ഇന്ന് താരതമ്യേന വലിയ യാത്രകൾ ഒന്നുമില്ലാത്ത ദിവസമായിരുന്നു. രാവിലെ ആഷയ്ക്ക് ഒപ്പം പാർട്ട്മെന്റിൽ നിന്നിറങ്ങി ആ ഭാഗത്തുള്ള തടാകത്തേയും കൃഷിയിടങ്ങളേയും ചുറ്റി വീണ്ടും ജനവാസ ഭാഗത്തേക്ക് വന്നു.
ഗുജറാത്തിലെ സൂറത്തിൽ ശൈത്യകാലത്ത് മാത്രം കണ്ടുവരുന്ന പോങ്ക് കൃഷിയിടങ്ങൾ ധാരാളമുണ്ട് ആ പ്രദേശത്ത്. ഉച്ചയ്ക്ക് നഗരത്തിൽ നിന്ന്, പോങ്ക് കൊണ്ട് ഉണ്ടാക്കുന്ന ബജ്ജി കഴിക്കുകയും ചെയ്തു.
ഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ ഇന്ന് കഴിച്ച സമൃദ്ധമായ പ്രാതലിൻ്റെ കാര്യം പറയാതെ വയ്യ.
കൃഷിയിടങ്ങളിലെ നടത്തത്തിന് ശേഷം, ഇടട, ഡോക്ല, പാത്ര, എരിവുള്ള ഇടട, കമൻ, കടല സമോസ, ചീസ് സമോസ, ചൈനീസ് നൂഡിൽസ് സമൂസ, ഖാൻദ്വി, എന്നീ വിഭവങ്ങളാണ് തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ നിന്ന് കഴിച്ചത്.
പ്രാതലിന് ശേഷം, സൂറത്തിലെ വസ്ത്ര വ്യാപാരത്തിൻ്റെ കേന്ദ്രങ്ങളായ ബോംബെ മാർക്കറ്റ്, ടെക്സ്റ്റൈൽ മാർക്കറ്റ്, എന്നിവിടങ്ങളിലൂടെ ആഷയും ഞാനും ചുറ്റിക്കറങ്ങി. ഉപഭോക്താക്കളെ ചാക്കിട്ട് പിടിച്ച് കച്ചവടം നടത്തുന്നവരുടെ തിരക്കാണ് ഈ പറഞ്ഞ സ്ഥലങ്ങളിൽ. അവരെ അവഗണിച്ച് മുന്നോട്ട് പോകുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. വിവാഹങ്ങൾക്കും മറ്റും അണിയാനുള്ള മോടി പിടിപ്പിച്ച വസ്ത്രങ്ങളും മറ്റ് ആഘോഷങ്ങൾക്കും പാർട്ടികൾക്കും ധരിക്കാനുള്ള വസ്ത്രങ്ങളുമാണ് ഇതിൽ കൂടുതലും.
സൂറത്ത് നഗരത്തിൽ, മെട്രോ റെയിലിന്റെ പണി നടക്കുന്നതിനിടയിൽ തലയുയർത്തി നിൽക്കുന്ന അതിപുരാതനവും അപൂര്‍വ്വവുമായ ഒരു മരം ആരുടേയും ശ്രദ്ധയിൽ പെടും. ബാവബാബ് എന്നാണ് 400 വർഷത്തിലധികം പഴക്കമുള്ള ഈ മരത്തിൻ്റെ പേര്. തലകീഴായ മരം എന്ന് അറിയപ്പെടുന്ന ഈ വൃക്ഷം ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ആണ് കൂടുതലായി കണ്ടുവരുന്നത്. 1000ൽപ്പരം വര്‍ഷങ്ങള്‍ ആയുസ്സുള്ളവയാണ് ബാവബാവ് വൃക്ഷങ്ങൾ. മെട്രോ നിർമ്മാണത്തിന് വേണ്ടി ഒരുപാട് മരങ്ങൾ വെട്ടി നശിപ്പിച്ചെങ്കിലും ഈ ബാവബാബ് മരം അതിനിടയിൽ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട് എന്നത് വലിയ കാര്യമാണ്.
വൈകീട്ട് ഞങ്ങൾ പോയത് 15 കിലോമീറ്റർ മാറിയുള്ള ദൂമസ് കടൽ തീരത്തേക്കാണ്. ബാധോപദ്രവമുള്ള ഒരു കടൽത്തീരം ആയാണ് ഇത് അറിയപ്പെടുന്നത്. സൂര്യൻ അസ്തമിക്കുന്നത് വരെ ഇത് മനുഷ്യന്റെ സ്വന്തം കടൽത്തീരമായും സൂര്യാസ്തമനത്തിന് ശേഷം പിശാചുക്കളുടെ കടൽത്തീരമായും കരുതപ്പെടുന്നു.
പണ്ട് ഇവിടം ഹൈന്ദവരുടെ ശ്മശാനം ആയിരുന്നത്രേ! അന്ന് ഇവിടെ ദഹിപ്പിച്ചവരുടെ ആത്മാക്കൾ ഇവിടെ അലഞ്ഞ് തിരിയുന്നതാണ് (അന്ധ)വിശ്വാസം. കറുത്ത മണ്ണാണ് ഈ കടൽത്തീരത്ത്. ദഹിപ്പിക്കപ്പെട്ടവരുടെ ചാരമാണ് ഈ നിറത്തിന് കാരണമെന്നാണ് മറ്റൊരു അന്ധവിശ്വാസം.
രാത്രിയാകുന്നതോടെ ശീൽക്കാരങ്ങളും മൂളലുകളും ഞരങ്ങലുകളും ഈ കടലോരത്ത് നിന്ന് കേൾക്കാനാകുമത്രേ! അതുകൊണ്ടുതന്നെ, ഇരുൾ വീഴുന്നതോടെ പോലീസുകാർ സഞ്ചാരികളെ ബീച്ചിൽ നിന്ന് പറഞ്ഞ് വിടും.
എന്തായാലും ഈ ഇല്ലാക്കഥകളുടെ പിൻബലത്തോടെ നല്ല കച്ചവടമാണ് ബീച്ചിൽ നടക്കുന്നത്. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും സവാരി നടത്താം. കുൽഫി മുതൽ ഐസ്ക്രീം വരെയും, ചോളം മുതൽ ചാട്ട് വരെയും തിന്നാൻ പാകത്തിന് നിറയെ കടകളാണ് ഇവിടെ.
പ്രേതങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും തീരെ ആകർഷണീയമല്ലാത്ത ഒരു കടൽത്തീരം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു. അത് ധാരാളം മതിയല്ലോ?
ആഹാനയും ആഷയും ഞാനും കുറച്ചുനേരം അവിടെ ചിലവഴിച്ച ശേഷം ഫ്ലാറ്റിലേക്ക് മടങ്ങി. മാർഗ്ഗമദ്ധ്യേ സൂറത്തിലെ VR എന്ന വലിയൊരു സൂപ്പർമാർക്കറ്റിൽ കയറുകയും ചെയ്തു.
നാളെ സജിമോന് ഒപ്പം രൂപ്ഗഡ് കോട്ടയിലേക്ക് പോകാനാണ് പദ്ധതി. നല്ല ട്രക്കിംഗ് ആവശ്യമുള്ള കോട്ടയാണ് അത്.
ശുഭരാത്രി.