കോപ്പിയടിച്ച് വരുമാനമുണ്ടാക്കുന്നവരുടെ കാലം


സോമനടി അഥവാ കോപ്പിയടി കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകയും സുഹൃത്തുമായ ശ്രീമതി സുനിത ദേവദാസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഈ വിഷയത്തെപ്പറ്റി വീണ്ടും എഴുതാൻ കാരണം.

555
                            സുനിതയുടെ ലേഖനം മനോരമയിൽ

ഭൂമിയിലെ സ്ത്രീകളുടെ നരകം അടുക്കളയാണെന്ന് സമർത്ഥിക്കുന്ന, സുനിതയുടെ ഒരു ലേഖനം ഫേസ്ബുക്കിൽ നിന്ന് വാട്ട്സ് ആപ്പിലേക്ക് കടന്ന് മീര എന്ന മറ്റൊരു വ്യക്തിയുടെ അക്കൌണ്ടിലൂടെ പ്രചരിച്ച് വനിതയുടേയും മനോരമയുടേയും ഓൺലൈൻ ഇടങ്ങളിൽ മീരയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിടത്ത് നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പരാതിയും ഒച്ചപ്പാടുമൊക്കെ ആയപ്പോൾ മനോരമ ഓൺലൈനിൽ നിന്ന് പോസ്റ്റ് പിൻ‌വലിച്ചു. കാര്യങ്ങളൊക്കെ വിശദമായി സുനിതയുടെ ഈ പോസ്റ്റിൽ പറയുന്നുണ്ട്.

അതേപ്പറ്റി കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപ് ഓൺലൈൻ കോപ്പിയടികളുടെ എനിക്കറിയുന്ന അൽ‌പ്പം ചരിത്രം കൂടെ പറയട്ടെ.

ഓൺലൈൻ എഴുത്തിടങ്ങളിൽ ബ്ലോഗിന്റെ വസന്തകാലം മുതൽക്ക് എഴുത്തുകാർ നേരിട്ടിരുന്ന പ്രശ്നമാണിത്. അക്കാലത്ത് ഒരു ബ്ലോഗിൽ നിന്ന് മറ്റൊരു ബ്ലോഗിലേക്കുള്ള അല്ലെങ്കിൽ മറ്റൊരു വെബ്ബ് പോർട്ടലിലേക്കുള്ള കോപ്പിയടി മാത്രമായി അത് ഒതുങ്ങിയിരുന്നു. അത്തരം ഒരു കോപ്പിയടി കണ്ടാലുടനെ എല്ലാ ഓൺലൈൻ എഴുത്തുകാരും സംഘടിച്ച് കോപ്പിയടിക്കാരന്റെ മുറ്റത്ത് ചെന്ന് തെളിവുകളടക്കം നിരത്തി ഒച്ചപ്പാടും ബഹളവുമൊക്കെ ഉണ്ടാക്കുകയും, അത് സഹിക്കാൻ പറ്റാതെ കോപ്പിയടിച്ചയാൾ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് പോകുകയുമായിരുന്നു പതിവ്. കേരൾ ഡോട്ട് കോം പോലെ ചുരുക്കം ചില പോർട്ടലുകാർ മാത്രമാണ് കൂട്ടത്തോടെ കോപ്പിയടിച്ച് പോർട്ടലിൽ ഇട്ട് പണം സമ്പാദിച്ചിട്ടുണ്ടാകുക. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ കോപ്പിയടിച്ച ചെറിയ കേസുകളൊന്നും പണം സമ്പാദിക്കുന്ന നിലയിലേക്ക് വളർന്നെന്ന് കരുതാൻ വയ്യ. പോകപ്പോകെ അത്തരം കോപ്പിയടികൾ കുറഞ്ഞുകുറഞ്ഞ് വരുകയും ബ്ലോഗുകൾ തന്നെ ശുഷ്ക്കിക്കുകയും ചെയ്തു.

