ആദിവാസികളിലെത്തേണ്ട കോടികൾ പോയതെങ്ങോട്ട് ?


വിവരാവകാശ നിയമപ്രകാരം എന്തെങ്കിലും ഒരു കാര്യമറിയാനുള്ള ശ്രമം ഞാനിതുവരെ നടത്തിയിട്ടില്ല. ചില ആവശ്യങ്ങളൊക്കെ മുന്നിൽ വന്ന് നിന്നപ്പോൾപ്പോലും, എങ്ങനെ എഴുതണം ആർക്കെഴുതണം എന്നൊക്കെയുള്ള ബാലിശമായ സംശയങ്ങളും ബേജാറുകളും വിലങ്ങുതടിയായിട്ടുമുണ്ട്.

ഇത്രയും ശക്തമായ ഒരു ആയുധം വേണ്ടവണ്ണം ഉപയോഗിക്കാൻ ശ്രമിക്കാത്തതിൽ എനിക്കുള്ള ലജ്ജയും കുണ്ഠിതവുമൊക്കെ അധികരിച്ച് വരുന്നത് വിവരാവകാശ നിയമപ്രകാരം കുഞ്ഞഹമ്മദിക്ക സംഘടിപ്പിക്കുന്ന ചില വിലപ്പെട്ട രേഖകൾ അദ്ദേഹം എനിക്കയച്ച് തരുമ്പോളാണ്.

വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ ചെതലയം എന്ന ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപ്രവർത്തനകനുമാണ് കുഞ്ഞഹമ്മദിക്ക. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖല ആർക്കും വേണ്ടാതെ കിടക്കുന്ന ആദിവാസി ഊരുകളാണ്. ദിവസക്കൂലിക്കാരനായ കുഞ്ഞഹമ്മദിക്ക അദ്ദേഹത്തിന് റേഷൻ വാങ്ങാനാവശ്യമായ പണമൊഴിച്ച് ബാക്കി സമ്പാദ്യമെല്ലാം ആദിവാസികൾക്കായി ചിലവഴിച്ചുപോരുന്നു. ബത്തേരിയിൽ എത്ര ആദിവാസികളുണ്ടെന്ന് ആദിവാസി വകുപ്പുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനോട് ചോദിച്ചാൽ കൈമലർത്തും. കുഞ്ഞഹമ്മദിക്കയോട് ചോദിച്ചാൽ മടിക്കുത്തിൽ നിന്ന് അവരുടെ ഓരോരുത്തരുടേയും പേരും നാളും വയസ്സുമടക്കമുള്ള വിശദവിവരങ്ങൾ നിരത്തും.  അതാണ് കുഞ്ഞഹമ്മദിക്ക. കുഞ്ഞഹമ്മദിക്കയെപ്പറ്റി പലപ്രാവശ്യം ഞാൻ എഴുതിയിട്ടുള്ളതാണ്. എന്നിരുന്നാലും അറിയാതെ പോയവർക്ക് വേണ്ടി വിശദമായ ലേഖനങ്ങളുടെ ലിങ്കുകൾ ചുവടെ ചേർത്തിട്ടുണ്ട്.

ആഴ്ച്ചയിലൊരിക്കലെങ്കിലും അദ്ദേഹം എന്നെ വിളിക്കും. ഇടയ്ക്കിടയ്ക്ക് ചില രേഖകൾ അയച്ചു തരും. പലതും ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ഇന്നലെ അദ്ദേഹം എനിക്കയച്ചുതന്ന ഒരു വിവിരാവകാശ രേഖ പങ്കുവെച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം. വിവരാവകാശ രേഖ താഴെയുണ്ട്.

RTI

ഇതിലുള്ള കാ‍ര്യം വായിക്കാനുള്ള സൌകര്യത്തിനായി വീണ്ടും എടുത്തെഴുതുന്നു.

