100 ദിവസം സൈക്കിളിങ്ങ് അനുഭവങ്ങൾ


16

രുപതോളം ഹാഫ് മാരത്തോണുകൾ(21 കിമീ) ഞാൻ ഓടിയിട്ടുണ്ട്. ഏറ്റവും ദൈർഘ്യമുള്ള ഓട്ടം കുളമാവ് ഹിൽ‌സിലെ 32 കിലോമീറ്റർ റൺ ആയിരുന്നു. എപ്പോഴെങ്കിലും ഒരു ഫുൾ മാരത്തോൺ ഓടുക എന്ന ലക്ഷ്യവുമായി നീങ്ങുമ്പോഴായിരുന്നു പരുക്ക് വില്ലന്റെ രൂപത്തിൽ കടന്നുവന്നത്.

ഓട്ടക്കാർ, പ്രത്യേകിച്ചും ദീർഘദൂര ഓട്ടക്കാർ ഷട്ടിൽ ബാഡ്‌മിന്റൺ ഫുട്ട്ബോൾ, ബാസ്ക്കറ്റ് ബോൾ എന്നിങ്ങനെ എതിരാളികളുള്ള കളികളിൽ ഏർപ്പെടാൻ പാടില്ലെന്നാണ് അലിഖിത നിയമം. നമ്മുടെ നീക്കങ്ങൾ എതിരാളിയുടെ നീക്കങ്ങളെക്കൂടെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, അഥവാ എതിരാളികൾക്ക് നമ്മുടെ നീക്കങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഓട്ടം, സൈക്കിളിങ്ങ്, നീന്തൽ എന്നിവ പരസ്പര പൂരകങ്ങളായ കായിക ഇനങ്ങളാണ്. ഇത് ചെയ്യുന്നവർ അവരവരുടെ നീക്കങ്ങൾ സ്വയം നിയന്ത്രിക്കുന്നവരാണ്. ആ നിയന്ത്രണം എതിർ കളിക്കാരിലേക്ക് പോകുന്നത് പരിക്കുണ്ടാക്കാൻ കാരണമായേക്കാം.

ഈ നിയമം വകവെക്കാതെ ഷട്ടിൽ കളിച്ചതാണ് എന്റെ പരുക്കിന്റെ കാരണം. ലിഗ്‌മെന്റിന് തേയ്മാനം ഉണ്ടായി. അഥവാ Meniscus Tear എന്ന അവസ്ഥയുണ്ടായി. ഡോൿടറെ കാണിച്ചപ്പോൾ ഒരു ശസ്ത്രക്രിയയാണ് നിർദ്ദേശിച്ചത്. എനിക്ക് പക്ഷേ അതത്ര സ്വീകാര്യമായിത്തോന്നിയില്ല. നടക്കാൻ കുഴപ്പമില്ല, രണ്ടോ മൂന്നോ കിലോമീറ്റർ ഓടിക്കഴിയുമ്പോൾ മുട്ടിൽ ചെറിയ വേദനയുണ്ടാകുന്നുണ്ട് എന്നത് മാത്രമാണ് പ്രശ്നം. അങ്ങനെയുള്ള കാൽ‌മുട്ടിനെ എന്തിന് വെറുതെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കണം ? അതിന് വേണ്ടി എന്തിന് കുറേ പണം ചിലവാക്കണം ? എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടെങ്കിൽ മാത്രം ഒരു സർജറി എന്നതായിരുന്നു എന്റെ തീരുമാനം.

അതേസമയം കാൽമുട്ടിലേയും കാലിലേയും പേശികൾക്ക് ബലം വർദ്ധിപ്പിക്കാനുള്ള കസർത്തുകളെപ്പറ്റി ആലോചിച്ചപ്പോഴാണ് സൈക്കിളിങ്ങ് കടന്നുവന്നത്. ആഴ്ച്ചയിൽ ഒരിക്കലോ രണ്ട് പ്രാവശ്യം മാത്രമോ സൈക്കിൾ ചവിട്ടിയിരുന്ന ഞാൻ 100 ദിവസം അടുപ്പിച്ച് സൈക്കിൾ ചവിട്ടുന്നതിനെപ്പറ്റി ചിന്തിച്ചു. ഇക്കാര്യം മറ്റ് സൈക്കിളിസ്റ്റ് സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ അവർക്കെല്ലാം സമ്മതം. സൈക്കിൽ ചവിട്ടുമ്പോൾ കാൽമുട്ടിൽ വേദനയില്ല എന്നതുകൊണ്ടാണ് സൈക്കിളിങ്ങ് സാദ്ധ്യമായതുതന്നെ.

