swiss-part-2

സ്വിസ്സർലാൻഡ് (2) – ഷിൽത്തോൺ


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
സ്വിസ്സ് യാത്രയുടെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
————————————————————————–
യാത്രക്കാരെല്ലാം അകത്ത് കയറിയതോടെ കേബിൾ കാറിന്റെ വാതിൽ മെല്ലെ അടഞ്ഞു. അടച്ചുമൂടിയ പേടകമായതുകൊണ്ട് അതിനകത്ത് അധികം തണുപ്പനുഭവപ്പെട്ടില്ല. ഞങ്ങളടക്കം പത്തിൽ താഴെ യാത്രക്കാരുമായി കാറ് മെല്ലെ മുകളിലേക്ക് നീങ്ങിത്തുടങ്ങി. മുറേ(Murre) സ്റ്റേഷന് മുകളിലേക്കുള്ള കേബിൾ യാത്ര സിസ്സ് പാസ്സിന്റെ പരിധിയിൽ വരാത്തതായതുകൊണ്ട്, അതിനുമുകളിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ എണ്ണത്തിൽ കുറവായാണ് കാണാൻ സാധിച്ചത്.


കേബിൾ ഉയരത്തിലേക്ക് കയറാൻ തുടങ്ങിയതോടെ, ജീവിതത്തിൽ ഇതുവരെ ഒരു ജൈന്റ് വീലിലോ അതുപോലുള്ള കുഴപ്പം പിടിച്ച സംഗതികളിലോ കയറാത്ത എനിക്ക്, ഉയരത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോളുള്ള ഭയം, വിറയൽ, എന്നുതുടങ്ങി പേരെടുത്തുപറയാനാവാത്ത അസ്വസ്ഥതകളെല്ലാം തലപൊക്കാൻ തുടങ്ങി.

ഇതിനേക്കാൾ കുഴപ്പം പിടിച്ച കസർത്തുകൾ എണ്ണപ്പാടത്തെ ജോലിയുടെ ഭാഗമായി ചെയ്യാറുണ്ടെങ്കിലും അതൊക്കെ ചെയ്യുന്നത് പരിശീലനം സിദ്ധിച്ചതിനു ശേഷമായതുകൊണ്ടും, ജീവിതമാർഗ്ഗമെന്ന നിലയിൽ ഒഴിവാക്കാൻ പറ്റാത്തതായതുകൊണ്ടും അതൊക്കെ അങ്ങനങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ.

നല്ലപാതിയുടെ അവസ്ഥ നേരേ മറിച്ചാണ്. അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. എന്റെ അന്നേരത്തെ കഷായം കുടിച്ചതുപോലുള്ള മുഖഭാവം ശരിക്കും ആസ്വദിച്ച് മുഴങ്ങോടിക്കാരി ചിരിക്കാൻ തുടങ്ങിയതോടെ, മാനം കെടാതിരിക്കാനായി ഞാൻ കുറച്ച് ധൈര്യമൊക്കെ മുഖത്ത് വരുത്താനുള്ള വിഫലശ്രമമൊക്കെ നടത്തി.

കേബിൾ ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പുറത്തെ കാഴ്ച്ചകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ പേടിയൊക്കെ കുറഞ്ഞു. കുറച്ച് മുൻപ് താഴെയുള്ള വഴികളിലും തീവണ്ടിപ്പാതയിലും കണ്ടതിനേക്കാൽ കട്ടിയുണ്ട് മഞ്ഞിനിപ്പോൾ. വെളിയിലെ ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്താനുള്ള ശ്രമത്തിന് കേബിൾ കാറിന്റെ ചില്ലുകൾ പലപ്പോഴും തടസ്സം നിന്നു.

ഇടയ്ക്കിടയ്ക്ക് കേബിളിനെ ബന്ധിപ്പിച്ചിട്ടുള്ള ഉയരമുള്ള വലിയ കാലുകളെ മറികടക്കുമ്പോൾ കാറൊന്ന് ആടിയുലയും. യാത്രക്കാരൊക്കെ ആ സമയത്ത് ഹായ്, ഹോയ് എന്നുവിളിച്ചുകൂവി ആസ്വദിക്കുമ്പോൾ എന്റെയുള്ളിൽ നിന്ന് അങ്ങനെയൊരു ശബ്ദവും പുറത്തുവന്നിരുന്നില്ല.

മഞ്ഞ് വീണ പൈൻ മരങ്ങൾ കാട്ടിത്തന്ന് വെള്ളപുതച്ച മലകൾക്ക് മുകളിലേക്ക് കയറ്റം ആരംഭിച്ചതോടെ കാഴ്ച്ചകളുടെ ഭംഗിയും കൂടിക്കൂടിവന്നു. പെട്ടെന്ന് കേബിൾ കാർ മേഘങ്ങൾക്കിടയിലേക്ക് പ്രവേശിച്ചു. ഇപ്പോൾ പുറത്ത് വെളുപ്പ് നിറമല്ലാതെ മറ്റൊന്നും ദൃശ്യമല്ല. എണ്ണപ്പാടത്തെ ഹെലിക്കോപ്റ്റർ യാത്രയ്ക്കിടയിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളതുകൊണ്ട് എനിക്കപ്പോൾ പേടി തീരെ തോന്നിയില്ല. ഒന്നും തന്നെ കാണാൻ പറ്റാത്തതരത്തിൽ കുറച്ച് സെക്കന്റുകൾ കടന്നുപോയതിനുശേഷം കേബിൾ കാറ് മേഘങ്ങൾക്ക് മുകളിലെത്തി.

