പത്ത് മണിയോടെ, പ്രസാദ് സാറിനെ സാറിനെ നഗരത്തിൽ ഒരിടത്ത് ഇറക്കിവിട്ട ശേഷം ഭാഗിയും ഞാനും കാലിക്കോ കൈത്തറി മ്യൂസിയത്തിലെത്തി. ഇവിടെ പ്രവേശനം ലഭിക്കാൻ വേണ്ടി മിനിയാന്ന് ഞാൻ ഓൺലൈനിൽ അപേക്ഷിച്ചിരുന്നു. അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലായിരുന്നു. ആയതിനാൽ നേരിട്ട് പോയി പരിശോധിക്കാം എന്ന് വെച്ചു. അവിടെ ചെന്നപ്പോളാണ് ബുക്കിങ്ങിന്റെ വിശദവിവരങ്ങൾ മനസ്സിലായത്.
ഒരു ദിവസം 20 പേർക്കാണ് പ്രവേശനം അനുവദിക്കുക. രാവിലെ ഒരു സന്ദർശനം, ഉച്ചയ്ക്ക് ഒരു സന്ദർശനം, മുഴുവൻ ദിവസ സന്ദർശനം. ഇങ്ങനെ മൂന്ന് സന്ദർശനങ്ങളാണ് ഉള്ളത്. ഞാൻ മുഴുവൻ സന്ദർശനത്തിനാണ് അപേക്ഷിച്ചിരുന്നത്. ഈ-മെയിലിന് മറുപടി വന്നില്ലെങ്കിൽ പ്രവേശനം തരമായില്ല എന്നാണ് അർത്ഥം.
ഈ സംവിധാനം പ്രകാരം അഹമ്മദാബാദ് നഗരത്തിൽ ഉള്ളവർക്ക് മാത്രമേ അവർ ഉദ്ദേശിക്കുന്ന സമയത്ത് അവിടെ പോകാൻ കഴിയൂ. എന്നെപ്പോലെ വെളിയിൽ നിന്ന് വരുന്നവർക്ക് ഭാഗ്യമുണ്ടെങ്കിൽ പ്രവേശനം തരമാകും. അത്ര തന്നെ. പക്ഷേ, എന്നെങ്കിലും ഒരിക്കൽ എനിക്കത് കാണണം. അത്രയ്ക്ക് ഗംഭീരമാണ് ആ മ്യൂസിയം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
അടുത്ത പരിപാടി ഭാഗിയുടെ കീഴിൽ നിന്ന് വരുന്ന ശബ്ദം ഇല്ലാതാക്കുക എന്നതാണ്. പ്രസാദ് സാർ ഒരു വർക്ക്ഷോപ്പിൽ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുനാല് മണിക്കൂർ അവർ പണിയെടുത്തു. പക്ഷേ ശബ്ദം ഇപ്പോഴും അതുപോലെതന്നെ വരുന്നുണ്ട്. ഞാനത് വിട്ടു. ഇനി വരുന്നിടത്ത് വെച്ച് കാണാം.
അടുത്ത ലക്ഷ്യം ‘ജുൽത്താ മിനാർ’ ആയിരുന്നു. ‘ബിബിജി കാ മോസ്ക്ക് ‘ ൻ്റെ വെളിയിലുള്ള രണ്ട് മിനാരങ്ങളാണ് അത്. അവ കാറ്റിൽ ചെറുതായി ഇളകും. അതുകൊണ്ടാണ് ആ പേര് വന്നിരിക്കുന്നത്. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്, തെലുങ്കാനയിലെ എലഗണ്ടൽ കോട്ടയാണ്. അതിനകത്തുള്ള മസ്ജിദിന്റെ മിനാരങ്ങളും ഇതുപോലെ കാറ്റിൽ ഇളകുന്നതാണ്. വളരെ ചെറിയ ഒരു ഇളക്കമാണ് ഇത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്നതല്ല.
* സുൽത്താൻമാരായ മുസാഫിർ ഷായും അഹമ്മദ് ഷായും 1430 അവരുടെ അമ്മയുടെ ഓർമ്മയ്ക്കായാണ് ഈ മോസ്ക്ക് ഉണ്ടാക്കിയത്.
* റാബി ഉൽ ആഖർ എന്നാണ് ഈ മോസ്കിന്റെശരിയായ പേര്.
