2023 ഡിസംബറിൽ, നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ ഞാൻ പങ്കുവെച്ചിരുന്നു. പതിനേഴോളം ഗോത്രവർഗ്ഗക്കാർ പങ്കെടുക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഒരു വലിയ ഉത്സവം തന്നെയാണ്. ഗോത്രവർഗ്ഗക്കാരുടെ ആട്ടവും പാട്ടും ഭക്ഷണവുമൊക്കെ ആസ്വദിക്കാൻ ഒരിക്കലെങ്കിലും പങ്കെടുക്കേണ്ട ഒന്ന്.
സത്യത്തിൽ, ഹോൺബിൽ ഫെസ്റ്റ് ആരംഭിച്ചത് കോന്യാക്ക് എന്ന ഗോത്രവർഗ്ഗക്കാരുടെ ആലെങ്ങ് (Aoleng) ഫെസ്റ്റിവലിന്റെ ചുവട് പിടിച്ചാണ്. ഗോത്രവർഗ്ഗ രീതികളും സ്വഭാവങ്ങളും നല്ല രീതിയിൽ ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരു വിഭാഗമാണ് കോണ്യാക്ക്.
ആലെങ്ങ് ഫെസ്റ്റിവൽ കാണാനും, എതിരാളികളുടെ തല വെട്ടിയിരുന്ന ഗോത്ര തലവന്മാരേയും അവരുടെ കൊട്ടാരങ്ങളും കുടിലുകളുമൊക്കെ കാണാനും വേണ്ടിയാണ് ആറ് മാസത്തിനുള്ളിൽ വീണ്ടും നാഗാലാൻഡിലേക്ക് യാത്ര തിരിച്ചത്.
കൊച്ചിയിൽ നിന്ന് മദ്രാസിലേക്കും മദ്രാസിൽ നിന്ന് ഗോഹാട്ടിയിലേക്കും വിമാനമാർഗ്ഗമായിരുന്നു ആദ്യ ദിവസത്തെ (ഏപ്രിൽ 1) യാത്ര. ബാക്കി ദിവസങ്ങളിൽ ബസ്സിലാണ് സഞ്ചാരം.
യാത്രാ സംഘാടകനായ അജുവിന്, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവസാന നിമിഷം പിന്മാറേണ്ടി വന്നു. സംഘാംഗങ്ങളായ റാണി, ബീന, ആതിര, ഗീതി, ജയശങ്കർ എന്നിവർക്കൊപ്പം ഞാനും, അജുവിന്റെ അഭാവത്തിൽത്തന്നെ, തലവെട്ടിയിരുന്നവരുടെ നാട്ടിലേക്ക് നീങ്ങാൻ തീരുമാനിച്ചു.
മദ്രാസ് വിമാനത്താവളത്തിൽ ഗോഹട്ടിയിലേക്കുള്ള വിമാനം കാത്ത് ഇരിക്കുമ്പോൾ ഒന്നുരണ്ട് സുഹൃത്തുക്കളിൽ നിന്ന് ഒരു വാർത്ത കിട്ടി. തലേന്ന് രാത്രി പെയ്ത കനത്ത മഴയിൽ ഗോഹാട്ടി വിമാനത്താവളം മുങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ വിമാനം റദ്ദ് ചെയ്യപ്പെടാതെ സമയത്തുതന്നെ ഉയർന്ന് പൊങ്ങി.
വൈകീട്ട് ആറര മണിയോടെ ഗോഹാട്ടിയിൽ എത്തിയപ്പോൾ, അവിടെ വലിയ ഒരു മഴ പെയ്തതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. പക്ഷേ തലേന്ന് ചുഴലിക്കാറ്റ് അടിച്ച് ചില സ്ഥലങ്ങളിൽ കൃഷിനാശവും ആളപായവും ഉണ്ടായിട്ടുണ്ട്. 5 കിലോഗ്രാം വരെ ഭാരമുള്ള ആലിപ്പഴം വീണെന്നാണ് ഞങ്ങളുടെ ബസ്സ് ഡ്രൈവർ പറയുന്നത്. അതിൽ നിന്ന് രണ്ടോ മൂന്നോ കിലോഗ്രാം അതിശയോക്തി ഇനത്തിൽ കുറച്ചാലും, കനത്ത തോതിൽ ആലിപ്പഴം വീണെന്ന കാര്യത്തിൽ തർക്കമില്ല.
കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ താമസിച്ച ആര്യൻ എന്ന ഹോട്ടലിലാണ് ഇപ്രാവശ്യവും തങ്ങുന്നത്.
