35 വർഷങ്ങൾക്ക് മുൻപ് അതായത് 1989 ഡിസംബറിൽ ആണ്, ഞാൻ ആദ്യമായി താജ്മഹൽ സന്ദർശിച്ചതെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ. കോളേജിൽ നിന്നുള്ള അവസാന വർഷ സ്റ്റഡി ടൂറിന്റെ ഭാഗമായാണ് അങ്ങനെ ഒരു യാത്ര ഒത്തുവന്നത്.
അന്നത്തെ താജ്മഹലിനും ഇന്നത്തെ താജ്മഹലിനും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ അവിടത്തെ സംവിധാനങ്ങൾക്ക് തീർച്ചയായും മാറ്റം വന്നിട്ടുണ്ട്.
അന്ന് ഒരൊറ്റ ടിക്കറ്റിൽ താജ്മഹലിന്റെ അകത്തും പുറത്തും പരിസരങ്ങളിലും എല്ലാം കയറിയിറങ്ങാൻ പറ്റുമായിരുന്നു. ഇന്ന് 50 രൂപ ടിക്കറ്റ് എടുത്താൽ പുറംവശത്ത് മാത്രം കറങ്ങാം.
താജിന്റെ വെണ്ണക്കല്ലുകൾക്ക് മുകളിലേക്ക് കാലെടുത്ത് കുത്തണമെങ്കിൽ 250 രൂപയുടെ ടിക്കറ്റ് വേണം. അന്ന് കാര്യമായ സുരക്ഷാ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് പുരുഷന്മാർക്ക് ഒരു തോൾസഞ്ചി പോലും കൊണ്ടുപോകാൻ പറ്റില്ല. സ്ത്രീകൾക്ക് ആകാം.
ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് എപ്പോഴും പ്രതിഷേധമുള്ള ഒരു വിഷയമാണ് ഇത്. സൂപ്പർ മാർക്കറ്റിൽ നിന്ന് തുടങ്ങി താജ്മഹലിൽ വരെ സ്ത്രീകൾക്ക് ബാഗുകൾ കൊണ്ടുപോകാമെങ്കിൽ എന്തുകൊണ്ട് പുരുഷന്മാർക്ക് ആയിക്കൂടാ. ലിംഗ സമത്വത്തിനായി മുറവിളി കൂട്ടുമ്പോൾ ഈയൊരു കാര്യം കൂടെ എല്ലാവരും പരിഗണിക്കണമെന്ന് അപേക്ഷയുണ്ട്.
20 രൂപയുടെ ലോക്കർ സംവിധാനത്തിൽ ബാഗ് പൂട്ടിവെച്ച്, ഓൺലൈനിൽ ടിക്കറ്റ് എടുത്ത് ടാജിന്റെ പടിഞ്ഞാറേ കവാടം വഴി അകത്ത് കടന്നു.
മുൻപ് കണ്ടിട്ടുണ്ടെങ്കിലും വീണ്ടും അതിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ, കിട്ടുന്ന അനുഭൂതി എങ്ങനെ വർണ്ണിക്കണമെന്ന് അറിയില്ല.
ഉച്ചഭക്ഷണവും കഴിച്ച് പന്ത്രണ്ടര മണിക്കാണ് ഞാൻ താജിന് മുന്നിൽ എത്തുന്നത്. ഇരുട്ട് വീഴുന്നത് വരെ അവിടെ ചിലവഴിച്ചു. തണുപ്പ് തടുക്കാനുള്ള വസ്ത്രങ്ങൾ ബാഗിലാക്കി ലോക്കറിൽ പൂട്ടി വെച്ചതുകൊണ്ട് തണുപ്പത്ത് നിൽക്കാൻ പറ്റില്ല.ആ ഒറ്റക്കാരണം കൊണ്ടാണ് അഞ്ചര മണിക്ക് പുറത്ത് കടന്നത്. ഏഴുമണിവരെ സന്ദർശകർക്ക് അതിനകത്ത് നിൽക്കാം.