അത്തരം ഒരു ബ്ലോഗ് കോപ്പിയടിയിൽ ശക്തമായി പ്രതികരിച്ചതിന് ഭീഷണിയും കൊട്ടേഷനുമടക്കം എല്ലാത്തരത്തിലുമുള്ള മോശം അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അന്ന് കൈപ്പറ്റിയ ഭീഷണിക്കത്തുകൾ, ഒരു സൈബർ കേസ് കൊടുക്കാൻ ആവശ്യമുള്ളതിലധികം ഇപ്പോഴും എന്റെ മെയിൽ ബോക്സിൽ വിശ്രമിക്കുന്നുമുണ്ട്.

ബ്ലോഗുകൾ ക്ഷയിച്ചെങ്കിലും ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിൽ ഓൺലൈൻ എഴുത്തുകാർ വീണ്ടും സജീവമായി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോപ്പിയടി പ്രശ്നങ്ങൾ വളരെക്കൂടുതലായി കേൾക്കാനും തുടങ്ങി. അത്തരം കോപ്പിയടികളിൽ ഏറ്റവും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തി ഈയുള്ളവൻ തന്നെയാണ്. കോപ്പിയടിച്ചവർ അതിൽ നിന്ന് പണമുണ്ടാക്കുന്നു എന്നതാണ് പുതിയ കോപ്പിയടികളുടെ പ്രത്യേകത. സജി തോമസ്, നിരക്ഷരൻ, വിനീത്, സുരേഷ് നെല്ലിക്കോട്, എന്ന് തുടങ്ങി മുഖ്യധാരയിലേക്ക് കടന്ന് സി.രാധാകൃഷ്ണൻ വരെയുള്ള 38ൽ‌പ്പരം എഴുത്തുകാരുടെ പലതരം ലേഖനങ്ങൾ കോപ്പിയടിച്ച യു.കെ.പ്രവാസിയായ കാരൂർ സോമൻ എന്ന സാഹിത്യചോരൻ, അതെല്ലാം ചേർത്തുവച്ച് പ്രമുഖ പ്രസാധകരായ മാതൃഭൂമി, പ്രഭാത് ബുക്ക് ഹൌസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരിലൂടെ അഞ്ചിലധികം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിശദവിവരങ്ങൾ ഈ ലിങ്ക് വഴി പോയാൽ വായിക്കാം.

ചുരുക്കിപ്പറഞ്ഞാൽ കോപ്പിയടിക്കാർ നല്ല വരുമാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചപ്പോൾ, ഇതെല്ലാം എഴുതിയ ഓൺലൈൻ എഴുത്തുകാർ ഇപ്പോഴും അതിൽ നിന്ന് ഒരു മെച്ചവുണ്ടാക്കാത്തവരായി തുടരുന്നു. അല്ലറ ചില്ലറ ഓൺലൈൻ പോർട്ടലുകാരും ഓൺലൈൻ കോപ്പിയടിക്കാരും കൈയ്യാളിയിരുന്ന മോഷ്ടാക്കളുടെ സ്ഥാനം, പ്രമുഖ പ്രസാധകരും പത്രമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നു. ഇതൊരു ചെറിയ കാര്യമായി തള്ളിക്കളയാൻ ആവില്ല.

ഓൺലൈനിലെ എഴുത്തുകാരുടെ വൈറലാകുന്ന ലേഖനങ്ങൾ അവരോട് അനുവാദം പോലും ചോദിക്കാതെ, പ്രമുഖ മാദ്ധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ലേഖനം എഴുതിയ ആളിന്റെ പേര് പോലും മാറിപ്പോകുകയോ തെറ്റിച്ച് പ്രസിദ്ധീകരിക്കുകയോ ഇല്ലാതാകുകയോ ചെയ്യുമ്പോളാണ് ഇത് കോപ്പിയടിയുടെ കണക്കിലേക്കെത്തുന്നത്.

ഇവിടെ സുനിതയുടെ ലേഖനം മീരയുടെ പേരിൽ പ്രത്യക്ഷപ്പെട്ടു. അത് ചോദ്യം ചെയ്തപ്പോൾ ലേഖനം ഡിലീറ്റ് ചെയ്ത് മനോരമ മാന്യത കാണിച്ചെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, അതിനകം ആ ലേഖനത്തിന്റെ പേരിൽ അവരുടെ പോർട്ടലിന് ലഭിച്ച ഹിറ്റുകളും അതിന്റെ പേരിൽ അവർക്കുണ്ടായ പരസ്യവരുമാനവുമൊക്കെ യഥാർത്ഥ ലേഖികയായ സുനിതയ്ക്ക് കിട്ടുന്നതേയില്ല. പരാതിപ്പെട്ടപ്പോൾ, സുനിതയുടെ പേരിലേക്ക് ആ ലേഖനം മാറ്റുന്നതിന് പകരം അത് ഡിലീറ്റ് ചെയ്തു എന്നതും ആശ്ചര്യപ്പെടുത്തുന്നു.

ഇവിടെ ലേഖികയുടെ പേര് മാറുകയും കോപ്പിയടിയുടെ കണക്കിലേക്ക് ഈ വിഷയം വരുകയും ചെയ്തെങ്കിൽ രണ്ടാഴ്ച്ച മുൻപ് എനിക്കുണ്ടായ അനുഭവം അൽ‌പ്പം വ്യത്യസ്തമാണ്.

555

രണ്ട് പൊലീസ് അനുഭവങ്ങൾ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലും ബ്ലോഗിലും ഞാൻ പ്രസിദ്ധീകരിച്ച ലേഖനം അതുപോലെ തന്നെ വനിത, മനോരമ ഓൺലൈനുകളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ലേഖകന്റെ സ്ഥാനത്ത് എന്റെ പേരോടുകൂടെത്തന്നെയാണ് അത് വന്നത് എന്നതിനാൽ അതിനെ കോപ്പിയടിയുടെ കണക്കിൽ കൂട്ടാൻ പറ്റില്ല. പക്ഷെ അവിടെ മറ്റുരണ്ട് നീതിയില്ലായ്മകൾ സംഭവിച്ചിട്ടുണ്ട്.

നീതികേട് 1:- ആ ലേഖനം മനോരമയിലും വനിതയിലും പബ്ലിഷ് ചെയ്തോട്ടേ എന്ന് എന്നോട് മനോരമയോ വനിതയോ അനുവാദം വാങ്ങിയിട്ടില്ല. അതേ സമയം ആ ലേഖനം ന്യൂസ് കേരള ഓൺലൈൻ എന്ന ചെറുകിട പോർട്ടലുകാർ അനുവാദം വാങ്ങി പബ്ലിഷ് ചെയ്യുകയുമുണ്ടായി. അത്തരം ചെറുകിടക്കാർ കാണിക്കുന്ന സാമാന്യമര്യാദ പോലും കാണിക്കാൻ മനോരമയെപ്പോലുള്ള വലിയ സ്ഥാപനങ്ങൾ തയ്യാറാവുന്നില്ല എന്നതാണ് സങ്കടകരം. മാദ്ധ്യമ മര്യാദകൾ എന്നൊരു അദ്ധ്യായം ജേർണലിസം സിലബസ്സുകളിൽ ഒരിടത്തുമില്ലേ ? ഉണ്ടെങ്കിൽ, അതിലൊന്നും ഇങ്ങനെ ചില കാര്യങ്ങൾ പഠിപ്പിക്കുന്നില്ലേ ? ഓൺലൈനിൽ വരുന്ന ഏത് നല്ല ലേഖനവും അനുവാദമൊന്നും വാങ്ങാതെ തങ്ങൾക്ക് എടുത്ത് ഉപയോഗിക്കാമെന്നാണോ പ്രമുഖ മാദ്ധ്യമങ്ങളുടെ വിചാരം ?