രണ്ടാം ദിവസം (ഏപ്രിൽ 2) രാവിലെ 350 കിലോമീറ്റർ അപ്പുറമുള്ള ശിവസാഗർ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. എട്ടു മണിക്കൂർ സഞ്ചാരം ഉണ്ടായിരുന്നു.
ഗോഹട്ടി നഗരത്തിൽ നിന്നും ശിവസാഗർ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ ഒരു ചെറിയ കൗതുകമുണ്ട്. റോഡിൽ നമ്മൾ സഞ്ചരിക്കുന്നത് ആസ്സാം സംസ്ഥാനത്തിലൂടെയാണെങ്കിൽ ഡിവൈഡറിൻ്റെ മറുവശത്ത് മേഘാലയ സംസ്ഥാനമാണ്. ഏകദേശം 10 കിലോമീറ്ററിൽ അധികം ദൂരം ഇത്തരത്തിലാണ്. ഡിവൈഡർ ഉള്ളത് No man’s land ൽ ആണെന്ന് പറയാം. മേഘാലയയിൽ ഇന്ധന നിരക്ക് 3 രൂപ കുറവായതിനാൽ, യൂ-ടേൺ എടുത്ത് മേഘാലയയിൽ കടന്ന് ഇന്ധനം നിറക്കുന്ന വാഹനങ്ങളെ ഇഷ്ടം പോലെ കാണാം. ഇക്കാരണം കൊണ്ട് തന്നെ മേഘാലയ ഭാഗത്ത് ധാരാളം ഗ്യാസ് സ്റ്റേഷനുകൾ ഉണ്ട്. അത്രയും ദൂരം ഇപ്പുറത്ത് ആസ്സാമിൽ ഒന്ന് പോലും കാണുകയുമില്ല.
ഗോഹട്ടിയിൽ നിന്ന് 170ൽപ്പരം കിലോമീറ്ററുണ്ട് കാസിരംഗയിലേക്ക്. ലോകത്ത് മൊത്തത്തിലുള്ള കാണ്ടാമൃഗങ്ങളുടെ മൂന്നിൽ രണ്ട് എണ്ണം ഉൾക്കൊള്ളുന്ന ദേശീയ ഉദ്യാനമാണ് കാസിരംഗയിലെ പ്രധാന ആകർഷണം. യൂനസ്ക്കോ പൈതൃക ഇടം കൂടെയാണ് കാസിരംഗ.
ഇരുപതിൽപ്പരം കാണ്ടാമൃഗങ്ങളേയും ആനകളേയും എണ്ണമറ്റ മാനുകളേയും ഇന്ന് കാസിരംഗയിൽ കാണാനായി. ഇതെന്റെ രണ്ടാമത്തെ കാസിരംഗ സന്ദർശനമാണ്. മടക്കവഴിക്ക് വീണ്ടും ഒരു സന്ദർശനം കൂടി യാത്രാ പദ്ധതിയിലുണ്ട്.
ഇരുട്ട് വീണതിന് ശേഷമാണ് ശിവസാഗറിൽ എത്തിയത്. നാളെ (ഏപ്രിൽ 3) രാവിലെ ശിവസാഗറിലെ കാഴ്ച്ചകൾക്ക് ശേഷം നാഗലാൻ്റിലേക്ക് പ്രവേശിക്കും.
രാത്രി ഒൻപതര മണിയോടെ ശിവസാഗറിൽ കനത്ത മഴ പെയ്തതുകൊണ്ട് അന്തരീക്ഷം നന്നായി തണുത്തിട്ടുണ്ട്. അല്ലെങ്കിലും കേരളത്തിലേത് പോലെ ഹ്യുമിഡിറ്റി ആസ്സാമിൽ ഇല്ല.
വാൽക്കഷണം:- എയർപ്പോർട്ട് ഗോഹാട്ടിയിൽ ആണെങ്കിലും, ആസ്സാമിൻ്റെ തലസ്ഥാനം ഗോഹാട്ടി അല്ല; ദിസ്പൂർ ആണ്. പണ്ട് ഷില്ലോങ് ആയിരുന്നു ആസ്സാമിന്റെ തലസ്ഥാനം. മേഘാലയ സംസ്ഥാനം രൂപപ്പെട്ടതിന് ശേഷം, ഷില്ലോങ്ങ് മേഘാലയുടെ തലസ്ഥാനമായി മാറി.
(തുടരും…..)