ഒരു കഥ സൊല്ലട്ടുമാ ?


11
രു കഥ സൊല്ലട്ടുമാ ?

2017 ൽ സംഭവിച്ചതാണ്. മറവി നന്നായുള്ള മലയാളിക്ക് വർഷങ്ങൾ പഴക്കമുള്ള കാര്യങ്ങൾ കഥകളാണല്ലോ ? അത്തരമൊരു കഥയാണിത്. ഒരുപക്ഷേ മാദ്ധ്യമങ്ങൾ പോലും മറന്നുകഴിഞ്ഞിരിക്കുന്ന കഥ.

കൊച്ചി മെട്രോയുടെ പില്ലറുകളിൽ വെർട്ടിക്കൽ ഗാർഡൻ, പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നു. (ഉദ്ദേശിച്ചത് പോലെ അതും നടന്നില്ല. അത് വേറേ കഥ. എന്നാലും, അതിൽ ചിലതെങ്കിലും ഇപ്പോഴും കൊച്ചി നഗരത്തിലെ മെട്രോ പില്ലറുകളിൽ കാണാനാകും.)

ഇപ്പറഞ്ഞ വെർട്ടിക്കൽ ഗാർഡനുകൾക്കായി ഉപയോഗിക്കാൻ വേണ്ടിയിരുന്നത് ജൈവമാലിന്യമായിരുന്നു. അഥവാ ജൈവമാലിന്യം സംസ്ക്കരിച്ചുകൊണ്ടായിരുന്നു ആ പദ്ധതി.

ഇതിനായി കൊച്ചി മെട്രോ, കൊച്ചിൻ കോർപ്പറേഷനെ സമീപിച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ബൃഹത് പദ്ധതിയുമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്നും പ്രതിദിനം 300 ടൺ മാലിന്യം ഇതിലേക്കായി ആവശ്യമുണ്ടെന്നും, പക്ഷേ കൊച്ചിയിൽ 150 – 200 ടൺ മാലിന്യമേ ലഭിക്കുന്നുള്ളൂ എന്നും ആയതിനാൽ പഴയ മാലിന്യമൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തേ ആ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും ഇക്കാരണത്താൽ വെർട്ടിക്കൽ ഗാർഡന് വേണ്ടിയുള്ള മാലിന്യം തരാനാകില്ലെന്നും അന്നത്തെ മേയറായിരുന്ന ശ്രീമതി സൗമിനി ജയിൻ കൊച്ചി മെട്രോയെ അറിയിച്ചു.

കൊച്ചി മെട്രോ പിന്നീട് വർക്കലയിൽ നിന്ന് മാലിന്യം സംഘടിപ്പിച്ച് കൊണ്ടുവന്ന് അവരുടെ പദ്ധതി നടപ്പിലാക്കി.

അങ്ങനെ 2017 മുതൽ വൈദ്യുതി ഉണ്ടാക്കാൻ വേണ്ടി കൂട്ടിയിട്ട് കൂട്ടിയിട്ട് ശേഖരിച്ച് ശേഖരിച്ച് സംഭരിച്ച് സംഭരിച്ച് വെച്ചിരുന്ന മാലിന്യമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി കത്തുപിടിച്ച് കൊച്ചിക്കാരുടെ മനുഷ്യജീവിതം ദുസ്സഹമാക്കി ക്യാൻസർ പോലും കൊണ്ടുവരാൻ സാദ്ധ്യതയുള്ള വിഷപ്പുകയായി മൂടി നിൽക്കുന്നത്.

കഥ കഴിഞ്ഞു.
———————————
ഇനി ഈ കഥയുടെ തുടക്ക കാലത്ത്  ‘മാലിന്യത്തിന് അടയിരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ‘ എന്ന തലക്കെട്ടിൽ ഈയുള്ളവൻ എഴുതിയ ഒരു പഴയ ലേഖനം അതേപടി താഴെ എടുത്തെഴുതുന്നു. അതിൻ്റെ ഒറിജിനൽ ലിങ്ക് ഇതാണ്.
———————————
01 ഒക്ടോബർ 2017:- കൊച്ചി മെട്രോയ്ക്ക് വെർട്ടിക്കൽ ഗാർഡന് ആവശ്യമായ മാലിന്യം കൊടുക്കാൻ കൊച്ചിൻ കോർപ്പറേഷന് കഴിയുന്നില്ല. ആയതിനാൽ കൊച്ചി മെട്രോ അവരുടെ മോടിപിടിപ്പിക്കൽ പരിപാടിക്കുള്ള മാലിന്യം സംഘടിപ്പിക്കുന്നത് ജില്ലയ്ക്ക് വെളിയിൽ വർക്കലയിൽ നിന്നാണ്. ഇന്നത്തെ പത്രവാർത്തയാണിത്. മാലിന്യവുമായോ കൊച്ചി മെട്രോയുമായോ ബന്ധപ്പെട്ടുനിൽക്കുന്നവർക്ക് ഇത് വാർത്തയായി വന്ന് അങ്ങാടിപ്പാട്ടാകുന്നതിന് മുന്നേ തന്നെ പരസ്യമായിട്ടറിയാവുന്ന അരമനരഹസ്യം തന്നെയാണ്.

