രാത്രികൾ അപഹരിക്കാനെത്തുന്ന ഗായകൻ


34

പാടുന്നത് എന്താണെന്ന് അറിഞ്ഞല്ല പോയത്. പാടുന്നത് ഷഹബാസ് അമൻ ആണെന്നതുകൊണ്ടാണ് ഫോർട്ട് കൊച്ചിയിലെ കമ്പ്രാൾ യാഡിലേക്ക് പോയത്. കഴിഞ്ഞ ബിനാലെയ്ക്ക് അദ്ദേഹം പാടിയത് സൂഫി ഗാനങ്ങളായിരുന്നു. ഇപ്രാവശ്യം പാടുന്നത് പ്രണയഗാനങ്ങൾ. അത് പ്രവേശന പാസ്സിൽ എഴുതിയിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. വാലന്റയ്‌ൻസ് ഡേ ആകുമ്പോൾ മറ്റെന്ത് പാടാൻ !!?

ബാല്യത്തിൽ ഉള്ളിലേക്ക് കടന്നുകയറിയ ആദ്യപ്രണയഗാനം, പതിഞ്ഞ് പാടിയത്, തുറന്ന് പാടിയത്, നയതന്ത്രപരമായി പാടിയത്, കാമുകിക്ക് ഫോണിലൂടെ പാടിക്കൊടുത്തത്, ഉള്ള് നീറുമ്പോളും പുറമെ കാണിക്കാതെ പാടിയത്, അങ്ങനെ എത്രയെത്ര ഭാവങ്ങളിൽ പ്രണയഗാനങ്ങൾ!!! അപ്പപ്പോൾ കേട്ട്, ഒപ്പം മൂളിപ്പോകുമ്പോൾ നാമൊന്നും ആലോചിക്കുകപോലും ചെയ്യാത്ത അർത്ഥതലങ്ങളുള്ള ഗാനങ്ങൾ. ഒരിടത്ത് നല്ല ജനസമ്മതി ഉള്ളപ്പോളും മറ്റൊരിടത്ത് ആഘോഷിക്കപ്പെടാത്ത പ്രണയഗാനങ്ങളും ഗാനരചയിതാക്കളും. അവർക്ക് രണ്ടിടത്തും സമ്മതി വേണ്ടതല്ലേ ? അതിനെന്ത് ചെയ്യാനാകും എന്ന ചിന്ത ശ്രോതാക്കളിലേക്കെറിഞ്ഞ്, അവർക്കൊപ്പം യുഗ്മഗാനം മുതൽ കോറസ്സ് വരെ പാടി, സംഗീതത്തിന് ഭാഷയില്ലെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് വിദേശികളടക്കമുള്ള നിറഞ്ഞ സദസ്സിനെ കൈയ്യിലെടുത്ത് അവരുടെ നെഞ്ചിന്റെ താളം ഒപ്പം ചേർത്തുകൊണ്ട് ഒരു പ്രണയസംഗീതനിശ.

മൂന്ന് മണിക്കൂർ മാത്രം ദൈർഘ്യമുള്ള സംഗീതവിരുന്നിനായി ഗായകരേയും രചയിതാക്കളേയും തിരഞ്ഞെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ചങ്ങമ്പുഴ മുതൽ റാഫി വരെ, അയ്യപ്പൻ മുതൽ ഗുലാം അലി വരെ; അങ്ങനെ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമൊക്കെയായി എത്രയെത്ര പ്രണയഗാനങ്ങളിൽ നിന്ന് വേണം തിരഞ്ഞെടുപ്പ് നടത്താൻ. ‘നമുക്ക് പാടി നോക്കാം. പോകുന്നത് പോലെ പോയി നോക്കാം‘ എന്ന് പറഞ്ഞാണ് ഗായകൻ പ്രണയാതുരമായി കൂട്ടിക്കൊണ്ട് പോകുന്നത്. ഓരോ ഗാനത്തിന്റേയും ഉള്ള്, അതിന്റെ സാഹചര്യം, അതിന്റെ ‘കൊത്തുപണികൾ‘, ഒക്കെ ചിന്തിപ്പിച്ച്, പാടിപ്പാടി, പാട്ടുകളെ പ്രണയിപ്പിച്ച് മനോഹരമായ ഒരു രാത്രി കൂടെ അപഹരിച്ചു ഷഹബാസ് എന്ന സംഗീതമാന്ത്രികൻ.