ഒരു ദിവസം കുറഞ്ഞത് 10 കിലോമീറ്റർ സൈക്കിൾ സവാരി ചെയ്യണം. കൂടിയ ദൂരം എത്ര വേണമെങ്കിലും ആകാം. എവിടെ വേണമെങ്കിലും സവാരി ചെയ്യാം. അതിന്റെ റെക്കോദ് ഓൺലൈൻ ആപ്പുകൾ വഴിയോ മറ്റേറ്റെങ്കിലും GPS ട്രാക്കിങ്ങ് സിസ്റ്റം/ഡിവൈസ് വഴിയോ പങ്കുവെച്ചാൽ മതിയാകും. ഇതാണ് വെല്ലുവിളി.

അങ്ങനെ 2017 ആഗസ്റ്റ് 18ന് ഞങ്ങൾ കുറേ സുഹൃത്തുക്കൾ ചേർന്ന് ആ വെല്ലുവിളി(100 Days Cycling Challenge 2017) ആരംഭിച്ചു. ഇക്കാര്യം സോൾസ് ഓഫ് കൊച്ചിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചപ്പോൾ മുംബൈയിൽ നിന്നും പൂനെയിൽ നിന്നുമൊക്കെയായി നൂറോളം പേർ വെല്ലുവിളി ഏറ്റെടുത്തു. അതിൽ നിന്ന് റമോള, ആനി, അനുരാധ, നവീജ്, പ്രസീൽ, അനൂപ്, മനോജ് രവീന്ദ്രൻ, എന്നിങ്ങനെ 7 പേർ വെല്ലുവിളിയിൽ വിജയിച്ചു.

11
                                വെല്ലുവിളി പൂർത്തിയാക്കിയവർ

ഈ 100 ദിവസങ്ങളിലെ ചില അനുഭവങ്ങൾ പിന്നീട് എനിക്ക് സ്വയം ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നതുകൊണ്ട് ഒരു ഡയറിയെന്ന പോലെ കുറിച്ചിടുകയാണ് ഇവിടെ. കുറച്ച് സൈക്കിളിങ്ങ് അനുഭവങ്ങൾ പങ്കുവെക്കുന്നു എന്ന നിലയ്ക്ക് ആർക്കെങ്കിലും സ്വീകാര്യമെങ്കിൽ അതും സന്തോഷം.

ചാലഞ്ച് തുടങ്ങിയ ദിവസം 50 കിലോമീറ്റർ സവാരി ചെയ്തു. രണ്ടാം ദിവസം 14 കിലോമീറ്റർ. മൂന്നാം ദിവസം കൊച്ചിൻ ബൈക്കേഴ്സ് സംഘടിപ്പിച്ച 200 കിമീ BRM ഉണ്ടായിരുന്നു. അതവസാനിച്ചത് 203 കിലോമീറ്റർ ചവിട്ടിക്കൊണ്ടാണ്. മൂന്ന് ദിവസം കൊണ്ട് 267 കിലോമീറ്റർ അതായത് ശരാശരി 89 കിലോമീറ്റർ ചവിട്ടിയപ്പോൾ എന്റെയുള്ളിൽ ഒരു അത്യാഗ്രഹം കടന്നുകൂടി. ശരാശരി 30 കിലോമീറ്റർ ഒരു ദിവസം ചവിട്ടിക്കൊണ്ട് 100 ദിവസം പൂർത്തിയാകുമ്പോഴേക്കും 3000 കിലോമീറ്റർ ചവിട്ടിയിരിക്കണം. പക്ഷേ ആ ലക്ഷ്യം നേടുക അത്ര എളുപ്പമായിരുന്നില്ലെന്ന് 50 ദിവസം ആയപ്പോഴേക്കും ഞാൻ മനസ്സിലാക്കി. എങ്കിലും കഷ്ടപ്പെട്ട് 1500 കിലോമീറ്റർ ചവിട്ടിപ്പൂർത്തിയാക്കാൻ 50 ദിവസം കൊണ്ട് എനിക്ക് കഴിഞ്ഞു. നൂറാം ദിവസം വരെ പറ്റുന്നത് പോലെ ശ്രമിച്ചുനോക്കാൻ ആ ദൂരം ഒരു ആത്മവിശ്വാസം നൽകുകയും ചെയ്തു.

