ബ്രിട്ടീഷ് പൌരത്വമുണ്ടെങ്കിലും, ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസമാക്കിയിട്ടുള്ള കൃഷ് ശ്രീകണ്ഠത്ത് എന്ന കൃഷേട്ടൻ വഴിയാണ് ജിമ്മിയേയും ഗില്ലിയനേയും അവരുടെ സംഗീതോപകരണമായ ഹാൻഡ്പാനും (Handpan) പരിചയപ്പെടാനായത്. ഇന്ത്യയുമായി പ്രണയത്തിലാണെന്ന് പറയുന്ന ജിമ്മി ഗില്ലിയൻ ദമ്പതികൾ കുറേയേറെ ദിവസങ്ങളായി ഫോർട്ടുകൊച്ചിയിലുണ്ട്. ഇതവരുടെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനമാണ്. കൃഷേട്ടന്റെ സഹായത്തോടെ ഞാനവരുമായി എറണാകുളം-ഫോർട്ട് കൊച്ചി ബോട്ട് ജട്ടിക്ക് എതിരെയുള്ള സോളാർ റസ്റ്റോറന്റിൽ വെച്ച് ഒരു കൂടിക്കാഴ്ച്ച തരപ്പെടുത്തി.
ബ്രിട്ടീഷുകാരുമായുള്ള അപ്പോയന്റ്മെന്റ് ആകുമ്പോൾ കൃത്യസമയം പാലിക്കണമെന്നത് നല്ല ബോദ്ധ്യമുള്ള കാര്യമായതുകൊണ്ട് പറഞ്ഞ സമയത്തിന് മുന്നേ സോളാർ റസ്റ്റോറന്റിലെത്തി. സമയത്ത് തന്നെ ജിമ്മിയും ഗില്ലിയുമെത്തി, ഒപ്പം അവരുടെ സംഗീതോപകരണമായ ഹാൻഡ്പാനുകളും.
ഹാൻഡ്പാനിന്റെ ചരിത്രം 1930 കളിലാണ് ആരംഭിക്കുന്നത്. Ellie Mannette എന്ന ട്രിനിഡാഡുകാരനാണ് ഹാൻഡ്പാനിന്റെ അഥവാ സ്റ്റീൽ പാനിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഓയൽ ബാരലിൽ അടിച്ചുകൊണ്ട് ബാല്യത്തിൽത്തന്നെ അദ്ദേഹമുണ്ടാക്കിയ സംഗീതമാണ് ഇന്ന് ഈ ഉപകരണത്തിൽ എത്തി നിൽക്കുന്നത്.
പിന്നീട് പലരും പലതരം മാറ്റങ്ങൾ ഈ ഉപകരണത്തിന്റെ നിർമ്മിതി, ട്യൂണിങ്ങ്
എന്നീ കാര്യങ്ങൾ സ്വീകരിക്കുകപ്പെടുകയുണ്ടായി. ഇന്നിപ്പോൾ ജിമ്മി ഗില്ലി ദമ്പതികളുടെ കൈയ്യിലിരിക്കുന്നത് പ്രത്യേകം ട്രീറ്റ് ചെയ്തെടുത്ത സ്റ്റീലിൽ തീർത്ത ഹാൻഡ്പാൻ ആണ്. ലോഹത്തിൽ നിന്ന് കാർബണിന്റെ അംശം കുറയ്ക്കുന്നത് 550 ഡിഗ്രിക്ക് മുകളിൽ നൈടൈഡിങ്ങ് (Nitriding) അടക്കമുള്ള പ്രോസസ്സിങ്ങ് ചെയ്യുന്നു. പിന്നീട് ട്യൂണിങ്ങ് എന്ന സങ്കീർണ്ണമായ ചടങ്ങാണ്. ഹാമർ ഉപയോഗിച്ച് തട്ടിയും മുട്ടിയും പൂർണ്ണമായും കൈകൊണ്ട് തന്നെയാണ് ട്യൂണിങ്ങ് ചെയ്യുന്നത്. ഒരു