നിങ്ങൾ എപ്പോഴെങ്കിലും കടുത്ത ഏകാന്തതയും അതിനൊപ്പം ഭീതിയും ചേർന്ന് അറിഞ്ഞിട്ടുണ്ടോ?
ഇന്നലെ എനിക്കത്തരം ഒരു ദിവസമായിരുന്നു. കർണ്ണാടകയിലെ തുംക്കൂർ ജില്ലയിൽ, ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ കിടക്കുന്ന പാവഗട കോട്ടയിലാണ് ആ അനുഭവം ഉണ്ടായത്.
ചിത്രദുർഗ്ഗ എന്ന ജില്ലയിൽ നിന്നാണ് 113 കിലോമീറ്റർ ദൂരെയുള്ള പാവഗടയിലേക്ക് കാര്യമായ ഗൃഹപാഠമൊന്നും ചെയ്യാതെ ഞാൻ യാത്ര തിരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചന്നഗിരി, ഹൊസദുർഗ്ഗ എന്നീ കോട്ടകൾ സന്ദർശിച്ചതിൻ്റെ തുടർച്ച എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
കാര്യമായ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ആന്ധ്രയുടെ അതിർത്തി പ്രദേശമായ ഒരു ചെറിയ പട്ടണമാണ് പാവഗട. അതുകൊണ്ട് തന്നെ നല്ലൊരു പങ്ക് ജനങ്ങളും കന്നടയും തെലുങ്കും സംസാരിക്കും. ഒന്നുരണ്ട് ക്ഷേത്രങ്ങൾ ഉണ്ട് ഇവിടെ. പുറത്തുനിന്ന് അവിടേക്ക് ജനങ്ങൾ വരുന്നുണ്ടെങ്കിൽ അവർ ക്ഷേത്രദർശനത്തിന് വരുന്നവരാണ്. അല്ലെങ്കിൽ ഏതെങ്കിലും ബന്ധുജനങ്ങളേയോ സുഹൃത്തുക്കളേയോ കാണാൻ വരുന്നവർ. അവഗണിക്കപ്പെട്ട് കിടക്കുന്ന പാവഗട കോട്ട കാണാൻ വരുന്നവർ വളരെ ചുരുക്കമായിരിക്കും. അവധി ദിവസമായിട്ട് പോലും 700 മീറ്റർ ഉയരത്തിൽ പട്ടണത്തിന്റെ ഒരു ഭാഗത്ത് ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന കോട്ടയിൽ ഞാൻ ചിലവഴിച്ച മൂന്ന് മണിക്കൂറുകൾ അങ്ങനെയൊരു നിഗമനത്തിലാണ് എന്നെ എത്തിച്ചത്.
7 തട്ടുകളിലായാണ് പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന കോട്ടയുടെ നിൽപ്പ്. 1565 വിജയ നഗരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം അന്നത്തെ സാമന്തനായിരുന്ന ബല്ലപ്പനായക ആണ് പാവഗട കോട്ട നിർമ്മിച്ചത്.
കോട്ടയിലേക്കുള്ള വഴികളൊക്കെ കുടിയേറ്റവും കൈയേറ്റവും കാരണം ഇടുങ്ങിയിരിക്കുന്നു. പല വഴികളിലും മാലിന്യത്തിന്റെ തള്ളിച്ചയാണ്. പലപല വീടുകളുടെ വശത്ത് കൂടെയും അടുക്കള ഭാഗത്ത് കൂടെയും കയറിയിറങ്ങി വേണം കോട്ടയിലേക്ക് കയറാൻ. വാഹനം സുഖകരമായി ഒരിക്കലും കോട്ടയുടെ കീഴ്ഭാഗത്ത് എത്തില്ല. പട്ടണത്തിൽ ഒരുപാട് ദൂരെ, വാഹനം പാർക്ക് ചെയ്തതാണ് ഞാൻ കോട്ടയിലേക്ക് നടക്കാൻ തുടങ്ങിയത്.
