ഗോവയിലെ കോട്ടകൾ!


99
ഗോവയിൽ തകർന്നതും സംരക്ഷിക്കപ്പെടുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പോയി കാണാൻ പറ്റുന്നതുമായ എത്ര കോട്ടകൾ ഉണ്ടെന്ന് കാര്യത്തിൽ തീരുമാനമായി.

ഒരു ചുമരോ സ്തൂപമോ എങ്കിലും ബാക്കിയുള്ള കോട്ടകളിൽ 3 എണ്ണം ഒഴികെ എല്ലാം കണ്ടുകഴിഞ്ഞു. ബാക്കിയുള്ള 3 എണ്ണത്തിൽ രണ്ടെണ്ണം കേരളത്തിലേക്കുള്ള മടക്ക വഴിയിലാണ്. അതും കണ്ടേ മടങ്ങൂ. അവസാനത്തെ ഒരെണ്ണം ഒരുപാട് കടമ്പകളുള്ള കോട്ടയാണ്. അനുവാദം ഇല്ലാതെ അകത്ത് കടക്കാനാവില്ല. അതിനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. അത് തൽക്കാലം സസ്പെൻസ് ആണ്. ഞാൻ കണ്ടാലും എല്ലാവർക്കും കാണാൻ പറ്റിയെന്ന് വരില്ല.

സത്യത്തിൽ ഇതിൽ പല കോട്ടകളിലും എത്തപ്പെടണമെങ്കിൽ ഗ്രാമങ്ങളിലേക്ക് കടക്കണം. “ഗാന്ധിജിക്കൊപ്പം ഗ്രാമങ്ങളിൽച്ചെന്ന് മാതളനാരകം പൂത്തോ എന്ന് നോക്കണമെന്ന്…… “ തമാശയായി ഞാൻ പറഞ്ഞിരുന്ന കാര്യം നടക്കുന്നത് കോട്ടകളിലേക്കുള്ള യാത്രകളിൽത്തന്നെയാണ്. പല ഗ്രാമങ്ങളിലേക്കും ഇതല്ലാതെ ഒരു കാരണം ഒരു സഞ്ചാരിയെ കൊണ്ടെത്തിക്കുന്നില്ല.

ഇനി മേൽപ്പറഞ്ഞ കോട്ടകളുടെ ഒരു കണക്ക് പറയാം. ആർക്കെങ്കിലും പോയി കാണണമെന്ന് എന്നെങ്കിലും തോന്നിയാൽ ഉപകരിച്ചെന്ന് വരും. വീഡിയോകൾ ഇതുവരെ വന്നത് കൂടാതെയുള്ളത് യൂ ട്യൂബിൽ പിന്നാലെ വരും.

1. അഗ്വാഡ
2. ചപ്പോറ
3. റേയ്സ് മാഗോസ്
4. സാന്തോ എസ്തവം
5. അലോർണ
6. ഖോർജം
7. തിവിം
8. തിരക്കോൾ
9. പോണ്ട
10. കബോഡ രാമ
11. രാച്ചോൾ
12. പാലസ് ഡേ കബോ
13. സംഖ്ലി
14. നാനൂസ്

ഈ 14 കോട്ടകളാണ് കഷ്ടപ്പെടാൻ തയ്യാറുണ്ടെങ്കിൽ ആർക്കും പോയി കാണാൻ പറ്റുന്നത്.

1. ഗാസ്പർ ഡയാസ്
2. മാർമുഗാവ്
3. മാർഗാവ്
4. ഡിച്ചോളി
5. മർദൻ ഗഡ്
6. ടിയാഗോ

എന്നീ കോട്ടകളുടെ അവശിഷ്ടം പോലും ഇല്ലാത്തതുകൊണ്ട് പോയി കാണണമെന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ല. മാർമുഗാവ് കോട്ട തേടി പലവഴിക്ക് അലഞ്ഞിട്ടും ഞാൻ ചെന്നെത്തിയത് മാലിന്യം കൊണ്ട് തള്ളുന്ന (സംസ്ക്കരിക്കുന്നതല്ല) കുന്നിൻ്റെ മുകളിൽ കടലിലേക്ക് തള്ളി നിൽക്കുന്ന മുനമ്പിലാണ്. ഗൂഗിളിൽ അടയാളപ്പെടുത്തിയിരിക്കുന്നത് പ്രകാരം അവിടെത്തന്നെയാണ് കോട്ട ഉണ്ടായിരുന്നത്.

ഗാസ്പർ ഡയാസ് ഉണ്ടായിരുന്നത് മീരാമാർ ബീച്ചിൽ ആയിരുന്നെന്ന് അനുമാനിക്കുന്നു. അതിൻ്റെ കാര്യകാരണങ്ങൾ വീഡിയോയിൽ ഞാൻ വ്യക്തമാക്കിയിരിക്കുന്നു.

