ഇഇന്നലെ ഗിർനാർ മല കയറിയതിന്റെ ബാക്കിപത്രമായ പേശി വേദന രാവിലെ മുതൽക്ക് ഉണ്ടായിരുന്നു. ആയതുകൊണ്ട് തന്നെ ലളിതമായ ദൂരത്തിൽ ജുനഗഡ് നഗരത്തിൽ കാണാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി വെച്ചിരുന്നു.
അതിൽ പ്രധാനമായും രണ്ട് ഗുഹകളാണ്. ഈ ഗുഹകളുടെ വിവരം വട്നഗറിലെ ബുദ്ധിസ്റ്റ് മ്യൂസിയത്തിൽ നിന്ന് തന്നെ ഞാൻ ശേഖരിച്ചിരുന്നു. ഗുജറാത്തിൽ ഇത്തരത്തിൽ അര ഡസണിൽ അധികം ഗുഹകൾ ഉണ്ട്.
ആദ്യത്തെ ഗുഹയുടെ പേര് ബാബാ പ്യാരെ. കോട്ടയ്ക്കകത്തെ വീടുകൾക്കിടയിലാണ് ഈ ഗുഹ നിലകൊള്ളുന്നത്. രണ്ട് കിലോമീറ്റർ മാത്രം ദൂരം. അടഞ്ഞ് കിടന്നിരുന്ന ഗേറ്റ് തുറന്ന് ഞാൻ അകത്തേക്ക് കടന്നു.
* പാറ തുരന്നാണ് ഈ ഗുഹകൾ ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ പാറകൾ ഒക്കെ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്.
* ബുദ്ധിസത്തിൻ്റേയും ജൈനിസത്തിന്റേയും ഭാഗമായിരുന്നു ഈ ഗുഹകൾ എന്ന് കരുതപ്പെടുന്നു.
* ASI യുടെ കീഴിലുള്ള ഈ ഗുഹയെപ്പറ്റി കൂടുതൽ ചരിത്രം ഒന്നും ലഭ്യമല്ല.
* ₹20 പ്രവേശന ഫീസ് ഓൺലൈൻ വഴി തന്നെ അടക്കണം.
ഒരു ദിവസം 12 അല്ലെങ്കിൽ 15 പേർ സന്ദർശിക്കുന്നുണ്ടെന്ന് ഗുഹയുടെ ചുമതലയുള്ള സ്ത്രീ പറയുന്നു. ലക്ഷക്കണക്കിന് സന്ദർശകർ വന്നുപോകുന്ന ജുനഗഡ് നഗരത്തിൽ ഇത്തരം പുരാതന സ്മാരകങ്ങൾ കാണാൻ ആളില്ല. ഒരു വിധത്തിൽ പറഞ്ഞാൽ ആളുകൾ വരാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ ആളുകളെ താങ്ങാനുള്ള ശേഷി ഈ പുരാതന ഗുഹകൾക്കില്ല.
രണ്ടാമത്തെ ഗുഹയുടെ പേര് ഖാപാറ കൊടിയ. അതും നഗരത്തിലെ വീടുകൾക്കിടയിൽ തന്നെ. ബാബാ പ്യാരെ ഗുഹയിൽ നിന്ന് കഷ്ടി രണ്ട് കിലോമീറ്റർ ദൂരം.
* ASI യുടെ നിയന്ത്രണത്തിലാണ് ഈ ഗുഹയും.
* പ്രവേശന ഫീസ് 20 രൂപ ഓൺലൈൻ വഴി തന്നെ അടക്കണം.
* പാവാ പ്യാരെ ഗുഹയുടെ ഇരട്ടിയിലധികം വലിപ്പമുണ്ട് ഖാപാറ കൊടിയ ഗുഹയ്ക്ക്.
* ഭൂമിക്കടിയിലേക്ക് ഒരു നിലയും ഈ ഗുഹയ്ക്ക് ഉണ്ട്.
* ഗുഹയുടെ ചില ഭാഗങ്ങളിൽ ഇടിഞ്ഞ് വീഴാതിരിക്കാനായി പുതുതായി നിർമ്മിച്ച തൂണുകൾ, ഏച്ച് കെട്ടിയത് പോലെ മുഴച്ച് നിൽക്കുന്നു.
* മൂന്ന് ഗുഹകളാണ് ഇത്തരത്തിൽ ജുനഗഡിൽ ഉള്ളത്. മൂന്നാമത്തേത് അപ്പർകോട്ട് കോട്ടയിലേതാണ്. അത് ഞാൻ കോട്ടയുടെ കൂട്ടത്തിൽ പരിചയപ്പെടുത്തിയിരുന്നു.
* ഈ മൂന്ന് ബുദ്ധിസ്റ്റ് ഗുഹകളും കണ്ടെടുത്തത് സർ ജയിംസ് ബർഗസ്സ് എന്ന സായിപ്പാണ്. അതിൽ കൂടുതൽ ചരിത്രമൊന്നും ഗുഹയെപ്പറ്റി ലഭ്യമല്ല.
ഈ രണ്ട് ഗുഗയിലും ഞാൻ ചിലവഴിച്ച അത്രയും സമയം, മറ്റൊരു സഞ്ചാരി പോലും ആ ഭാഗത്തേക്ക് വന്നിരുന്നില്ല. അത് വലിയ ആശ്വാസമാണ്. അവശ്യാനുസരണം ഏത് ഭാഗത്തുനിന്നും പടങ്ങൾ എടുക്കാനുള്ള സൗകര്യം അത് ഉണ്ടാക്കിത്തരുന്നു.
₹20 പ്രവേശന ഫീസ് ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ എന്നുള്ള ASIയുടെ നിലപാട് പ്രതിഷേധാർഹമാണ്. പലപ്പോഴും ഒന്നിലധികം പ്രാവശ്യം ശ്രമിച്ചാലാണ് കാര്യം നടക്കുക. കുറഞ്ഞത് 5 മിനിറ്റ് ഇതിനായി ചിലവാകും. മൊബൈൽ സിഗ്നൽ ഇല്ലെങ്കിൽ ടിക്കറ്റ് കിട്ടുന്ന പ്രശ്നമില്ല. ഇന്ത്യ നൂറുശതമാനവും ഡിജിറ്റൽ ആയിട്ടില്ലെന്ന് ASIക്കാരെങ്കിലും മനസ്സിലാക്കുക.
നഗര പരിധിയിൽത്തന്നെ അടുത്തതായി കാണാനുള്ളത് അശോകചക്രവർത്തിയുടെ ശിലാലിഖിതങ്ങളാണ്. ഗിർണാർ മലയിലേക്ക് പോകുന്ന വഴിയിൽ ഇന്നലെ ഞാൻ ആ കെട്ടിടം നോട്ടമിട്ടിരുന്നതാണ്.
* ASI യുടെ നിയന്ത്രണത്തിലാണ് ക്രിസ്തുവിനും 300 വർഷം മുൻപ് ഉണ്ടായിരുന്ന ഈ ലിഖിതങ്ങൾ കൊത്തിയിരിക്കുന്ന വലിയ പാറക്കല്ലുകൾ.
* ഇവിടെയും 20 രൂപയാണ് പ്രവേശന ഫീസ്. ഓൺലൈൻ വഴി തന്നെ അടക്കണം.
* എട്ടോളം ലിഖിതങ്ങൾ ആണ് ഈ ഒരു പാറയിലുള്ളത്.
* 1822ൽ ടോഡ് എന്ന സായിപ്പാണ് ഈ ശിലാലിഖിതങ്ങൾ റിപ്പോർട്ട് ചെയ്തത്.
* ബ്രഹ്മി സ്ക്രിപ്റ്റാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
* മൃഗങ്ങളെ വധിക്കുന്നത്, മനുഷ്യരുടെയും മൃഗങ്ങളുടേയും ആരോഗ്യ പരിപാലനം, മാതാപിതാക്കളോടുള്ള കരുണ, ജീവിത ചിലവുകളുടെ നിയന്ത്രണം, മൃഗങ്ങളോടുള്ള വാത്സല്യം, പൊതുമരാമത്തിലെ സുതാര്യത, എല്ലാ വിഭാഗങ്ങളോടുമുള്ള കരുതൽ, എല്ലാ വിഷയങ്ങളിലും തീവ്രവാദം ഒഴിവാക്കൽ, നായാട്ടിനേക്കാൾ ഉപരിയായി പുണ്യ സ്ഥലങ്ങളേയും പ്രായമായവരെയും സന്ദർശിക്കേണ്ടതിന്റെ ആവശ്യകത, പ്രായമായവരോടുള്ള കരുതൽ, ശരിയായ പാതയിലുള്ള ജീവിതം, എന്നിങ്ങനെ നീണ്ടുപോകുന്നു ഈ ശിലയിലുള്ള ലിഖിതങ്ങളുടെ ഉള്ളടക്കം.
* ഇതിനകത്ത് ചിത്രങ്ങൾ എടുക്കാൻ അനുവദിക്കുന്നില്ല. കാവൽക്കാരൻ അത് വളരെ ശ്രദ്ധയോടെ ഉറപ്പുവരുത്തുന്നുണ്ട്. പക്ഷേ പടങ്ങൾ എടുക്കാൻ പാടില്ലെന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല.
ഇത്തരം കാര്യങ്ങൾ ചിത്രങ്ങൾ എടുക്കുകയും പ്രചരിക്കുകയുമല്ലേ വേണ്ടത്? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എത്രപേർ ഇതൊക്കെ കാണാൻ വേണ്ടി നേരിട്ട് വരും എന്നാണ് ASI കരുതുന്നത്? ഏത് ശിലായുഗത്തിലാണ് ASI യുടെ തലപ്പത്തുള്ളവർ ജീവിക്കുന്നത്?
ഞാൻ അവരുടെ നിയമം ലംഘിക്കാൻ തന്നെ തീരുമാനിച്ചു. കാവൽക്കാരന്റെ കണ്ണുവെട്ടിച്ച് ഒന്ന് രണ്ട് ചിത്രങ്ങളും ഒരു വീഡിയോയും എടുത്തു. നിയമ നടപടികൾ വരുന്നുണ്ടെങ്കിൽ നേരിടാൻ തയ്യാർ. അങ്ങനെയൊരു നിയമ നടപടിയിലൂടെ മാത്രമേ ഇതിന് പരിഹാരം ഉണ്ടായെന്ന് വരൂ.
അടുത്തതായി പോയത് ജുനഗഡ് മ്യൂസിയത്തിലേക്കാണ്. നവാബ് ഭരണമോ രാജഭരണമോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാറുള്ള ഒട്ടുമിക്ക സാധനങ്ങളും ഇവിടെയും ഉണ്ട്. ആയുധങ്ങൾ മുതൽ നാണയങ്ങൾ വരെ. ഇറക്കുമതി ചെയ്ത പാത്രങ്ങൾ മുതൽ മര ഉരുപ്പിടികൾ വരെ. വെള്ളിയിൽ തീർത്ത പല്ലക്കുകളും കട്ടിലുകളും മുതൽ പടുകൂറ്റൻ തൂക്ക് വിളക്കുകൾ വരെ.
5 രൂപയാണ് പ്രവേശന ഫീസ്. പടം എടുക്കണമെങ്കിൽ 100 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം.