വയനാട് ജില്ലയിലെ പട്ടികജാതി വികസന ഓഫീസിൽ നിന്നുള്ള വിവരാവകാശ രേഖയാണിത്. അതുപ്രകാരം വയനാട്ടിൽ എത്ര ആദിവാസി കുടുംബങ്ങൾക്ക് കിടപ്പാടം ഇല്ല എന്ന കണക്ക് അവരുടെ കൈയ്യിലില്ല. എല്ലാവർക്കും കിടപ്പാടം കൊടുക്കാനല്ലല്ലോ പറയുന്നത്. എത്ര പേർക്ക് കിടപ്പാടമില്ല എന്നൊരു ചോദ്യമല്ലേയുള്ളൂ ? അതുപോലും അറിയാതെ ഒരു പട്ടികജാതി വികസന ഓഫീസും കുറേ ഓഫീസർമാരും കാലാകാലങ്ങളായി വെള്ളാനകളുടെ ഈ നാട്ടിൽ നികുതിപ്പണം തിന്ന് ചീർത്ത് ജീവിക്കുന്നു. നടുറോട്ടിൽ വെച്ച് ഉടുമുണ്ട് അഴിഞ്ഞുപോയതുപോലെ ലജ്ജിക്കണം.

കിടപ്പാടം ഇല്ലാത്തവരുടെ കണക്കൊന്നുമില്ലെങ്കിലും അവർക്കൊക്കെ വേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്കുണ്ട്. അത്രയും ആശ്വാസം. ആ കണക്ക് ഇങ്ങനെ.

വീടിനായി ചിലവഴിച്ചത് – 147081356 (14.7 + കോടി)
സ്ഥലത്തിനായി ചിലവഴിച്ചത് – 66533687 (6.6 + കോടി)
പഠനം – 29345856 (2.9 + കോടി)
മൊത്തം – 24.2 കോടി രൂപ.

കുഞ്ഞഹമ്മദിക്ക ചോദിച്ചത് കഴിഞ്ഞ 5 വർഷത്തെ കണക്കാണെങ്കിലും മറുപടി കിട്ടിയത് 2005 മുതൽ 2006 വരെ വയനാട് ജില്ലയിൽ മാത്രം ആദിവാസികൾക്കായി ചിലവഴിച്ച കോടികളുടെ കണക്കാണ്.  ഇത്രയും പണം ചിലവഴിക്കപ്പെട്ടിട്ടും ആദിവാസികൾ മഴയൊലിച്ചിറങ്ങുന്ന കൂരകളിൽ നേരാംവണ്ണം ഭക്ഷണവും മരുന്നും വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞുകൂടുന്നു. വീടില്ലാത്തവരുടെ കണക്കുകൂടെ കിട്ടിയിരുന്നെങ്കിൽ ആളോഹരി കണക്ക് ഗണിച്ചെടുക്കാമായിരുന്നു. അങ്ങനെ ചെയ്താൽ കഴിഞ്ഞ ഒറ്റക്കൊല്ലം കൊണ്ട് ഓരോ ആദിവാസികളും ലക്ഷപ്രഭുക്കളായെന്ന ബാലൻസ് ഷീറ്റാകും നമുക്ക് കിട്ടുക.

ഈ പണമൊന്നും ആദിവാസികളിലേക്ക് എത്തിയിട്ടില്ലെന്ന് ഉറപ്പ്. പിന്നെയിതൊക്കെ എവിടെപ്പോയി ? ആരിലേക്ക് പോയി ? എങ്ങനെ പോയി ? കണ്ടുപിടിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ? മാദ്ധ്യമങ്ങൾക്ക് നല്ലൊരു ഇൻ‌വെസ്റ്റിഗേറ്റീവ് ജേർണലിസത്തിനുള്ള വകുപ്പുണ്ട്.

പണം പോയത് സകലമാന പാർട്ടിക്കാരിലേക്കും ഉദ്യോഗസ്ഥരിലേക്കും ഇടനിലക്കാരിലേക്കുമൊക്കെത്തന്നെ. അതെങ്ങനെയെന്നതിന്റെ ഒരു സൂചനമാത്രം വേണെമെങ്കിൽ തരാം.