കുറച്ചുമുകളിലായി ഒരു മഞ്ഞുമലയുടെ മുകളിൽ കേബിൾ അവസാനിക്കുന്നതുപോലെ ഒരു സ്റ്റേഷൻ കാണാൻ സാധിക്കുന്നുണ്ട്. ഒരു പെട്ടിക്കടയുടെ വലിപ്പമേ അതിനുള്ളൂ. അതിൽ എവിടെയാണ് റിവോൾവിങ്ങ് റെസ്റ്റോറന്റ് എന്ന് എനിക്ക് മനസ്സിലാക്കാനായില്ല. അധികം താമസിയാതെ ഞങ്ങളാ സ്റ്റേഷനിൽ എത്തിച്ചേർന്നു.

അതൊരു സ്റ്റേഷൻ മാത്രമായിരുന്നു. കാറിൽ നിന്ന് എല്ലാവരും ഇറങ്ങി അവിടെത്തന്നെ കിടക്കുന്ന മറ്റൊരു കാറിലേക്ക് മാറിക്കയറണം. കുത്തനെയുള്ള കയറ്റത്തിനിടയിൽ ആ മലമുകളിൽ ഒരു ഇടത്താവളം കൊടുത്തിരിക്കുന്നതിന് ഒരുപാട് സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങൾ ഉണ്ടാകുമായിരിക്കും.

അടുത്ത കേബിൾ യാത്ര വീണ്ടും ഉയരത്തിലേക്കുതന്നെയാണ്. ഇതിനകം എന്റെ ഭയമൊക്കെ മുഴുവനായും മാറിക്കഴിഞ്ഞിരുന്നു. താഴേക്ക് നോക്കിയാൽ ഇപ്പോൾ കാണുന്നത് മലമുകളിലുള്ള കേബിൾ സ്റ്റേഷനും, മഞ്ഞിന്റെ വെള്ളനിറം കുറവാണെങ്കിൽ അത് പരിഹരിക്കാനെന്ന വണ്ണം മലകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്ന മേഘങ്ങളുമാണ്.

താഴെ മലകൾക്കിടയിൽ ഈ തണുപ്പത്തുപോലും ഉറയാതെ കിടക്കുന്ന ഒരു കൊച്ചുതടാകം ആരുടേയും ശ്രദ്ധയാകർഷിക്കും. ഡിസംബർ-ജനുവരി മാസങ്ങളിൽ ചിലപ്പോൾ ഈ തടാകത്തിലെ വെള്ളവും കട്ടിയാകുമായിരിക്കും.

ഒരു കാലിൽ കൂടെ കയറിയിറങ്ങി ആടിയുലഞ്ഞ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ യാത്ര ലക്ഷ്യസ്ഥാനത്തെത്തി. കാറിൽ നിന്നിറങ്ങുന്നത് റിവോൾവിങ്ങ് റസ്റ്റോറന്റിന്റെ അടിത്തട്ടിലേക്കാണ്. മലയുടെ മുകളിൽ ഈ ഒരു റസ്റ്റോറന്റ് അല്ലാതെ മറ്റൊന്നുമില്ല. സഞ്ചാരികൾക്ക് മഞ്ഞുമൂടിയ മലകളുടെ ഭംഗി ആസ്വദിച്ച് കേബിൾ കാറിലൂടെ ഉയരത്തിലേക്ക് കയറാനും മലമുകളിൽ ചെന്നിരുന്ന് ‘കറങ്ങിത്തിരിഞ്ഞി’രുന്ന് ഭക്ഷണം കഴിക്കാനും വേണ്ടിയൊക്കെ ഉണ്ടാക്കിയിട്ടുള്ള ഈ കേബിൾ പാതയുടെ നിർമ്മാണ സമയത്തെ ക്ലേശങ്ങൾ എത്ര വലുതായിരുന്നിരിക്കണം?!

റസ്റ്റോറന്റിന്റെ അകമൊക്കെ ഒന്ന് കയറിക്കണ്ടതിനുശേഷം പുറത്തിറങ്ങി തണുപ്പിന്റെ കാഠിന്യത്തിന് പിടികൊടുത്തു.

വെളിയിൽ വൃത്താകൃതിയിലുള്ള ഓപ്പൺ ടെറസ്സിന്റെ തറയിലാകെ മഞ്ഞ് വീണുകിടക്കുന്നുണ്ട്. എത്രതണുപ്പാണെങ്കിലും കയ്യിലെ ഗൗസൊക്കെ ഊരിവെച്ച് കുറച്ച് മഞ്ഞ് വാരിയെടുക്കാൻ ആർക്കും തോന്നിപ്പോകും. അങ്ങനെയൊരാഗ്രഹം സാധിച്ച് കഴിഞ്ഞപ്പോഴേക്കും കയ്യെല്ലാം ശരിക്കും തണുത്തുമരവിച്ചു. ഒന്നുരണ്ട് പടങ്ങളെടുക്കാൻ ക്യാമറയെടുത്തപ്പോൾ ചൂണ്ടുവിരൽ ഷട്ടർ റിലീസ് സ്വിച്ചിൽ തൊടുന്നുണ്ടോ ഇല്ലയോ എന്നുതന്നെ മനസ്സിലാക്കാനായില്ല.

