2205 പടികൾ കയറി, ഏതെങ്കിലും ഒരു മലമുകളിൽ ഇരിക്കുന്ന ദൈവത്തെ കാണാൻ, വിശ്വാസി ആണെങ്കിൽപ്പോലും ഞാൻ പോകില്ല. ഇത് പക്ഷേ അമ്പലം, ദൈവം എന്നതിനേക്കാളൊക്കെ ഉപരി ഒരു കോട്ട ആയിപ്പോയി. അതുകൊണ്ട് കയറാതെ പറ്റില്ലല്ലോ.
ബറോഡയിൽ നിന്ന് 50 കിലോമീറ്റർ മാറിയുള്ള പാവഗഡ് കോട്ടയുടെ കാര്യമാണ് പറയുന്നത്. കോട്ടയുടെ ഭാഗങ്ങൾ നല്ലൊരു പങ്കും ഇല്ലാതായിരിക്കുന്നു. പാവഗഡ് എന്ന ആ മലമുകളിൽ ഇപ്പോൾ ഒരു കാളി ക്ഷേത്രമാണ് ഉള്ളത്. മലമുകളിലേക്ക് 6 കിലോമീറ്ററോളം ദൂരം വാഹനം ഓടിച്ച് പോകാം. നാലുവരി പാതയാണ് അതിനായി ഉണ്ടാക്കിയിരിക്കുന്നത്. അവസാനത്തെ ഒരു കിലോമീറ്റർ എത്തുന്നതോടെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാൻ പറ്റും. അത്രയധികം വിശ്വാസികൾ മലമുകളിലേക്ക് എത്തുന്നുണ്ടെന്ന് സാരം. വെറുതെയല്ലല്ലോ നാലുവരിപ്പാത ഒരുക്കിയിരിക്കുന്നത്.
കഷ്ടപ്പെട്ടാണ് റോഡരുകിൽ ഭാഗി വേണ്ടി ഒരു പാർക്കിങ്ങ് കണ്ടെത്തിയത്.
കേബിൾ കാറിലും മല മുകളിലേക്ക് പോകാം. പക്ഷേ, 24 മണിക്കൂർ മുന്നേ ഓൺലൈനിൽ ടിക്കറ്റ് എടുത്തിരിക്കണം. ആ പരിപാടി ചെയ്തിട്ടില്ലാത്ത നിലയ്ക്ക് പടികളിലൂടെ കയറിപ്പോവുക തന്നെ. 50 പടികൾ കൂടുമ്പോൾ പടികളുടെ എണ്ണം അവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പടികൾക്ക് ഇരുവശവും കച്ചവടക്കാരുടെ ബാഹുല്യമാണ്. കാളി ദേവിയുടെ ഒരു ഫോട്ടോ വെച്ച് പൈസ ഇരക്കുന്ന ഉടായിപ്പുകാർ ധാരാളം. ഭക്തരുടെ നെറ്റിയിൽ ചുവന്ന തിലകം തൊട്ടുകൊടുത്ത് കാശ് വാങ്ങുന്ന സ്ത്രീകൾ. ‘തിലകം തൊടണ്ട’ എന്ന് പറഞ്ഞ ഒരാളുടെ ഷർട്ടിൽ അവർ തിലകം തേച്ചുവെച്ചു. എനിക്ക് തിലകം തൊടാൻ വരുന്ന സ്ത്രീയുടെ കൈ ഞാൻ ബലമായി പിടിച്ചുമാറ്റി. ഭക്തിയുടെ പേരിൽ പണം പിടുങ്ങുന്ന ഏർപ്പാടുകൾ.
കോട്ടയുടെ ഭാഗങ്ങൾ പലതും നശിച്ചിട്ടാണെങ്കിലും ചിലയിടങ്ങളിൽ എഴുന്ന് നിൽക്കുന്നുണ്ട്. ഏഴാമത്തെ കമാനത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് കോട്ടയുടെ ഭാഗങ്ങൾ എവിടെയൊക്കെയാണ് ഉള്ളതെന്ന് ചോദിച്ചു മനസ്സിലാക്കി. രണ്ടിടത്തായി ജൈനക്ഷേത്രങ്ങൾ ഉണ്ട്. ഫത്തേസിങ്ങിൻ്റെ നശിച്ച് പോയ കൊട്ടാരഭാഗങ്ങൾ ഉണ്ട്. മൂന്നിടത്ത് തടാകങ്ങൾ ഉണ്ട്. ചില ഭാഗങ്ങൾ വനം വകുപ്പിന്റെ കീഴിലാണ്; അങ്ങോട്ട് കടത്തിവിടുന്നില്ല.
