ഹർത്താലിന് ബദൽ ?!


ക്കഴിഞ്ഞ ശനിയാഴ്ച്ച (2014 ജൂലായ് 19) Say No to Harthal കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ വെച്ച്, ‘ഹർത്താലിന് ബദൽ ‘ എന്നൊരു സംവാദം സംഘടിപ്പിക്കപ്പെട്ടു. സംവാദത്തിന്റെ തൽസമയ സംപ്രേക്ഷണം www.saynotoharthal.com സൈറ്റിലൂടെ സാദ്ധ്യമാക്കുകയും ചെയ്തു. പഠിപ്പ് മുടക്കിയുള്ള സമരങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം ചില നേതാക്കന്മാരെങ്കിലും ഈയിടെ പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ കൂടെ പിൻബലത്തിലാണ് ഹർത്താലിന് ബദലായി, അതിനോപ്പമോ അതിനേക്കാൾ ശക്തമായതോ ആയ സമരമാർഗ്ഗങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ വേണ്ടി ശ്രീ.രാജു പി.നായരുടെ നേതൃത്വത്തിൽ ഈ സംവാദം സംഘടിപ്പിച്ചത്.

ആ പരിപാടിയുടെ നോട്ടീസുകൾ ചുവടെ ചേർക്കുന്നു. ചർച്ചയിൽ ആരൊക്കെ പങ്കെടുത്തു എന്നുതുടങ്ങിയ കാര്യങ്ങളൊക്കെ അതിലുണ്ട്. വീണ്ടും എഴുതി സമയം പാഴാക്കുന്നില്ല. (ഇതേപ്പറ്റി പത്രങ്ങളിൽ വന്ന വാർത്തകളും ഈ പോസ്റ്റിന്റെ കീഴെ ചേർക്കുന്നുണ്ട്.)

7
8

സമരമുറകൾ നമുക്ക് ആവശ്യം തന്നെയാണ്. സമരങ്ങൾ കൊണ്ട് തന്നെയാണ് പല കാര്യങ്ങളും ഈ നാട്ടിൽ നേടിയെടുത്തിട്ടുള്ളത്. അതിലൊരു തർക്കവും ഇല്ല. പക്ഷെ ഹർത്താൽ ഒരു സമരമേയല്ല എന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഒരു പത്രപ്രവസ്ഥാവനയിലൂടെ, അല്ലെങ്കിൽ ടീവിയിലെ ഒരു ഫ്‌ളാഷ് ന്യൂസിലൂടെ ഒരു സംസ്ഥാനത്തെയോ രാജ്യത്തെ തന്നെയോ മുഴുവനായി സ്തംഭിപ്പിക്കുകയും ദിവസക്കൂലിക്കാരായിട്ടുള്ള ലക്ഷക്കണക്കിന് പേരുടെ അന്നം മുട്ടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയെ സമരമെന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്.

അത്തരം പല കാരണങ്ങൾ കൊണ്ടുതന്നെ ഞാനൊരു ഹർത്താൽ അനുകൂലിയല്ല. പക്ഷെ ഇതൊഴികെയുള്ള ഒരു സമരത്തിനോടും എനിക്ക് എതിർപ്പുമില്ല. എന്തുകൊണ്ട് ഹർത്താലിനെ എതിർക്കുന്നു എന്ന് പേജുകണക്കിന് എഴുതിപ്പിടിപ്പിക്കാൻ എനിക്കാവും. എന്തുകൊണ്ട് ഹർത്താലുകൾ വേണമെന്ന് അത്രയ്ക്ക് തന്നെ വീറോടെ വാദിക്കാൻ ഹർത്താൽ അനുകൂലികൾക്കും കഴിയും. അങ്ങനെയുള്ള വാദപ്രതിവാദങ്ങൾ പലയിടങ്ങളിലും പലപ്രാവശ്യം കഴിഞ്ഞതാണ്. പക്ഷേ, സ്വന്തം നിലപാടുകളിൽ നിന്ന് ആരും മാറിയിട്ടില്ല, മാറുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.