കുറച്ച് നക്കാപ്പിച്ചയൊക്കെ എന്തെങ്കിലും പേരുപറഞ്ഞ് ആദിവാസികൾക്ക് കൊടുക്കും. അതിനായി പലപ്രാവശ്യം ഇപ്പറഞ്ഞ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ നൂറായിരം കടലാസുകളിൽ ഒപ്പിടീച്ച് വാങ്ങും. അതിൽ നിന്ന് ഒരു കടലാസ് പ്രകാരമാകും നക്കാപ്പിച്ച കൊടുക്കുന്നത്. ബാക്കിയുള്ള കടലാസ് പ്രകാരം ഭീമമായ ഈ തുകകൾ സമയാസമയം ഇക്കൂട്ടരെല്ലാവരും കൂടെ എഴുതിവാങ്ങി വീതിച്ചെടുക്കും. ഇപ്പറഞ്ഞത് വെറും ഊഹാപോഹമൊന്നുമല്ല. ആദിവാസികളുമായി നിത്യം സംവദിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞഹമ്മദിക്കയോട് അവരെല്ലാം തുറന്നുപറയും. പക്ഷെ ഇതൊക്കെ തെളിവടക്കം പുറത്ത് കൊണ്ടുവരലാണ് ബുദ്ധിമുട്ടുള്ള കാര്യം.

ഒരു രേഖയും വിവരവും കൂടെ ഹാജരാക്കിക്കൊണ്ട് ഞാനവസാനിപ്പിക്കാം. 15.09.2011 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടി മന്ത്രിസഭയുടെ നൂറ് ദിന പദ്ധതി പ്രകാരം ഭൂമി കിട്ടിയ ആളാണ് അച്ചുതൻ മകൻ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖയും അദ്ദേഹത്തിന് കൊടുത്തെന്ന് പറയപ്പെടുന്ന ഭൂമിയുടെ സ്കെച്ച് അടക്കമുള്ള രേഖകളും ചുവടെ ചേർക്കുന്നു.

surendran

docu

survey map

പക്ഷേ, കൊല്ലം 5 കഴിഞ്ഞിട്ടും സുരേന്ദ്രന് ഭൂമി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഇപ്പറഞ്ഞ ഭൂമി എവിടെയാണെന്ന് കാണിച്ച് കൊടുക്കാൻ പോലും ഉദ്യോഗസ്ഥർക്കായിട്ടില്ല. അന്വേഷിക്കാൻ ചെന്നപ്പോൾ, ‘പോയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞ് വരൂ’ എന്നുപറഞ്ഞുവിട്ടു. അതുപ്രകാരം വീണ്ടും ചെന്നപ്പോളും അനക്കമൊന്നുമില്ല. ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും ചെന്നു. ‘നിങ്ങളിങ്ങനെ എപ്പോഴുമെപ്പോഴും വരണമെന്നില്ല ഭൂമിയുടെ കാര്യം തീരുമാനമായാൽ ഞങ്ങളറിയിക്കാം‘ എന്നാണപ്പോ‍ൾ പറഞ്ഞത്.  പിന്നെ സുരേന്ദ്രൻ ആ വഴിക്ക് പോയിട്ടില്ല. ഇനിയെങ്ങോട്ട് പോകണമെന്നും അറിയില്ല.

നൂറ് ദിനപരിപാടി, വാർഷിക പരിപാടി, ജനസമ്പർക്ക പരിപാടി എന്ന പലപേരുകളിൽ യാ‍തൊരു അടിസ്ഥാനവുമില്ല്ലാത്ത രേഖകൾ മാ‍ത്രമാണോ ഈ പാവങ്ങൾക്കൊക്കെ വിതരണം ചെയ്തിരിക്കുന്നത് ? ഈ ജാതി കണ്ണിൽച്ചോരയില്ലാത്ത തട്ടിപ്പ് പരിപാടികൾ നടത്തുന്നത് (മുൻ) മുഖ്യമന്ത്രിയാണോ ഉദ്യോഗസ്ഥരാണോ അതോ മറ്റാരെങ്കിലുമാണോ ?