മറ്റ് കോട്ടകളുടേയും ചരിത്രം തപ്പിയെടുത്തത് വേണമെങ്കിൽ പറയാം. പക്ഷേ ഒരു പടം പോലും ഇല്ലാത്ത കോട്ടകളുടെ കഥ എനിയെന്ത് പറയാൻ. അതൊന്നും സഞ്ചാരിയുടെ കടമയല്ല, ചരിത്രകാരന്മാരുടെ ഉത്തരവാദിത്തമാണ്.

കോട്ടകളുടെ ചരിത്രം കണ്ടെടുക്കാൻ ഡോ: പി. പി. ശിരോദ്ക്കറുടെ ‘Fortresses and forts of Goa’ എന്ന പുസ്തകം വലിയ സഹായമാണ് നൽകിയത്. 2000 രൂപ വിലയുള്ള ആ പുസ്തകം 1600 രൂപയ്ക്ക് നൽകിയ പുസ്തകസ്റ്റാളിന് പ്രത്യേകം നന്ദി. കുറഞ്ഞ ദിവസം കൊണ്ട് 210 പേജുകളും A3 വലിപ്പമുള്ള മറ്റൊരു ചരിത്രപുസ്തകം മുൻപ് ഞാൻ ഇത്ര ആർത്തിയോടെ വായിച്ചിട്ടില്ല.

എങ്കിലും ആ പുസ്തകത്തിൽ, അഞ്ചേദിവ് എന്ന ദ്വീപിന് നടുക്ക് നിൽക്കുന്ന അതേ പേരുള്ള കോട്ടയെ എന്തുകൊണ്ടാണ് ഗോവൻ കോട്ടകളുടെ ലിസ്റ്റിൽ അദ്ദേഹം പെടുത്തിയതെന്ന് മനസ്സിലാകുന്നില്ല. ഭൂമിശാസ്ത്രപ്രകാരം ആ കോട്ട കർണ്ണാടകത്തിലാണ്. സംസ്ഥാനം മാറിയാലും എന്നെങ്കിലും എനിക്ക് എത്താനുള്ളതാണ് ആ കോട്ടയിലേക്കും. അത് അത്ര എളൂപ്പമുള്ള കാര്യമാകില്ലെന്ന് ഇപ്പോഴേ അറിയാം. മഴക്കാലത്ത് അങ്ങോട്ടുള്ള യാത്ര അസാദ്ധ്യവുമാണ്.

മഴ തടസ്സം നിന്നെങ്കിലും അത് ആസ്വദിച്ചുകൊണ്ട് തന്നെയാണ് പല കോട്ടകളിലേക്കും പോയത്. വേനൽക്കാലത്ത് ഉണക്കടിച്ച് കിടക്കുന്ന കോട്ടകളുടെ ദൃശ്യങ്ങളേക്കാൾ ഭംഗി മഴ പെയ്ത് പച്ചപിടിച്ച് കിടക്കുന്ന കോട്ടകൾ തന്നെയാണ്. അത് ചിത്രീകരിക്കാൻ പോയവൻ്റെ വ്യഥകൾക്ക് ഫലം കിട്ടുന്നത് ആ ദൃശ്യഭംഗിയിലൂടെയാണ്. കാണുന്നവർ അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.