അതുകൊണ്ടുതന്നെ കൂടുതൽ വാദമുഖങ്ങൾ ഇവിടെ നിരത്താൻ ഉദ്ദേശിക്കുന്നില്ല. ഒരാൾക്ക് സമരം ചെയ്യാനുള്ള അവകാശം പോലെ തന്നെ മറ്റൊരാൾക്ക് സമരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഈ ജനാധിപത്യ രാജ്യത്തുണ്ട്. പക്ഷെ ഹർത്താലിൽ അങ്ങനെയൊരു കാര്യം അനുവദിച്ച് കിട്ടുന്നില്ല. നിഷേധിക്കപ്പെടുന്ന ആ സ്വാതന്ത്ര്യം തിരികെ തരണമെന്ന് ഹർത്താൽ അനുകൂലികളോട് അഭ്യർത്ഥിക്കുന്നു. സമരം ചെയ്യാനുള്ള നിങ്ങളുടെ അവകാശം നടപ്പിലാക്കുന്നത്, സ്വതന്ത്രമായി വഴിയിലിറങ്ങി നടക്കാനും വാഹനമോടിക്കാനും മുന്നേകൂട്ടി പദ്ധതിയിട്ട കാര്യങ്ങളൊക്കെ ചെയ്യാനുമുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുത്.

ഉദ്ദേശിച്ചതുപോലെ ‘ഹർത്താലിന് ബദൽ’ എന്ന നിലയ്ക്ക് സംവാദം പുരോഗമിച്ചതേയില്ല. ഹർത്താലിനെ എതിർക്കുന്നവർ എതിർത്തുകൊണ്ടും, അനുകൂലിക്കുന്നവർ അനുകൂലിച്ചുകൊണ്ടും സംസാരിച്ചുകൊണ്ടിരുന്നു. തുടക്കത്തിൽ പറഞ്ഞതുപോലെ എല്ലാവർക്കും അറിയാവുന്നതും ഇക്കാലമത്രയും പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞുപോയി എന്നല്ലാതെ പുതിയതൊന്നും ആർക്കും പറയാനുണ്ടായിരുന്നില്ല. ഹർത്താലിന് ബദൽ എന്ന കാര്യമേ ചർച്ചയ്ക്ക് വന്നില്ല. ഹർത്താൽ വേണോ വേണ്ടയോ എന്ന്, ഇതുവരെ പറഞ്ഞുകേട്ടുമടുത്ത വാദമുഖങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആയതിനാൽ ഇന്നലെ സംഘടിപ്പിക്കപ്പെട്ട സംവാദത്തിൽ ഞാൻ നിരാശനാണ്. ‘ചർച്ചകൾ തുടരട്ടെ. ഇതൊരു തുടക്കം മാത്രമായി കണക്കാക്കിയാൽ മതി’ എന്നുള്ള എല്ലാവരുടെയും നിലപാട് മാത്രമാണ് ആശ്വാസം. ‘ഇനി ഇങ്ങനെയൊരു ചർച്ച തന്നെ ആവശ്യമില്ല’ എന്ന്, ഭാഗ്യവശാൽ ആരും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചിട്ടില്ല.

ഹർത്താൽ ദിനങ്ങളിൽ, എറണാകുളം നഗരത്തിലെ തീവണ്ടിയാപ്പീസിലും ബസ്സ് സ്റ്റാന്റിലും നിരത്തുകളിലും പെട്ടുപോകുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ Say No To Harthal പ്രവർത്തകർ സ്വന്തം വാഹനങ്ങൾ, സ്വന്തം ഇന്ധനച്ചിലവിൽ നിരത്തിലിറക്കാറുണ്ട്. അത് നിങ്ങളുടെ ഹർത്താൽ പൊളിക്കാനോ നിങ്ങളോടുള്ള പ്രതിഷേധം കാണിക്കാനോ അല്ല. മറിച്ച്, നിരത്തിൽ പെട്ടുപോകുന്നവരെ സഹായിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തനമായി അതിനെ കണ്ട്, ഞങ്ങളേയും ഞങ്ങളുടെ വാഹനങ്ങളേയും ആക്രമിക്കാതെ വിടണം
എന്നൊരു അപേക്ഷകൂടെയുണ്ട്, ഹർത്താൽ അനുകൂലികളോട്. ഒരു അത്യാവശ്യം വന്നുപെട്ടാൽ അക്കൂട്ടത്തിൽ ഒരു വാഹനത്തെ നിങ്ങൾക്കും ആശ്രയിക്കാം.

വാൽക്കഷണം:- കുറച്ചെങ്കിലും സന്തോഷമുണ്ടായത്, പരിപാടിക്ക് വേണ്ടി വാങ്ങുകയും ബാക്കിയാകുകയും ചെയ്ത ലഘുഭക്ഷണം, നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന പത്തിരുപത് ഓട്ടോ തൊഴിലാളികൾക്ക് വിതരണം ചെയ്തപ്പോഴാണ്.

123
4
5
6
9

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>