സുഹൃത്തുക്കളെ
‘മുസ്‌രീസിലൂടെ’ എന്ന എന്റെ ആദ്യത്തെ പുസ്തകം(യാത്രാവിവരണം) 2015 നവംബർ 27ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രകാശനം ചെയ്യുകയും പിന്നീട് അതിന്റെ ഔദ്യോഗിക പ്രകാശനം സാഹിത്യ അക്കാഡമി(തൃശൂർ) ഹാളിൽ വെച്ച് 2015 ഡിസംബർ 11ന് നിർവ്വഹിക്കുകയും ചെയ്തത് ഏവർക്കും അറിവുള്ളതാണല്ലോ ? ശ്രീ.ജോൺപോൾ ശ്രീമതി കെ.എ.ബീനയ്ക്ക് നൽകിക്കൊണ്ടാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓഗ്‌മെന്റഡ് റിയാലിറ്റി സംരംഭമായ ആ പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. ചടങ്ങിൽ, സർവ്വശ്രീ പൂയപ്പിള്ളി തങ്കപ്പൻ, സുസ്‌മേഷ് ചന്ദ്രോത്ത്, വി.കെ.ആദർശ്, സജിത മഠത്തിൽ, വിനോദ് കോട്ടയിൽ(പത്രാധിപർ-മെന്റർ) എന്നിവർ അന്ന് ആ വേദിയിൽ സന്നിഹിതരാകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
550 രൂപ മുഖവിലയുള്ള ആ പുസ്തകം 450 രൂപയ്ക്കാണ് വിറ്റുപോന്നിരുന്നത്. അത്രയും വിലയുള്ള പുസ്തകമായിട്ട് പോലും 4 മാസത്തിനകം കോപ്പികളെല്ലാം വിറ്റുതീർക്കാൻ കാരണക്കാരായത് പ്രധാനമായും രണ്ട് കൂട്ടരാണ്. ഒന്ന്, എന്റെ ഓൺലൈൻ/ഓഫ്‌ലൈൻ സുഹൃത്തുക്കൾ. രണ്ട്, കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ(KTDC). മുസ്‌രീസ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും മുസ്‌രീസ് മ്യൂസിയങ്ങളായ പാലിയം കൊട്ടാരം, സഹോദരൻ സ്മാരകം, പറവൂർ സിന്നഗോഗ് എന്നിവിടങ്ങളിലും പുസ്തകം വിൽപ്പനയ്ക്ക് വെക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റ് തയ്യാറാകുകയും ധാരാളം പുസ്തകം ആ വഴിക്ക് വിറ്റഴിയുകയും ചെയ്തു. പുസ്തക വിൽപ്പനയുടെ കാര്യത്തിൽ സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും KTDC ക്കും ഞാനെന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അന്നുമുതൽ KTDC ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജിമ. മ്യൂസിയത്തിൽ വന്നുപോകുന്നവരിൽ നല്ലൊരു പങ്കും വിദേശികളും മലയാളം അറിയാത്തവരുമാണെന്നുള്ളതുകൊണ്ട് അവർക്ക് നൽകാനായി ഇംഗ്ലീഷ് പതിപ്പ് അത്യാവശ്യമായിരുന്നു.
എന്റെ സ്വതസിദ്ധമായി മടിയും മറ്റ് തിരക്കുകളും അക്ഷരാഭ്യാസക്കുറവും കാരണം, തർജ്ജിമ സ്വയം ചെയ്യുക എന്നത് ആത്മഹത്യാപരമായിരുന്നു. ആ ജോലി ചെയ്യാൻ ശ്രീമതി കെ.എ.ബീന എന്ന ബീനച്ചേച്ചി വഴിയാണ് ഞാൻ ഐഷച്ചേച്ചിയിലേക്ക്(ഐഷ ശശിധരൻ) എത്തിയത്. അദ്ധ്യാപകനും കേരളത്തിലെ മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന എൻ.ഇ.ബാലറാമിന്റെ മകളാണ് ഐഷച്ചേച്ചി. JNU വിൽ നിന്ന് 1978 ൽ ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ഐഷച്ചേച്ചി ഇപ്പോൾ വിവർത്തകയായും ആപ്പിൾ ബീസ് മീഡിയയിലെ കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നു. നിശ്ചിത സമയത്തിനേക്കാളൊക്കെ വളരെ മുന്നേ തന്നെ എന്റെ വരികളെ മനോഹരമായി ഐഷച്ചേച്ചി ഇംഗ്ലീഷിലാക്കിത്തന്നു. ഞാനത് പിന്നെയും വെച്ച് താമസിപ്പിച്ചു.
അങ്ങനെയിരിക്കുമ്പോൾ മുസ്‌രീസിന്റെ സ്പെഷ്യൽ ഓഫീസർ ഷൈൻ സാർ വിളിച്ചു. KTM (Kerala Travel Mart) ന്റെ ഭാഗമായി സെപ്റ്റംബർ 28ന് ഇംഗ്ലീഷ് പുസ്തകം റിലീസ് ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പിന്നെ എല്ലാ വളരെ തിരക്കിട്ടായിരുന്നു. എഴുതിക്കിട്ടിയതെല്ലാം ഐഷച്ചേച്ചിക്കൊപ്പമിരുന്നു രണ്ടിലധികം പ്രാവശ്യം വായിച്ചു. തെറ്റുകളെല്ലാം തിരുത്തി. മലയാളം പുസ്തകം ഡിസൈൻ ചെയ്ത നാരായണ ഭട്ടതിരി സാർ അതേ വേഗതയോടെ തന്നെ ഒരു ദിവസം മുഴുവനും ഒന്നിലധികം സിസ്റ്റത്തിൽ ഇരുന്ന് ഡിസൈൻ പൂർത്തിയാക്കി. പ്രസ്സുകാരും ഇതിന്റെ മാറ്റർ കിട്ടാനായി അരദിവസത്തോളം കാത്തുനിന്നു. പ്രസാധകരായ മെന്റർ എന്റെ എല്ലാ നീക്കങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു.