തണുപ്പും, അപകടസാദ്ധ്യതയുമൊക്കെ അവഗണിച്ച് താഴേയ്ക്ക് നടന്നിറങ്ങി മലകളിക്കിടയിലൂടെ മഞ്ഞിന്റെ രഹസ്യവാസസ്ഥാനങ്ങളിലേക്ക് പോകണമെന്ന് താല്‍പ്പര്യമുള്ളവർക്ക് താഴേക്കുള്ള വഴികൾ തുറന്നിട്ടിട്ടുണ്ട്. ഒന്ന് കാല് വെച്ചുനോക്കിയപ്പോൾത്തന്നെ തെന്നി. മുൻ‌മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി മഞ്ഞിൽ വീണിട്ട് ആശുപത്രിയിൽ കിടന്നതുപോലെ കിടന്നുതീർക്കാൻ ഞങ്ങൾക്ക് സമയമില്ല. അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയായ ‘അതിവേഗം ബഹുദൂരമെന്ന‘ അജണ്ടയിലാണ് ഞങ്ങളീ യാത്ര പുറപ്പെട്ടിരിക്കുന്നത്. അതിനിടയിൽ മഞ്ഞിൽ മറിഞ്ഞ് വീണ് കാലൊടിഞ്ഞ് നടുവുളുക്കി കിടക്കാനൊന്നും തീരെ സമയമില്ലാത്തതുകൊണ്ട് താഴേക്ക് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചു. ആരും ആ വഴിയൊന്നും ഇറങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് മാത്രമല്ല, മഞ്ഞിൽ ഇടുന്നതരത്തിലുള്ള പ്രത്യേകതരം ഷൂ ഇടാതെ ആ വഴി പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് തോന്നുകയും ചെയ്തു. റസ്റ്റോറന്റിന് ചുറ്റും ഒന്നുരണ്ട്‌വട്ടം നടന്ന് കാഴ്ച്ചകളൊക്കെ കണ്ടു.


‘താടിയുള്ള കഴുകൻ‘ (Beareded Vulture) എന്നുപേരുള്ള ഒരു പക്ഷി ഈ തണുപ്പൊന്നും വകവെക്കാതെ അതിലൂടൊക്കെ പറന്നുനടക്കുകയും ഇടയ്ക്കിടയ്ക്ക് ഓപ്പൺ ടെറസ്സിന്റെ കമ്പിവേലിയിൽ വന്നിരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പടമൊന്നെടുക്കാനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. ചുമരിൽ നിന്ന് കിട്ടിയ അതിന്റെ പടത്തിൽ താടിരോമം വളരെ വ്യക്തമായിത്തന്നെ കാണുന്നുണ്ട്.

കമ്പിവേലിക്കരുകിൽ സ്ഥാപിച്ചിരിക്കുന്ന ദൂരദർശിനിയിലൂടെയുള്ള കാഴ്ച്ചകൾ പലതും മറച്ചുപിടിച്ചുകൊണ്ട് വെള്ളിമേഘങ്ങൾ കുറുമ്പുകാട്ടി. തണുത്ത് മരവിച്ച കൈകൾക്ക് ജീവൻ നൽകാനും കാഴ്ച്ചകളുടെ കുളിർമ നിലനിർത്തിക്കൊണ്ടുതന്നെ ഉള്ളൊന്ന് ചൂടാക്കാനുമായി റസ്റ്റോറന്റിലേക്ക് കയറി ഒരു ചായ കുടിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ജയിംസ് ബോണ്ട് ചിത്രത്തിലെ പല ചിത്രങ്ങളും റസ്റ്റോറന്റിന്റെ വരാന്തകളെ അലങ്കരിക്കുന്നുണ്ട്.

ഓർഡർ ചെയ്ത ഫ്രെഞ്ച് ഫ്രൈസും, സുലൈമാനിയും മേശപ്പുറത്തെത്തിയപ്പോഴേക്കും ശരീരമൊന്ന് ചൂടൂപിടിച്ച് തുടങ്ങി. പുറത്ത് മൈനസ് 5 ഡിഗ്രിയാണ് താ‍പമാനമെന്ന് റസ്റ്റോറന്റിലെ ജീവനക്കാരിയിൽ നിന്നും മനസ്സിലാക്കാനായി.

ഓപ്പൺ ടെറസ്സിന്റെ വ്യൂ പോയന്റിൽ സഞ്ചാരികൾ കാഴ്ച്ചകളൊക്കെ ആസ്വദിച്ച് നിൽക്കുകയും പടമെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. റസ്റ്റോറന്റിലെ ജനലിനോട് ചേർന്ന് കിടക്കുന്ന കസേരകളുടെ ഭാഗം കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. നടുവിലെ കറങ്ങാതെ നിൽക്കുന്ന ഭാഗത്താണ് അടുക്കളയുടെ സ്ഥാനം. വളരെ പതുക്കെയാണ് റസ്റ്റോറന്റ് കറങ്ങിക്കൊണ്ടിരിക്കുന്നത്.
വെളിയിലുള്ള ഏതെങ്കിലും മലകളിലോ, മേഘങ്ങളിലോ മറ്റോ കണ്ണൂനട്ട് നിന്നാൽ മാത്രമേ നമ്മൾ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനാവൂ. 48 മിനിറ്റുകൊണ്ടാണ് ഒരു മുഴുവൻ കറക്കം പൂർത്തിയാകുന്നത്.
വെളിയിലെ മഞ്ഞില്‍പ്പുതഞ്ഞ കാഴ്ച്ചകൾ ഓരോ നിമിഷവും മെല്ല്ലെമെല്ലെ തെന്നിനീങ്ങിക്കൊണ്ടിരുന്നു. ആല്‍പ്പ്സ് പർവ്വതനിരകൾക്കിടയിലൂടെ മഞ്ഞാണോ മേഘമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം പരന്നുകിടക്കുന്ന വെളുപ്പുനിറം.
റസ്റ്റോറന്റിന്റെ ചില്ലുകൾക്ക് താഴെ ഓരോ പർവ്വതശിഖരത്തിന്റേയും പേരുകളും ഉയരവും എഴുതിവെച്ചിട്ടുണ്ട്. Mittaghorn (3895 m), Jungfrau(3571 m) മുതലായ പ്രമുഖ കൊടുമുടികളുടേയും ദൃശ്യം മറച്ചുക്കൊണ്ട് മേഘങ്ങൾ കറങ്ങിനടക്കുകയാണ്.