നീതികേട് 2:- എന്റെ ആ ലേഖനം മനോരമയിൽ നിന്ന് 880 ൽ‌പ്പരം ആൾക്കാരാണ് ഷെയർ ചെയ്തത്. തന്മൂലം പരോക്ഷമായി അവർക്ക് ലഭ്യമാകുന്ന പരസ്യവരുമാനത്തിന്റെ ഒരു പങ്കുപോലും എഴുത്തുകാരനനായ എനിക്ക് കിട്ടുന്നതേയില്ല. പ്രിന്റ് മാദ്ധ്യമങ്ങളിൽ എഴുതുന്ന വിഖ്യാത എഴുത്തുകാരുടെ കഥ, കവിത, എന്നിങ്ങനെയുള്ള സൃഷ്ടികൾക്കൊക്കെ എന്തെങ്കിലും പ്രതിഫലം നൽകേണ്ടി വരാറില്ലേ ? പ്രിന്റിൽ ചുരുക്കമായിട്ട് പബ്ലിഷ് ചെയ്ത ചില ലേഖനങ്ങളിൽ നിന്ന് ചെറുതായെങ്കിലും വരുമാനം കിട്ടിയിട്ടുള്ളതുകൊണ്ട് അതിന്റെ തോതിനെപ്പറ്റി അൽ‌പ്പസ്വൽ‌പ്പം ധാരണയൊക്കെ എനിക്കുമുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ പ്രമുഖമാദ്ധ്യമങ്ങൾ, ഓൺലൈനിലെ എഴുത്തുകാരുടെ പ്രചാരമുള്ള ലേഖങ്ങൾ സ്വരൂപിച്ച് സ്വന്തം പോർട്ടലുകളിലും പേജുകളിലും പോസ്റ്റ് ചെയ്ത് അതിൽ നിന്ന് വരുമാനമുണ്ടാക്കുന്നു. ഓൺലൈൻ എഴുത്തുകാരൻ തന്റെ ലേഖനം പ്രമുഖ മാദ്ധ്യമത്തിന്റെ പേജിൽ വന്നല്ലോ എന്ന് സന്തോഷിക്കുന്നുണ്ടാകാം, പക്ഷേ ഞാൻ അക്കൂട്ടത്തിൽ സന്തോഷിക്കുന്ന ഒരാളല്ല. എനിക്കത് എന്നെ ചൂഷണം ചെയ്യുന്ന കാര്യമായിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത്.

ആയതിനാൽ, സാഹിത്യ ചോരണങ്ങളും, പ്രചാരം സിദ്ധിച്ച ഓൺലൈൻ ലേഖനങ്ങൾ അനുവാദം കൂടാതെ അവരവർക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പ്രവണതയും കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ, ഓൺലൈനിൽ എഴുത്ത് വളരെ ഗൌരവപൂർവ്വം കൊണ്ടുനടക്കുന്ന എഴുത്തുകാർ സംഘടിതമായി ചില കർശന നിർദ്ദേശങ്ങളും നിബന്ധനകളും മുന്നോട്ട് വെക്കേണ്ട കാലം സമാഗതമായിരിക്കുന്നു. അതിലേക്ക് എനിക്ക് പറയാനുള്ള ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. മറ്റുള്ളവർക്ക് കൂട്ടിച്ചേർക്കാം, അല്ലെങ്കിൽ തിരുത്തലുകൾ നിർദ്ദേശിക്കാം.

നിർദ്ദേശം 1:- ഓൺലൈൻ വായനക്കാർ നല്ലൊരു ലേഖനം കണ്ടാൽ അത് പങ്കുവെക്കുമ്പോൾ എഴുതിയ ആളുടെ പേര് തീർച്ചയായും ലേഖനത്തോടൊപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഫേസ്ബുക്കിൽ നിന്ന് വാട്ട്സ് ആപ്പിലേക്ക് കൊണ്ടുപോകുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കുക. ഈ പോക്കിലാണ് പലപ്പോഴും എഴുതിയ ആളുടെ പേര് അപ്രത്യക്ഷമാകുന്നത്. പല പ്രശ്നങ്ങളുടേയും തുടക്കം ഇവിടെ നിന്നാണ്.

