ജാംനഗറിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂറോളം സഞ്ചരിച്ചാൽ 130 കിലോമീറ്റർ ദൂരത്തുള്ള ദ്വാരകയിൽ എത്താം. ശ്രീകൃഷ്ണന്റെ ദ്വാരക. അതുകൊണ്ട് തന്നെ എന്നും ഭക്തജന തിരക്കുള്ള പട്ടണം. അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്, ദ്വാരകയിലെ തുലാമന്ദിറിൽ കയറി അദ്ദേഹത്തെ കാണണമെങ്കിൽ നല്ല ഉന്തും തള്ളും സഹിക്കേണ്ടിവരും എന്നാണ്.
നാലുവരി പാതയിലൂടെ നല്ല ഗംഭീര ഡ്രൈവ് ആയിരുന്നു ദ്വാരകയിലേക്ക്. അവസാനത്തെ 20 കിലോമീറ്റർ, കടലിന്റെ ഓരം ചേർന്നാണ് പോകുന്നതെന്ന് ആലോചിച്ചപ്പോൾ, ഞാൻ ശരിക്കും ആസ്വദിച്ചു.
വഴിയിൽ ദേശീയ പതാകയും പിടിച്ച് നടന്ന് പോകുന്ന ഒരു യുവാവിനെ കണ്ട് ഞാൻ ഭാഗിയെ നിർത്തി. സൂരജ് യാദവ് എന്നാണ് യുപി കാരനായ ആ 24 വയസ്സുകാരൻ്റെ പേര്. നടന്ന് സഞ്ചരിച്ച് ഇന്ത്യ കാണുകയാണ് കക്ഷി. നിലവിൽ ആറ് മാസം കഴിഞ്ഞു നടപ്പ് തുടങ്ങിയിട്ട്. ഒരു ദിവസം 20 – 25 കിലോമീറ്റർ ആണ് നടത്തം. അത്യാവശ്യം വസ്ത്രങ്ങളും ഒരു ടെൻഡും ആണ് രണ്ടു ബാഗുകളിലാക്കി ചുമക്കുന്നത്. താമസം ധാബകളിലും ക്ഷേത്രങ്ങളിലും ഗ്യാസ് സ്റ്റേഷനുകളിലും. നാല് മാസത്തിലധികമായി ഞാനും ഇന്ത്യ ചുറ്റിയടിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വലിയ സന്തോഷവും അതിശയവും. അയാൾ എന്നെ വെച്ച് ചടുലമായി ഒരു വീഡിയോ നിമിഷനേരം കൊണ്ട് ഉണ്ടാക്കി. ചടുലമല്ലെങ്കിലും ഞാനും ഉണ്ടാക്കി ഒരു വീഡിയോ.
ഇപ്രാവശ്യം യാത്ര തുടങ്ങിയതിന് ശേഷം, സൈക്കിളിലോ ബൈക്കിലോ ഇന്ത്യ ചുറ്റുന്ന സഞ്ചാരികളെ കണ്ടില്ല എന്ന വിഷമം ഇന്ന് തീർന്നു. പുഷ്കറിലേക്ക് പോകുമ്പോൾ ഹിച്ച് ഹൈക്കിങ്ങ് നടത്തുന്ന റാഫി എന്ന മലയാളി യുവാവിനെ പരിചയപ്പെട്ട കാര്യം ഞാൻ എഴുതിയിരുന്നു. ബൈക്കിലോ സൈക്കിളിലോ നടന്നോ രാജ്യം കാണാൻ ഇറങ്ങിയവരെ കാണുമ്പോളാണ് എനിക്ക് ഭാഗി തരുന്ന അതിയായ സൗകര്യങ്ങളെക്കുറിച്ച് ഞാൻ ലജ്ജിതനാകുന്നത്.
തിരികെ ഭാഗിയിൽ കയറി കുറച്ചു മുന്നോട്ടു നീങ്ങിയതും പാട്ടുപെട്ടിയിൽ നിന്നും വന്ന ഒരു ഗാനം (സിനിമ മുറ) ഇങ്ങനെ.
” നൂലില്ലാ കറക്കം
പട്ടങ്ങൾ പോലവേ
ഈ വാനം നീളെ.
ഊരെല്ലാം നടുക്കം
ആവേശക്കൂട്ടമോ
ആഭാസപ്പടയോ.
ഭൂതത്താന്മാരോ
പാവത്താന്മാരോ?
പേരെന്താണാവോ പറയൂ.”