48 മിനിറ്റ് കടന്ന് പോയതറിഞ്ഞില്ല. റസ്റ്റോറന്റ് ഒരു കറക്കം പൂർത്തിയാക്കിയത് വളരെപ്പെട്ടെന്നാണെന്ന് തോന്നി. കുറച്ചുനേരം കൂടെ മാത്രമേ ഇനി അവിടെയിരിക്കാൻ സാധിക്കുകയുള്ളൂ. താഴേക്ക് പോകുന്ന അവസാനത്തെ കേബിൾ കാറിന്റെ സമയമായിത്തുടങ്ങിയിരുന്നു. ആ കേബിൾ കാർ മിസ്സായാൽ തണുപ്പ് വിറച്ച് ഈ മലമുകളിലെ റസ്റ്റോറന്റിനകത്ത് ഒരു രാത്രി കഴിച്ചുട്ടേണ്ടിവരും എന്ന ചിന്ത അസ്ഥാനത്താണ്. റസ്റ്റോറന്റിലെ ജീവനക്കാരടക്കം എല്ലാവരും അവസാനത്തെ കേബിളിലാണ് മടങ്ങുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ആരെങ്കിലും അവിടെ പെട്ടുപോകാതെ കേബിളിനകത്ത് പിടിച്ചുകയറ്റി താഴെയെത്തിക്കുന്ന ജോലി സംഘാടകർ കൃത്യമായി നിർവ്വഹിച്ചിരിക്കും.

മനസ്സില്ലാമനസ്സോടെ റസ്റ്റോറന്റിൽ നിന്നിറങ്ങി കേബിൾ സ്റ്റേഷനിലെത്തി. റസ്റ്റോറന്റ് അടച്ച് പൂട്ടി അവിടത്തെ ജീവനക്കാരും എത്തിയതോടെ മടക്കയാത്ര തുടങ്ങുകയായി. കേബിൾ താഴേക്ക് നീങ്ങിത്തുടങ്ങിയപ്പോൾ ഒന്നുകൂടെ മുകളിലേക്ക് നോക്കി. ജീവിതത്തിൽ ഇനിയൊരിക്കലും ഒരു ചായ കുടിക്കാൻ വേണ്ടി ഇതുപോലൊരു റസ്റ്റോറന്റിലേക്ക് പോകാൻ പറ്റിയെന്ന് വരില്ലല്ലോ ?!

ഷിൽത്തോൺ കൊടുമുടി പർവ്വതാരോഹകർക്ക് പണ്ടുമുതലേ വളരെ ഇഷ്ടമുള്ള ഒരു ലക്ഷ്യമായിരുന്നെങ്കിലും സാധാരണജനങ്ങൾക്ക് അങ്ങോട്ടുള്ള മാർഗ്ഗം എളുപ്പമാക്കിയതിനുപുറകിൽ വർഷങ്ങൾ നീണ്ടുനിന്ന പ്രയത്നത്തിന്റെ കഥയാണുള്ളത്. 19 ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇങ്ങോട്ടേയ്ക്ക് ഒരു തീവണ്ടിപ്പാത ഉണ്ടാക്കുവാൻ വേണ്ടിയുള്ള പദ്ധതികൾ ചർച്ചയിലുണ്ടായിരുന്നു.

പക്ഷെ, ഗിരിശൃംഗങ്ങളുടെ ഭൂമിശാസ്ത്രപരമായിട്ടുള്ള ദുഷ്ക്കരമായ കിടപ്പ് ആ പദ്ധതികളെയൊക്കെ തകിടം മറിക്കുകയാണുണ്ടായത്. 1960 ന്റെ തുടക്കത്തിൽ കേബിൾ കാർ സാങ്കേതികവിദ്യയുടെ പുരോഗതിയാണ് ഈ ദൗത്യത്തിന്റെ സാക്ഷാൽക്കാരത്തിന് തുണയായത്. അതിന് ചുക്കാൻ പിടിച്ചത് എംസ്റ്റ് ഫ്യൂസ് (Emst Feuz)കഠിനാദ്ധ്വാനിയായ മുറേ നിവാസിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ്.