ആദ്യത്തെ കുറച്ചു പടികൾ കയറിയപ്പോൾത്തന്നെ ഏകാന്തത അനുഭവപ്പെട്ടു. നഗരത്തിന്റെ ശബ്ദം അലിഞ്ഞലിഞ്ഞ് ഇല്ലാതായിരിക്കുന്നു. നല്ല കാറ്റുള്ള പ്രദേശമാണ്. കോട്ട ഗാംഭീര്യത്തോടെ എന്നോടെന്തോ മുരണ്ടതുപോലെ എനിക്ക് തോന്നി.
ഒരോ കൂട്ടം പടവുകൾ കയറുന്തോറും, ചെക്ക് പോസ്റ്റ് പോലെ പടയാളികൾക്ക് ഇരിക്കാൻ വേണ്ടി ഉള്ളതാകണം കല്ലിൽ തീർത്ത ചില കെട്ടുകളും വാതായനങ്ങളും കാണാം. അതിനോട് ചേർന്നുള്ള ഭാഗത്ത് ആയുധങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ അൽപ്പം ഭീതിയും ഒപ്പം കൂടി. ഓരോ വാതായനങ്ങൾ കഴിയുന്തോറും ഏകാന്തതയും ഭീതിയും കൂടിക്കൂടി വന്നു.
രണ്ടര മണിക്കൂറെങ്കിലും എടുക്കും കോട്ട കയറിയിറങ്ങാൻ എന്ന് ഞാൻ നേരത്തേ മനസ്സിലാക്കിയിരുന്നു. ഇടയ്ക്കെങ്ങാനും വഴിതെറ്റിപ്പോയാൽ, വഴി തിരിച്ച് പിടിക്കാൻ വീണ്ടും സമയം വേണം. അരദിവസം നീളുന്ന ഒരു ട്രെക്കിങ്ങിന് താൽപ്പര്യമുള്ളവർക്കും പറ്റിയ ഇടമാണ് പാവഗട കോട്ട.
വെള്ളം ആവശ്യത്തിന് കരുതാതെ ഈ കോട്ടയിലേക്ക് ആരും വരരുത്. പറ്റുമെങ്കിൽ കൂട്ടിന് ആരെങ്കിലും ഉണ്ടായാൽ അത്രയും നന്ന്. നമ്മൾക്കൊരു അപകടം പറ്റിയാൽ പുറത്താരും അറിഞ്ഞെന്ന് വരില്ല എന്നത് തന്നെ കാരണം. പലയിടത്തും മൊബൈൽ സിഗ്നൽ ഇല്ല. നമ്മളെ അപായപ്പെടുത്താനും ഒരാൾക്ക് സാധിക്കും ഇതിനുള്ളിൽ വെച്ച്. ഏതെങ്കിലും ഒരു കൽക്കെട്ട് തിരിഞ്ഞ് ചെല്ലുമ്പോൾ പെട്ടെന്ന് ഒരാൾ മുന്നിൽ വന്ന് ചാടിയാൽ ഭയത്തിന്റെ പരകോടിയിലെത്തിയെന്നും വരും. ഏകാന്തത കോട്ടയ്ക്കകത്ത് സൃഷ്ടിച്ചു വെച്ചിരിക്കുന്ന അവസ്ഥ അതാണ്.
ഇതിന് പുറമേ, കുരങ്ങൻ, പാമ്പ് എന്ന് തുടങ്ങിയ വന്യജീവികളുടെ ഇടപെടൽ ഉണ്ടാകുമോ എന്ന കരുതലും വേണം. ചോടപ്പുല്ലുകളും കള്ളിച്ചെടികളും സമൃദ്ധമായി വളർന്ന് നിൽക്കുന്നുണ്ട് കൽപ്പടവുകളിൽ പോലും. ഇടയ്ക്ക് ഒന്നുരണ്ട് കള്ളിച്ചെടികൾ എന്നോട് ‘സ്നേഹവാത്സല്യം’ കാണിക്കുകയും ചെയ്തു.