* ബീബിജി കാ മിനാരങ്ങളിൽ ഒന്നിന്റെ മുകൾഭാഗം വീണിരിക്കുന്നു.
അല്പം ഇടുങ്ങിയതും നിറയെ ഇരുവശങ്ങളിലും നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തതുമായ വഴികളിലൂടെയാണ് ഞാൻ അങ്ങോട്ട് എത്തിയത്. അതുകൊണ്ടുതന്നെ ആരെങ്കിലും ദൂരെ ഞാൻ ഭാഗിയെ ഒതുക്കി നടന്നു. മോസ്കിന്റെ അടുത്ത് പാർക്കിംഗ് കിട്ടിയില്ലെങ്കിൽ കുഴഞ്ഞു പോകും. പക്ഷേ പ്രതീക്ഷിച്ചതിന് വിപരീതമായി മോസ്കിനു മുന്നിൽ ധാരാളം പാർക്കിംഗ് സ്ഥലം ഉണ്ടായിരുന്നു.
അതിൽ എനിക്ക് നിരാശ തോന്നിയില്ല. അത് കാരണം, പട്ടങ്ങൾ ഉണ്ടാക്കുകയും നൂലിന് നിറം കൊടുക്കുകയും ചെയ്യുന്ന സ്വദേശവാസികളുമായി, മടക്കവഴിയിൽ കുറെ നേരം സല്ലപിക്കാനായി. ജനുവരി 14ന് ഉത്തരായനം ആണ്. ഗുജറാത്തിന്റെ ആകാശങ്ങൾ പട്ടങ്ങളാൽ നിറയുന്ന ദിവസമാണ് അത്. പട്ടം പറത്തൽ മത്സരം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി അഹമ്മദാബാദിൽ വരുന്നുണ്ട്. ആ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും തിരക്കും ഉണ്ടാകുമെന്ന് ഉറപ്പ്. അതിന് മുൻപ് അഹമ്മദാബാദ് വിടണം. ഗുജറാത്തിൽ എവിടെ ചെന്നാലും ഈ ദിവസങ്ങളിൽ ആകാശത്ത് പട്ടങ്ങൾ ഉണ്ടാകും. എവിടെയായാലും ഉത്തരായനം ഉത്സവത്തിന്റെ ഭാഗമായാൽ മതിയല്ലോ.
ഇരുള് വീഴാൻ ഇനിയും സമയമുണ്ട്. ഞാൻ ഭാഗിയെ കാൻകറിയ തടാകത്തിലേക്ക് നയിച്ചു.
* ഗുജറാത്തിലെ ഏറ്റവും വലിയ തടാകമാണ് ഇത്.
* 76 ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഇത് ഒരു കൃത്രിമ തടാകമാണ്.
* കുത്തബ്ബുദ്ദീൻ അഹമ്മദ് ഷാ രണ്ടാമന്റെ കാലത്താണ് (1451) ഈ തടാകം ഉണ്ടാക്കിയത്.
* മൃഗശാല, വാട്ടർ റൈഡ്, വാട്ടർ പാർക്ക്, ചെറിയ തീവണ്ടി, ലേസർ ഷോ, ഭോജനശാലകൾ, എന്നിങ്ങനെ തടാകത്തിന് ചുറ്റും ഉല്ലസിക്കാൻ പോന്ന ഒരുപാട് സൗകര്യങ്ങൾ ഉണ്ട്.
* എല്ലാ വർഷവും ഡിസംബർ മാസത്തിൽ ഒരാഴ്ചയോളം നീളുന്ന കാൻകരിയ ഫെസ്റ്റിവൽ ഇവിടെ നടക്കാറുണ്ട്.
* തടാകത്തിന്റെ നടുക്ക് ദ്വീപ് പോലെയുള്ള ഭാഗത്തിന്റെ പേര് നാഗിന വാടി എന്നാണ്. മുഗൾ കാലഘട്ടത്തിൽ ഉണ്ടാക്കിയ ഒരു ചെറിയ വേനൽക്കാല കൊട്ടാരം അവിടെയുണ്ട്.
അഹമ്മദാബാദ് നഗരത്തിലെ കാഴ്ച്ചകൾ ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. നാളെ മുതൽ, നഗരത്തിന് വെളിയിൽ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് യാത്രയാകണം.
ശുഭരാത്രി.