നിർദ്ദേശം 2:- ഓൺലൈനിൽ എഴുതുന്നവർ ലേഖനത്തിന്റെ അടിയിൽ സ്വന്തം പേര് എഴുതിച്ചേർക്കാൻ ശ്രദ്ധിക്കുക. കോപ്പി ചെയ്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നവർ സ്വമേധയാ എഴുത്തുകാരന്റെ/രിയുടെ പേര് ചേർത്തെന്ന് വരില്ല. പേരുണ്ടെങ്കിൽ അത് നീക്കം ചെയ്യാനുള്ള പ്രവണതയാണ് കൂടുതൽ. ഞാൻ അങ്ങനെ ലേഖനത്തിന്റെ അടിയിൽ പേര് ചേർക്കുന്ന ആളല്ല. പക്ഷെ, ഇനി മുതൽ ചെയ്ത് തുടങ്ങുന്നതാണ്.

നിർദ്ദേശം 3:- നല്ലൊരു ലേഖനം കാണുമ്പോൾ അത് സ്വന്തം പത്രത്തിന്റെയോ മാസികയുടേയോ പോർട്ടലിന്റേയോ സ്പേസിലേക്ക് എടുത്തുകൊണ്ട് പോകണമെന്ന് തോന്നുന്നവർ തീർച്ചയായും എഴുതിയ ആളുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങുക. ഇതൊരു മര്യാദയുടെ ഭാഗമായെങ്കിലും കണ്ട് നടപ്പിലാക്കാൻ ശ്രമിക്കുക. പ്രമുഖ മാദ്ധ്യമങ്ങൾ ഇപ്രകാരം ചെയ്യുന്നതിലൂടെ വരുമാനം ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെ ഒരു പങ്ക് എഴുതിയ ആൾക്കും കൊടുക്കാനുള്ള സന്മനസ്സ് കാണിക്കുക. ചുരുങ്ങിയത്, അക്കാര്യം സംസാരിക്കാനുള്ള അവസരമെങ്കിലും തുറന്നിടുക.

നിർദ്ദേശം 4:- എഴുതിയത് ആരാണെന്ന് ലേഖനത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ, അത് കണ്ടെത്താൻ ശ്രമിക്കുക. ഒരു നിലയ്ക്കും പറ്റുന്നില്ലെങ്കിൽ അത് സ്വന്തം ഇടത്തേക്ക് കോപ്പി ചെയ്ത് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുക.

നിർദ്ദേശം 5:- ‘ഓൺലൈനിൽ വരുന്ന ലേഖനങ്ങൾക്ക് കോപ്പിറൈറ്റ് ഇല്ലല്ലോ‘ എന്ന നിലയ്ക്ക് ചില ചോദ്യങ്ങളും അനുഭവങ്ങളും കാരൂർ സോമന്റെ കോപ്പിയടിയുമായി ബന്ധപ്പെട്ട് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത് തികഞ്ഞ അസംബന്ധമാണ്. പൊതുസ്ഥലത്ത് ഉടമസ്ഥൻ ആരെന്നറിയാതെ ഇരിക്കുന്ന എല്ലാ സാധനങ്ങളും നിങ്ങൾക്കെടുത്ത് വീട്ടിൽ കൊണ്ടുപോകാനാകുമോ ? ഇവിടെ ഉടമസ്ഥന്റെ പ്രൊഫൈലിന് അടിയിൽ നിന്നാണ് എടുത്തുകൊണ്ട് പോകുന്നതെന്ന് കൂടെ മനസ്സിലാക്കണം.

നിർദ്ദേശം 6:- ഓൺലൈനിനും പ്രിന്റിനുമൊക്കെ ബാധകമാകുന്ന കോപ്പിറൈറ്റ് നിയമങ്ങൾ എന്തൊക്കെയാണെന്ന് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ എഴുതിയുണ്ടാക്കി പ്രചരിപ്പിക്കാൻ അതുമായി ബന്ധപ്പെട്ട് വിവരമുള്ള നിയമവിദഗ്ദ്ധരുടെ സഹായം തേടുക.

