വ്യായാമം

മൈതാനം തിരികെ വരുമോ?


44
തെങ്കിലും ഒരു ‘പഴയ’ കെട്ടിടം പൊളിക്കുന്നതിൽ ഇത്രയേറെ സന്തോഷം മുൻപൊരിക്കലും എനിക്കുണ്ടായിട്ടില്ല.

ഏകദേശം 40-45 വർഷം പുറകോട്ടുള്ള എൻ്റെ ഓർമ്മയിൽ പള്ളിപ്പുറം സർക്കാർ ആശുപത്രിക്ക് മുന്നിൽ ഒരു മൈതാനമുണ്ട്. വൈകുന്നേരങ്ങളിൽ യുവാക്കൾ ഫുട്ബോൾ കളിക്കുമായിരുന്നു അവിടെ. മൈതാനത്തിന്റെ ഒരു വശത്ത് സിനിമക്കൊട്ടകയുണ്ട്. സായാഹ്നങ്ങളിൽ സിനിമാപ്പാട്ടുകൾ കോളാമ്പിയിലൂടെ ഒഴുകിവരുന്നതും കേട്ട് ഒരുപാട് പേർ വെടിവട്ടം കൂടി ആ ഭാഗത്തുണ്ടാകുമായിരുന്നു.

പെട്ടെന്നൊരു ദിവസം മൈതാനത്തിന്റെ നടുവിൽ കൊൺക്രീറ്റ് മേൽക്കൂരയുള്ള ഒരു കെട്ടിടം ഉയരാൻ തുടങ്ങി. ഒരു മൈതാനം മരിച്ചു അഥവാ അതിനെ കൊന്നു. കെട്ടിടം പണി പൂർത്തിയായപ്പോൾ അതിൽ എഴുതിവെച്ചിരുന്നത് Disaster relief centre എന്നാണ്. സത്യത്തിൽ എനിക്കതിന്റെ അർത്ഥവും ആവശ്യകതയും അച്ഛനോട് ചോദിച്ച് മനസ്സിലാക്കേണ്ടി വന്നു. ഇന്നാട്ടിൽ എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ളതാണ് പോലും!

ഇന്നാട്ടിൽ എന്തത്യാഹിതമുണ്ടാകാൻ? ഉണ്ടായാൽത്തന്നെ ഈ കെട്ടിടം എങ്ങനെ ഉപകരിക്കാൻ? ഒരു ശരാശരി ടീനേജുകാരന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായിത്തന്നെ അത് തുടർന്നു.

പോകപ്പോകെ ചുറ്റിനും കാടുകയറി, യാതൊരു ഉപകാരവും ആർക്കുമില്ലാത്ത ഒരു ഭാർഗ്ഗവീനിലയമായി ആ കെട്ടിടം മാറി. ക്ഷമിക്കണം; ഉള്ളത് പറയണമല്ലോ. സാമൂഹ്യ വിരുദ്ധർക്ക് ആ കെട്ടിടം നന്നായി ഉപകരിച്ചിട്ടുണ്ട്.

അതിനിടയ്ക്ക് 2004 ഡിസംബറിൽ, വേണമെങ്കിൽ കെട്ടിടം പ്രയോജനപ്പെടുത്താൻ പോന്ന ഒരത്യാഹിതം പള്ളിപ്പുറം പഞ്ചായത്തിൽ സംഭവിച്ചു. സുനാമി!! തീരദേശത്തും കടലോരത്തും താമസിക്കുന്നവർ താൽക്കാലികമായി അവിടം വിട്ടു. അവർക്ക് താമസിക്കാനായി വിട്ടുകൊടുത്തിരുന്നെങ്കിൽ പത്തിരുപത് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമായിരുന്നു. അതുണ്ടായില്ല. കൊറോണക്കാലത്ത്, എത്രയോ ആൾക്കാരെ ഐസൊലേറ്റ് ചെയ്യാനോ ക്വാറൻ്റൈനിൽ താമസിപ്പിക്കാനോ ഉപയോഗിക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പ് സമയങ്ങളിൽ പോളിങ്ങ് ബൂത്തുകളാക്കാൻ പറ്റുമായിരുന്നു. അതൊന്നുമുണ്ടായില്ല. ഇത്തരം കെട്ടിടങ്ങൾ പണിയുക, അതിന്റെ കമ്മീഷനടിക്കുക എന്നതിനപ്പുറം മറ്റൊരു സദുദ്ദേശവും ഇതിനൊക്കെ ചരട് വലിക്കുന്നവർക്കില്ലല്ലോ.

ഇപ്പോൾ ദാ യാതൊരു പ്രയോജനവുമില്ലാതെ മൂന്ന് വ്യാഴവട്ടത്തിലധികം പിന്നിട്ട ആ കെട്ടിടം പൊളിക്കാൻ പോകുന്നു. സന്തോഷിക്കുക തന്നെയല്ലേ വേണ്ടത്?

പക്ഷേ ആ സന്തോഷം നീണ്ട് നിൽക്കണമെങ്കിൽ അവിടെ ആ പഴയ മൈതാനം തിരിച്ച് വരണം. അപ്പുറത്തുള്ള സിനിമാത്തീയറ്റർ പൂട്ടിപ്പോയിരിക്കുന്നു. മൈതാനത്തിന്റെ ആ ഭാഗത്ത് ഒരു ഓപ്പൺ എയർ തീയറ്റർ കൂടെ വന്നാൽ എത്രയോ കലാപരിപാടികൾക്കും സമാഗമങ്ങൾക്കും വേദിയാക്കാൻ പറ്റിയെന്ന് വരും.

പൊതുജനത്തിന് ആഗ്രഹിക്കാനേ പറ്റൂ. തീരുമാനം എടുക്കുന്നതും നടപ്പിലാക്കുന്നതുമൊക്കെ കമ്മീഷനടിക്കുന്ന ടീംസ് തന്നെയാണ്. അവരാണെങ്കിൽ ഇപ്പോൾ എണ്ണത്തിൽ കൂടുതലും പഴയതിനേക്കാൾ ശക്തരുമാണ്. മൈതാനം തിരികെ വന്നാൽ ഭാഗ്യം. ഒരു പ്രതീക്ഷയുമില്ലെങ്കിലും വെറുതെ മോഹിക്കുന്നു. അതിന് നികുതി ഇടാക്കാത്തത് തന്നെ മഹാഭാഗ്യം.