ എത്ര വിളിച്ചിട്ടും ഭാഗി എഴുന്നേറ്റില്ല. ഇന്നലെ ദീർഘദൂര സവാരി കഴിഞ്ഞു വന്നിട്ട് അവളുടെ ബാറ്ററിയിലേക്കുള്ള ലൈൻ ഓഫ് ചെയ്യാൻ മറന്നു പോയി അത് ഓൺ ആയി കിടന്നാൽ ബാറ്ററി ചാർജ്ജ് ഇല്ലാതായി പോകും. എൻ്റെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. പിന്നെ ഒന്നുരണ്ട് പേർ കൂടെ വന്ന് ‘തള്ളി‘ വിളിച്ചിട്ടാണ് അവൾ തല പൊക്കിയത്. അത് കാരണം ഒരു മണിക്കൂറോളം പോയി.
ഉടനെ തന്നെ മേഹ്റൻഗഡ് കോട്ടയിലേക്ക് വിട്ടു. പാർക്കിങ്ങ് സ്പേസിൽ നിന്ന് കഷ്ടി 4 കിലോമീറ്റർ ദൂരം. കോട്ടയിൽ ഇപ്പോൾ ഒരുപാട് പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. വലിയ പാർക്കിംഗ് സ്പേസ് വന്നു. ഉള്ളിൽ ധാരാളം സോവനീർ ഷോപ്പുകൾ വന്നു. റസ്റ്റോറൻ്റ് വന്നു. സഞ്ചാരികളുടെ എണ്ണവും ക്രമാതീതമായി കൂടിയിട്ടുണ്ട് അങ്ങനെ മൊത്തത്തിൽ അവൾ ആകെ മിനുങ്ങി നിൽക്കുകയാണ് എങ്കിലും എന്നെ കണ്ട ഉടനെ തിരിച്ചറിഞ്ഞു. ഓഡിയോ ഗൈഡ് വാങ്ങി ഫിറ്റ് ചെയ്ത് ഞാൻ അകത്തേക്ക് കടന്നു.
പ്രവൃർത്തി ദിവസമായിട്ടും സഞ്ചാരികളുടെ തിരക്ക് നന്നായിട്ടുണ്ട്. വിദേശികളും ധാരാളം വരുന്നുണ്ട്. മറ്റ് സഞ്ചാരികളുടെ തലയോ വാലോ ഇല്ലത്ത പടങ്ങൾ എടുക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടി. പണ്ട്, കോട്ടയുടെ മുകളിൽ പീരങ്കി ഇരിക്കുന്ന ഭാഗത്തെല്ലാം പറ്റുമായിരുന്നു. ഇപ്പോൾ അവിടെയെല്ലാം ചങ്ങലകൾ കൊണ്ട് വിലക്കിയിരിക്കുന്നു.
എത്ര പറഞ്ഞാലാണ് മേഹ്റൻഗഡ് കോട്ടയുടെ കഥകൾ തീരുക? .
* 1459 ൽ റാവു ജോദ്ധ, കോട്ട ഉണ്ടാക്കാൻ തുടങ്ങി.
* 1200 ഏക്കറോളം വിസ്തൃതിയിൽ വിരാജിക്കുന്ന കോട്ട.
* കോട്ടയ്ക്കുള്ളിൽ കൊട്ടാരവും ഉണ്ട്.
* 7 കവാടങ്ങൾ ഉള്ള കോട്ട.
* ചാമുണ്ട മാതാജിയുടെ ക്ഷേത്രം കോട്ടയ്ക്കകത്തുണ്ട്.
* സ്വർണ്ണത്തിൽ ആലേഖനങ്ങളോട് കൂടിയ, അക്ബറിൻ്റെ വാൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
* കോട്ടയിൽ സതി അനുഷ്ടിച്ച രാജാ മാൻസിങ്ങിൻ്റെ റാണിമാരുടെ കൈപ്പത്തികൾ (31 എണ്ണം) പ്രതീകാത്മകമായി കൊത്തിവെച്ചിട്ടുണ്ട്. എതിർവശത്ത് വേറെയും അഞ്ച് കൈപ്പത്തികൾ കാണാം ചങ്കിടിപ്പോടെ അല്ലാത്ത ലോഹ പോൾ എന്ന ആ കവാടം കടന്ന് പോകാനാവില്ല.
* റാണിമാരുടെ പല്ലക്കിനെപ്പറ്റിയും പർദ്ദയെപ്പറ്റിയും ഇന്നാദ്യമായി ഓഡിയോ ഗൈഡിൽ കേട്ട കഥ രസകരമായിരുന്നു. നിലവിലെ രാജാവിൻ്റെ മുത്തശ്ശിയാണ് മാർവാഡിൽ നിന്ന് ആദ്യമായി ഇംഗ്ലണ്ടിലേക്ക് പോകുന്ന രാഞ്ജി. അന്നവർ ഇംഗ്ലണ്ടിൽ സഞ്ചരിച്ച പല്ലക്ക് മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്. പല്ലക്കിൽ നിന്ന് ഇറങ്ങുമ്പോൾ, പർദ്ദ ഒഴിവാക്കി അവരുടെ ഒരു പടം എടുക്കാൻ ലണ്ടനിലെ ടാബ്ലോയിഡ് ഫോട്ടോഗ്രാഫർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും, രാജ്ഞിയുടെ കണങ്കാലിൻ്റെ പടം മാത്രമാണ് കിട്ടിയത്. അവരത് അച്ചടിക്കുകയും ചെയ്തു. പക്ഷേ ആ പത്രത്തിൽ ഒന്നുപോലും പുറത്ത് പോകാതെ മാർവാഡുകൾ വാങ്ങി നശിപ്പിച്ച് കളഞ്ഞു.
