സാമൂഹികം

ഭൂട്ടാന് കഴിയുമെങ്കിൽ നമുക്കും കഴിയും


bhutan

കാലിഫോർണിയയിൽ ഹെൿടർ കണക്കിന് കാടുകളിലെ തീ ഇനിയും അണഞ്ഞിട്ടില്ല. എത്രയോ വന്യജീവികൾ അതിൽ വെന്തില്ലാതായിക്കഴിഞ്ഞുകാണും? ചില മനുഷ്യജീവനുകളും അതിൽ പൊള്ളിയമർന്നുകഴിഞ്ഞിരിക്കുന്നു.

ഒരു ധ്രുവക്കരടി വിശന്നുവലഞ്ഞ് മരണത്തോട് അടുക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ട് കണ്ണീർ വാർത്ത മറ്റൊരു രംഗം. ആഗോളതാപനത്തിൽ മഞ്ഞുരുകുമ്പോൾ തണുപ്പിൽ മാത്രം ജീവിക്കുന്ന ആ ജന്തുക്കൾക്ക് പിടിച്ചുനിൽക്കാനാവുന്നില്ല.

22

വിനോദസഞ്ചാരികൾ കൊണ്ടുപോയിത്തള്ളിയ പ്ലാസ്റ്റിക്ക് തിന്ന് ചത്തൊടുങ്ങിയ വന്യമൃഗങ്ങളുടേയും പക്ഷികളുടെയുമൊക്കെ പടങ്ങളും കഥകളുമൊക്കെ ഒരു പുതുമയല്ലാതായിക്കഴിഞ്ഞിരിക്കുന്നു ലോകത്തിന്.

പ്രകൃതി ചില സൂചനകൾ തരുന്നുണ്ട്. അത് മുൻ‌കൂട്ടി കണ്ടെത്താനുള്ള സാങ്കേതിക സന്നാഹങ്ങൾ വികസിപ്പിച്ചെടുത്ത് എല്ലാം തികഞ്ഞവനെന്ന് അഹങ്കാരം കാണിക്കുന്ന മനുഷ്യൻ എന്ന ജന്തുവിന് പക്ഷെ ആ സൂചനകൾ കാണിച്ചുതരുന്ന ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ പോലുമാകുന്നില്ല. എത്രപേർ മരണപ്പെട്ടെന്നും എത്രപേരെ കാണാതായെന്നും കൃത്യമായി കണ്ടെത്താൻ പോലും പറ്റാത്ത ലജ്ജാകരമായ അവസ്ഥ. കേരളത്തിന്റെ തീരദേശങ്ങളിലേക്ക് ചെന്നാൽ, ഓഖിയെന്ന കൊടുങ്കാറ്റിൽ ഉലഞ്ഞുപോയി നെഞ്ചത്തടിച്ച് അലമുറയിട്ട് കരയുന്നവരോട് തലയെണ്ണി തിരക്കിയാൽ അരദിവസം കൊണ്ട് സമ്പാദിക്കാനാവുന്ന ഒരു കണക്കിന്റെ പേരിൽ തർക്കമാണിപ്പോഴും.

ഭൂട്ടാൻ എന്ന ഒരു കൊച്ചുരാജ്യത്തെ പ്രധാനമന്ത്രി TED ൽ നടത്തിയ പ്രസംഗം കേട്ടിട്ടില്ലാത്തവരുണ്ടെങ്കിൽ ഈ ലിങ്ക് വഴി പോയി ഒന്ന് കേൾക്കുക; ഒന്ന് കാണുക. കാർബൺ നെഗറ്റീവ് ആയ ഒരു രാജ്യമാണ് ഭൂട്ടാൻ. എന്നുവെച്ചാൽ വാഹനങ്ങളോ ഫാൿടറികളോ മറ്റ് യന്ത്രങ്ങളോ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനേക്കാൾ അധികം ഓൿസിജൻ കാട് വെച്ചുപിടിപ്പിച്ച് ഉത്പാദിപ്പിക്കുന്ന രാജ്യം. അത് ഇനിയും തുടരുമെന്ന് അവർ ലോകത്തിന് വാഗ്ദാനം ചെയ്യുന്നു. ആദ്യമാദ്യം ആ ആഹ്വാനങ്ങളൊന്നും ചെവിക്കൊള്ളാതിരുന്ന ലോകരാഷ്ട്രങ്ങൾ ഇപ്പോൾ എഴുന്നേറ്റുനിന്ന് ഹർഷാരവത്തോടെ അതിന് കാതോർക്കുന്നു. ആ രാഷ്ട്രത്തിന്റെ ഏതൊരു ഭാഗത്തുമുള്ള കാടുകളിലെ വന്യമൃഗങ്ങൾക്കും, മനുഷ്യന് ഉപദ്രവമില്ലാത്ത രീതിയിൽ മറ്റ് കാടുകളിലേക്ക് സഞ്ചരിക്കാനുള്ള ഇടനാഴികൾ അവർ സൃഷ്ടിച്ചിരിക്കുന്നു. ആ രാജ്യത്ത് വിദ്യാഭ്യാസവും മരുന്നും ചികിത്സയുമൊക്കെ എല്ലാ പ്രജകൾക്കും സൌജന്യമാണ്.

ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന തൊട്ടടുത്തുള്ള രാജ്യമായ ഇന്ത്യയിലെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? അതിലൊരു സംസ്ഥാനമായ ഈ കൊച്ചുകേരളത്തിലെന്താണ് കഥ ? കാടുകളെല്ലാം വെട്ടിക്കയ്യേറുകയും തീയിടുകയും മരങ്ങളൊക്കെ കട്ട് കടത്തുകയും അകാരണമായി കോടാലിക്ക് ഇരയാക്കുകയും ചെയ്തു. കാട്ടുമൃഗങ്ങൾക്ക് കാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ അവറ്റകൾ നാട്ടിലേക്കിറങ്ങി. മൃഗങ്ങൾക്ക് കാടുകളിൽ നിന്ന് കാടുകളിലേക്ക് സഞ്ചരിക്കാൻ കേരളത്തിൽ എത്ര ഇടനാഴികളുണ്ട് ഭൂട്ടാനിലേത് പോലെ. ആത്യാഢംബര കാറുകളിൽ 110 കിലോമീറ്റർ വേഗതയിൽ പശ്ചിമഘട്ടത്തിലൂടെ നമുക്ക് കടന്നുപോകാൻ വെട്ടിത്തുറന്ന ചുരങ്ങളെപ്പോലെ, മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ എത്ര ചുരങ്ങളും ഇടനാഴികളും നമ്മളൊരുക്കിക്കൊടുത്തു? വൈകീട്ട് അഞ്ച് മണി കഴിഞ്ഞാൽ കാ‍ട്ടിലൂടെ മനുഷ്യരെ കടത്തിവിടാത്തത് മൃഗങ്ങളുടെ സ്വച്ഛവിഹാരത്തെ കണക്കിലെടുത്തല്ലല്ലോ. മനുഷ്യന്റെ സുരക്ഷയെ മാത്രം മുൻ‌നിർത്തിയല്ലേ ?

ഭൂട്ടാന്റെ വിസ്തീർണ്ണം 38394 ചതുരശ്ര കിലോമീറ്ററാണെങ്കിൽ കേരളത്തിന്റേത് അതിനേക്കാൾ വെറും 1.22 % മാത്രമാണ് അധികം. അതായത് കേരളത്തിന്റേത് 38863 ചതുരശ്ര കിലോമീറ്റർ. ഭൂട്ടാന് ആകാമെങ്കിൽ ഇപ്പറഞ്ഞതൊക്കെയും ചെയ്യാൻ കേരളത്തിനും പറ്റില്ലേ? അതും അതിനപ്പുറവും കൈവരിക്കാൻ പോന്ന സാക്ഷരതയും സങ്കേതികത്വവും നമുക്കുണ്ട്. പിന്നെവിടെയാണ് പ്രശ്നം ?

ഒരു വ്യക്തിയെന്ന നിലയ്ക്ക് നാമെന്ത് ചെയ്തു. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നാം എന്തൊക്കെ ചെയ്തു. ഒരു രാഷ്ട്രം എന്ന നിലയ്ക്ക് നമ്മൾ എന്തെല്ലാം ചെയ്തു. സമയം കിട്ടുമ്പോൾ എല്ലാവരുമൊന്ന് ഇരുത്തിച്ചിന്തിക്കുന്നത് നന്നായിരിക്കും. ഇപ്പറഞ്ഞ ചിന്തയുടെ സമയത്തെങ്കിലും പ്രാണവായുവിനേക്കാൾ അവശ്യമെന്ന് കരുതി കൊണ്ടുനടക്കുന്ന പാർട്ടിയും മതവും മാറ്റിവെച്ച് ചിന്തിക്കണമെന്ന് അപേക്ഷയുണ്ട്. എന്തെങ്കിലും ഉത്തരം കിട്ടിയാൽ എന്നെയും അറിയിക്കുക. ഇവിടിത്തിരി സാക്ഷരത കുറവാണ്.

വാൽക്കഷണം:- നമുക്ക് എന്നാൽ ഉദ്ദേശിച്ചത് ഇന്ത്യയെത്തന്നെയാണ്. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും നടപ്പാക്കിയെടുക്കാൻ കഴിയണമല്ലോ. വാനോളം ആഗ്രഹിച്ചാൽ കുന്നോളമെങ്കിലും കിട്ടുമെന്ന ചൊല്ല് മറന്നിട്ടൊന്നുമല്ല.