മിനിക്കഥ

പലായനം


66

കാര്യങ്ങൾ വഷളാകാവുന്നതിന്റെ അങ്ങേയറ്റത്ത് എത്തിക്കഴിഞ്ഞിരുന്നു. പലായനം ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ദൈവങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. നോഹയുടെ പേടകം പോലൊന്ന് ഉണ്ടാക്കാനുള്ള സമയമൊന്നും ഉണ്ടായിരുന്നുമില്ല.

അവരൊരു മച്ചുവാ സംഘടിപ്പിച്ച് വെണ്ടുരുത്തിപ്പാലത്തിന്റെ കീഴിൽ നിന്ന് അറബിക്കടലിലേക്ക് കടന്ന് എങ്ങോട്ടോ തുഴഞ്ഞ് രക്ഷപ്പെടാൻ പദ്ധതിയിട്ടു.

എല്ലാവരും കൂടെ മച്ചുവായിലേക്ക് കയറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടൂറിസവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ പാലത്തിന് മുകളിൽ നിന്ന് ആ കാഴ്ച്ച കണ്ടത്.

ഒരു മച്ചുവാ നിറയെ ദൈവങ്ങൾ !!!

അവരുടനെ ഇന്നാടിനൊരു പേരിട്ടു. ‘ദൈവത്തിന്റെ സ്വന്തം നാട്‘ !!

ദൈവങ്ങൾ തുഴഞ്ഞ് രക്ഷപ്പെടുകയായിരുന്നെന്ന് പിന്നീടാണ് പേരിട്ടവർക്ക് മനസ്സിലായത്. അമളി പിണഞ്ഞത് ആരേയും അറിയിക്കേണ്ടെന്ന് കരുതി, പലായനത്തിന്റെ കഥ അവരൊരിക്കലും
ആരോടും പറഞ്ഞതുമില്ല.