വയനാട്ടിലെ ഭൂരഹിതരായ എല്ലാ ആദിവാസികളുടേയും കാര്യം തൽക്കാലം അവിടെ നിൽക്കട്ടെ. സുരേന്ദ്രന് മാത്രം ഈ സ്കെച്ച് പ്രകാരമുള്ള ഭൂമി നേടിക്കൊടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ? മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ സഹായിക്കാനാ‍കുമോ ? നേരിട്ട് വന്നിടപെടേണ്ട സമയത്തൊക്കെ വരാൻ ഞാൻ തയ്യാറാണ്. ഒരു സുരേന്ദ്രന് ഭൂമി കിട്ടിയാൽ,  ഇതുപോലെ രേഖകളിൽ മാത്രമായി ഒതുങ്ങിയ പല സുരേന്ദ്രന്മാർക്കും ഒന്നിനുപിന്നാലെ ഒന്നായി ഭൂമി കൊടുക്കാൻ ആദിവാസികളുടെ പണം കട്ടുമുടിക്കുന്ന ഈ കാട്ടുകള്ളന്മാർ നിർബന്ധിതരാകും. പോകപ്പോകെ ചക്കരക്കുടത്തിൽ കൈയ്യിട്ടാൽ പൊള്ളുമെന്ന് ഇവന്മാർക്കൊക്കെ മനസ്സിലാകും. ഒരു പണിതുടങ്ങിവെച്ചാലോ ? എന്തുപറയുന്നു ?

വാൽക്കഷണം :- ഓണമടുത്തു കഴിഞ്ഞു. കാട്ടിൽ കഴിയുന്ന ആദിവാസികളുടെ കണക്കൊന്നും സർക്കാരിലുമില്ല, ആദിവാസി വികസന ഓഫീസുകളിലുമില്ല. മടിക്കുത്തിൽ നിന്ന് ആ കണക്ക് തപ്പിയെടുത്ത് ഒരാഴ്ച്ചത്തേക്കുള്ള പലചരക്കുസാധനങ്ങൾ നിറച്ച ഓണക്കിറ്റുകളും നിറച്ച് കുഞ്ഞഹമ്മദിക്ക കാട്ടിലേക്കിറങ്ങുന്ന സമയമാണിത്. വേണമെങ്കിൽ നമുക്കദ്ദേഹത്തെ ആദിവാസികളുടെ മാവേലി എന്ന് വിളിച്ച് മാറിയിരിക്കാം. അല്ലെങ്കിൽ ഒരു കിറ്റിനുള്ള സഹായം അദ്ദേഹത്തിലേക്കെത്തിച്ച് നമുക്കും ഓരോരോ ചെറിയ മാവേലിമാരാകാം.
———————————————————————————–
കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള മറ്റ് ലേഖനങ്ങൾ
1. ഒറ്റയാൾപ്പട്ടാളം കുഞ്ഞഹമ്മദിക്ക
2. കുഞ്ഞഹമ്മദിക്കയുടെ ഓണാഘോഷം.
3. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി കുഞ്ഞഹമ്മദിക്ക.

Comments

comments

4 thoughts on “ ആദിവാസികളിലെത്തേണ്ട കോടികൾ പോയതെങ്ങോട്ട് ?

  1. ദാ കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു ഇപ്പോൾ. അദ്ദേഹത്തിന് കൽ‌പ്പറ്റ കളൿടറേറ്റിൽ നിന്ന് ഫോൺ വിളി ചെന്നിരിക്കുന്നു. ഞങ്ങൾ തന്നത് 10 വർഷത്തെ കണക്കാണ്. ടൈപ്പ് ചെയ്തപ്പോൾ തെറ്റിപ്പോയതാണ് പോലും !!!  :) :)   ഇങ്ങനെയാണോ ഇന്നാട്ടിൽ വിവരാവകാശനിയമ പ്രകാരം വിവരം നൽകുന്നത് ? എന്തായാലും വിഷയം അറിയേണ്ടിടത്തൊക്കെ അറിഞ്ഞിരിക്കുന്നു.

    1. അഞ്ചുവര്‍ഷത്തെ കണക്ക് ചോദിച്ചപ്പോള്‍ 10 വര്‍ഷത്തെകണക്ക് കിട്ടി!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>