1967ൽ പൊതുജനത്തിന് ഷിൽത്തോണിലേക്കുള്ള യാത്ര ഒരു സ്വപ്നമല്ലാതായി മാറി. പക്ഷെ, ലോകത്തിലെ തന്നെ എറ്റവും നീളമുള്ള, കൃത്യമായിപ്പറഞ്ഞാൽ 7000 മീറ്ററിൽ അധികം ദൂരവും അരമണിക്കൂറിലധികം സമയവുമെടുക്കുന്ന ഈ കേബിൾ യാത്രകൊണ്ടുമാത്രം എംസ്റ്റ് ഫ്യൂസിന്റെ മോഹങ്ങൾ അവസാനിച്ചിട്ടില്ലായിരുന്നു. വെറുമൊരു കേബിൾ യാത്ര എന്നതിലുപരി സഞ്ചാരികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന വ്യത്യസ്തതയുള്ള മറ്റെന്തെങ്കിലും കൂടെ ആ യാത്രയുടെ അവസാനത്തിൽ സമ്മാനിക്കണമെന്നുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് പിസ്സ് ഗ്ലോറിയ എന്ന ലോകത്തിലെ ആദ്യത്തെ റിവോൾവിങ്ങ് റെസ്റ്റോറന്റ്. 1961 ൽ ലൈസൻസ് കിട്ടിയ ഈ പ്രോജക്ടിന്റെ ജോലികൾ ആരംഭിച്ചത് 1963ലാണ്. പലഘട്ടങ്ങളിലായി 1967ലാണ് ഇതിന്റെ മുഴുവൻ ജോലികളും തീർന്നതെങ്കിലും 1969 ലാണ് റസ്റ്റോറന്റ് പൊതുജനത്തിനായി തുടന്നുകൊടുത്തത്. എന്നിരുന്നാലും, 1968ൽ ത്തന്നെ ‘ഓൺ ഹേർ മെജസ്റ്റീസ് സീക്രട്ട് സർവ്വീസ് ‘ എന്ന ജയിംസ് ബോണ്ട് ചിത്രം ഇവിടെ ചിത്രീകരിച്ചുകഴിഞ്ഞിരുന്നു.

ഇത്രയും മനോഹരമായ ഒരു കേബിൾ യാത്ര സമ്മാനിച്ചതിന് എംസ്റ്റ് ഫ്യൂസിനോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും നന്ദി പറയാതെ വയ്യ.
കേബിൾ താഴേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. പൈൻ മരങ്ങൾ വീണ്ടും പ്രത്യക്ഷമായിത്തുടങ്ങി. അതിനിടയിൽ മഞ്ഞിന്റെ മേൽക്കൂരയുള്ള ചില വീടുകളുമൊക്കെ കാണാം. ആരായിരിക്കും അവിടൊക്കെ ഈ കൊടുംതണുപ്പത്ത് ജീവിക്കുന്നത് ?
മഞ്ഞിനിടയിലെ പച്ചപ്പിൽ മേയുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾ താഴ്വരയിൽ കാണാറായിത്തുടങ്ങിയപ്പോഴേക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും നീളമുള്ള ആ കേബിൾ യാത്ര അവസാനിക്കുകയായിരുന്നു.
വീണ്ടും 15 മിനിറ്റ് മുറേ തീവണ്ടി സ്റ്റേഷനിലേക്ക് നടത്തം. അവിടന്ന് മഞ്ഞിൻപാ‍ളത്തിലൂടെ അവസാനത്തെ കേബിൾ സ്റ്റേഷനിൽ എത്തിയപ്പോ‍ഴേക്കും ഇരുട്ടുവീണുതുടങ്ങിയിരുന്നു. താഴെ വിജനമായ ലോട്ടർബ്രൺ സ്റ്റേഷനിലെ വിളക്കുകളൊക്കെ തെളിഞ്ഞിട്ടുണ്ട്. തീവണ്ടിയിൽക്കയറി ഇന്റർലേക്കൺ ഓസ്റ്റിൽ എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളിയും കേട്ടുതുടങ്ങി. ഉച്ചയ്ക്ക് വഴിയരുകിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണം, തീവണ്ടിയിൽ ഇരുന്ന് തന്നെ അകത്താക്കിയപ്പോൾ, രാത്രി ഭക്ഷണം കാര്യമായിട്ട് തന്നെയാക്കാമെന്നാണ് പദ്ധതിയിട്ടിരുന്നത്.

ബേർണർ‌ഹോഫ് ഹോട്ടലിന്റെ കീഴെതന്നെയുള്ള ബെബീസ് റസ്റ്റോറന്റിലെ ദീപാലങ്കാരങ്ങൾ അങ്ങോട്ടാകർഷിച്ചു. ചേരയെത്തിന്നുന്നിടത്ത് ചെന്നാൽ അതിന്റെ നടുക്കഷണം തന്നെ തിന്നണമെന്നാണല്ലോ ? സ്വിസ്സ് ഭക്ഷണം എന്തെങ്കിലും തന്നെ പരീക്ഷിച്ചുനോക്കുന്നതിന്റെ ഭാഗമായി ‘ചീസ് ഫോ‍ൺ‌ഡു’(Cheese Fondue) ഓർഡർ ചെയ്തു. അത് വായിൽ വെക്കാൻ കൊള്ളാത്ത വല്ലതുമാണെങ്കിൽ വിശന്ന് ചാകാതിരിക്കാനായി ഒരു പിസ്സയും പറഞ്ഞു. അതിനൊപ്പം റസ്റ്റോറന്റ് വക ഒരു ബൗൾ നിറയെ സാലഡ് സൗജന്യമായി കിട്ടിയപ്പോൾ ഡിന്നർ കുശാലായി.

