Monthly Archives: November 2007

muhamma-saayippu

മുഹമ്മയില്‍ ഒരു സായിപ്പ്


ഈ യാത്രാവിവരണം കലിക ഓണ്‍‌ലൈനില്‍ വന്നപ്പോള്‍

കെട്ടുവള്ളം ടൂറിസം” തകര്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഒരു കെട്ടുവള്ളയാത്ര, പലപ്പോഴും പദ്ധതിയിട്ടെങ്കിലും, പലകാരണങ്ങള്‍ കൊണ്ടും നടന്നില്ല. അവസാനം 2002 ജൂലൈ 3ന്, ആലപ്പുഴയിലുള്ള ഒരു ടൂര്‍ ഓപ്പറേറ്റര്‍ വഴി, കുടുംബസമേതം ഒരു രസികന്‍ കെട്ടുവള്ളയാത്ര തരപ്പെട്ടു.

ഉച്ചതിരിഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങി. മുഹമ്മയില്‍, വേമ്പനാട്ടുകായലിനരുകിലുള്ള ഒരു വീട്ടിലാണ് രാത്രി താമസിച്ചത്. എന്റെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടേയോ വീടൊന്നുമല്ല. ഓസ്ട്രിയക്കാരന്‍ ഒരു സായിപ്പിന്റെ വീട്.

ങ്ങേ…മുഹമ്മയില്‍ ഓസ്ട്രിയക്കാരന് വീടോ ?!!അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്.

കക്ഷിക്ക് 55ന് അടുക്കെ പ്രായം ഉണ്ടാകും. പക്ഷെ ഒരു കുഴപ്പമുണ്ട്. തല ഒഴികെ കീഴോട്ടുള്ള ശരീരം മുഴുവന്‍ തളര്‍ന്നുപോയിരിക്കുന്നു. എങ്കിലും, അപ്രായത്തിലുള്ള മനുഷ്യമ്മാര് ചെയ്യുന്ന എല്ലാ കാര്യങ്ങളും സായിപ്പ് ചെയ്യും. ആരെങ്കിലും പൊക്കി വീല്‍ ചെയറിലിരുത്തി ഉരുട്ടിക്കൊടുക്കണമെന്നുമാത്രം. വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതുതന്നെ ഈ വീല്‍ ചെയര്‍ ഉരുട്ടാന്‍ പാകത്തിനാണ്. എവിടെയും വാതില്‍പ്പടികളില്ല. വരാന്തയില്‍നിന്നുള്ള സ്ലോപ്പിലൂടെ വീല്‍ ചെയര്‍ ഉരുട്ടി പുഴയരികത്തുചെന്നാല്‍, അവിടെ ഒരു ഇരുമ്പിന്റെ പോസ്റ്റ്‌, അതിലൊരു കപ്പി, കയര്‍, കൊളുത്ത് , എന്നിങ്ങനെ ഒരു സംവിധാനമുണ്ട്. അതിലൂടെ സായിപ്പ്, വീല്‍ ചെയറടക്കം കഴുത്തൊപ്പം വെള്ളത്തില്‍ ഇറങ്ങിക്കിടന്ന് ‘നീരാടും‘

ഇതൊക്കെപ്പോട്ടെ, ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുതയുണ്ട് സായിപ്പിനെപ്പറ്റി.ഇഷ്ടനിപ്പോളും ജോലി ചെയ്യുന്നുണ്ട്. ചില്ലറ ജോലിയൊന്നുമല്ല. ഓസ്ട്രിയയിലെ ഒരു സിറ്റിങ്ങ് ജഡ്ജാണ് അദ്ദേഹം. എനിക്കാദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഈ തളര്‍ന്ന ശരീരവും വച്ചോണ്ട് എന്തോന്ന് ജഡ്ജ്‌മെന്റ് ?!!