* വളരെ പ്രധാനപ്പെട്ട അവസരങ്ങളിൽ മാത്രം രാജാവ് ഉപയോഗിച്ചിരുന്ന 12 പേർ ചുമക്കുന്ന പല്ലക്കാണ് മ്യൂസിയത്തിലെ ഒരു പ്രധാന ആകർഷണം.
* മോത്തി മഹലിൻ്റെ നിറമുള്ള ചില്ല് ജാലകങ്ങൾ ഏതൊരാളുടേയും മനം കവരും.
* രാജാക്കന്മാരുടെ സ്ഥാനാരോഹണം നടന്നിരുന്ന മാർബിൾ സിംഹാസനവും തുറന്ന ഹാളും മറ്റൊരാകർഷണം. നാല് വയസ്സുള്ള ഗജ് സിങ്ങ്, രാജാവായി സിംഹാസനത്തിൽ സ്ഥാനമേൽക്കുന്ന ചിത്രം അതിന് തൊട്ടടുത്ത് തന്നെ കാണാം.
* താക്കത്ത് വിലാസ്, ഫൂൽ വിലാസ് എന്നിങ്ങനെ രണ്ട് വിസ്മയ ദർബാറുകൾ.
അങ്ങനെയങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട്. ബാക്കി ചിലത് വരും ദിവസങ്ങളിൽ പറയാം.
ഇന്ന് ഞാൻ ചിത്രങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. ഉച്ചഭക്ഷണം കോട്ടയ്ക്കുള്ളിലെ കഫേ മെഹ്റാൻ റസ്റ്റോറന്റിൽ മഹാരാജ ഉദയ് സിങ്ങിൻ്റെ വലിയ ചിത്രത്തിനെതിരെയുള്ള മേശയിൽ ഇരുന്ന് കഴിച്ചു. കോട്ടയുടെ പുസ്തകവും ഫ്രിഡ്ജ് മാഗ്നെറ്റും സൊവനീർ ആയി വാങ്ങിച്ചു. ഈ യാത്ര കഴിയുന്നതോടെ ഫ്രിഡ്ജ് ഒന്നുരണ്ടെണ്ണം കൂടെ വാങ്ങേണ്ടി വന്നേക്കാം.
5 മണിക്ക് കോട്ട അടക്കുന്നത് വരെ അതിനകത്ത് ചിലവഴിച്ചു. അത് കഴിഞ്ഞ് നഗരത്തിൽ ചുറ്റാനൊന്നും നിൽക്കാതെ ഗൂമർ ഹോട്ടലിലെ പാർക്കിങ്ങിലേക്ക് മടങ്ങിയതിന് കാരണമുണ്ട്.
ജോഥ്പൂരിൽ ഇന്നലെ ‘ഭാരത് രംഗ് മഹോത്സവ്‘ നാടക ഫെസ്റ്റിവൽ ആരംഭിച്ചിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് ഇന്നലത്തെ നാടകം നഷ്ടമായി. ഇന്ന് മുതൽ എല്ലാം ദിവസത്തെ നാടകങ്ങളും കാണണം.
ഇന്നത്തേത് ‘ക്ഷുതിത പാശൻ‘ എന്ന മണിപ്പൂരി നാടകമായിരുന്നു. ടാഗോരിൻ്റെ കഥ മണിപ്പൂരിയിലേക്ക് പരിഭാഷപ്പെടുത്തി നാടകമാക്കിയിരിക്കുന്നു. ആദ്യമായാണ് മണിപ്പൂരി കേൾക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ കഥ കാര്യമായി പിടി കിട്ടിയില്ല. നാടകവും അഭിനയവും ആസ്വദിക്കാൻ പക്ഷേ അതൊരു തടസ്സമേ ആകുന്നില്ല.
എട്ടര മണിയോടെ നാടകം കഴിഞ്ഞു. ഹാളിൽ നിന്ന് ഭാഗിയുടെ പാർക്കിങ്ങിലേക്കുള്ള വഴിയോരത്ത് മുഷിഞ്ഞ് പൊടിപിടിച്ച കമ്പളങ്ങൾ വിരിച്ച് തെരുവ് മനുഷ്യർ ഉറക്കം തുടങ്ങിയിരിക്കുന്നു. വടക്കേ ഇന്ത്യയിൽ അതിശൈത്യത്തിൽ 6 പേർ മരിച്ചു എന്നൊക്കെ വാർത്ത കണ്ടിരുന്നത് ഇതുപോലുള്ളവരെപ്പറ്റി ആയിരിക്കാം.
ഗൂമർ ഹോട്ടലിൽ ഇത് അടുപ്പിച്ച് രണ്ടാം ദിവസം കല്യാണ ബാരാത്ത് നടക്കുന്നുണ്ട്. കുറേ നേരം അത് നോക്കി നിന്നു. ഭാഗ്യം, അവർ കറൻസി നോട്ട് വീശി എറിയുന്നില്ല.
നാളെ വീണ്ടും മേഹ്റൻഗഡ് കോട്ടയിലേക്ക് തന്നെയാണ്. വീഡിയോ ഷൂട്ട് ചെയ്യണം. ഒറ്റ ദിവസം കൊണ്ട് കഴിഞ്ഞാൽ മറ്റന്നാൾ അടുത്ത സ്ഥലത്തേക്ക് പോകാം. ശുഭരാത്രി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome