പഠാണിൽ പോയി റാണി കി വാവ് കണ്ട് വന്നപ്പോൾ, “വാവിന് തൊട്ടടുത്തായി കോട്ട പോലെ ചിലത് ഉണ്ടായിരുന്നു; അത് കണ്ടില്ലേ?” എന്ന് ഒന്ന് രണ്ട് സുഹൃത്തുക്കൾ ചോദിച്ചിരുന്നു. പഠാൺ നഗരത്തിന്റെ നടുക്ക് ഒരു കോട്ട വാതിലിന് സമാനമായ നിർമ്മിതി കണ്ടിരുന്നു. പക്ഷേ സുഹൃത്തുക്കൾ ചോദിക്കുന്നത് അത് കൂടാതെയുള്ള ചിലതിനെപ്പറ്റി കൂടെയാണ്. “മൊധേറ സൺ ടെമ്പിളിൽ പോയില്ലേ?” എന്ന് മൈസൂർ റാണിയും Rani B Menon ചോദിച്ചിരുന്നു.
വട്നഗറിൽ നിന്നും സൗരാഷ്ട്രയിലേക്കുള്ള വഴി മദ്ധ്യേയാണ് ഇത് രണ്ടും വരുന്നത്. രാവിലെ ഷര്‍മിഷ്ട്ട തടാകക്കരയിലെ സുരക്ഷാ ജീവനക്കാരോട് വിട പറഞ്ഞ്, വീണ്ടും റാണി കി വാവിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. അരവിന്ദ് എന്ന സുരക്ഷാ ജീവനക്കാരനാണ് എനിക്ക് ദിവസവും രാവിലേയും വൈകുന്നേരവും ചായ കൊണ്ടുവന്ന് തന്നിരുന്നത്. രാജസ്ഥാനിലെ ഒരു എക്സ്പോയിൽ നിന്ന് വാങ്ങിയ ജാക്കറ്റ് അരവിന്ദിന് സമ്മാനിച്ച് അവിടെ നിന്ന് ഇറങ്ങി.
ആദ്യത്തെ പ്രാവശ്യം റാണിയുടെ പടിക്കിണറിൽ പോയത് ഉച്ചയ്ക്ക് ശേഷമാണ്. അപ്പോൾ സൂര്യൻ ക്യാമറയ്ക്ക് അഭിമുഖം ആയിരുന്നതുകൊണ്ട് നല്ല പടങ്ങൾ കിട്ടിയില്ല. ഇന്ന് ആ കുറവ് തീർത്ത് ചിത്രങ്ങൾ എടുത്തു. ഇങ്ങനെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാക്കി വീണ്ടും ആ പടിക്കിണറിൽ പോകാൻ ഞാൻ തയ്യാറാണ്. അത്ര മനോഹരമായ കാഴ്ചയാണ് അത്. കാമുകിയുടെ വീട്ടിൽ കുട മറന്നു വെക്കുന്നത് എൻ്റെ ഒരു ശീലമായതുകൊണ്ട്, ഇനിയും പോകാൻ അവസരമുണ്ടാകും. അവിടത്തെ സുരക്ഷാ ജീവനക്കാരൻ എന്നെ തിരിച്ചറിഞ്ഞു. അദ്ദേഹം എനിക്ക് പടിക്കിണറിൻ്റെ പല വീഡിയോകളും വിവരങ്ങളും രേഖകളും ഫോണിലൂടെ കൈമാറിയിരുന്നു.
“പഠാണിൽ ഒരു കോട്ടയുണ്ടോ?” എന്ന് ഞാൻ അദ്ദേഹത്തോട് തന്നെ തിരക്കി.
“12 കവാടങ്ങൾ ഉള്ള വലിയൊരു കോട്ട തന്നെ ഉണ്ടായിരുന്നു. അതിൽ ആറോളം കവാടങ്ങൾ ഇപ്പോഴും ഉണ്ട്.” എന്ന് മറുപടി കിട്ടി.
1. ഫത്തിപൽ
2. അപാര
3. ചിന്തിയ
4. ബഗ്വാഡ
5. കൻസാഡ
6. തീൻ ദർവാസ
7. ലാൽ ദർവാസ
8. മീര ദർവാസ
എന്നിങ്ങനെ എട്ടോളം പേരുകൾ അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞു. ഇന്റർനെറ്റിൽ ഒരിടത്ത് നിന്നും ലഭിക്കാതിരുന്ന വിവരങ്ങൾ ആണ് ഇത്. അദ്ദേഹത്തെപ്പോലുള്ള (പേര് പറയാൻ നിർവാഹമില്ല) ജീവനക്കാർ ഇത്തരം ഇടങ്ങളുടെ മാറ്റ് കൂട്ടുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പഠാണിൽ ഒരു ഗംഭീര കോട്ട ഉണ്ടായിരുന്നു. ലളിതമായി ഒന്ന് ചിന്തിച്ചു നോക്കൂ. ഇത്രയും ഗംഭീരമായ പടിക്കിണർ ഉണ്ടാക്കാൻ പോന്ന ഒരു രാജ്യത്ത്, ധനസമൃദ്ധിയും സമ്പൽസമൃദ്ധിയും ഉണ്ടായിക്കാണില്ലേ? അതിന് സുരക്ഷയെന്നോണം ഒരു കോട്ട അവർ നിർമ്മിച്ച് കാണില്ലേ? പന്ത്രണ്ടാം നൂറ്റാണ്ടിലെ കാര്യമാണ് നമ്മൾ സംസാരിക്കുന്നത്. പിന്നീട് പടിക്കിണർ പൂർണ്ണമായും മണ്ണിനടിയിലായി. അതുപോലെ തകർന്നടിയാനുള്ള സമയം കോട്ടയുടെ കാര്യത്തിലും ആയിട്ടുണ്ട്. പക്ഷേ ഇവിടെ കോട്ട കയ്യേറ്റം ചെയ്യപ്പെടുകയായിരുന്നു എന്ന വ്യത്യാസമുണ്ട്.
പടിക്കിണറിൽ നിന്ന് ഒരു കിലോമീറ്റർ അപ്പുറം ഭാഗിയെ നിർത്തി കോട്ടയുടെ ഒരു മതിൽക്കെട്ടിന്റെ ഭാഗം ഞാൻ പരിശോധിച്ചു. അതിന്റെ മറുവശത്ത് ഇപ്പോൾ ഒരു ക്ഷേത്രമാണ്. രണ്ടാമത്തെ മതിൽക്കെട്ട് കണ്ടയിടത്ത് ഇപ്പോൾ ഒരു ചേരിയാണ്. ആറടിൽ അധികം വീതിയുള്ള കോട്ടയുടെ മതിൽക്കെട്ട് വ്യക്തമായി അവിടെ കാണാം. യാതൊരു മര്യാദയും ഇല്ലാത്ത കയ്യേറ്റം ജനങ്ങളും സർക്കാരും കൂടി നടത്തിയിരിക്കുന്നു. നഗരത്തിനുള്ളിലൂടെ തലങ്ങും വിലങ്ങും റോഡുകൾ വന്നപ്പോൾ മതിൽക്കെട്ടുകൾ എല്ലാം പൊളിച്ചു മാറ്റി. ബാക്കിയുള്ള കെട്ടുകൾ ജനങ്ങൾ കയ്യേറി. 6 കവാടങ്ങൾ മാത്രം നിലനിർത്തിയിരിക്കുന്നു. ആദ്യം പറഞ്ഞ ലിസ്റ്റിലെ രണ്ട് കവാടങ്ങളും (5&8) തകർന്നടിഞ്ഞു.
സർക്കാരിന് ഇപ്പോൾ പാഠൺ കോട്ട എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പൊതുരേഖകളിലും ഇന്റർനെറ്റിലും ഒന്നും പാഠൺ കോട്ടയെപ്പറ്റി വിവരങ്ങൾ ഇല്ലാത്തത്. അധികാരികൾ വിചാരിച്ചാൽ ഒരു സർവ്വേ നടത്തി കോട്ടയുടെ അതിർവരമ്പുകൾ എവിടെ വരെയായിരുന്നു എന്ന് ഇപ്പോഴും കണ്ടെത്താനാകും.
പാഠണിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ മൊധേറ സൺ ടെമ്പിളിൽ എത്താം. മൈസൂർ റാണിക്ക് നന്ദി. അത് കാണാതെ മടങ്ങിയാൽ വലിയ നഷ്ടമാകുമായിരുന്നു. കൊണാർക്കിലെ സൺ ടെമ്പിളിനോട് കിടപിടിക്കുന്നതാണ് ഇത്.
സൂര്യന്റെ ആദ്യകിരണം പ്രതിഷ്ഠയിൽ പതിക്കുന്ന തരത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. പക്ഷേ നിലവിൽ ഗർഭഗൃഹത്തിൽ സൂര്യന്റെ പ്രതിമ ഇല്ല. ക്ഷേത്രത്തിനു മുന്നിലുള്ള വലിയ പടിക്കിണർ ആണ് ഇവിടത്തെ മറ്റൊരു വലിയ ആകർഷണം.
* CE 1116 -1127 കാലഘട്ടത്തിൽ സോളങ്കി രാജവംശത്തിലെ ഭീമദേവ രാജാവാണ് ഈ സൺ ടെമ്പിൾ നിർമ്മിച്ചത്.
* ആർക്കിയോളജി രേഖകളിൽ സോളങ്കി രാജവംശം എന്ന് കാണുന്നു. പക്ഷേ വിക്കിപീഡിയയിൽ ചാലൂക്യ രാജവംശം എന്നാണ് പറയുന്നത്. ഞാൻ ASI രേഖകളെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.
* പുഷ്പവതി നദിയുടെ ഇടത് കരയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
മൂന്ന് ബസ്സുകളിലായി ഗുജറാത്തി വീട്ടമ്മമാരുടെ ഒരു വലിയ ഗ്രൂപ്പ് വന്ന് കയറി. അമ്പലമാണെന്ന് കരുതിയാണ് അവർ വന്നിട്ടുള്ളത്. എല്ലാവരും ചെരുപ്പ് അഴിച്ചിട്ടാണ് അകത്തേക്ക് കയറുന്നത്. സൂര്യൻ ഇല്ലാത്ത നടയിലെ ഇരുട്ടിലേക്ക് മൊബൈൽ ഫോണിന്റെ ലൈറ്റ് അടിച്ച് തൊഴുത് നിൽക്കുന്നുമുണ്ട്. ഒരു ക്ഷേത്രം ആണെന്ന് കരുതി വന്നെങ്കിൽ ആ മര്യാദയെങ്കിലും നൽകണം. കലപിലയും ഒച്ചപ്പാടും ബഹളവും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു. അവർ പോകുന്നത് വരെ ക്ഷമിച്ച് കാത്തുനിന്ന ശേഷമാണ് ചിത്രങ്ങൾ എടുക്കാൻ പറ്റിയത്.
ആ ക്യാമ്പസിനുള്ളിലെ റസ്റ്റോറന്റിൽ നിന്ന് ഗുജറാത്ത് താലി കഴിച്ചശേഷം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അടുത്ത ലക്ഷ്യത്തിലേക്ക് പുറപ്പെട്ടു. ജിൻ ഗേറ്റ് എന്ന യുനെസ്കോ ഹെറിറ്റേജ് സൈറ്റിലേക്കാണ് യാത്ര. ജിഞ്ചുവാട എന്നാണ് ആ സ്ഥലത്തിന്റെ പൂർണ്ണനാമം. അവസാനത്തെ 30 കിലോമീറ്റർ മോശം റോഡുകളിലൂടെ കയറി ഏതോ ഗ്രാമത്തിന്റേയും കൃഷിയിടങ്ങളുടേയും ഉള്ളിലൂടെ ഒരു തടാകക്കരയിൽ ഭാഗി ചെന്നു നിന്നു.
ഞാൻ ശരിക്കും അന്ധാളിച്ചു. ഈ കുഗ്രാമത്തിൽ എന്ത് കോട്ട? എന്ത് കവാടം? എന്ത് യുനെസ്കോ ഹെറിറ്റേജ്? എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭാഗി നിന്നതിന്റെ വലതു വശത്ത് ഒരു വേലിക്കട്ടിനുള്ളിൽ 30 അടിക്ക് മേൽ ഉയരത്തിൽ നിറയെ കൊത്തുപണികൾ ഉള്ള വലിയ കമാനം കാണാം. ആ പുരയിടവും കമാനവും കാടുപിടിച്ച് കിടക്കുകയാണ്. ചോദിക്കാനോ പറയാനോ കാവലിനോ ആരുമില്ലാത്ത ഒരു യുനെസ്കോ ഹെറിറ്റേജ് സൈറ്റ്! കോട്ടകൾ തിരക്കിയോ ചരിത്രം അന്വേഷിച്ചോ ഇറങ്ങുന്ന എന്നെപ്പോലുള്ള ചിലർ ഈ വഴി വന്നെന്നിരിക്കാം. അല്ലാതെ ഒരു ടൂറിസ്റ്റ് ഈ വഴിക്ക് വരാനുള്ള സാദ്ധ്യത വിരളം.
ഞാൻ ആ വേലിക്കട്ടിനകത്തേക്ക് കടന്ന് കാടും പടലും നീക്കി ചിത്രങ്ങളും വീഡിയോയും എടുത്തു.
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഗുജറാത്തിന്റെ പ്രധാനപ്പെട്ട ഒരു പട്ടണ കവാടം ആയിരുന്നു ഇത്. 4 കവാടങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന്. 10 അടിയോളം ഭൂമിക്ക് കീഴെയാണ് ഈ കവാടം ഇരിക്കുന്നത്.
സമയം അഞ്ചര മണി. ഇനിയെങ്ങോട്ട് എന്ന് നിശ്ചയമില്ല. ദേശീയപാത എവിടെയാണെന്നോ അതുവഴിയാണോ യാത്ര തുടരേണ്ടതെന്നോ അറിയില്ല. നാളെ പോകാനുള്ളത് ഹിങ്കോൽഗഡ് എന്ന കോട്ടയിലേക്കാണ്. അങ്ങോട്ട് നാല് മണിക്കൂറോളം സവാരി ഉണ്ട്. അത് ഇന്ന് നടക്കില്ല. എത്രയും പെട്ടെന്ന് ഭാഗിയെ പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടുപിടിക്കണം. ഞാൻ ഹിങ്കോൽഗഡ് എന്ന് ഗൂഗിൾ മാപ്പിൽ ഇട്ട് യാത്ര ആരംഭിച്ചു. അത് ഏതെങ്കിലും ഒരു ദേശീയപാതയിൽ ചെന്ന് കയറാതിരിക്കില്ല. പിന്നെ ഒരു ധാബയോ ഗ്യാസ് സ്റ്റേഷനോ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
അര മണിക്കൂറിനുള്ളിൽ ദേശീയപാതയിൽ ചെന്ന് കയറി. വട്ട് വട എന്ന സ്ഥലത്ത്, മേപ്പിൾ ഇൻ എന്ന ഒരു ആധുനിക ധാബയും ഒത്തു കിട്ടി. ഇരുട്ട് വീണിട്ടും തണുപ്പിന്റെ ലാഞ്ചന പോലും ഇല്ല.
ശുഭരാത്രി.