ഇന്ന് 19 ജൂൺ. വായനാദിനം. എന്നാപ്പിന്നെ അതേപ്പറ്റി ഒരുകൂട്ടം പറയാം.
എഴുത്തും വായനയും അറിയാത്തത് കൊണ്ടാണല്ലോ കണ്ട് മനസ്സിലാക്കാം എന്ന് കരുതി Great Indian Expedition യാത്ര പുറപ്പെട്ടത്.
യാത്രയ്ക്കിടയിൽ അത്യാവശ്യം തപ്പിപ്പെറുക്കി വല്ലതും വായിക്കാൻ സമയം കിട്ടുമെങ്കിൽ കൈയിൽ കരുതിയത് 5 പുസ്തകങ്ങൾ മാത്രം.
1. പൊനം (കെ.എൻ. പ്രശാന്ത്) ഒറ്റയടിക്ക് തീർക്കാൻ പോന്ന പുസ്തകമായിട്ട് പോലും എൻ്റെ തിരക്കുകൾ കാരണം പകുതി വഴിയിൽ വായന നിന്നു. അതുകൊണ്ട് ആ പുസ്തകം കൂടെക്കൂട്ടി.
2. നഗ്നരും നരഭോജികളും ഒരു വായന കഴിഞ്ഞതാണ്. എങ്കിലും എൻ്റെ ഈ അന്തവും കുന്തവുമില്ലാത്ത യാത്രയിൽ ആ പുസ്തകം ഒരു ബൈബിൾ പോലെ കൈയിൽ വേണമെന്ന് തോന്നി. എപ്പോഴെങ്കിലും ഊർജ്ജം ചോരുന്നെന്ന് തോന്നിയാൽ, അതിലെ ചില അദ്ധ്യായങ്ങളും വരികളും ഒരാവർത്തി കൂടെ വായിക്കാൻ. ഇങ്ങേരിതെന്ത് പടപ്പാണ് എന്ന് സഞ്ചാരിയായ ലേഖകനെക്കുറിച്ച് അന്തം വിടാൻ.
3. പോരുന്നതിൻ്റെ തലേന്ന് തപാലിൽ വന്ന മൂന്നാറിനെപ്പറ്റിയുള്ള വി. വിമൽ റോയിയുടെ പുസ്തകമാണ് മൂന്നാമത്തേത്. അൻവറിന്റെ Anwar Hussain അവലോകനം വായിച്ചപ്പോൾ പുസ്തകം വാങ്ങി വായിക്കണമെന്ന് തോന്നി അവിടെ കമൻ്റിട്ടിരുന്നു. ലേഖകൻ ഉടനെ തന്നെ, പണം പോലും വാങ്ങാതെ പുസ്തകം അയച്ച് തന്നു. അൻവറിനെ ഫോളോ ചെയ്യാത്തവർ ഇനിയും വൈകണ്ട. നന്നായി വായിക്കുകയും ആ പുസ്തകങ്ങളെപ്പറ്റി എഴുതിയിടുകയും ചെയ്യുന്ന, എനിക്കറിയുന്ന ഏറ്റവും വലിയ വായനക്കാരൻ. ഓരോ വർഷവും 300ൽ അധികം പുസ്തകങ്ങൾ വായിച്ച് അതിനെല്ലാം ആസ്വാദനം എഴുതുന്ന കൊടും ഭീകര വായനക്കാരൻ.
4. പിന്നെയുള്ളത് ഈ യാത്രയിൽ കൂടെ വേണ്ട ഒരു പുസ്തകം. India (Lonely Planet). ഓരോ പേജിലും പറയുന്ന ഓരോ സ്ഥലങ്ങളിലും പോയെന്ന് ഉറപ്പ് വരുത്താൻ.
5. നന്ദിനി മേനോന്റെ ആംചോ ബംസ്തറും കൈയിലുണ്ട്. ഈയടുത്ത കാലത്ത് ഒരുപാട് നല്ല ആസ്വാദനങ്ങൾ കേൾക്കാൻ ഇടയായ യാത്രാവിവരണം.
