ഭാഗി (Bolero XL) എന്ന 19 വർഷം പഴക്കമുള്ള വാഹനം വിറ്റതിനാൽ, 2025 സെപ്റ്റംബറിൽ, ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ തുടരാനും, തുടർന്നങ്ങോട്ടുള്ള എൻ്റെ നിത്യജീവിത ആവശ്യങ്ങൾക്കുമായി ഒരു വാഹനം വാങ്ങാൻ ശ്രമിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.
അതിൻ്റെ പേരിൽ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകൾ താഴെ അക്കമിട്ട് നിരത്തുന്നു.
1. ഓൺലൈൻ ടൈം ലൈനിൽ മുഴുവൻ വാഹന പരസ്യങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതെല്ലാം ബ്ലോക്ക് ചെയ്യുക എന്നതാണ് ഒരു ദിവസത്തെ പ്രധാന പരിപാടി.
2. വാഹനം വാങ്ങാനായി സമീപിക്കുകയും, ടെസ്റ്റ് ഡ്രൈവ് എടുക്കുകയും, വെറുതെ ഷോ റൂം വരെ പോകുകയും ചെയ്ത അര ഡസനോളം വാഹന കമ്പനികൾ ഉണ്ട്. അവരുടെ പലപല വകുപ്പുകളിൽ നിന്നായി കുറഞ്ഞത് 3 ഫോൺ വിളികളെങ്കിലും വന്നു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വാഹനം ഇന്നയിന്ന കാരണങ്ങളാൽ വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന മറുപടി കൊടുത്താലും അവർ ഒഴിവാകുന്നില്ല. എൻ്റെ ആവശ്യങ്ങൾക്ക് ഉതകാത്ത, അവരുടെ തന്നെ മറ്റൊരു വാഹനം അവർ നിർദ്ദേശിക്കുന്നു, ഫോണിൽ കടിച്ച് തൂങ്ങി കിടക്കുന്നു.
3. വാങ്ങാൻ തീരുമാനിച്ച വാഹനത്തിൻ്റെ കമ്പനിക്കാരുടെ റീജിയണൽ ഓഫീസിൽ നിന്ന് ഫോണിലൂടെ വന്ന ഒരു ചോദ്യമാണ് രസകരം. മറ്റ് വാഹനങ്ങളെ മാറ്റി നിർത്തി ഈ വാഹനം എന്തുകൊണ്ട് നിങ്ങൾ വാങ്ങുന്നു ? അതിന് മുറിപ്പത്തൽ ഉത്തരം കൊടുക്കേണ്ടി വന്നു. “നിങ്ങളുടെ ഈ ചോദ്യം ഒഴിവാക്കാനായി നിങ്ങളുടെ വാഹനം വാങ്ങുന്നില്ല എന്ന് എൻ്റെ തീരുമാനം മാറ്റിയാൽ മതിയാകുമോ? “ തൽക്ഷണം അവർ ക്ഷമാപണവും നന്ദിയും പറഞ്ഞ് കണ്ടം വഴി രക്ഷപ്പെട്ടു.
4. പണം എടുക്കാനായി ബാങ്കിൽ ചെന്നപ്പോൾ, “സാമ്പത്തിക വർഷാവസാനം ആയതുകൊണ്ട്, വാഹന ഡെലിവറി ഏപ്രിൽ വരെ നീട്ടാമോ ? “ എന്നാണ് അവരുടെ ചോദ്യം. “സൗകര്യമില്ല. എൻ്റെ പണം എൻ്റെ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. നിങ്ങളെപ്പോലുള്ള ബാങ്കിങ്ങ് സ്ഥാപനങ്ങളുടെ പ്രാരാബ്ദ്ധങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ളതല്ല.“ എന്നായിരുന്നു എൻ്റെ മറുപടി. മാർച്ചിൽ വാഹനം വാങ്ങിയാൽ 1.25 ലക്ഷം രൂപയോളം എനിക്ക് മെച്ചമുള്ളപ്പോൾ ബാങ്കുകാരുടെ സൗകര്യാർത്ഥം ഞാൻ ഏപ്രിൽ മാസം വാഹനം വാങ്ങിയാൽ മതിയെന്ന്!