കമ്പ്യൂട്ടറില്‍ത്തന്നെയാണ് ജഡ്ജ്‌മെന്റെല്ലാം തയ്യാറാക്കുന്നത്. ആരെങ്കിലും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകൊടുക്കണം. അതിനുശേഷം നെറ്റിയില്‍ ബാലചന്ദ്രമേനോന്റെ പോലൊരു ബാന്‍ഡ് കെട്ടിക്കൊടുക്കും. സ്ക്രീനില്‍ ഒരു കീബോര്‍ഡ് പ്രത്യക്ഷപ്പെടുമ്പോള്‍ സായിപ്പ് തല അനക്കാന്‍ തുടങ്ങും. നെറ്റിയിലെ ബാന്‍ഡില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ നേര്‍ത്ത കിരണം, സ്ക്രീനിലുള്ള കീബോര്‍ഡിലെ ഓരോ അക്ഷരങ്ങളിലും പതിക്കുമ്പോള്‍, ആ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ pull down menu പോലെ, ചുരുള്‍ നിവരും. തലവെട്ടിച്ചുകൊണ്ട് സായിപ്പ് ആവശ്യമുള്ള വാക്കുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ എളുപ്പം.

ഓ… ക്ഷമിക്കണം. സായിപ്പിന്റെ പേരിതുവരെ പറഞ്ഞില്ലല്ലോ.
അദ്ദേഹത്തിന്റെ പേരാണ് “വൂള്‍ഫ്‌ ഗ്യാങ്ങ് “. രസികന്‍ പേരുതന്നെ. അല്ലെ?

ഈയടുത്തകാലത്തുവരെ സായിപ്പിനെ സാഹായിച്ചുകൊണ്ടിരുന്നത് തൊട്ടടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരനാണ്. കുറച്ചുനാള്‍ മുന്‍പ് , സായിപ്പ് പത്തുനാല്‍പ്പതു വയസ്സുള്ള ഒരു മലയാളി സ്ത്രീയെ കല്യാണം കഴിച്ചതോടെ, ചെറുപ്പക്കാരന്റെ ജോലി, വീട് നോക്കിസംരക്ഷിക്കല്‍ മാത്രമായി മാറി.

രണ്ട്‌ കിടപ്പുമുറികളും, നീളത്തിലുള്ള വരാന്തയും, മറ്റെല്ലാ സൌകര്യങ്ങളുമുള്ള ഓടിട്ട ഒരു കൊച്ചുവീടാണത്. ഇന്‍റ്റീരിയര്‍ ഡെക്കറേഷന്‍ എല്ലാം തനിക്കേരളത്തനിമയുള്ള വസ്തുക്കള്‍കൊണ്ടുമാത്രം. നന്നങ്ങാടികള്‍, കള്ളു്‌ ചെത്തുകാരുപയോഗിക്കുന്ന ചുരക്കയുടെ തോടുകൊണ്ടുള്ള പാത്രം, മുതലായവയെല്ലാം മുറികളിലവിടവിടെയായി കാണാം. മുറ്റത്തു്‌ കായലരികോളം നീളുന്ന പച്ചപ്പുല്‍പരവതാനിയുടെ നടുവിലായി അമ്പലനടയിലേതുപോലുള്ള കല്ലിന്റെ തട്ടുവിളക്കൊരെണ്ണം സ്ഥാപിച്ചിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാ തട്ടിലും എണ്ണയൊഴിച്ച് വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ടത്രേ !!

യൂറോപ്പിലെ തണുപ്പുള്ള മാസങ്ങളില്‍ വൂള്‍ഫ് ഗ്യാങ്ങ്‌ കേരളത്തിലെത്തും. കൂടുതല്‍ തണുപ്പ് താങ്ങാന്‍ അദ്ദേഹത്തിന്റെ തളര്‍ന്ന ശരീരത്തിനാവില്ല. അദ്ദേഹം ഇവിടെയില്ലാത്ത മാസങ്ങളിലും, നല്ല ടൂറിസ്റ്റ്‌ സീസണിലും വീട്ടിലെ 2 ബെഡ്ഡു്‌ റൂമുകള്‍, ചില ടൂര്‍ ഓപ്പറേറ്റേഴ്സ്‌ വഴി ഹോം സ്റ്റേ ആയിട്ടു്‌ നല്‍കും. അങ്ങിനെയാണ് എനിക്കവിടെ താമസിക്കാനുള്ള അവസരം ഉണ്ടായത്.

എന്തായാലും ശരി, വേണമെങ്കില്‍ ചക്ക വേരിലും, മരത്തിലും കായ്ക്കും എന്നതിനു്‌ , വൂള്‍ഫ്‌ ഗ്യാങ്ങിലും വലിയൊരുദാഹരണം ഞാനിതുവരെ കണ്ടിട്ടില്ല.