മാലിന്യം സംസ്ക്കരിക്കുകയുമില്ല, അതാവശ്യമുള്ളവർക്ക് അതൊട്ട് കൊടുക്കുകയുമില്ല. ഈ പത്രവാർത്ത വായിച്ചപ്പോൾ മനസ്സിലാക്കാനായത് അങ്ങനെയാണ്. കേരളജനത ഇങ്ങനെ നാറ്റവും രോഗവും ദുരിതവുമൊക്കെ സഹിച്ച് കാലാകാലം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. എന്തൊരു കഷ്ടമാണിത് ?!

ഈ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ കോർപ്പറേഷനോടും മേയറോടും ചോദിച്ചാൽ, ഭാവിയിൽ ചോദ്യകർത്താവിന് എതിരെ കേസൊന്നും എടുക്കില്ലെന്ന് (മുൻ അനുഭവം അതാണ്) വിശ്വസിച്ചുകൊണ്ട് ചോദിക്കട്ടെ ?

ചോദ്യം 1:- മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്ന് പറയുന്ന ഈ പദ്ധതി എന്ന് നിലവിൽ വരും ? ഏത് ഏജൻസിയുമായാണ് ഇതിനായുള്ള ധാരണ ഉണ്ടാക്കിയിട്ടുള്ളത് ?

ചോദ്യം 2:- നഗരത്തിൽ നിന്ന് ഒരു ദിവസം 120 – 200 ടൺ മാലിന്യമേ കിട്ടുന്നുള്ളൂ എങ്കിൽ വൈദ്യുതി ഉണ്ടാക്കുന്നവർക്ക് നിത്യേന നൽകേണ്ട 300 ടൺ മാലിന്യം എത്രനാൾ ഇതുപോലെ ശേഖരിച്ച് വെക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ദിവസം 80 ടൺ മാലിന്യത്തിന്റെ കുറവുണ്ട്. അതായത് ഒരു മാസം 2400 ടൺ മാലിന്യത്തിന്റെ കുറവ്. കുറഞ്ഞത് 3 മാസത്തെ കാര്യമെടുത്താൽ 7200 ടൺ മാലിന്യത്തിന്റെ കുറവ്. മൂന്ന് മാസത്തിനകം വൈദ്യുത ഉൽ‌പ്പാദനം തുടങ്ങിയില്ലെങ്കിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് പ്രതിമാസം 2400 എന്ന നിലയ്ക്ക് വർദ്ധിച്ചുവരും. ഇത്രയും മാലിന്യം ശേഖരിച്ച് വെച്ചാൽ ഉണ്ടാകുന്ന ദുരിതങ്ങളെപ്പറ്റി വല്ല ധാരണയുമുണ്ടോ ?

ചോദ്യം 3:- മൂന്ന് മാസത്തിനകം വൈദ്യുതി ഉൽ‌പ്പാദിക്കാനായാൽ, അടുത്ത മൂന്ന് മാസം കൊണ്ട് നിങ്ങൾ ശേഖരിച്ചുവെച്ച മാലിന്യം തീരുകയും വീണ്ടും 80 ടൺ മാലിന്യം നിത്യേന കുറവുണ്ടാകുകയും ചെയ്യും. അപ്പോൾ ആ മാലിന്യമുണ്ടാക്കാൻ നിങ്ങളെന്ത് ചെയ്യും ? ആവശ്യത്തിനുള്ള മാലിന്യം കോർപ്പറേഷൻ തരുന്നില്ല എന്ന് പറഞ്ഞ് പദ്ധതി നടപ്പിലാക്കുന്നവർ അതുപേക്ഷിച്ച് പോകാൻ സാദ്ധ്യതയില്ലേ ?