5. ലോൺ വേണമെങ്കിൽ ഞങ്ങൾ തരാമെന്നായി അപ്പോൾ എൻ്റെ ബാങ്കുകാർ. “ഇന്ത്യയിൽ ഏറ്റവും അധികം പലിശ വാഹന ലോൺ ഇനത്തിൽ ഈടാക്കുന്ന നിങ്ങളുടെ ബാങ്കിൻ്റെ ലോൺ എനിക്ക് ആവശ്യമില്ല“ എന്ന മറുപടി കേട്ടപ്പോൾ അവർക്ക് കുറച്ച് ആശ്വാസം കിട്ടിയെന്ന് തോന്നുന്നു.
6. ഈ-മെയിലിലും വാഹന കമ്പനിക്കാരുടെ ജങ്ക് മെയിലുകൾ വന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നു.
ഇങ്ങനെ പോകുന്നു പ്രശ്നങ്ങൾ….
ഇനി ഒരു പുതിയ വാഹനം വാങ്ങുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം സൂചിപ്പിക്കട്ടെ.
പുതിയ നിയമപ്രകാരം വാഹനം ഷോ റൂമിൽ നിന്ന് ഇറക്കിക്കൊണ്ട് പോരുമ്പോൾ രജിസ്റ്റർ ചെയ്ത് നമ്പർ പ്ലേറ്റ് റിവറ്റ് ചെയ്തിരിക്കണം. എന്നിട്ടും താൽക്കാലിക നമ്പറുള്ള ധാരാളം വാഹനങ്ങൾ നിരത്തിൽ കാണാനാകും. അതിൽ പലതും ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ആയിരിക്കാം. അതല്ലാതുള്ള വാഹനങ്ങൾ നമ്പർ പ്ലേറ്റ് ഇല്ലാതെയും താൽക്കാലിക നമ്പർ പ്ലേറ്റുമായി നിരത്തിൽ ഓടുന്നുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ല.
അതുപോലെ തന്നെ വന്നിരിക്കുന്ന പുതിയ നിയമമാണ് ഫാസ്റ്റ് ടാഗ് ഇല്ലാതെ വാഹനങ്ങൾ ഷോറൂമിൽ നിന്ന് ഇറക്കരുത് എന്നത്. ആയതിനാൽ 600 മുതൽ 900 രൂപ വരെ ഇടാക്കി വാഹന ഡീലർമാർ തന്നെ നമുക്ക് വേണ്ടി ഫാസ്റ്റ് ടാഗ് എടൂത്ത് തരുന്നുണ്ട്.
പക്ഷേ, ഒരു ഫാസ്റ്റ് ടാഗ് എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. വാഹനത്തിൻ്റെ നമ്പർ, എഞ്ചിൻ നമ്പർ, Chassis നമ്പർ എന്നിവ നൽകിയാണ് നമ്മൾ ഫാസ്റ്റ് ടാഗ് എടുക്കുന്നതെങ്കിലും നമുക്ക് കാര്യമായ മറ്റ് പ്രയോജനം ഒന്നും ഇല്ലാത്ത ഒരു ബാങ്ക് അക്കൗണ്ട് കൂടെ ഈ അവസരത്തിൽ തുറക്കപ്പെടുന്നുണ്ട്. ആ അക്കൗണ്ട് വഴിയാണ് ഫാസ്റ്റ് ടാഗിലേക്ക് പണം പോകുന്നതെന്ന് ഞാൻ പറയേണ്ടതില്ലല്ലോ?
നമ്മളെല്ലാവരും മേൽപ്പറഞ്ഞ ഫാസ്റ്റ് ടാഗ് സൗകര്യം നൽകുന്ന ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാൻ തയ്യാറാകുകയോ സമയം ചിലവഴിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സ്വയം ഫാസ്റ്റ് ടാഗ് എടുത്താലും ഡീലർ വഴി എടുത്താലും ടോൾ ബൂത്തിന് മുന്നിലെ കുടക്കീഴിൽ നിന്ന് എടുത്താലും ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന് നമ്മളിൽ ബഹുഭൂരിപക്ഷവും തീരുമാനിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഇന്നുവരെ ഞാൻ അത് തീരുമാനിച്ചിരുന്നില്ല. പക്ഷേ, ഇന്നുമുതൽ ഞാൻ തീരുമാനിക്കും എനിക്ക് ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന്. അതെന്തുകൊണ്ടെന്ന് വിശദമാക്കാം.