നിർദ്ദേശം 7:- ആവശ്യമെന്ന് കണ്ടാൽ ഓൺലൈൻ എഴുത്തുകാർ ഔദ്യോഗികമായ സംഘടന തന്നെ രൂപീകരിച്ച് ഇത്തരം പ്രവണതകൾക്കെതിരെ പോരാടാനുള്ള ശക്തിയും ഊർജ്ജവും ദ്രവ്യവും സമാഹരിക്കുക.

നിർദ്ദേശം 8:- ഇക്കാര്യങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു അറിയിപ്പ് എഴുതിയുണ്ടാക്കി ഓൺലൈനിൽ പ്രചരിപ്പിക്കുക. ആവശ്യമെന്ന് കണ്ടാൽ ഒരു പത്രസമ്മേളനം തന്നെ നടത്തി ഇക്കാര്യം പ്രമുഖ മാദ്ധ്യമങ്ങളിലേക്കും പ്രമുഖ കോപ്പിയടിക്കാരിലേക്കും എത്തിക്കുക.

നിർദ്ദേശം 9:- ഈ വിഷയത്തിൽ തുറന്ന ചർച്ചയ്ക്കുള്ള അവസരം ഓൺലൈനിൽ ഒരുക്കുന്നതിനേക്കാൾ നന്നായിട്ട് നേരിട്ട് സമ്മേളിച്ച് (ഓഫ്‌ലൈനിൽ) നടത്തുക. ഓൺലൈനിൽ അഭിപ്രായം സ്വരൂപിക്കാൻ പോയാൽ 100 പേർക്ക് 1000 അഭിപ്രായം ഉണ്ടായെന്ന് വരാം. പക്ഷെ കാര്യങ്ങൾ ഓൺലൈനിന് വെളിയിലിറങ്ങി ചെയ്യാൻ ഒരാൾ പോലും ഉണ്ടാകണമെന്നില്ല എന്നതുകൊണ്ടാണ് ഓഫ്‌ലൈൻ ചർച്ചകൾ വേണമെന്ന് നിർദ്ദേശിക്കുന്നത്.

നിർദ്ദേശം 10:- സംഘടിതമായി നേരിടാൻ പറ്റിയാൽ കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നു. നിയമനടപടികൾ സ്വീകരിക്കാനും ഈ സംഘടിത നീക്കത്തിന് കാര്യക്ഷമമായി കഴിഞ്ഞെന്ന് വരാം.

നിർദ്ദേശം 11:- സംഘടിച്ചാലും ഇല്ലെങ്കിലും കോപ്പിയടിക്കപ്പെട്ടെന്ന തോന്നലുണ്ടായാൽ, അതെങ്ങനെ സ്ഥിരീകരിക്കാമെന്നും കണ്ടുപിടിക്കാമെന്നും ഓൺലൈൻ/ഓഫ്‌ലൈൻ ശിൽ‌പ്പശാലകൾ സംഘടിപ്പിക്കുക.

ഇന്നലെ സുനിത കോപ്പിയടിക്കപ്പെട്ടെങ്കിൽ നാളെ നിങ്ങളാവാം. ഓൺലൈനിലും നല്ല ലേഖനങ്ങൾ പിറക്കുന്നിടത്തോളം കാലം ഇത് തുടർന്നുകൊണ്ടേയിരിക്കും. ചെറുത്തുനിൽ‌പ്പിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.

വാൽക്കഷണം:- കോപ്പിയടിച്ച് കോപ്പിയടിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കരിമ്പട്ടികയിൽ സ്ഥാനം പിടിച്ച എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കാരൂർ സോമൻ, ആത്മകഥ എഴുതിത്തുടങ്ങിയെന്ന് കേട്ടു.  അതിൽ എന്നെക്കൂടാതെ എന്റെ വീട്ടുകാർ ആരൊക്കെ ഇടം പിടിക്കുമെന്നാണ് ഇപ്പോളെന്റെ ചിന്ത മുഴുവനും.

- (മനോജ് രവീന്ദ്രൻ നിരക്ഷരൻ)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>