പറക്കും തളികയുടെ ആകൃതിയിലുള്ള ഹാൻഡ്പാൻ രണ്ട് അർദ്ധഗോളങ്ങൾ ഒട്ടിച്ച് ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. അടിഭാഗത്തെ വലിയ ദ്വാരം ഗിറ്റാറിലുള്ള ദ്വാരം ചെയ്യുന്ന അതേ ഉത്തരവാദിത്വം നിർവ്വഹിക്കുന്നു. ആ ദ്വാരം കാലുകൾ കൊണ്ട് അടച്ചും തുറന്നും ശബ്ദവ്യതിയാനങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
ജിമ്മിയും അദ്ദേഹത്തിന്റെ കമ്പനിയുടെ പാർട്ട്‌ണറുമായ മൈക്കൾ കോളിയും ചേർന്ന് ACIEL എന്ന പേരിൽ ഒരു കമ്പനി തന്നെ ഹാൻഡ്‌പാനിന്റെ നിർമ്മാണത്തിനായി ആരംഭിച്ചിട്ടുണ്ട്. അതിന്റെ എഞ്ചിനീയറിംഗ് ജോലികൾ ജിമ്മിയും ട്യൂണിങ്ങ് ജോലികൾ മൈക്കിളും നിർവ്വഹിക്കുന്നു. ലോകത്തെമ്പാടുമായി ഈ ഉപകരണത്തിന്റെ നിർമ്മാണവും ട്യൂണിങ്ങുമായി ബന്ധപ്പെട്ട് സാങ്കേതികജ്ഞാനമുള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ACIEL നിർമ്മിക്കുന്ന ഹാൻഡ്പാനിന്റെ വില 1250 റൂറോയാണ്. ACIEL ന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സംഗീതോപകരണം വിറ്റഴിക്കാൻ ശ്രമിച്ചപ്പോൾ അഭൂതപൂർണ്ണമായ പ്രതികരണമാണ് ലഭിച്ചത്. 2 മണിക്കൂറിനുള്ളിൽ 100ൽ അധികം ഓർഡറുകൾ ലഴിച്ചു. ഒരു വർഷം, അതിലേറെ ഹാൻഡ്പാൻ ഉണ്ടാക്കാൻ ആവില്ല എന്നതുകൊണ്ട് ഫേസ്ബുക്ക് പേജ് അടച്ചുപൂട്ടേണ്ടി വന്നു.
ജിമ്മിക്കും ഗില്ലിയനുമൊപ്പമുള്ള സൌഹൃദസംഭാഷണം 11 മണി മുതൽ 3 മണി വരെ നീണ്ടു. ചായയിൽ നിന്ന് തുടങ്ങി ഉച്ചയൂണും കഴിച്ച് മുന്നോട്ട് പോയ കൂടിക്കാഴ്ച്ച സംഗീതത്തിനുമപ്പുറം ആഗോളതലത്തിലുള്ള യാത്രകളെപ്പറ്റിയും ദൈവീകതയുടെ പേരിൽ നടക്കുന്ന പൊല്ലാപ്പുകളെപ്പറ്റിയുമൊക്കെ കാഴ്ച്ചപ്പാടുകളിലൂടെ മുന്നോട്ട് പോയി. അതിവിശാലമായ കാഴ്ച്ചപ്പാടുകളുള്ള ഒരു നാസ്തികനാണ് ജിമ്മി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നിന്ന് രണ്ടുപേരും ഇപ്പോൾ ഫ്രാൻസിലെ തിരക്ക് കുറഞ്ഞ Brittany എന്ന ഗ്രാമത്തിലേക്ക് ജീവിതം പറിച്ച് നട്ടിരിക്കുന്നു.