കഴുതക്കാട്ടത്തിൻ്റേയും മനുഷ്യത്തീട്ടത്തിൻ്റേയും മൂത്രത്തിൻ്റേയും മണമാണ്, മലമുകളിൽ പലയിടങ്ങളിലും. ഭാരമുള്ള സാധനങ്ങൾ മുകളിലേക്ക് കൊണ്ടുപോകുന്ന കഴുതകൾ പടികളിൽ മുഴുവൻ വിസർജ്ജിക്കുന്നുണ്ട്. ആ പടികളിൽത്തന്നെ ഭക്തജനങ്ങൾ കുങ്കുമം പൂശുന്നുമുണ്ട്.
ഒരു ഏകാദശി ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയാൽ എന്നതുപോലെ തിരക്കാണ് ക്ഷേത്രത്തിന്റെ നടയിൽ. കാളി മാതയുടേതാണ് പ്രതിഷ്ഠ. നടയുടെ മുന്നിൽ നിന്ന് ആൾക്കാർ മാറിക്കൊടുക്കാത്തതുകൊണ്ട് പിന്നിൽ നിൽക്കുന്നവർ ചീത്ത വിളിക്കുന്നു. ഒരു ക്ഷേത്രനടയിലെ അവസ്ഥയാണ്. എനിക്കവിടെ ഒരു ദൈവീകതയും തോന്നിയില്ല. ഒരു പടം എടുക്കാൻ വേണ്ടി മാത്രം നടയിൽ 15 മിനിറ്റ് ഞാൻ വരിയിൽ നിന്നു.
തകർന്ന് കിടക്കുന്ന ജൈനക്ഷേത്രങ്ങളുടെ പരിസരത്താണ് ഞാൻ കൂടുതൽ സമയം ചിലവഴിച്ചത്. തടാകങ്ങളെല്ലാം മലീമസമാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരമാണ് ഈ മല.
മലമുകളിൽ ആയതുകൊണ്ട് നാല് മണിയോടെ തണുപ്പ് തുടങ്ങി. എന്റെ കൈയിൽ സ്വെറ്ററോ ജാക്കറ്റോ ഇല്ല. അതുകൊണ്ട് പെട്ടെന്ന് തന്നെ മലയിറങ്ങി. ഇറങ്ങാൻ ഒരു മണിക്കൂർ സമയമാണ് ഞാൻ എടുത്തത്. കയറാൻ രണ്ട് മണിക്കൂർ.
ഗുജറാത്തിലെ ആദ്യത്തെ കോട്ട അനുഭവം പൊടിപൊടിച്ചു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഏതെങ്കിലും ഒരു കോട്ടയിൽ കയറുന്നത്.
താഴെ എത്തിയപ്പോൾ ഭാഗിയുടെ റിയർവ്യൂ മിറർ ആരോ പൊട്ടിച്ചിരിക്കുന്നു. നാളെ അത് ശരിയാക്കണം. അതില്ലാതെ എനിക്ക് വാഹനം ഓടിക്കാൻ ആവില്ല.
അത് കഴിഞ്ഞുള്ള സമയം ബറോഡ നഗരത്തിൽ തന്നെ ചിലവഴിക്കണം. ദൂരേക്ക് എവിടെയെങ്കിലും പോകാൻ സമയമുണ്ടാകുമെന്ന് തോന്നുന്നില്ല.
വാൽക്കഷണം:- കർണ്ണാടകയിൽ ഏകദേശം ഇതേ പേരിൽ ഒരു കോട്ടയുണ്ട്. അതിൻ്റെ പേര് ‘പാവഗഡ’. ഞാൻ കയറിയിട്ടുള്ള ഏറ്റവും ഭീതിജനകമായ കോട്ട അതാണ്.
ശുഭരാത്രി.