ഒരു ശരാശരി മനുഷന്, ജീവിതത്തിൽ വളരെ ചുരുക്കം പ്രാവശ്യം മാത്രം സംഭവിക്കുന്ന ഒന്നാണ് വാഹനം വാങ്ങലും വിവാഹം കഴിക്കലുമൊക്കെ. അത്തരം സന്ദർഭങ്ങളിൽ മുൻപരിചയം ഇല്ലാത്തതുകൊണ്ട് പല അബദ്ധങ്ങളും സംഭവിക്കാം. പക്ഷേ, രണ്ടാമത്തെ പ്രാവശ്യവും മൂന്നാമത്തെ പ്രാവശ്യം അതേ അബദ്ധം സംഭവിച്ചാൽ… അതിനെ അബദ്ധമെന്നല്ല, മണ്ടത്തരം എന്നാണ് പറയേണ്ടത്.
വിഷയത്തിലേക്ക് തിരികെ വരാം.
കോടികൾ വന്ന് മറിയുന്ന ബിസിനസ്സാണ് ഫാസ്റ്റ് ടാഗ്. അതുകൊണ്ട് തന്നെ, നമ്മൾ പേരുപോലും കേൾക്കാത്ത ബാങ്കുകൾ പോലും ഈ കച്ചവടത്തിൽ അരയും തലയും മുറുക്കി രംഗത്ത് ഇറക്കിയിട്ടുണ്ട്. അതിൻ്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നതും അനുഭവിക്കാൻ പോകുന്നതും നമ്മൾ മാത്രമാണ്.
ഏതൊരു ബാങ്കിനും 4 വർഷത്തിൽ ഒരിക്കലെങ്കിലും KYC എന്ന ഏർപ്പാടുണ്ട്. നിങ്ങൾക്ക് ഫാസ്റ്റ് ടാഗ് തന്നിരിക്കുന്ന അക്കൗണ്ടിൻ്റെ കാര്യത്തിലും അത് തന്നെയാണ് സത്യം. ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത ഒരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗാണ് നിങ്ങൾ കൈവശം വെച്ചിരിക്കുന്നതെന്ന് സങ്കൽപ്പിക്കൂ. ഉദാ:- ഗ്രാമീൺ ബാങ്ക് ഓഫ് കിനാശ്ശേരി. ഇപ്പറഞ്ഞ കിനാശ്ശേരി ബാങ്കിന് കാര്യമായ ഓൺലൈൻ സപ്പോർട്ട് ഒന്നും ഉണ്ടാകണമെന്നില്ല. KYC അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിലും അതിനുള്ള സാഹചര്യമോ ഓൺലൈൻ സൗകര്യങ്ങളോ അവർ നൽകണമെന്നില്ല. പിന്നെയുള്ളത് നിങ്ങൾ വാഹനവുമെടുത്ത് കിനാശ്ശേരി ബാങ്കിൻ്റെ ഏതെങ്കിലും ബ്രാഞ്ച് തപ്പിക്കണ്ടുപിടിച്ച് അവിടെച്ചെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കുക എന്നതാണ്. അങ്ങനെയൊരു ബാഞ്ച് നിങ്ങളുടെ അടുത്ത പരിസരത്തൊന്നും ഉണ്ടാകണമെന്നും ഇല്ല.
ഫാസ്റ്റ് ടാഗ് എടുക്കുമ്പോൾ നമ്മൾ ആലോചിക്കാതെ പോകുകയും 4 വർഷത്തിന് ശേഷം നമ്മൾ അനുഭവിക്കാൻ പോകുന്നതുമായ ഇത്തരമൊരു കാര്യം ഞാൻ പറയുന്നത് അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്.
അപ്പോൾ നിങ്ങൾക്ക് ഒരു ചിന്ത വന്നേക്കാം. KYC പുതുക്കാത്ത ഫാസ്റ്റ് ടാഗ് വലിച്ചിളക്കി കളഞ്ഞ്, പുതിയ ഒരു ഫാസ്റ്റ് ടാഗ് എടുത്താൽ മതിയല്ലോ എന്ന്. പുതിയ നിയമപ്രകാരം അത് നടക്കില്ല. ഒരു വാഹനത്തിന് നിലവിലുള്ള ഫാസ്റ്റ് ടാഗ് നിയമപരമായ കടലാസ് പണികളിലൂടെ ക്ലോസ് ചെയ്തതിന് ശേഷം മാത്രമേ പുതിയ ഫാസ്റ്റ് ടാഗ് എടുക്കാൻ പറ്റൂ. അത്രയും കടലാസ് പണി ചെയ്യാമെങ്കിൽ KYC പുതുക്കുന്ന മെനക്കേട് ഏറ്റെടുത്തുകൂടെ ?
