Kerala

ആത്തംകുടി കൊട്ടാരം


66
സ്വാതന്ത്ര്യം കിട്ടുന്നതിനും വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ, 1929ൽ ആത്തംകുടി കൊട്ടാരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. നാച്ചിയപ്പ ചെട്ട്യാർ നിർമ്മിച്ച ഈ കൊട്ടാരത്തിൻ്റെ നിർമ്മിതി തീരുന്നത് 1932ൽ. ഒരേക്കറിൽ അധികം സ്ഥലത്ത് നിൽക്കുന്ന കെട്ടിടം പണിയാൻ 150ൽപ്പരം പണിക്കാർ 3 വർഷം ജോലി ചെയ്തു.

പെരിയ വീട് എന്നും അക്കാലത്ത് ഇതിന് പേരുണ്ടായിരുന്നു. കൊട്ടാരത്തിന് മുൻപിൽ എഴുതി വെച്ചിരിക്കുന്ന പേര്, ശ്രീ ലച്ച്മി വിലാസ്. നാച്ചിയപ്പ ചെട്ട്യാരുടെ മകളുടേയും അമ്മയുടേയും പേരാണ് ലച്ച്മി. ചെട്ടിയാരുടെ ഭാര്യ, മെയ്യമ്മ ആച്ചി ആണ് കൊട്ടാരത്തിൻ്റെ നിർമ്മാണത്തിൽ ഉടനീളം പ്രധാന പങ്കുവഹിച്ചത്.

ഇത് നിർമ്മിക്കാൻ ആവശ്യമായ സ്റ്റീൽ റോഡുകളും കാസ്റ്റ് അയേൺ ഗ്രില്ലുകളും പെയിൻ്റും ഇലക്ട്രിക്കൾ വയറുകളുമൊക്കെ ഇംഗ്ലണ്ടിൽ നിന്നാണ് കൊണ്ടുവന്നത്. അക്കാലത്ത് ആത്തംകുടി ഗ്രാമത്തിൽ വൈദ്യുതി വന്നിട്ടില്ല എന്നതോർമ്മ വേണം. എന്നിരുന്നാലും വയറിങ്ങ് എല്ലാം കൺസീൽഡ് ആണ്.

കൈകൊണ്ടുണ്ടാക്കിയ തറയോടുകൾ കൊണ്ടുവന്നത് സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും.

ചുമരിലുള്ള ടൈലുകളും കൂറ്റൻ അലങ്കാര വിളക്കുകളും കൊണ്ടുവന്നത് ജപ്പാനിൽ നിന്ന്.

മരപ്പണികൾക്ക് ആവശ്യമായ തേക്ക് കൊണ്ടുവന്നത് മ്യാൻമാറിൽ നിന്ന്. കടൽ മാർഗ്ഗം *തൊണ്ടി തുറമുഖത്തെത്തിച്ച തടി, കഷണങ്ങളാക്കി കാളവണ്ടികളിൽ കയറ്റി 64 കിലോമീറ്റർ ഇപ്പുറമുള്ള ലക്ഷ്യസ്ഥാനത്തെത്തിച്ചു.

എല്ലാ അളവുകളിലുമുള്ള കണ്ണാടികൾ വന്നത് ബെൽജിയത്തിൽ നിന്ന്.

മാർബിൾ വന്നത് ഇറ്റലിയിൽ നിന്ന്.

വിളക്കുകളുടെ ഷേയ്ഡുകൾ വന്നത് ഈജിപ്റ്റിൽ നിന്ന്.

നിറമുള്ള ചില്ലുകൾ (Stained Glass) വന്നത് ഫ്രാൻസിൽ നിന്ന്.

മേൽക്കൂരയ്ക്ക് ആവശ്യമായ ഓടുകൾ വന്നത് കേരളത്തിലെ കോഴിക്കോട് നിന്ന്.

വീട്ടിത്തടി എത്തിയത് കർണ്ണാടകത്തിൽ നിന്ന്.

കറുത്ത കല്ലുകളും ലൈം സ്റ്റോണുകളും തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്ന്. കറുത്ത തൂണുകൾ ട്രിച്ചിയിലെ ഉറയൂരിൽ നിന്ന്. (ഹോ.. അതെങ്കിലും തമിഴ്നാട്ടിൽ നിന്ന് ഉണ്ടല്ലോ!)

സിമൻ്റ് ഉപയോഗിച്ചിട്ടില്ല. വെൽഡിങ്ങ് പ്രയോഗത്തിൽ ഇല്ലാത്തതുകൊണ്ട് റിവെറ്റിങ്ങ് സംവിധാനമാണ് ലോഹസംബന്ധിയായ എല്ലാത്തിനേയും ബന്ധിപ്പിക്കുന്നത്.

എഞ്ചിനീയർമാരോ ആർക്കിടെക്റ്റുമാരോ നിർമ്മിതിയിൽ ഇടപെട്ടിട്ടില്ല. അന്ന് അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് സായിപ്പ് ആകാനേ തരമുള്ളൂ. മേസ്ത്രി മുഖ്യനായ വീരസ്വാമി നായ്ക്കരും മരപ്പണി മേസ്ത്രിയായ മുത്തു ആശാരിയും ചേർന്ന് നിർമ്മാണച്ചുമതല നിർവ്വഹിച്ചു. കണക്കെല്ലാം നോക്കിയിരുന്നത് അരുണാചലം പിള്ളൈ. കലാപരമായ കാര്യങ്ങൾ ചെയ്തത് ഗോപാൽ രാജും കൊണ്ടൽ രാജും.

എം.എസ്.സുബ്ബലക്ഷ്മിയമ്മ ഈ അകത്തളത്തിലിരുന്ന് പാടിയിട്ടുണ്ട്. ഹിന്ദി, കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച് ഭാഷകളിലായി നിരവധി സിനിമകളും സീരിയലുകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഒരു കൊട്ടാരത്തിനോ ബംഗ്ലാവിനോ ചേർന്ന വിശാലമായ പുരയിടം ഈ കൊട്ടാരത്തിന് മാത്രമല്ല, കാരൈക്കുടിയിലെ ഒരു ചെട്ടിയാർ ഭവനങ്ങൾക്കും ഇല്ല. ഉള്ള മുറ്റത്ത് ഒരു മരം പോലും ഇല്ല എന്നതൊരു വലിയ ന്യുനതയാണ്. റോഡിൽ നിന്ന് 10അടി പോലുമില്ല പല കൊട്ടാരങ്ങളിലേക്കും. അതിനും ഒരു കാരണം കാണുമായിരിക്കും. അതൊന്ന് കണ്ടുപിടിക്കാൻ ശ്രമിക്കണം.