കോട്ടയ്ക്കകത്ത് ആരുമില്ലെന്ന് ഇതിനകം ഞാൻ ഉറപ്പിച്ചിരുന്നു. ഓരോ കൽക്കവാടങ്ങൾ കടന്ന് മുകളിലേക്ക് കയറുന്തോറും ഏകാന്തത കൂടിക്കൂടി വന്നു. ചില ഘട്ടങ്ങളിൽ ഭീതി വരിഞ്ഞുമുറുക്കാൻ തുടങ്ങി. നാലാമത്തെ കൽക്കവാടങ്ങൾ കടന്നതോടെ ഇനി രക്ഷാമാർഗ്ഗമൊന്നും ഇല്ല; ‘തോൽപ്പിക്കാൻ പറ്റാത്തതിന്റെ ഒപ്പം ചേരുക’ എന്ന മാനസ്സികാവസ്ഥ കൈവരിച്ചു ഞാൻ.
ഒരു ഘട്ടത്തിൽ കോട്ടയുടെ മുകളിലെത്തി എന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിൽ വിശാലമായ ഒരു മേൽത്തട്ടിലേക്ക് കടന്നു ചെന്നു. അവിടെ ധാരാളം മരങ്ങളുണ്ട്, വലിയ ഉരുളൻ കല്ലുകളുണ്ട്. ചോടപ്പുല്ലുകൾ വകഞ്ഞ് മാറ്റി അതിനിടയിലൂടെല്ലാം നടക്കാം. ഒരു പാറയുടെ മുകളിൽ വാച്ച് ടവർ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഒരു കൽമണ്ഡപമുണ്ട്. അത് കോട്ടയുടെ മുകൾഭാഗമാണെന്ന് വെറുതെ നമ്മൾ ആശിച്ച് പോകും. പക്ഷേ ദൃഷ്ടി മുകളിലേക്ക് പായിച്ചാൽ താൻ അജയ്യയാണെന്ന് വെല്ലുവിളിച്ച് കോട്ടയുടെ കെട്ടുകൾ വീണ്ടും ഒരുപാട് മുകളിൽ നമ്മെ നോക്കി നിൽക്കുന്ന കാഴ്ച്ചയാണ്.
കോട്ടയ്ക്കുള്ളിലെ 50 അടിയോളം കിളരമുള്ള പാറകൾക്ക് പലതിനും ഒരു നിരീക്ഷണ ഗോപുരത്തിൻ്റേയോ കൊത്തളത്തിൻ്റേയോ ആകാരവും ഭാവവുമുണ്ട് പ്രകൃത്യാ തന്നെ. പ്രകൃതിയിൽ ലയിച്ച് നിൽക്കുകയാണ് പലയിടങ്ങളിലും പാവഗട കോട്ട. ഒരു ലേഖനത്തിൽ കോട്ടയെപ്പറ്റി വായിച്ചത് ‘ആർക്കിടെക്ടുകൾക്ക് പ്രചോദനം’ എന്നാണ്. കൃത്യമായ നിരീക്ഷണമാണത്.
ഫോട്ടോഗ്രാഫർമാർക്ക് കവിത, റോക്ക് ക്ലൈംബേഴ്സിന് മെക്ക, ട്രക്കേർസിന് പരമാനന്ദം എന്നിങ്ങനെ വിശേഷണങ്ങൾ ഇനിയും പലതുണ്ട് കോട്ടയ്ക്ക്. ഇപ്പറഞ്ഞതിന് എല്ലാത്തിനുമൊപ്പം വന്യതയും ഏകാന്തതയും ചേർന്നാൽ പാവഗട കോട്ടയായി. അവഗണിക്കപ്പെട്ട് കിടക്കുന്നതുകൊണ്ടാണ് അവസാനം പറഞ്ഞ ഘടകങ്ങൾ ലഭ്യമാകുന്നത്. സർക്കാർ സംരക്ഷിക്കാൻ തുടങ്ങിയാൽ, സഞ്ചാരികൾ ആകർഷിക്കപ്പെടും, അതെല്ലാം അപ്രത്യക്ഷമാകും.