ഒരു ടിക്കറ്റെടുത്താൽ മൂന്ന് മണിക്കൂറിൽ കൂടുതൽ അവിടെ നിൽക്കാൻ പാടില്ല എന്നും നിയമമുണ്ട്. അതെല്ലാം വലിയ കഷ്ടമാണ്. ആ നിയമം ഞാൻ ലംഘിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. കൂടി വന്നാൽ ഒരു ടിക്കറ്റ് നിരക്ക് കൂടെ ഈടാക്കുമായിരിക്കും. എന്നാലും മൂന്ന് മണിക്കൂറിൽ ഇറങ്ങിപ്പോരാൻ ഞാൻ തയ്യാറായിരുന്നില്ല. ആ അത്ഭുത പ്രേമസൗധം നോക്കി അതിന്റെ പല മൂലകളിൽ മാറിമാറി ഞാനിരുന്നു.
1989ൽ ഷാജഹാന്റേയും മുംതാസിൻ്റേയും ഖബറുകൾക്ക് കീഴെയുള്ള ഭാഗത്തേക്ക് പോകാൻ പറ്റുമായിരുന്നു. ഇന്ന് അത് പൂർണ്ണമായും അടച്ചിരിക്കുകയാണ്. ആ ഭാഗത്ത് അന്നും ക്യാമറ അനുവദിച്ചിരുന്നില്ല. അന്ന് ഫിലിം ലോഡ് ചെയ്യുന്ന ക്യാമറയിൽ എണ്ണിച്ചുട്ടത് പോലെയാണ് പടങ്ങൾ എടുത്തതെങ്കിൽ ഇന്ന് കയ്യും കണക്കും ഇല്ലാതെ പടങ്ങൾ പിടിച്ചു. പക്ഷേ, ആൾത്തിരക്കില്ലാതെ ഫോട്ടോകൾ എടുക്കാൻ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. ലക്ഷത്തിന് മുകളിൽ ജനങ്ങളെങ്കിലും സീസൺ ആയാൽ, ഒരു ദിവസം ഇവിടെ വന്ന് പോകുന്നുണ്ടെന്ന് ജനത്തിരക്ക് കണ്ടപ്പോൾ എനിക്ക് തോന്നി.
പൗർണ്ണമി രാത്രിയിൽ നിലാവിൽ കുളിച്ചു നിൽക്കുന്ന താജ് കാണണമെന്നുള്ള ആഗ്രഹം സാധിക്കണമെങ്കിൽ വേനൽക്കാലത്ത് വരണമത്രേ! തണുപ്പുകാലത്ത് നിലാവ് താജിലേക്ക് നന്നായി പതിക്കില്ല എന്നതാണ് കാരണം.
ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യ മുംതാസിൻ്റെ വേർപാടിന് ശേഷം ഉണ്ടാക്കിയ സ്മാരകമാണ് താജ്മഹൽ എന്ന് തുടങ്ങിയ ചരിത്രങ്ങൾ വിളമ്പാൻ മുതിരുന്നില്ല. ആർക്കാണ് അതൊക്കെ അറിയാത്തത്. ഇനിയും താജ്മഹൽ കാണാത്തവർ ഉണ്ടെങ്കിൽ പോയി കാണുക.
2009ൽ നാട്ടുപച്ച എന്ന ഓൺലൈൻ സൈറ്റിന് വേണ്ടി താജ്മഹലിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ആദ്യ കമൻറ് ഷെയർ ചെയ്യുന്നു.
ഇന്നലെ തങ്ങിയ ഗ്യാസ് സ്റ്റേഷനിൽ തന്നെയാണ് ഇന്ന് രാത്രിയും തങ്ങുന്നത്. നാളെ രാവിലെ ആഗ്ര വിടുകയാണ്. അടുത്ത ഒരു മാസം ഹരിയാനയിലാണ് കോട്ട പിടുത്തം. ഗുർഗാവിലേക്കാണ് നാളത്തെ യാത്ര.
തണുപ്പ് അരിച്ചുകയറി തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ഒരു റസ്റ്റോറന്റിൽ നിന്ന് പാഴ്സൽ വാങ്ങിയ മുട്ടക്കറിയും ചപ്പാത്തിയും കഴിച്ച് കിടന്നുറങ്ങണം.
ശുഭരാത്രി.