പ്രവാസികളുടെ കൂടാരം


22
യിൽ ജീവിതം ആരും ആഗ്രഹിക്കുന്ന ഒന്നാകാൻ വഴിയില്ല. ആർക്കും അതത്ര സുഖകരമായ അനുഭവമാകാനും സാദ്ധ്യതയില്ല.

കുറ്റകൃത്യങ്ങളും ക്രൂരതകളും ചെയ്ത് ശിക്ഷിക്കപ്പെട്ടവർ മാത്രമല്ല ജയിലുകളിൽ ചെന്ന് പെടുന്നത്. നിയമത്തിന്റെ കണ്ണിൽ കുറ്റമാകുന്ന ഒന്നിലേക്ക് അബദ്ധത്തിൽ ചെന്ന് ചാടുന്നവരും അവസാനം ജയിലിൽ എത്തിപ്പെടാറുണ്ട്.

ഇന്ത്യൻ ജയിലുകളുടെ കഥകൾ ധാരാളമായി നമ്മൾ വായിച്ചിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. ജയചന്ദ്രൻ മൊകേരിയുടെ മാലിദ്വീപ് ജയിൽവാസത്തിൻ്റെ അനുഭവസാക്ഷ്യമായ ‘തക്കിജ്ജ’ നമ്മൾ വായിച്ച് തീർത്തത് ഉൾക്കിടിലത്തോടെയും, ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയും ആണ്.

ഒരു വ്യാഴവട്ടത്തിലേറെ കാലം ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്ന വ്യക്തിയാണ് ഞാൻ. അന്നാടുകളിൽ ജയിലിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒരേ മുറിയിൽ താമസിക്കുന്നവരിൽ ഒരാൾ സ്വാഭാവികമായി മരണമടഞ്ഞാൽ പോലും മറ്റുള്ളവർക്ക് ഒന്നോ രണ്ടോ ദിവസം ജയിൽവാസത്തിന് യോഗമുണ്ട്. അതൊരു സ്വാഭാവിക മരണം ആണെന്ന് മെഡിക്കൽ റിപ്പോർട്ട് വരുന്നത് വരെ, ആ മുറിയിൽ കൂടെയുണ്ടായിരുന്നവർ തടവിലാക്കപ്പെടും. അങ്ങനെ അങ്ങനെ ധാരാളം ഗൾഫ് ജയിൽ കഥകൾ ഞാനും കേട്ടിട്ടുണ്ട്, പ്രവാസ കാലത്ത്.

പക്ഷേ ഒരു കൃതിയിലൂടെ ഗൾഫ് ജയിലിന്റെ അനുഭവങ്ങളും വിഹ്വലതകളും ആദ്യമായി വായിച്ചറിയുന്നത് സിദ്ദിഖ് തൊഴിയൂരിൻ്റെ ‘ പ്രവാസികളുടെ കൂടാരം’ എന്ന നോവലിലൂടെയാണ്.

കഥാനായകൻ ഹൈദ്രോസിന്റെ ജീവിതാനുഭവങ്ങളിലൂടെയും ഗൾഫ് രാജ്യത്തെ വളർച്ചയിലൂടെയുമൊക്കെ ആഖ്യാനം മുന്നോട്ടു നീങ്ങുമ്പോൾ ജയിൽവാർഡനും സഹതടവുകാരും ഒക്കെ കൃത്യമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എല്ലാവർക്കും ജയിൽജീവിതം ഒരുപോലെ ഉൾക്കൊള്ളാനോ താങ്ങാനോ പറ്റുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ശെൽവൻ എന്ന തമിഴ് കഥാപാത്രം. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്ന് അറുതി നേടാനായി സ്നേഹമയിയായ പാട്ടിയെ വിട്ടുപിരിഞ്ഞ് ഗൾഫിലെത്തുന്ന ശെൽവൻ്റെ നൊമ്പരപ്പെടുത്തുന്ന അനുഭവമാണ് കഥാന്ത്യത്തിൽ.

മദ്യവും മയക്കുമരുന്നും അടക്കമുള്ള മോശം പാതകളിലൂടെ സഞ്ചരിക്കുകയും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ധാരാളം പണമുണ്ടാക്കുകയും ചെയ്തെങ്കിലും അവസാനം ജയിലിൽ എത്തുന്ന ഹൈദ്രോസിന് പക്ഷേ, മാനസാന്തരം ഉണ്ടാകുന്നുണ്ട്. സ്നേഹനിധിയായ ഉമ്മയെയും മാമയേയും വിഷമിപ്പിക്കുകയും കാമുകിയെ വഞ്ചിക്കുകയും ചെയ്തതിന്റെ ശിക്ഷയായി അയാൾ തന്റെ ജയിൽ ജീവിതത്തെ ഉൾക്കൊള്ളുന്നുണ്ട്. തെറ്റ് തിരുത്തണം എന്നുള്ള ആഗ്രഹമയാളിൽ ഉണ്ടാകുന്നുണ്ട്. അതൊക്കെ തന്നെയാണല്ലോ ജയിൽ എന്ന ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നതും.

ചുരുങ്ങിയ എട്ട് അദ്ധ്യായങ്ങളിലൂടെ സിദ്ദിഖ് പറഞ്ഞു വെക്കുന്നത്, അമ്മ, മകൻ, അമ്മാവൻ, കാമുകി, പാട്ടി, എന്നിങ്ങനെ മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പത്തിന്റേയും, പണം കാണുമ്പോൾ കണ്ണ് മഞ്ഞളിച്ച് പോകുന്ന മനുഷ്യരുടെ സഹജമായ വാസനകളുടേയും നേർക്കാഴ്ച്ചകളാണ്.

അറബി രാജ്യത്തെ ജയിൽ ആയതുകൊണ്ട്, ആഖ്യാനത്തിൽ പലയിടത്തും അറബി സംസാരം കടന്നു വരുന്നത് വ്യക്തിപരമായി എനിക്കേറെ ആസ്വാദ്യകരമായിരുന്നു. മറന്ന് തുടങ്ങിയിരുന്ന അറബി വാക്കുകളും ഭാഷയും പൊടി തട്ടിയെടുക്കാൻ പറ്റി എന്ന സന്തോഷമാണ് അതിന് പിന്നിൽ.

ചുരുങ്ങിയത് പ്രവാസികളെങ്കിലും ഒരു വട്ടം ‘പ്രവാസികളുടെ കൂടാര’ത്തിലൂടെ കടന്നു പോകണം. ഒരിക്കലും ഒരു മണലാരണ്യത്തിലെ ജയിലിൽ ചെന്ന് പെടാതിരിക്കാൻ ചിലപ്പോൾ അത് സഹായിച്ചെന്ന് വരും. നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ചില പ്രവാസ രാജ്യങ്ങളിലെ ജയിലുകൾ എങ്ങനെയാണെന്ന് അറിയാൻ എല്ലാ മലയാളികൾക്കും ‘ പ്രവാസികളുടെ കൂടാരം’ നല്ല വായനയാണ്.

സിദ്ധിക്കിനും പ്രവാസികളുടെ കൂടാരത്തിനും ആശംസകൾ.

- നിരക്ഷരൻ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>