ജിമ്മിയുമായി സംസാരിക്കുന്നതിനിടയിൽ വളരെ സൂക്ഷിച്ച് നോക്കിയാൽ അദ്ദേഹത്തിന്റെ ഇടത്തേ ചെവിയിൽ ശ്രവണസഹായി കാണാനാകും. ആ പ്രായത്തിലുള്ള ആരും ഒരു ശ്രവണസഹായി ഉപയോഗിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. പക്ഷേ ജിമ്മിയുടെ കേൾവി കവർന്നെടുത്തത് വർഷങ്ങളോളം കേൾക്കേണ്ടിവന്ന ഉയർന്ന ശബ്ദമാണ്. ഒരു സൌണ്ട് എഞ്ചിനീയറായ അദ്ദേഹം, മഡോണ, മൈക്കിൾ ജാൿസൺ എന്നീ പ്രശസ്തരായ പല ഗായകരുടേയും സംഗീത ട്രൂപ്പുകളുമായി ചേർന്ന് ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷത്തിലധികം മൈക്കിൾ ജാൿസന്റെ ട്രൂപ്പിന്റെ ക്രൂ ചീഫ് ആയിരുന്നു ജിമ്മി.
പക്ഷേ നിരന്തരമായുള്ള സംഗീതപരിപാടികളും അതിന് വേണ്ടിയുള്ള യാത്രകളുമൊക്കെ ഒരു പരിധി കഴിഞ്ഞപ്പോൾ ജിമ്മിക്ക് താങ്ങാവുന്നതിനപ്പുറമായി. അതിനിടയ്ക്ക് ഇത്തരം കൺസർട്ടുകളിലെ ഉയർന്ന ശബ്ദം കേൾവിയേയും ബാധിച്ചു. അതോടെ ജിമ്മി താരതമ്യേന തിരക്ക് കുറഞ്ഞ മറ്റൊരു ജീവിതമാർഗ്ഗവും ഇടവും തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ യാത്രകളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആലോചിക്കാൻ പോലുമാവുന്നില്ല അവർക്ക്. ഇനിയെന്നെങ്കിലും ഫ്രാൻസിൽ ചെല്ലുമ്പോൾ അവരുടെ കാരവാനിൽ ഒരു രാജ്യസഞ്ചാരമാണ് സ്നേഹസമ്പന്നരായ ആ ദമ്പതികൾ എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗാൻഡ്പാൻ നിർമ്മിക്കുന്നത് ജിമ്മിയാണെങ്കിലും അതിൽനിന്ന് മനോഹരമായ സംഗീതം പുറത്തെടുക്കുന്നത് ഭാര്യയായ ഗില്ലിയനാണ്. കൊച്ചിയിൽ വന്ന് താമസിച്ച് ശ്രീമതി. അനുരാധ മഹേഷിൽ നിന്ന് കർണ്ണാട സംഗീതം അഭ്യസിച്ചിട്ടുണ്ട് ഗില്ലിയൻ. എനിക്ക് വേണ്ടി ഗില്ലിയൻ ഹാൻഡ്പാനിൽ കൊട്ടിപ്പാടുന്നതിന്റെ വീഡിയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം. ഗില്ലിയന്റെ മറ്റൊരു ആലാപനം ഇവിടെ കാണാം.
വളരെ സൂക്ഷിച്ച് കൊണ്ടുനടക്കുന്ന അവരുടെ സംഗീതോപകരണം എന്റെ മടിയിൽ വെച്ചുതന്ന് ഒരു തട്ടിനോക്കാത്തതെന്തേ എന്ന് പറയാൻ യാതൊരു മടിയുമില്ലായിരുന്നു ജിമ്മിക്ക്. ഘടം, മൃദംഗം, തബല എന്നിവയൊക്കെ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സംഗീതജ്ഞർക്ക് ഹാൻഡ്പാനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് എനിക്കനുഭവപ്പെട്ടത്.
വാൽക്കഷണം:- ജിമ്മി ഗില്ലിയൻ ദമ്പതികൾ കേരളം വിട്ട് ഗോവയിലേക്ക് പോകുന്നതിന് മുന്നേ മുഖ്യധാരാ മാദ്ധ്യമങ്ങൾ ആരെങ്കിലും ഈ ഉപകരണത്തേയും ദമ്പതികളേയും മലയാളികൾക്ക് പരിചയപ്പെടുത്തിയിരുന്നെങ്കിൽ !!!