20171123_190414
         ഷിനോദിന്റെ സൈക്കിളിൽ 

മൂന്നാം ദിവസം 200 കിലോമീറ്റർ ചവിട്ടിയത് പെരുമഴയത്താണ്. സൈക്കിളിന്റെ ഗിയറുകളെല്ലാം മണ്ണും വെള്ളവും ചെളിയും കയറി തകരാറിലായി. ഉടനെ തന്നെ സൈക്കിൾ നന്നാക്കിയെടുത്തില്ലെങ്കിൽ അടുത്ത ദിവസം തന്നെ വെല്ലുവിളിയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥ. പക്ഷെ ബൈക്ക് സ്റ്റോറിലെ സുഹൃത്തുക്കളായ ക്ലാൻസിയും മുരുകനും സന്ദർഭോചിതമായി ഇടപെട്ടു. സമയത്തിന് തന്നെ സൈക്കിൾ ശരിയാക്കിക്കിട്ടി. നൂറ് ദിവസത്തിനിടയ്ക്ക് പിന്നീട് ഒരു ദിവസം മാത്രമാണ് ഇതുപോലെ സൈക്കിൾ വർക്ക്ഷോപ്പിൽ കയറ്റേണ്ടി വന്നത്. ഒരിക്കൽ സ്പോക്ക് ഒടിഞ്ഞതിന്റെ പേരിലും മറ്റൊരിക്കൽ പഞ്ചറൊട്ടിച്ചിട്ടും ടയറിലെ കാറ്റ് ചോർന്നുപോകുന്നതിന്റെ പേരിലും.

IMG_20171125_152125_000
             പഞ്ചറൊട്ടിക്കാനുള്ള ശ്രമം

രണ്ടേ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സൈക്കിൾ പഞ്ചറായത്. 78 – )ം ദിവസവും 100 – )ം ദിവസവും. നൂറാം ദിവസം 100 കിലോമീറ്റർ എന്ന പദ്ധതി എല്ലാവർക്കും സമ്മതാമയിരുന്നു. പക്ഷെ 45 കിലോമീറ്റർ ചവിട്ടി വന്നതിന് ശേഷം മെഡൽ വിതരണവും കേക്ക് മുറിക്കലും ഒക്കെ കഴിഞ്ഞപ്പോൾ പലർക്കും വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി. ബാക്കി അവശേഷിച്ചത് ആനിയും ഞാനും മാത്രമാണ്. ഞങ്ങൾ എയർപ്പോർട്ട് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഇടപ്പള്ളി എത്തിയപ്പോൾത്തന്നെ എന്റെ സൈക്കിൾ പഞ്ചറായി. ട്യൂബ് മാറ്റിയിടാനുള്ള ശ്രമം അതിൽ നിന്ന് കാറ്റ് ചോർന്നുപോകുന്നതുകൊണ്ട് പരാജയപ്പെട്ടു. ആനിയെ കൂടുതൽ പിടിച്ചുനിർത്താൻ എനിക്ക് താൽ‌പ്പര്യമില്ലാതിരുന്നതുകൊണ്ട് ഞങ്ങൾ അവിടെവെച്ച് പിരിയുകയും ആനി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഞാൻ സൈക്കിളുമായി കലൂരുള്ള ബൈക്ക് സ്റ്റോറിലേക്ക് നീങ്ങി. അതവിടെ പഞ്ചറൊട്ടിക്കാൻ നൽകിയശേഷം അതിന്റെ മാനേജർ ക്ലാൻസിയുടെ സൈക്കിളെടുത്ത് ചേർത്തല ഭാഗത്തേക്ക് നീങ്ങി. നൂറാം ദിവസം 84 കിലോമീറ്റർ ചവിട്ടിയാൽ മാത്രമേ 3000 കിലോമീറ്റർ എന്ന ലക്ഷ്യത്തിലെത്താൻ എനിക്ക് കഴിയുമായിരുന്നുള്ളൂ എന്നതുകൊണ്ട് റൈഡ് ഉപേക്ഷിക്കുക എന്നത് വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകീട്ട് കുടമുടയ്ക്കുന്നതുപോലുള്ള കാര്യമായിരുന്നെനിക്ക്. എന്തായാലും നൂറാം ദിവസം 100 കിലോമീറ്റർ എന്ന ലക്ഷ്യത്തോടൊപ്പം 100 ദിവസത്തിൽ 3000 കിലോമീറ്റർ എന്ന ലക്ഷ്യവും ഞാൻ പൂർത്തിയാക്കി.