വിവിധതരം ചീസുകൾ മിക്സ് ചെയ്ത് ഉണ്ടാക്കിയിട്ടുള്ള കുഴമ്പിനേക്കാൾ കട്ടിയുള്ള ചീസ് ഫോൺ‌ഡുവിൽ ബ്രെഡിന്റെ കഷ്ണങ്ങൾ അല്ലെങ്കിൽ അതുപോലെന്തെങ്കിലും മുക്കിത്തിന്നുന്നതാണ് സമ്പ്രദായം. ഒന്നാന്തരം സ്വാദായിരുന്നെങ്കിലും അവസാനമായപ്പോഴേക്കും ചീസിന്റെ മട്ടിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഭക്ഷണവും, പാത്രങ്ങളും ചീസ് ഫോൺ‌ഡു ചൂടാക്കാനുള്ള സ്പിരിട്ട് ലാമ്പുമൊക്കെ മേശപ്പുറത്ത് നിരത്തിയത് റസ്റ്റോറന്റ് ഉടമയുടെ മകനായ 12 വയസ്സ് തോന്നിക്കുന്ന ഒരു മിടുക്കനാണ്. ബാലവേലയാകാൻ സാദ്ധ്യതയില്ല. ഇടയ്ക്കിടയ്ക്ക് കൗണ്ടറിനരുകിലിരുന്ന് ഒരു ഈവനിങ്ങ് ഡ്രിങ്ക് അകത്താക്കിക്കൊണ്ടിരിക്കുന്ന പിതാശ്രീയുടെ അടുത്ത് ചെന്ന് കുശലം പറയുന്നുണ്ട് അവൻ . നടത്തിപ്പുകാർ വിയറ്റ്നാം രാജ്യക്കാരാ‍യിരുന്നെങ്കിലും റസ്റ്റോറന്റിന്റെ ഉൾഭാഗമൊക്കെ സിസ്സ് രീതിയിൽത്തന്നെയാണ് അലങ്കരിച്ചിരുന്നത്.

ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല ഉന്മേഷം തോന്നി. രാവിലെ 4 മണിക്ക് യു.കെ.യിൽ നിന്ന് തുടങ്ങിയ യാത്രയാണെങ്കിലും വലിയ ക്ഷീണമൊന്നും തോന്നിയില്ല. കടകൾ മിക്കവയും അടഞ്ഞുകഴിഞ്ഞിരുന്നെങ്കിലും രാത്രിവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന തെരുവിലൂടെയുള്ള ഒരു നെടുനീളൻ നടത്തത്തിനുശേഷം മാത്രമാണ് മുറിയിലേക്ക് മടങ്ങിയത്.

അത്താഴമുണ്ടാൽ അരക്കാതം നടക്കണം,
മുത്താഴമുണ്ടാൽ മുരിക്കിലും ശയിക്കണം. എന്നാണല്ലോ ?

——തുടരും——–

മൂന്നാം ഭാഗം ഇവിടെ വായിക്കാം.

Comments

comments

22 thoughts on “ സ്വിസ്സർലാൻഡ് (2) – ഷിൽത്തോൺ

 1. ഓ, ഞാന്‍ തന്നെ നാട മുറിച്ചേക്കാം.

  നല്ല ക്ഷീണം. ഇപ്പോ സ്വിറ്റ്സ്സര്‍ലാന്‍റില്‍ ഒന്നു പോയി വന്നതേ ഒള്ളൂ. ഞാന്‍ ഒന്നു ശയിക്കട്ടെ.

 2. കിടിലൻ വിവരണം…

  നീളമേറിയ ആ കേബിൾ യാത്രയിൽ കൂടെ വന്ന പ്രതീതി. മേഘങ്ങളിലൂടെ ഊളിയിട്ട് കൊണ്ട് തണുത്ത് മരവിച്ച ആ യാത്ര ഞാനും ആസ്വദിച്ചു.നന്ദി നിരൻ.

  പിന്നെ, ശ്രീമതിയും നല്ലൊരു ഫോട്ടൊഗ്രാഫർ ആണല്ലേ.. നിരന്റെ കോലം ഇത്ര ഭംഗിയിൽ കാമറയിലാക്കാൻ കഴിവ്‌ വേണം..:)

 3. മനോജേട്ടാ …
  രണ്ടാം ഭാഗവും ഉഗ്രന്‍ തന്നെ..
  ഇതും പതിവുപോലെ തന്നെ ഇഷ്ടമായി.
  പിന്നെ ഒരു ചെറിയ സംശയം..
  “1969 ലാണ് റസ്റ്റോറന്റ് പൊതുജനത്തിനായി തുടന്നുകൊടുത്തത്. എന്നിരുന്നാലും, 1989ൽ ത്തന്നെ ‘ഓൺ ഹേർ മെജസ്റ്റീസ് സീക്രട്ട് സർവ്വീസ് ‘ എന്ന ജയിംസ് ബോണ്ട് ചിത്രം ഇവിടെ ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. “
  ഈ വരിയിലെ വര്‍ഷങ്ങള്‍ ശരിയാണൊ ?
  ശരിയാണെങ്കില്‍ പൊതുജനത്തിനായി തുറന്നു കൊടുത്തു ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം സിനിമ ഷൂട്ട് ചെയ്തതില്‍ പ്രത്യേകത ഒന്നും ഇല്ലല്ലോ ?
  അപ്പോള്‍ ആ വരിയിലെ ” എന്നിരുന്നാലും ” എന്ന വാക്ക് ഒഴിവാക്കാം എന്ന് തോന്നുന്നു.