ചോദ്യം 4:- ആ സമയത്ത് കൂടുതൽ മാലിന്യം കണ്ടെത്താനുള്ള ഏർപ്പാട് സ്വീകരിക്കും എന്നാണ് നിലപാടെങ്കിൽ ഇപ്പോളെന്തിന് ഈ മാലിന്യം കൂട്ടിക്കൂട്ടി വെക്കുന്നു ? നിലവിലുള്ള മാലിന്യം ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ അത് കൊടുത്തൊഴിവാക്കുകയല്ലേ ഭേദം ? വൈദ്യുതി ഉൽ‌പ്പാദനം തുടങ്ങുമ്പോൾ അതിനാവശ്യമായ മാലിന്യം അന്ന് കണ്ടെത്തിയാൽ പോരേ ?

ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ഈ മാലിന്യം മുഴുവൻ ശേഖരിച്ച് വെച്ചിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. തെല്ലെങ്കിലും ദീർഘവീക്ഷണത്തോടെ മാലിന്യവിഷയം ഇന്നുവരെ ഈ കേരളത്തിൽ ഒരു സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിഷയവിദഗ്ദ്ധന്മാരും കൈകാര്യം ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ ഈ ഗതികേട് സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്നില്ലല്ലോ.

ഒരു കാര്യം കൃത്യമായി മനസ്സിലാക്കുക. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കിക്കളയും എന്ന് പറയുന്ന ഈ പദ്ധതി നേരെ ചൊവ്വേ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിൽ, കൂട്ടിവെച്ചിരിക്കുന്ന ഈ മാലിന്യത്തിന് കൂടെ കോർപ്പറേഷൻ സമാധാനം പറയേണ്ടി വരും.

വാൽക്കഷണം:- സമ്പൂർണ്ണ സാക്ഷരരായ ഒരു ജനതയും അവരുടെ ഭരണാധികാരികളും, അവർ സ്വയം സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ അസഹനീയമാണ്.
——————————–
ഈയവസരത്തിൽ ഗ്യാസ് ചേമ്പറിൽ പെട്ട് കിടക്കുന്ന ഓരോ കൊച്ചിക്കാരനും കോർപ്പറേഷനോട് ചോദിക്കേണ്ട അര ഡസൻ ചോദ്യങ്ങളുണ്ട്.

ചോദ്യം 1:- എന്തായി ഇപ്പറയുന്ന 300 ടൺ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി?

ചോദ്യം 2:- എത്ര ടൺ മാലിന്യം ഇതിനകം അത്തരത്തിൽ ഉപയോഗിച്ചു?

ചോദ്യം 3:- ഏതാണ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആ കമ്പനി?

ചോദ്യം 4:- എത്ര മെഗാവാട്ട് വൈദ്യുതി ഇതിനകം അത്തരത്തിൽ ഉൽപ്പാദിപ്പിച്ചു?

ചോദ്യം 5:- പഴയ കോർപ്പറേഷൻ ഭരണകൂടം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നോ അതോ പുതിയ ഭരണകൂടമാണോ ഉപേക്ഷിച്ചത് ?

ചോദ്യം 6:- പദ്ധതി ഉപേക്ഷിച്ചെങ്കിൽ, എന്തുകൊണ്ട് ഇത്രയും മാലിന്യം സംസ്ക്കരിച്ച് നീക്കിയില്ല?

ചോദ്യങ്ങൾ ബാക്കിയാകും. മാലിന്യം ഇനിയും കുമിഞ്ഞ് കൂടി കത്തുപിടിക്കും. സംസ്ഥാനത്ത് മാലിന്യസംസ്ക്കരണം ഫലപ്രദമായി നടത്തുമെന്നും അത് എപ്രകാരം നടത്തുമെന്നും കൃത്യമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നവരെ മാത്രമേ നിയമസഭയിലേക്ക് പറഞ്ഞയക്കൂ എന്ന് ശഠിക്കാൻ ആർജ്ജവമുള്ള സമ്മതിദായകർ ഉണ്ടാകണം ആദ്യം. അതവർ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ, പിടിച്ച് താഴെയിറക്കാനുള്ള സമരങ്ങൾ വോട്ട് ചെയ്ത അതേ പൊതുജനം നടത്തണം. അത്രേം സാധിച്ചാൽ എന്തെങ്കിലും മാറ്റമുണ്ടായെന്ന് വരും. അല്ലെങ്കിൽ…. അല്ലെങ്കിൽ കവി പാടിയത് പോലെ…. ‘ചത്തുചത്തു പിരിഞ്ഞിടാമിനി തമ്മിലൂതിയണച്ചിടാം‘.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>