വാർത്ത 1:- അഴിമതിക്കാർക്കും മദ്യപാനികൾക്കും സീറ്റ് നൽകില്ലെന്ന് കോൺഗ്രസ്സ്.
കമന്റ് 2:- അപ്പോൾ, ഈ പ്രാവശ്യം കോൺഗ്രസ്സ് മത്സരിക്കുന്നില്ലേ ?
വാർത്ത 2:- ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നു.
കമന്റ് 2:- റോഡിന്റെ അവസ്ഥ നാൾക്കുനാൾ പരിതാപകരമായി വരുമ്പോൾ സർക്കാരിന് ജനങ്ങളുടെ സുരക്ഷ നോക്കാതെ പറ്റില്ലല്ലോ.
വാർത്ത 3:- അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി.
കമന്റ് 3:- പേപ്പട്ടി പ്രേമികളെ എന്ത് ചെയ്യണമെന്ന് കൂടെ കോടതി നിർദ്ദേശിക്കണം.
വാർത്ത 4:- രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി.
കമന്റ് 4 :- തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ പാർട്ടി നേതാക്കന്മാർ വന്നുകണ്ട് തൊഴുത് നിൽക്കുന്നതിന്റെ സുഖം തീരാൻ പോകുന്നെന്ന് സാരം.
വാർത്ത 5:- ഘർ വാപസി നടത്തി എ.ആർ. റഹ്‌മാൻ തിരിച്ച് വരണമെന്ന് സംഘപരിവാർ.
കമന്റ് 5:- ഇതുവരെയുള്ള പാട്ടുകൾക്ക് സംഗീതം മാറ്റി നൽകി തിരികെ വരണമെന്ന് പറഞ്ഞില്ലല്ലോ ? ഭാഗ്യം.
വാർത്ത 6:- സിറിയൻ അഭയാർത്ഥികളെ ഇടംകാൽ വെച്ച് വീഴ്ത്തുകയും തൊഴിക്കുകയും ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ ജോലി പോയി.
കമന്റ് 6:- ബേജാറാകണ്ട. രാഷ്ട്രീയത്തിൽ നല്ല സാദ്ധ്യതയുണ്ട്.
വാർത്ത 7:- ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന എഴുത്തുകാരുടെ നാക്കരിയുമെന്ന് ശ്രീരാമസേന.
കമന്റ് 7:- പാക്കിസ്ഥാനിലേക്ക് പറഞ്ഞു വിടുന്ന പദ്ധതി നിർത്തലാക്കിയോ ?
വാർത്ത 8:- പെൺകുട്ടികൾ രാത്രി പുറത്തിറങ്ങുന്നത് ഭാരതീയ സംസ്ക്കാരത്തിന് ചേരാത്തതാണെന്ന് കേന്ദ്ര സാംസ്ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ.
കമന്റ് 8:- തിരഞ്ഞെടുപ്പ് രാത്രികാലത്ത് വെച്ചാൽ, ‘ഇങ്ങനൊരു കാര്യം പറഞ്ഞതായി ഓർമ്മയിലേ ഇല്ല‘ എന്ന് ഇതേ മന്ത്രി തന്നെ പറയും.
വാർത്ത 9:- ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഫിൻലാൻഡിൽ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു.
കമന്റ് 9:- ഇന്നാട്ടിൽ, ഒരു കോർപ്പറേഷൻ തലവന്റെ ധൂർത്തെങ്കിലും വെട്ടിക്കുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ !!
വാർത്ത 10:- പുസ്തകം തർജ്ജിമ ചെയ്തവരെ ആ പുസ്തകത്തിന്റെ പ്രകാശനത്തിന് വിളിക്കുന്ന പതിവില്ലെന്ന് തൃശൂർ കറന്റ് ബുക്ക്സ്.
കമന്റ് 10:- സ്വന്തം പ്രസ്സിലടിക്കുന്ന പുസ്തകങ്ങൾ പോലും വായിച്ചു നോക്കാത്തതുകൊണ്ടുള്ള അപചയം മാത്രമാണിത്.
രണ്ടാമത്തെ വാർത്തമാത്രം കാലഹരണപ്പെട്ടു പിൻസീറ്റിൽ ഉള്ളവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ ഇടക്കാലവിധിയ്ക്കെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചതായി ട്രാൻസ്പൊർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഈ ഉത്തരവ് ധൃതിപിടിച്ച് നടപ്പാക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇലക്ഷൻ ഒക്കെ അല്ലെ. പിന്നെ ഒന്നര വർഷം ഭരണത്തിൽ നിന്നും മാറിനിന്നപ്പോഴേ (മാറിനിന്നു എന്ന് പറയാൻ പോലും പറ്റില്ല. ലോക്സഭയിൽ 10% പോലും സീറ്റില്ലാത്ത അവസ്ഥ, പഴയ ഫിനാൻസിയർമാരൊക്കെ കൈവെടിഞ്ഞു എന്ന് തോന്നുന്നു) പാർട്ടിയ്ക്ക് പ്രവർത്തനമൂലധനം ഇല്ലെന്നും എം പി മാരും മറ്റും ഒരുമാസത്തെ ശംബളം (ഒരു മാസത്തെ വരുമാനം ചോദിച്ചിട്ടില്ല, ഭാഗ്യം) പാർട്ടിയ്ക്ക് സംഭാവനനൽകണം പാർട്ടി ട്രഷറർ അഭ്യർത്ഥിച്ചതായി കഴിഞ്ഞ ആഴ്ച വാർത്തയുണ്ടായിരുന്നു. അപ്പോൾ ഇലക്ഷനായാലും ഹൈക്കമാന്റിൽ നിന്നും വലിയ സാമ്പത്തികസഹായം പ്രതീക്ഷിക്കേണ്ട. ഹെൽമെറ്റില്ലെന്നും പറഞ്ഞ് നാട്ടുകാരെ പോലീസ് പിഴിഞ്ഞാൽ പാർട്ടി ഫണ്ടിലേയ്ക്ക് ഒന്നും കിട്ടില്ല. ബാറുകാരുടെ അടുത്ത് പോകുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അങ്ങോട്ട് എന്തെങ്കിലും കൊടുക്കേണ്ടി വരും. പിന്നുള്ളത് പാറമട മാഫിയ ആണ്. അവരും ആഴ്ചകളായി സമരത്തിലാണ്. വിട്ടുവീഴ്ച ചെയ്യാൻ ഹൈക്കോടതി സമ്മതിക്കുന്നില്ല. പിന്നെ ആകെ ആശ്വാസം പൊതുജനം തന്നെ. അപ്പോൾ വെറുപ്പിക്കേണ്ടെന്ന് തീരുമാനിച്ചുകാണും.