  സ്നേഹത്തോടെ..

 4. ചാക്കോച്ചീ…

  വളരെ വളരെ നന്ദി ആ ഭീമൻ അബദ്ധം കണ്ടുപിടിച്ചതിന്. 1968 എന്നതാണ് ശരിയായ കൊല്ലം. മനസ്സിരുത്തി വായിച്ചതിനും ഈ വിവരം ഉടനെ തന്നെ അറിയിച്ചതിനും പ്രത്യേകം നന്ദി ചാക്കോച്ചീ. ഞാനിപ്പോൾ തന്നെ അത് തിരുത്തി 1968 എന്നാക്കുന്നുണ്ട്. ആ ഒരു തിരുത്തലോടെ എല്ലാം ക്ലിയറാകുമെന്ന് കരുതുന്നു.

  സാധാരണയായി പൊറാടത്താണ് ഇത്തരം അബദ്ധങ്ങളിൽ നിന്ന് എന്നെ രക്ഷിക്കാറ് പതിവ്. ഇപ്രാവശ്യം പൊറാടത്തിന്റെ കണ്ണിലും ഇത് പെട്ടില്ലെന്ന് തോന്നുന്നു.

  പെരുത്ത് നന്ദി ചാക്കോച്ചീ.

 5. പോരട്ടെ അടുത്ത ഭാഗം…
  എനിക്കു കൂടുതല്‍ ഇഷ്ടമായത് ഇടക്കിടെ ആ മേഘങ്ങളെ പലരീതിയില്‍ വിവരിച്ചതാണ്..ആ കാറിലും,മലമുകളിലും ഇരുന്ന് ,പാറിപ്പരന്നുപോകുന്ന അവയെ തൊട്ടതുപോലെ ഒരു ഫീല്‍..
  ആ ചായേം,ഫ്രഞ്ച് ഫ്രൈസും..:-(
  ആ ഇരുപത്തൊന്നാം പോട്ടത്തില്‍ ഇരിക്കുന്നത് മുഴങ്ങോടിക്കാരിയാണോ?

 6. യാത്രാവിവരണം നന്നായി.അല്പം നീളം കൂടിയോ ന്ന് ഒരു തോന്നൽ മൂലം ഇപ്പോൾ വായിക്കണോ പിന്നെ വായിക്കണോ എന്ന സംശയത്തിൽ അല്പ നേരം ഇരുന്നു.എന്തെങ്കിലും ആകട്ടെ എന്നു കരുതി മുഴുവൻ വായിച്ചു.എനിക്ക് ആ ചീസ് ഫോണ്ഡു വല്ലാതങ്ങിഷ്ടപ്പെട്ടു.ട്ടോ.എന്തോ വീട്ടിലാർക്കും ചീസ് ഇഷ്ടമില്ല.പക്ഷേ ചീസ്സ് ന്നു കേട്ടാൽ എനിക്കു പ്രാന്താ
  നല്ല പോസ്റ്റ് നിരക്ഷരൻ ജീ

 7. ഇപ്പൊഴാ വായിച്ചത്.
  ഇത്രയും മനോഹരമായ ഒരു കേബിൾ യാത്ര സമ്മാനിച്ചതിന് നന്ദി.

 8. നിരക്ഷരന്‍ ജി നന്നായിട്ടുണ്ട് കേട്ടോ ….
  തുടരും അല്ലെ അടുത്തതിനായി കാത്തിരിക്കുന്നു ……
  ഇനി എങ്ങോട്ടാ പോകുന്നെ ?

 9. സ്ഥലങ്ങള്‍ ഉഗ്രന്‍. വിവരണം അതിലും ഉഗ്രന്‍‍.
  ആ റെസ്റ്റൊറന്റിനെന്താണാവോ പിസ്സ് ഗ്ലോറിയ എന്ന് പേരിട്ടത്? :-)

 10. മനോജേട്ടാ ഇത്തവണയും കൂടെ യാത്രചെയ്ത ഒരു പ്രതീതി. വളരെ മനോഹരം. യാത്രയ്ക്കിടയിലും എന്നെ ഏറെ ചിരിപ്പിച്ചത് ഈ വരികളാണ് “നല്ലപാതിയുടെ അവസ്ഥ നേരേ മറിച്ചാണ്. അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. എന്റെ അന്നേരത്തെ കഷായം കുടിച്ചതുപോലുള്ള മുഖഭാവം ശരിക്കും ആസ്വദിച്ച് മുഴങ്ങോടിക്കാരി ചിരിക്കാൻ തുടങ്ങിയതോടെ, മാനം കെടാതിരിക്കാനായി ഞാൻ കുറച്ച് ധൈര്യമൊക്കെ മുഖത്ത് വരുത്താനുള്ള വിഫലശ്രമമൊക്കെ നടത്തി.“

  പിന്നെ ഒരു ആശങ്കയും. ഈ കേബിൾ കാറിന് എന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ മുകളിൽ കുടുങ്ങുന്നവരെ താഴെ എത്തിക്കാൻ വേറെ എന്തെങ്കിലും സംവിധാനം ഉണ്ടോ? ഒരു ആകാംഷകൊണ്ടു ചോദിച്ചതാണ്.