20
                           നൂറാം ദിവസം വർമ്മാജിക്കൊപ്പം

78-)ം ദിവസം പുതുവൈപ്പിൽ നിന്ന് മടങ്ങുന്ന വഴി ബോൾഗാട്ടിയിൽ വെച്ച് സൈക്കിൾ പഞ്ചറായി. ബോൾഗാട്ടി റൌണ്ട് എബൌട്ടിൽ വെച്ച് പഞ്ചറൊട്ടിക്കാൻ ശ്രമിക്കുന്ന സമയത്ത് ബൈക്കിൽ അപരിചിതരായ രണ്ടുപേർ അടുത്തെത്തി മനോജ് അല്ലേ എന്ന് ചോദിച്ചു. പെട്ടെന്നതിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു. ഓൺലൈൻ സുഹൃത്തും റേഡിയോ മാംഗോയിലെ ബിഗ് ബി-യുമായ ബെൻസി അയ്യമ്പള്ളിയായിരുന്നു അത്. ഈ സ്ഥലത്ത് സൈക്കിലുമായി നിൽക്കുന്നത് കണ്ടപ്പോൾ അത് മനോജായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് തോന്നിയെന്ന് ബെൻസി പറഞ്ഞപ്പോൾ എനിക്കതിശയമായി. എത്രയോ പേർ സൈക്കിൾ ചവിട്ടുന്നുണ്ടിവിടെ എന്നിട്ടും അത് ഞാനാണെന്ന് ബെൻസിക്ക് തോന്നിയതിൽ അതിശയിക്കാതിരിക്കുന്നതെങ്ങനെ ?! പഞ്ചറായി നിൽക്കുമ്പോൾ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ച് ബെൻസിയെപ്പോലെ ആരെങ്കിലുമൊക്കെ നടുറോഡിൽ കച്ചിത്തുരുമ്പ് പോലെ വന്നെത്തുമെന്നുള്ള ഒരു ആനന്ദം കൂടെയാണ് ആ അനുഭവം നൽകിയത്.

a (2)

ചാലഞ്ച് തുടങ്ങിയശേഷം ഔദ്യോഗികമായി 3 പ്രാവശ്യം ബാംഗ്ലൂർക്ക് പോകേണ്ടിവന്നിരുന്നു. ഇങ്ങനെയുള്ളപ്പോൾ പോകുന്ന സ്ഥലത്ത് സൈക്കിൾ അറേഞ്ച് ചെയ്യുക എന്നതാണ് കടുത്ത വെല്ലുവിളി. ആദ്യത്തെ പ്രാവശ്യം കാറോടിച്ച് പോയതുകൊണ്ട് സൈക്കിൽ മടക്കിയൊടിച്ച് കാറിലിട്ട് കൊണ്ടുപോയി ബാംഗ്ലൂര് ചവിട്ടാൻ സാധിച്ചു.. രണ്ടാമത്തെ പ്രാവശ്യം കാറിലല്ല പോയത്. സോൾസ് ഓഫ് കൊച്ചിന്റെ ഒരു മുഖ്യഓട്ടക്കാരനും സൈക്കിളിസ്റ്റുമായ അജയ് അപ്പാടനാണ് ഈ സമയത്ത് സഹായിച്ചത്. രാത്രി ഭക്ഷണം അജയിനും പാർവ്വതിക്കും ഒപ്പം പദ്ധതിയിട്ടു. അജയ് സൈക്കിളുമായി വന്നു. ഞാനതിൽ പെട്ടെന്ന് 10 കിമീ ചവിട്ടി വന്നു. ഡിന്നർ കഴിഞ്ഞപ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞു. അടുത്ത ദിവസത്തെ 10 കിലോമീറ്റർ ഉടനെ തന്നെ ചവിട്ടി ആ കടമ്പ കഴിച്ചു.