ഇന്നലെ നാനൂസ് കോട്ടയുടെ അവശിഷ്ടം കാണാൻ പോയതാണ്, അക്കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയ ഒരു യാത്ര. മഴ കാരണം ഒരു കൈയിൽ കുട, മറുകൈയിൽ ക്യാമറ. വഴികളെല്ലാം കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. അഞ്ചടിയോളം ഉയരമുള്ള ഒരു ചെങ്കൽ മതിൽ ചാടിക്കടന്ന് വേണം പോകാൻ. അതിൻ്റെ കല്ലുകളൊക്കെ ഇളകുന്നുണ്ട്. എങ്ങനെയോ മതിലിൽ പൊത്തിപ്പിടിച്ച് കയറിയപ്പോൾ അതിൽ ചൊറിയൻ പുഴു. അതും തരണം ചെയ്ത് മറുവശത്ത് എത്തിയപ്പോൾ വരവേറ്റത്, അറ്റാക്ക് മോഡിൽ നിൽക്കുന്ന രണ്ട് നായ്ക്കൾ. അവറ്റകളെ പാതി മെരുക്കി മുന്നോട്ട് നീങ്ങിയപ്പോൾ നല്ല ചതുപ്പ് പ്രദേശം. കുറച്ച് ദൂരം, ഒന്നരയടി ഉയരത്തിൽ പുല്ല് വളർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടം. ഇഴജന്തുക്കൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഓരോ ചുവടും ശ്രദ്ധയോടെയാണ് വെച്ചത്. അതും കടന്നാൽപ്പിന്നെ വള്ളിയും പടർപ്പും കാടും തന്നെ. ചൊറിയുന്ന അടിക്കാടുകളുമുണ്ട്. മുൻപും കാട്ടിൽ പോയിട്ടുള്ളതുകൊണ്ട് അതിൽ നിന്നെല്ലാം ഒഴിഞ്ഞ് പോയിട്ടും ലക്ഷ്യം എവിടെയാണെന്ന് മാത്രം പിടികിട്ടിയില്ല. കാട്ടിൽ തലങ്ങും വിലങ്ങും അലഞ്ഞപ്പോൾ കോട്ടയുടെ നിലവിലുള്ള ആകെയുള്ള അവശിഷ്ടം എന്ന് പറയാവുന്ന ഒരു സ്തൂപം കണ്ടെത്തി. പക്ഷേ, അത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ…. അതെത്ര പേർക്ക് മനസ്സിലാകുമെന്ന് അറിയില്ല. അൽപ്പമെങ്കിലും കോട്ട ഭ്രാന്തോ ചരിത്രതാൽപ്പര്യമോ ഉള്ളവർക്ക് പിടികിട്ടുമായിരിക്കും.

കോട്ടകളുടെ മേൽപ്പടി കണക്കിൽ, എനിക്ക് തെറ്റിയിട്ടുണ്ടെങ്കിൽ, ഇതിലൊന്നും പറയാത്ത ഒരു ഗോവൻ കോട്ടയിൽ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ, പെട്ടെന്ന് പറയണം. ഈ മാസം 20 വരെ ഞാൻ ഗോവയിൽത്തന്നെ കാണും. നിങ്ങൾ പറയുന്ന കോട്ട കൂടെ കണ്ടിട്ട് മടങ്ങാം. ഗൂഗിളിൽ തപ്പിക്കിട്ടിയ കണക്കും പേരുകളുമായി ദയവ് ചെയ്ത് വരരുത്. ഗൂഗിളിന് പുറമേ പുസ്തകങ്ങളും ഇവിടുള്ള ആൾക്കാരുമൊക്കെ പറയുന്നത് കൂടെ കണക്കിലെടുത്ത് സന്ദർശിച്ച ലിസ്റ്റാണ് മുകളിൽ പറഞ്ഞത്. അതിനും പുറമേ നിങ്ങൾ നേരിട്ട് പോയ ഒരു കോട്ടയുണ്ടെങ്കിൽ മാത്രം നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇതെല്ലാം ചേർത്ത് പുസ്തകമാക്കണമെന്ന് ചില സുഹൃത്തുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 14 കോട്ടകളുടെ കഥയും അത് തേടി ഗോവയിൽ അലഞ്ഞതും ജീവിച്ചതുമൊക്കെ എഴുതാനോ പുസ്തകമാക്കാനോ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, 255ഉം 135ഉം ഒക്കെ കോട്ടകളുള്ള മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും കോട്ടകളേയും അത് തേടിയുള്ള യാത്രകളേയും എങ്ങനെ പുസ്തകമാക്കാൻ പറ്റും ? തുല്യത കൊടുക്കണ്ടേ ? അല്ലെങ്കിലും എത്ര പേർക്കാണ് ഈ പുസ്തകത്തിൻ്റെ ആവശ്യം. അതൊക്കെ നല്ലവണ്ണം ആലോചിച്ച്, ആവശ്യമെന്ന് കണ്ടാൽ മാത്രമേ ചെയ്യൂ.

തൽക്കാലം ചുരുക്കുന്നു. ഞാൻ പൂർവ്വാധികം സന്തോഷവാനും ആരോഗ്യവാനുമാണ്. സത്യത്തിൽ യാത്രയായിരുന്നില്ല….. ഈ ഭൂപ്രദേശങ്ങളിൽ ജീവിക്കുകയായിരുന്നു. ചിലയിടങ്ങളിൽ രണ്ടാമതും മൂന്നാമതും കണ്ടപ്പോൾ താങ്കളിപ്പോഴും ഗോവയിൽത്തന്നെയുണ്ടോ എന്ന് ആശ്ചര്യം കൂറിയ ഹോട്ടലുകാർ മുതൽ ഗൈഡുകൾ വരെയുണ്ട്.
എല്ലാവർക്കും നന്ദി, ഒരു വലിയ കോട്ടയോളം സ്നേഹം.

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofindia
#fortsofgoa

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>