ബാല്യം മുതൽക്കുള്ള പ്രണയഗാനങ്ങളെ കണക്കിലെടുക്കുമ്പോൾ മരണത്തോട് അടുക്കുമ്പോളുള്ള പ്രണയഗാനങ്ങൾ ഒഴിവാക്കുന്നതെങ്ങനെ ? ‘മരണമെത്തുന്ന നേരത്ത് ‘ പ്രത്യക്ഷത്തിൽ ശോകമൂകമാണെങ്കിലും അതൊരു ഗംഭീര പ്രണയഗാനമാണെന്ന് മറക്കരുത്. ‘മൌത്താണ് മൊഹബത്ത് ‘ എന്ന് തൊണ്ടപൊട്ടി പാടുമ്പോൾ പ്രണയത്തിന്റെ തീക്ഷ്ണതയാണ് അനുഭവപ്പെടുന്നത്.

റഫീക്ക് അഹമ്മദ്, മോയിൻകുട്ടി വൈദ്യർ, മെഹബൂബ്,  എ.ആർ.റഹ്‌മാൻ, മെഹന്തി ഹസ്സൻ,  ജഗ്ജിത്ത് സിങ്ങ്, ഇളയരാജ, അങ്ങനെ എത്രയെത്ര സംഗീതജ്ഞരെയാണ് ഇടവേളപോലുമില്ലാത്ത മൂന്ന് മണിക്കൂറുകൊണ്ട് പ്രണയച്ചരടിൽ കോർത്തിണക്കിയത് ! സിത്താറിലും തബലയിലും പുല്ലാങ്കുഴലിലും കീ ബോർഡിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പ്രഗത്ഭരായ സഹസംഗീതജ്ഞർ അകമ്പടി നൽകുമ്പോൾ ഗായകനും ശ്രോതാക്കളും ഒരുപോലെ അലിഞ്ഞില്ലാതാകുന്ന അനുഭവം.

രാവേറെച്ചെന്ന് വിജനമായ തെരുവിലൂടെ സ്ക്കൂട്ടറിൽ മടങ്ങുമ്പോൾ പാടിക്കേട്ടതൊക്കെയും വട്ടമിട്ട് പിന്തുടർന്നു. വീടണഞ്ഞിട്ടും ആ സംഗീത വിരുന്നിന്റെ മാസ്മരികത വിട്ടുപോയില്ല. രണ്ട് കൊല്ലം മുൻപ് ഗായകൻ പാടിയ ‘നരകത്തിൽ തീയില്ല, സ്വർഗ്ഗത്തിൽ തോട്ടവുമില്ല’ എന്നതടക്കമുള്ള സൂഫി വരികളും ഓർമ്മയിലേക്ക് പടർന്നിറങ്ങിക്കൊണ്ടിരുന്നു. നിദ്രാദേവി പിണങ്ങി മാറി നിന്നു. ഇനി കുറച്ച് ദിവസത്തേക്ക് ഇതിന്റെ അലകൾ ഒപ്പമുണ്ടാകും.

ഓരോരോ സമയത്ത് സംഗീതത്തിന്റെ നമുക്കറിയാത്ത പലപല വകഭേദങ്ങളുടെ പേരുകളും പ്രത്യേകതകളും നിരത്തി രാത്രികൾ അപഹരിക്കാനെത്തുന്ന ചോരഗായകനാണിയാൾ. ഉറക്കം നഷ്ടപ്പെട്ടാൽ പോയത് തന്നെ. സൂക്ഷിക്കുക !!
———————————————————-

Photo Courtesy:- Hindustan Times

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>