രാത്രിഭക്ഷണം സായിപ്പിന്റെ ചെറുപ്പക്കാരനായ സഹായി ഉണ്ടാക്കിത്തന്നു. ഓര്‍ഡര്‍ ഉച്ചയ്ക്കുതന്നെ ചോദിച്ചുവാങ്ങിയെന്നു മാത്രം.
അടുത്ത ദിവസം രാവിലെ ഹൌസ്‌ ബോട്ട് വീടിന്റെ മുന്നില്‍ വന്നു. അന്നുമുഴുവനും വേമ്പനാട്ടുകായലിലൂടെയും, ആലപ്പുഴയിലെ കനാലുകളിലൂടെയും കെട്ടുവള്ളസവാരി. പാതിരാമണലില്‍ ഒരുപാട് കാഴ്ച്ചകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കാന്‍ പിന്നീടൊരിക്കല്‍ വരണമെന്ന് തീരുമാനിച്ചതുകൊണ്ട്, തല്‍ക്കാലം പാതിരാമണലിലേക്ക് കയറിയില്ല.

കനാലിനിരുവശത്തുമുള്ള ജീവിതങ്ങളും, വള്ളംകളിയുടെ ഫിനിഷിങ്ങ് പോയന്റുമെല്ലാം നേരിട്ടുകാണാന്‍ കൂടുതല്‍ ഭംഗി തോന്നി.

ഉച്ചയ്ക്ക് വള്ളം ഒരു തുരുത്തിലടുപ്പിച്ചു്‌ മീന്‍ വാങ്ങി പൊരിച്ച്, ചോറിന്റെയൊപ്പം വിളമ്പിത്തന്നു, മൂന്നംഗങ്ങളുള്ള വള്ളത്തിലെ ക്രൂ. രഹസ്യമായിട്ടൊരു ബിയര്‍ വേറെയും. സാധാരണ, വള്ളത്തില്‍ നിന്നുതന്നെ ചൂണ്ടയിട്ട് മീന്‍ പിടിച്ചാണത്രെ കറിവയ്ക്കുന്നത്. ഇന്നെന്തോ ചൂണ്ടയില്‍ മീനൊന്നും കുടുങ്ങിയില്ല.

ഇടയ്ക്കെപ്പോഴോ മത്സരിച്ചോടിവന്ന രണ്ട് യന്ത്രവല്‍കൃത സവാരിബോട്ടുകളുടെ ഓളം കാരണം, വള്ളം ശരിക്കൊന്നാടിയുലഞ്ഞു. ചെറിയതോതില്‍ പേടിക്കാതിരുന്നില്ല.

രാത്രി കായലിന്റെ നടുക്കു്‌ നങ്കൂരമിട്ട് വള്ളത്തില്‍ത്തന്നെ കിടന്നുറങ്ങി. ബെഡ് റൂമില്‍ കൊതുകുവല ഉണ്ടായിരുന്നതുകൊണ്ട്, വലയ്ക്കുപുറത്തുനിന്ന് പരവശരായ കൊതുകുകള്‍ പാടുന്ന പാട്ടുകേട്ട് സുഖമായുറങ്ങി. ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ഒന്നര വയസ്സുകാരി മകള്‍, പരിചയമില്ലാത്ത ചുറ്റുപാട് കണ്ടിട്ടാകണം, ശാഠ്യം പിടിച്ച് കുറെ നേരം കരഞ്ഞു. പിന്നെ തളര്‍ന്നുറങ്ങി.

അടുത്ത ദിവസം രാവിലെ നങ്കൂരമിളക്കി, വൂള്‍ഫ്‌ ഗാങ്ങിന്റെ വസതിയിലേക്ക് മടക്കയാത്ര. ഉച്ചഭക്ഷണസമയമായപ്പോളേക്കും തിരിച്ച് എറണാകുളത്തേക്കും. വെറുമൊരു കെട്ടുവള്ളയാത്രയേക്കാളുപരി, മറ്റെന്തൊക്കെയൊ കാണുകയും, മനസ്സിലാക്കുകയും ചെയ്തെന്ന ആത്മസംതൃപ്തിയോടെ തന്നെ.