ആയതിനാൽ ഏതൊരു പുതിയ വാഹനം വാങ്ങുമ്പോളും നമുക്ക് ഏത് ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് വേണമെന്ന് നമ്മൾ തീരുമാനിക്കുക. നമ്മൾക്ക് അക്കൗണ്ട് ഉള്ളതും പണം കൈകാര്യം ചെയ്യുന്നതുമായ ബാങ്കിൻ്റെ തന്നെ ഫാസ്റ്റ് ടാഗ് എടുത്താൽ അത്രയും നല്ലത്. അവർക്ക് നമ്മൾ സമയാസമയത്ത് KYC കൊടുക്കുന്നതാണ്. അക്കൂട്ടത്തിൽ ഫാസ്റ്റ് ടാഗും പെട്ടോളും. അതിനായി പ്രത്യേകം ഒരു KYC നൽകേണ്ടതായി വരുന്നില്ല. അഥവാ നമ്മുടെ ബാങ്കിന് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, നല്ല ഓൺലൈൻ സപ്പോർട്ട് തരുന്നതും പേരുകേട്ടതുമായ ഏതെങ്കിലും ബാങ്കുകളുടെ ഫാസ്റ്റ് ടാഗ് എടുക്കുക. ഓരോ വാഹന ഉടമയും അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ഫാസ്റ്റ് ടാഗ് കച്ചവടത്തിൽ വെറുതെ വന്ന് ചാടി, ഉപഭോക്താക്കൾക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്ന ബാങ്കുകളുടെ ബിസിനസ്സ് കുറയും, അവർ വൈകാതെ തന്നെ ഈ കച്ചവടത്തിൽ നിന്ന് പുറന്തള്ളപ്പെടും. അതുമല്ലെങ്കിൽ അവർ നല്ല കസ്റ്റമർ സപ്പോർട്ട് നൽകാൻ നിർബന്ധിതരാകും.
മറ്റൊരു കാര്യത്തിനും ഉപയോഗിക്കാത്ത ഒരു ബാങ്ക് അക്കൗണ്ട് നമുക്കെന്തിനാണ്? അതിൻ്റെ പേരിൽ കുറേ കടലാസ് ജോലികളുടെ തലവേദന എന്തിന് ചുമക്കണം. നല്ല മത്സരമുള്ള രംഗമാണ് ബാങ്കിങ്ങ്. നല്ല കസ്റ്റമർ സപ്പോർട്ട് നൽകാത്ത ബാങ്കുകൾ എന്നല്ല ഏതൊരു സ്ഥാപനവും പുറംതള്ളപ്പെടുക തന്നെ വേണം.
എൻ്റെ പുതിയ, GIE പര്യടന വാഹനത്തിന് (ഭാഗി.2) ഡീലർ നൽകുന്ന ഫാസ്റ്റ് ടാഗ്, എനിക്ക് അക്കൗണ്ട് ഇല്ലാത്ത മറ്റേതോ ബാങ്കിൻ്റേത് ആയതിനാൽ എനിക്കത് വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞു. എൻ്റെ ബാങ്കിൻ്റെ ഫാസ്റ്റ് ടാഗ് ഞാൻ തന്നെ എടുത്തുകൊണ്ട് ചെന്നാലേ വാഹനം ഇറക്കാൻ പറ്റൂ. അതിന് ആദ്യം റോഡ് ടാക്സ് അടയ്ക്കണം. ഡീലർ അത് അടച്ച് കഴിഞ്ഞാലുടൻ ഞാൻ ഫാസ്റ്റ് ടാഗ് എടുക്കും. അടുത്ത വാരാന്ത്യത്തിൽ എമ്പുരാൻ തീയറ്ററിൽ ഇറങ്ങുന്ന തിരക്കിനിടയിൽ, നിരത്തിൽ തിരക്ക് കുറയുമ്പോൾ ഭാഗി ഇറക്കാനാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.
വാൽക്കഷണം:- ഭാഗി 2 ഏത് കമ്പനിയുടേതാണെന്നത് ആകാംക്ഷയുടെ മുനമ്പിൽ നിൽക്കട്ടെ തൽക്കാലം. അവൾ നിരത്തിൽ ഇറങ്ങിയ ശേഷം, എന്തുകൊണ്ട് ആ കമ്പനിയുടെ ആ വാഹനം തിരഞ്ഞെടുത്തു എന്ന് കാര്യകാരണ സഹിതം വിശദമാക്കാം.