12

ചാലഞ്ചിന്റെ 98, 99 ദിവസങ്ങൾ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒഴിവാക്കാൻ പറ്റാത്ത ഒരു കുടുംബകാര്യത്തിനായി ബാംഗ്ലൂർക്ക് പോയേ പറ്റൂ. 100-)ം ദിവസം തിരികെ എത്തിയാലേ അവസാനദിവസത്തെ പരിപാടി മുന്നോട്ട് പോകൂ. മെഡലും മറ്റും എന്റെ കൈവശമാണുള്ളത്. ദീർഘകാലസുഹൃത്തായ ഷിനോദ് സൈക്കിൾ തരാമെന്ന് ഏറ്റു. എയർപ്പോർട്ടിൽ നിന്ന് നേരെ ഷിനോദിന്റെ ഓഫീസിൽ ചെന്ന് സൈക്കിൾ കൈപ്പറ്റി. പോകാനുള്ളത് 24 കിമീ അപ്പുറത്തുള്ള ഇലൿട്രോണിക്ക് സിറ്റിയിലേക്കാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ചവിട്ടി ആ ദിവസം രക്ഷപ്പെട്ടു. 99-)ം ദിവസം രാവിലെ അതേ സൈക്കിൾ തന്നെ രക്ഷിച്ചു. വൈകീട്ട് കൊച്ചിയിലേക്ക് മടങ്ങി വീട്ടിലെത്തിയപ്പോൾ വെളുപ്പിന് 2 മണി. രാവിലെ 4 മണിക്ക് 100 കിലോമീറ്റർ ചവിട്ടാനായി ഇറങ്ങുകയും ചെയ്തു. തീരെ വിശ്രമവും ഉറക്കവുമില്ലാത്ത കലാശക്കൊട്ട്.

IMG_20171107_063826

ലിറ്റ്മസ് 7 എന്ന സോഫ്റ്റ്‌വെയർ കമ്പനിയോട് അങ്ങേയറ്റമുള്ള നന്ദി പ്രകടിപ്പിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകുന്നില്ല. ചാലഞ്ച് തുടങ്ങിക്കഴിഞ്ഞതിന് ശേഷം എല്ലാ റൈഡേർസിനും ടീഷർട്ടും മെഡലും നൽകണമെന്ന് നിഷ്ക്കർഷിച്ച് സ്പോൺസർ ചെയ്യാൻ തയ്യാറായി വന്നത് ലിറ്റ്മസ് 7 ആണ്. അതിന്റെ അമരക്കാരായ വേണുവിനോടും നികിതയോടുമുള്ള നന്ദി ഇതിനാൽ രേഖപ്പെടുത്തിക്കൊള്ളുന്നു. വരും വർഷങ്ങളിൽ ലിറ്റ്മസ് 7 സ്വന്തമായുണ്ടാക്കുന്ന ഒരു ആപ്പ് വഴി ഈ ചാലഞ്ച് തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അത് സാദ്ധ്യമാകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

13

എവിടെയെങ്കിലും ഇരിക്കുമ്പോൾ Tail Bone തട്ടുന്നതുപോലുള്ള ഒരു പ്രശ്നം കുറേ നാളുകളായിട്ട് എന്നെ അലട്ടുന്നുണ്ട്. അലോപ്പതിയിലും ആയുർവ്വേദത്തിലുമായി ചികിത്സകളും പരിശോധനകളും പലത് നടത്തിയെങ്കിലും പ്രശ്നകാരണം കണ്ടുപിടിക്കാനോ പരിഹാരം ഉണ്ടാക്കാനോ സാധിച്ചില്ല. 75000 രൂപയോളം ആയിനത്തിൽ ചിലവാക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോൾ ഓട്ടത്തിന്റെ ക്രോസ്സ് ട്രെയിനിങ്ങ് എന്ന നിലയ്ക്ക് സൈക്കിൾ വാങ്ങിയത്. 56000 രൂപയുടെ സൈക്കിൾ ഒരു ആർഭാടമല്ലേ എന്ന തോന്നൽ അപ്പോൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച്ചയ്ക്കുള്ളിൽ ആ തോന്നൽ അസ്ഥാനത്തായി. സൈക്കിൾ ചവിട്ടാൻ തുടങ്ങിയതോടെ മേൽ‌പ്പറഞ്ഞ വാലറ്റത്തെ വേദന പമ്പ കടന്നു. ആശുപത്രികളിൽ കൊടുത്ത പണം പോയ വഴിയില്ല എന്ന സമയത്ത്, ചിലവാക്കിയ പണത്തിനുള്ള സൈക്കിൾ ഇപ്പോളും ഉപയോഗിക്കുണ്ട് എന്നതാണ് മെച്ചം.

എന്തായാലും സൈക്കിളിങ്ങ് നല്ല ധാരാളം സുഹൃത്തുക്കളേയും അനുഭവങ്ങളേയും സമ്മാനിച്ചു. 2018 ഇതേ ചാലഞ്ച് തുടർന്നുകൊണ്ടുപോകാനുള്ള ആരോഗ്യം പ്രകൃതി കനിഞ്ഞുണ്ടാകണ്ടേ എന്ന് മാത്രമാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>