ദ്വാരകയിലേക്കുള്ള അവസാന 30 കിലോമീറ്റർ റോഡിൽ തീരെ തിരക്കുണ്ടായിരുന്നില്ല. ക്ഷേത്രത്തിലും കാര്യമായ തിരക്ക് കണ്ടില്ല. അതുകൊണ്ട് മാത്രം ഷൂ ഊരിയിട്ട് ക്യാമറയും ഫോണും എല്ലാം അടിയറ വെച്ച് ക്ഷേത്രത്തിനകത്ത് കടന്നു. നടയിൽ എനിക്ക് മുൻപിൽ കഷ്ടി പത്ത് പേർ മാത്രം. യാതൊരു തിക്കും തിരക്കും ഇല്ലാതെ ഞാൻ അദ്ദേഹത്തിനെ കണ്ട് കാര്യം പറഞ്ഞു. അത്ര വലിപ്പമൊന്നും ഇല്ലാത്ത കൃഷ്ണൻ്റെ പ്രതിമ കറുത്ത നിറത്തിലാണ്. കാർവർണ്ണൻ എന്ന സങ്കല്പം അദ്ദേഹത്തിൻ്റെ സ്വന്തം നാട്ടിലെ ക്ഷേത്രത്തിലെങ്കിലും തെറ്റിച്ചിട്ടില്ല.
ക്ഷേത്രത്തിലേക്കുള്ള തെരുവുകളെല്ലാം കച്ചവട മയമാണ്. നല്ല തടിമിടുക്ക് ഉണ്ടായിട്ടും യാതൊരു ലജ്ജയും ഇല്ലാതെ കൈ നീട്ടി പണം ചോദിക്കുന്ന കള്ള സന്യാസിമാർ ധാരാളമുണ്ട് ക്ഷേത്രത്തിന് അകത്തും പുറത്തും.
അടുത്തതായി എനിക്ക് പോകാനുള്ളത് 30 കിലോമീറ്റർ മാറിയുള്ള ബേഠ് ദ്വാരക എന്ന ദ്വീപിലേക്കാണ്. അതാണ് കൃഷ്ണന്റെ സ്ഥലം! അവിടെയുമുണ്ട് ഒരു ക്ഷേത്രം. കുറച്ചുനാൾ മുൻപ് വരെ ബോട്ടിൽ കയറി വേണമായിരുന്നു അങ്ങോട്ട് പോകാൻ. ഇപ്പോൾ സുദർശൻ സേതു എന്ന പടുകൂറ്റൻ തൂക്കുപാലവും നാലുവരി പാതയും വന്നു. പാലത്തിൽ സഞ്ചാരികൾ വാഹനങ്ങൾ നിർത്തി പടങ്ങളും റീലുകളും എടുക്കുന്നു. ഞാനും അവർക്കൊപ്പം ചേർന്നു.
ദ്വീപിലേക്ക് എത്തിയാൽ വാഹനം പാർക്ക് ചെയ്യാൻ വിശാലമായ സ്ഥലമുണ്ട്. അവിടന്ന് അല്പം നടന്ന് വേണം ദ്വാരകാധീശ്വർ ക്ഷേത്രത്തിലേക്ക് എത്താൻ. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി നാല് സൈക്കിൾ ചക്രങ്ങൾ പിടിപ്പിച്ച ഉന്തുവണ്ടികൾ ഉണ്ട്.
ക്ഷേത്ര പരിസരത്തുള്ള കെട്ടിടങ്ങൾക്കെല്ലാം കടല് കയറി ഇറങ്ങി ദ്രവിച്ച പ്രതീതിയാണ്. നട അടച്ചിരിക്കുന്നത് കൊണ്ട് ഈ ക്ഷേത്രനടയിൽ ക്യൂ ഉണ്ട്. ആയതിനാൽ ഞാൻ ക്ഷേത്രത്തിനകത്തേക്ക് കയറാൻ നിന്നില്ല. പകരം ബേഠിൻ്റെ മറ്റ് ഇടവഴികളിൽ ചുറ്റിത്തിരിഞ്ഞു. കടലിലേക്ക് തള്ളി നിൽക്കുന്ന പാലത്തിൽ ചെന്ന് നിന്ന് പടങ്ങൾ എടുത്തു. കക്കകളും കല്ലുകളും ശംഖുകളും ദ്വാരകയുടെ ഓർമ്മയ്ക്കായി വാങ്ങി. അതിൽ ഒരു ശംഖ് ആദ്യം കൈ പൊക്കുന്ന ആൾക്ക് ഞാൻ അയച്ച് തരുന്നതാണ്.