കൊടിമരം നിൽക്കുന്ന അവസാനത്തെ കെട്ടിലേക്കുള്ള പടികൾ കുറേക്കൂടെ കുത്തനെയാണ്. പടികളിൽ പലതും ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കള്ളിച്ചെടികൾ ‘സ്നേഹം’ ചൊരിയാൻ പടികളിലേക്ക് ചാഞ്ഞ് നിൽക്കുന്നുണ്ട്. എങ്കിലും, അങ്ങോട്ട് കൂടെ കയറിയാൽ മാത്രമേ കോട്ട പൂർണ്ണമായും ‘കണ്ട് കീഴടക്കി’ എന്ന് പറയാനൊക്കൂ. കാറ്റിന്റെ ശക്തി ഇപ്പോൾ പതിന്മടങ്ങാണ്.
ഉച്ചിയിൽ കൊടിമരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ മിന്നൽരക്ഷാചാലകമാണ്. അങ്ങോട്ടെത്തിയപ്പോൾ താഴെ തീപ്പെട്ടിക്കൂടുകൾ അടുക്കിയത് പോലെ കാണുന്ന പട്ടണത്തിലെ കെട്ടിടങ്ങളെ നോക്കി ആർത്ത് വിളിച്ച് നിശബ്ദ്ദത മുഴുവൻ ഭംഞ്ജിക്കണമെന്നെനിക്ക് തോന്നി. ഞാനെത്ര അലറി വിളിച്ചാലും കാറ്റതിനെ നുറുക്കിയെടുത്ത് അന്തരീക്ഷത്തിൽ പാറ്റിക്കളയുമെന്ന തരത്തിൽ ആഞ്ഞുവീശിക്കൊണ്ടേയിരുന്നു.
ഏതെങ്കിലും ഒരു കോട്ടയിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ട് പോയിരുന്നെങ്കിൽ അഥവാ എന്നെ ഏതെങ്കിലും കോട്ടയിൽ കാണാതായിപ്പോയിരുന്നെങ്കിൽ അത് പാവഗടയിൽ ആയിരിക്കണമെന്ന് ആഗ്രഹിച്ചു പോയി. അത്രയ്ക്കുണ്ട് അതിൽ പ്രകൃതി സാന്നിദ്ധ്യം, നിഗൂഢത, ഏകാന്തത, പിന്നെ ഭീകരതയും.
എനിക്ക് കോട്ടയിറങ്ങാൻ സമയമാകുന്നു. ഇരുൾ വീണാൽ മടക്കവഴി കണ്ടെത്താൻ പറ്റിയില്ലെങ്കിലോ!
കുറച്ച് കിളികളെയല്ലാതെ മറ്റ് ജീവികളെയൊന്നും ഇതുവരെ കാണാൻ പറ്റിയില്ല. ഹനുമാന്റെ ഒരു പ്രതിഷ്ഠയുള്ളിടത്ത് പോലും പേരിന് ഒരു കുരങ്ങനെപ്പോലും കണ്ടില്ല.
പക്ഷേ, താഴോട്ടിറങ്ങി രണ്ട് കവാടങ്ങൾ കഴിഞ്ഞ് ഒരു വളവ് തിരിഞ്ഞതും, പെട്ടെന്ന് മുന്നിൽ ആളനക്കം! നര വീണ താടിയും മുടിയുമൊക്കെയുള്ള ഒരു രൂപത്തെ കണ്ട് ഞെട്ടിയത് പക്ഷേ അപ്പുറത്തുള്ളവരാണ്. കൈയിൽ ഷൂ ബോക്സുകളുമായി മൂന്ന് ടീനേജ് ആൺകുട്ടികൾ.