അങ്ങനെ അവസാനം, സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ വില്ലിങ്ങ്ടൺ ഐലന്റിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ വെച്ച് മുസ്‌രീസിലൂടെ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജിമ Rediscovering MUZIRIS എന്ന പേരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.
കേരള – ഡയറൿടർ ഓഫ് ടൂറിസം, ശ്രീ.യു.വി.ജോസ് (IAS), പ്രിൻസിപ്പൽ സക്രട്ടറി ഓഫ് ടൂറിസം, ശ്രീ.വി.വേണുവിന് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രസംഗങ്ങളും പരിചയപ്പെടുത്തലും മറ്റ് സാമ്പ്രദായിക പുസ്തകപ്രകാശന ചടങ്ങുകളൊന്നും ഉണ്ടായിരിക്കുന്നതല്ല. കൂടിവന്നാൽ 5 മിനിറ്റ് മാത്രം നീളുന്ന ഒരു കർമ്മമായിരിക്കും അത്.
അതുകൊണ്ടുതന്നെ എല്ലാവരേയും ഇത്രയും ദൂരം ക്ഷണിച്ച് വരുത്തുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് സംശയാലുവാണ് ഞാൻ. പക്ഷെ, ഇങ്ങനൊരു ചടങ്ങ് നടത്തിയിട്ട് അറിയിച്ചില്ല എന്നാരും പരാതി പറയാൻ ഇടയാവരുത് എന്നതുകൊണ്ട്, എന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്ന ഈ ഓൺലൈൻ സ്പേസിൽ ഇക്കാര്യവും അറിയിക്കുന്നു. ആരെങ്കിലുമൊക്കെ വന്നാൽ സന്തോഷം. വന്നില്ലെങ്കിലും ഒരു അലോഹ്യവുമില്ല. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഒരു സന്തോഷം ഞാൻ ആഗ്രഹിക്കുന്നില്ല.
തർജ്ജിമ ചെയ്ത ആളെ പുസ്തകപ്രകാശനത്തിൽ പങ്കെടുപ്പിക്കുന്ന സമ്പ്രദായം ഇല്ലെന്ന് ഈയിടെ ഒരു പുസ്തകപ്രകാശന വിവാദവുമായി ബന്ധപ്പെട്ട് ഏവരും കേട്ടിരിക്കുമല്ലോ ? അത്തരം നീച സമ്പ്രദായങ്ങളോട് ചേർന്നു നിന്നുകൊണ്ട് എന്റേതായി ഒരിക്കലും ഒരു പുസ്തകവും ഇറങ്ങുന്നതല്ല. അവഗണിക്കപ്പെട്ടുപോയ ഓരോ തർജ്ജിമക്കാർക്കുമാണ് ഞാനീ പുസ്തകം സമർപ്പിക്കുന്നത്. ഇക്കാരണങ്ങൾ എല്ലാം കൊണ്ടുതന്നെ, ഐഷച്ചേച്ചിയെ ഈ ചടങ്ങിൽ തീർച്ചയായും പങ്കെടുപ്പിച്ചിരിക്കും. പുസ്തകം വെളിച്ചം കാണുമ്പോൾ ഞാൻ ആ വേദിയിൽ ഉണ്ടെങ്കിൽ എനിക്കൊപ്പം ഐഷച്ചേച്ചിയും ഉണ്ടായിരിക്കും. ഐഷച്ചേച്ചിക്ക് വരാൻ വയ്യ എന്ന് പറഞ്ഞാൽ ഐഷച്ചേച്ചിക്കൊപ്പം ഞാനും കാണികളുടെ കൂട്ടത്തിലേ ഉണ്ടാകൂ.
എന്നെങ്കിലും ഒരു പുസ്തകം എഴുതുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. അതൊരു യാത്രാവിവരണമാകുമെന്നും അതിലിത്രയും ചരിത്രം കടന്നുകൂടുമെന്നും വന്യമായ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നിട്ടില്ല. എന്നിട്ടും അക്ഷരാഭ്യാസമില്ലാത്തവന്റെ പേരിൽ മലയാളത്തിലെ ആദ്യപുസ്തകം ഇറങ്ങി. ഇപ്പോളിതാ അതിന്റെ ഇംഗ്ലീഷ് പതിപ്പും ഇറങ്ങുന്നു. ഒക്കെയും തലവരയാണ്. എന്റെയല്ല, വായനക്കാരുടെ. അനുഭവിച്ചോളണം
അപ്പോൾ എല്ലാം പറഞ്ഞത് പോലെ. സെപ്റ്റംബർ 28ന് വില്ലിങ്ങ്ടൺ ഐലന്റിൽ, സാമുദ്രിക കൺവെൻഷൻ സെന്ററിൽ, രാവിലെ 11 മണിക്ക്.