ജുനഗഡ് കോട്ടയുടെ അകത്തുണ്ടായിരുന്ന ഏതോ പഴയ കെട്ടിടമാണ് ഇപ്പോൾ മ്യൂസിയമായി വർത്തിക്കുന്നത്. മ്യൂസിയത്തിനോട് ചേർന്നുള്ള കെട്ടിടം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസാണ്. അതിന് എതിർവശത്തുള്ള പള്ളി പോലുള്ള കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. മുൻപ് ആ കെട്ടിടവും മ്യൂസിയത്തിന്റെ ഭാഗമായിരുന്നു. അതിനും മുൻപ്, ചരിത്രത്തിൽ ആ കെട്ടിടത്തിന്റെ സ്ഥാനം എന്തായിരുന്നു എന്ന് അതിന് കാവൽ ഇരിക്കുന്ന പൊലീസുകാരിക്കും അറിയില്ല.
ഈ നാല് ഇടങ്ങളിലേക്ക് സഞ്ചരിച്ചതോടെ ജുനഗഡ് എന്ന പഴയ കോട്ടയുടെ വ്യാപ്തി ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. ഇന്ന് അങ്ങനെ ഒരു കോട്ടയുടെ പേര് തന്നെ ചരിത്രത്തിൽ ഇല്ല. പകരം ഊപ്പർകോട്ട് കോട്ടയുടെ പുകമറയിൽ എല്ലാം ഒതുക്കിയിരിക്കുന്നു.
സമയം ഉച്ചയ്ക്ക് ഒരു മണി. ഹോണസ്റ്റ് റസ്റ്റോറന്റിൽ നിന്നാണ് മൂന്ന് ദിവസമായി ഞാൻ ഭക്ഷണം കഴിക്കുന്നത്. ഇന്നത്തെ ഉച്ചഭക്ഷണം കൂടെ അവിടന്ന് കഴിച്ചതിന് ശേഷം ജുനഗഡിനോട് വിട പറഞ്ഞു. അടുത്ത ലക്ഷ്യം രണ്ട് മണിക്കൂറോളം യാത്രയുള്ള സോമനാഥ് ക്ഷേത്രത്തിലേക്കാണ്.
വൈകിട്ട് നാലര മണിയോടെ ഞാൻ സോമനാഥിൽ എത്തി. പകൽ സമയത്ത് ചൂട് കൂടുതലുള്ളതുകൊണ്ട് വൈകുന്നതോടെ നല്ല ക്ഷീണമാണ്. ക്ഷേത്രത്തിൻറെ കാർപാർക്കിൽ 5000ൽപ്പരം കാറുകൾക്കുള്ള സൗകര്യമുണ്ട്. 50 രൂപ ടിക്കറ്റ് എടുത്താൽ 12 മണിക്കൂർ അവിടെ പാർക്ക് ചെയ്യാം. ഭാഗിയെ അവിടെ ഒതുക്കി കുറച്ചുനേരം സീറ്റിൽ ഇരുന്ന് ഉറങ്ങി. സൂര്യൻ അസ്തമിച്ചതോടെ അമ്പലത്തിന്റെ ഭാഗത്തേക്ക് നടന്നു. അകത്ത് കടക്കണമെങ്കിൽ ചെരുപ്പൂരണം, മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടിയറവ് വെക്കണം.
ക്ഷേത്ര പരിസരത്തെ ആൾക്കൂട്ടവും ഏർപ്പാടുകളും ഒക്കെ കണ്ടിട്ട്, എനിക്ക് സത്യത്തിൽ ക്ഷേത്രദർശനം നടത്തണമെന്നില്ല. തൽക്കാലം ഇന്ന് ഉറങ്ങി വെളുപ്പിക്കുന്നു. നാളെ രാവിലെ പോകണമെന്ന് തോന്നിയാൽ ക്ഷേത്രദർശനം നടത്തിയെന്ന് വരാം. ഉറപ്പൊന്നുമില്ല.
ശുഭരാതി.