അവർക്കൊപ്പം, ഇതുവരെ എനിക്ക് കാണാൻ പറ്റാതിരുന്ന കുരങ്ങുകളുടെ ഒരു പട തന്നെയുണ്ട്. ഷൂ ബോക്സിനകത്തും കൈയിലുമൊക്കെ പ്രാവുകളുമായാണ് കുട്ടികൾ വന്നിരിക്കുന്നത്. അവർക്ക് പ്രാവ് പറത്തൽ മത്സരമുണ്ട്. അതിനുള്ള പ്രാക്ടീസിനാണ് വന്നിരിക്കുന്നത്. അവർ എന്നോട്, എവിടുന്നാണെന്നും എന്തിനാണെന്നുമൊക്ക വിശേഷങ്ങൾ പാതി കന്നടയിലും തമിഴിലും ഹിന്ദിയിലും ചോദിച്ചറിഞ്ഞു. അതിൽ ഒരാളുടെ അമ്മ തമിഴാണ്.
കുട്ടികളുടെ ഭാഗ്യത്തിൽ ഞാൻ അസൂയപ്പെട്ടു. ഒരുപാട് രക്തച്ചൊരിച്ചിലുകൾ നടന്നിട്ടുള്ള കോട്ടയാണ്. പതിറ്റാണ്ടുകൾ എടുത്തിട്ടുണ്ടാവും കോട്ട ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ. അത്തരത്തിലൊരു ചരിത്ര സ്മാരകം അവർക്ക് കളിക്കളമായി കിട്ടിയിരിക്കുന്നു. ഇരുപത് മിനിറ്റുകൊണ്ട് അവർ കോട്ട കയറും; പത്ത് മിനിറ്റിനകം താഴെയുമെത്തും. ഞാനവരുടെ മുകളിലേക്കുള്ള വേഗം നോക്കി മിഴിച്ചു നിന്നു.
“ഇറക്കത്തിലാണ് അപകടസാദ്ധ്യത കൂടുതൽ. പിള്ളേര് കാണിക്കുന്നത് കണ്ടിട്ട് ആവേശകുമാരൻ ആകരുത് കിളവാ; തനിക്ക് പ്രായം 55 ആണ്.” എന്ന് അന്തരംഗം പിന്നോട്ട് വലിച്ചത് അംഗീകരിച്ച് ഞാൻ മെല്ലെ താഴേക്ക്.
പക്ഷേ, ഒന്ന് ഞാനപ്പോഴേക്കും ഉറപ്പിച്ചിരുന്നു. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ്റെ ലേബലിൽ അല്ലാതെയും പാവഗട കോട്ടയിൽ ഞാനിനിയും വരും. കാണാത്ത ചില മുക്കും മൂലകളും കണ്ടേ തീരൂ. രാജാവിന് രക്ഷപ്പെടാനുള്ള ഒരു തുരങ്കത്തെപ്പറ്റി ചില രേഖകളിൽ പറയുന്നുണ്ട്. അതും കണ്ടുപിടിക്കണം.
അടിത്തട്ടിൽ മലർന്ന് നിന്ന് ഒരിക്കൽക്കൂടെ ഞാൻ കോട്ടയെ നോക്കി. അങ്ങനെയിങ്ങനെയൊന്നും കീഴടങ്ങില്ല എന്ന ഗർവ്വ് സ്വാഭാവികമായും ഒരൽപ്പം കൂടിയിട്ടുണ്ട് കോട്ടയ്ക്കിപ്പോൾ
(കോട്ട#47)
#gie_by_niraksharan
#greatindianexpedition
#boleroxl_motor_home
#fortsofkarnataka
#fortsofindia