  യാത്രയുടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

 11. @ ബിന്ദു ഉണ്ണി – റിവോൾവിങ്ങ് റസ്റ്റോറന്റിന് പിസ്സ് ഗ്ലോറിയ എന്ന പേരുവരാനുള്ള കാരണം എന്താണെന്നറിയില്ല. അതെന്തെങ്കിലും പ്രത്യേകതയുള്ള പേരാണോ ? ഞാനത് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചില്ല. ക്ഷമിക്കണം.

  @ മണികണ്ഠൻ – കേബിൾ കാറിന് പോകാന്ന് 2 കേബിളുകൾ ഉണ്ട്. ഒന്നിലൂടെ താഴേക്കും മറ്റേതിലൂടെ മുകളിലേക്കും കാറുകൾ പോകാൻ സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായി ഒരു കാറ് നിന്നുപോയാൽ മറ്റേ വശത്തുകൂടെ ഒരു കാറ് കൊണ്ടുവന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്നാണ് യാത്രയ്ക്കിടയിൽ തോന്നിയത്. ആധികാരികമായിട്ട് പറയുന്നതല്ല ഇത്.

  ഷിൽത്തോൺ യാത്രയിൽ കൂടിയ എല്ലാവർക്കും നന്ദി.

  @ പിരിക്കുട്ടി – അടുത്ത യാത്ര യൂറോപ്പിലെ തന്നെ എറ്റവും ഉയരമുള്ള പർവ്വതത്തിലേക്കാണ്. പക്ഷെ അതൊരു കേബിൾ യാത്രയല്ല.അതൊരു സസ്പെൻസ് ആയി നിൽക്കട്ടെ. തണുപ്പ് ഇതിലും അധികമാണെന്ന് മാത്രം മുന്നറിയിപ്പ് തരുന്നു. എല്ലാവരും ആവശ്യത്തിന് ജാക്കറ്റുകളും രോമക്കുപ്പായങ്ങളുമൊക്കെയിട്ട് തയ്യാറെടുത്ത് ഇരുന്നോളൂ.

 12. ഒന്നിച്ച് വായിക്കുമ്പോഴേ
  ഒരു സദ്യ ഉണ്ട പ്രതീതി കിട്ടു
  ഇച്ചിരി ഇച്ചിരി വായിക്കുന്നത്
  സാന്വിച്ച് തിന്നും പോലാണേ..
  ഇതിപ്പോ ഏതാണ്ട് ശരിയായി!
  സചിത്ര ലേഖനം ഉഗ്രന്‍!ഉയരത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ പേടി എനിക്ക് മാത്രമാണെന്ന് ഞാന്‍ കരുതി സി എന്‍ ടവ്വറിന്റെ മുകളിലെ ഗ്ലാസ്സ് ഫ്ലോ‍ാറില്‍ കയറിയിട്ട് പേടിച്ചു വിറച്ചു അന്ന് എല്ലാവരും എന്നെ കളീയക്കി, ഇപ്പോള്‍ ഒരാശ്വാസം :) ഉയരങ്ങളോട് ഭയം എനിക്ക് മാത്രമല്ലല്ലോന്ന് !!

  നീരൂ വായിച്ചപ്പോള്‍ എനിക്ക് തണുപ്പ് ഇത്തിരി കൂടി കൂടുതലായി..

  ഉഗ്രന്‍ വിവരണം !
  സഞ്ചാരീ പ്രണാമം

  ഈശ്വരന്റെ അദൃശ്യമായാ കൈ
  എന്നും തുണയാവട്ടെ, യാത്രകള്‍ തുടരൂ ..
  സ്നേഹാശംസകളോടേ പ്രാര്‍ത്ഥനയോടെ മാണിക്യം

 13. കണ്ടു വന്ന പ്രതീതി.ഇവിയന്‍ വെള്ളം സ്വിസ്സ് ആല്പ്സ്സില്‍ നിന്നാണ് എടുക്കുന്നതെന്നു അവര്‍ പറയുന്നു.കുടിക്കാന്‍ നല്ല രസമാണ്.പക്ഷെ കാശു കൊടുക്കുമ്പോള്‍ പിന്നെയും ദാഹം വരും.
  പുതിയ യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

 14. ഇതുപോലെ മഞ്ഞുമൂടിയ താഴ്വരകളിലൂടെ സഞ്ചരിക്കാന്‍ എന്തു രസമായിരുന്നിരിക്കണം…..

 15. വെരി ഇന്റസ്റ്റിങ്ങ്. എനിക്കും ഇങ്ങനെ എഴുതാന്‍ കഴിഞ്ഞെങ്കില്‍?
  യൂറോപ്പില്‍ ഞാ‍ന്‍ പോകാത്ത ഇടങ്ങളില്ല.
  മകന്റെ കല്യാണം കഴിഞ്ഞാല്‍ ഞാനും ബീനാമ്മയും പ്രവാസി ലോകത്തിലേക്ക് വീണ്ടും.
  ഇനിയുള്ള കാഴ്ചകളെല്ലാം ബ്ലോഗില്‍ നിറക്കാം.

  ഞാന്‍ താങ്കളുടെ യാത്രാവിവരണങ്ങള്‍ വായിക്കാന്‍ തുടങ്ങിയതേ ഉള്ളൂ……

  ആശംസകള്‍

  തൃശ്ശൂര്‍ പൂരത്തിന് ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>