ഗോവയിൽ എത്തിയപ്പോൾ, ഇവിടുള്ള കോട്ടകളുടെ കണക്കെടുക്കാനും വിവരങ്ങൾ ശേഖരിക്കാനുമായി, സെൻട്രൽ ലൈബ്രറിയിൽ പോയിരുന്നു ആദ്യദിവസം. ഡോ:പി.പി.ശിരോദ്കറുടെ Forts and fortresses of Goa എന്ന പുസ്തകത്തിൽ വേണ്ടുന്നതിലേറെ വിവരങ്ങളുണ്ട്. മുഖവിലയായ ₹2000 കൊടുത്ത് വാങ്ങിയാലും അതൊരു നഷ്ടമല്ല. പുസ്തകം എവിടെ കിട്ടുമെന്ന് ലൈബ്രറിയിൽ ചോദിച്ചപ്പോൾ, എം. ജി. റോഡിലെ ബ്രോഡ് വേ ബുക്ക്സ് എന്നായിരുന്നു മറുപടി. പക്ഷേ അവിടന്ന് പുസ്തകം കിട്ടിയില്ല. പക്ഷേ, കോട്ടകളിൽ കാണുന്ന പ്രധാന ഐറ്റമായ പീരങ്കികളെപ്പറ്റി ഗംഭീരമായ ഒരു പുസ്തകം അവിടന്ന് കിട്ടി.
വീണ്ടും ചില കാര്യങ്ങൾ നോക്കാൻ ലൈബ്രറിയിൽ പോയപ്പോൾ അതേ കെട്ടിടത്തിൽ ലൈബ്രറിയുടെ ഭാഗമെന്ന് തന്നെ പറയാവുന്ന ഒരു കൊച്ച് ബുക്ക് സ്റ്റാളിൽ, തേടി നടന്ന പുസ്തകമിരിക്കുന്നു. 20 കോപ്പിയെങ്കിലും അവിടെ സ്റ്റോക്കുണ്ട്. 1600 രൂപയ്ക്ക് അവരത് തരുകയും ചെയ്തു. ലൈബ്രറിയും അവരുടെ തന്നെ പുസ്കക്കടയും തമ്മിലുള്ള കോർഡിനേഷൻ പരിതാപകരം.
ഇത്രയും പറയാൻ കാരണം, ഇന്ന് കോട്ട തെണ്ടൽ ഇല്ലാത്തതുകൊണ്ട് അൽപ്പം വായന നടന്നെന്നിരിക്കും. വായനാദിനം ആയതുകൊണ്ട് വായിച്ചേക്കാം എന്ന് തീരുമാനിച്ചതല്ല. വായനാദിനം നോക്കി വാഹനം പണി തന്നു. റേഡിയേറ്റർ ലീക്കാകുന്നു. അത് ശരിയാക്കുന്നത് വരെ വർക്ക്ഷോപ്പിൽ കുത്തിയിരിപ്പാണ്. ഇതിലൊരു പുസ്തകം വായിക്കാൻ എന്തുകൊണ്ടും പറ്റിയ ദിവസം.
ശിരോദ്കറുടെ കോട്ടപ്പുസ്തകം തന്നെ കൈയിലെടുക്കുന്നു. മുക്കാലി പോലുള്ള ഒരു കസേര വണ്ടിയിൽ കരുതിയിരുന്നു. പരിമിത സൗകര്യങ്ങൾ സ്വയം തിരഞ്ഞെടുത്തവന്, ഇരിക്കാൻ അത് തന്നെ ധാരാളം. വണ്ടിയിൽ ഇരുന്നാൽ ‘തന്തൂരി നിരക്ഷരൻ’ ആയിപ്പോകും. അത്രയ്ക്കുണ്ട് ചൂട്. മൺസൂൺ ഗോവയിൽ എത്താൻ ഇനിയും വൈകുമെന്ന് തോന്നുന്നു.
എല്ലാവർക്കും ഗോവയിൽ നിന്ന് അക്ഷരാഭ്യാസം ഇല്ലാത്തവൻ്റെ വായനാദിനാശംസകൾ !
#greatindianexpedition
#gie_by_niraksharan
#readersday
#boleroxl_motor_home