സോവനീറുകളുടെ കൂട്ടത്തിൽ എന്നെ അതിശയിപ്പിച്ച ഒന്ന് വില്പനയ്ക്ക് ഉണ്ട്. മത്സ്യബന്ധ ബോട്ടുകളുടെ മരത്തിൽ അടിച്ചു കയറ്റിയ വലിയ ആണികൾ തുരുമ്പെടുത്തത് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. കണ്ണ് തട്ടാതിരിക്കാൻ വേണ്ടി ഇത് വീട്ടിൽ വാങ്ങിക്കൊണ്ടുപോയി വെക്കുന്നവർ ധാരാളം ഉണ്ടത്രേ! അങ്ങനെ എന്തെല്ലാം അന്ധവിശ്വാസങ്ങളുടെ ആകെ തുകയാണ് നമ്മുടെ രാജ്യം!
ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്ററോളം മാറിയാണ് ഓഖ എന്ന ഗ്രാമം. ഇതാണ് ഗുജറാത്തിന്റെ ഏറ്റവും അറ്റത്തുള്ള അവസാനത്തെ ഗ്രാമം എന്ന് ഇവിടുള്ളവർ പറയുന്നു. ഞാൻ പക്ഷേ അതിനോട് യോജിക്കുന്നില്ല. കച്ച് ജില്ലയിൽ, പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ലഖ്പത് എന്ന് ഗ്രാമത്തിലും കോട്ടയിലും ഞാൻ കഴിഞ്ഞ ആഴ്ച്ച പോയതാണ്. ഇന്ത്യയുടെ തന്നെ വടക്ക് പടിഞ്ഞാറ് അറ്റത്തുള്ള ഏറ്റവും അവസാനത്തെ ഗ്രാമം അതാണെന്ന് ഭൂപടം എടുത്ത് നോക്കിയാൽ മനസ്സിലാകും. പിന്നെങ്ങനെ ഓഖ ഗുജറാത്തിന്റെ അവസാനത്തെ ഗ്രാമമാകും? സൗരാഷ്ട്രയിലെ അവസാനത്തെ ഗ്രാമം എന്ന് പറഞ്ഞാൽ ശരിയാണ്.
കടലോരത്ത് കൂടെ യാത്ര ചെയ്യുന്നതു കൊണ്ടാകാം, ദ്വാരകയിലേക്കുള്ള ഈ യാത്ര, ധനുഷ്കോടി യാത്രയെ അനുസ്മരിപ്പിച്ചു.
ഞാൻ ബേഠ് ദ്വാരകയിൽ നിന്ന് മടങ്ങാൻ തുടങ്ങുമ്പോൾ, തീർത്ഥാടകരും സഞ്ചാരികളും കൂട്ടത്തോടെ അങ്ങോട്ട് വന്നു തുടങ്ങുന്നതേയുള്ളൂ.
ദ്വാരകയിൽ നിന്ന് എട്ട് കിലോമീറ്റർ മാറി ഒരു ഗ്യാസ് സ്റ്റേഷൻ രാവിലെ തന്നെ ഞാൻ നോട്ടമിട്ട് വെച്ചിരുന്നു. ബേഠിൽ നിന്ന് നേരെ അങ്ങോട്ട് വെച്ച് പിടിച്ചു. ഭാഗിയെ പാർക്ക് ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ അവർക്ക് പൂർണസമ്മതം. ലാപ്ടോപ്പ് പ്രവർത്തിപ്പിക്കാൻ വേണ്ടിയുള്ള വൈദ്യുതിക്ക് പുറമേ ചായയും തന്ന് അവർ സഹകരിച്ചു.
ഗ്യാസ് സ്റ്റേഷന്റെ തൊട്ടടുത്ത് നല്ലൊരു റസ്റ്റോറന്റ് ഉണ്ട്. അത്താഴം അവിടുന്ന് കഴിച്ചു. എതിർവശത്ത് ജിഞ്ചർ ഹോട്ടൽ ആണ്. ഈ റോഡിൻ്റെ ഇരുവശത്തും ധാരാളം മുന്തിയ ഹോട്ടലുകൾ ഉണ്ട്. ദ്വാരകയിൽ വരുന്ന എല്ലാത്തരം ഭക്തന്മാരേയും ലക്ഷ്യമിട്ടിട്ടുള്ള ‘സേവനം’.
നാളെ രാവിലെ പോർബറിലേക്കാണ് യാത്ര.
ശുഭരാത്രി.