എറണാകുളം ജില്ലയിൽ, നഗരത്തിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഇതെഴുതുന്നത്. പറയാനുള്ളത് നഗരഹൃദയത്തിന്റെ നാഡീഞരമ്പുകളായ റോഡുകളെപ്പറ്റിത്തന്നെയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മേയർ വന്ന ഉടനെ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും പുതുക്കിപ്പണിതിരുന്നു. കഷ്ടി 7 മാസം കൊണ്ട് ആ റോഡുകളൊക്കെയും വീണ്ടും താറുമാറായിക്കഴിഞ്ഞിരിക്കുന്നു. ട്രാൻസ്‌പോർട്ട് ബസ്സ് സ്റ്റാന്റിലേക്ക് പോകുന്ന വഴി, സ്മാർട്ടായിട്ടുള്ള ഒരു നഗരത്തിനെന്നല്ല, ഒരു കൂതറ നഗരത്തിന് പോലും ചേരുന്ന കോലത്തിലല്ല കിടക്കുന്നത്. ഹൈക്കോർട്ടിന്റെ പരിസരത്തും, തേവരപ്പാലത്തിന്റെ ഭാഗത്തും, ചിറ്റൂർ റോഡിലും, ഫോർട്ട് കൊച്ചിയിലും, എന്നുവേണ്ട നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും കുണ്ടും കുഴിയുമായി, മഴവെള്ളം നിറഞ്ഞ് കുഴികളുടെ ആഴം പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കുണ്ടും കുഴിയും എന്ന് പറഞ്ഞാൽ അതൊരു ശരിയായ വർണ്ണനയാകില്ല. ഗർത്തങ്ങളാണ് പല റോഡുകളിലും. ഓണക്കാലത്ത് പാതാളത്തിൽ നിന്ന് മാവേലിക്ക് കയറി വരാൻ പാകത്തിനാണോ റോഡിലുള്ള ഈ ഗർത്തങ്ങളൊക്കെ ഇങ്ങനിട്ടിരിക്കുന്നത് എന്നൊരു സഹൃദയന് സംശയം തോന്നിയാൽ തെറ്റ് പറയാനാവില്ല.
കേരളത്തിലെ റോഡുകൾ മോശമാകുന്നതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചില ന്യായീകരണങ്ങളുണ്ട്. മരങ്ങളുടെ ചോലകൾ നിറയെയുള്ള റോഡുകൾ മോശമാകാനുള്ള സാദ്ധ്യത അധികമാണ്. മഴയും പിന്നെ മരമഴയും ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിതത്രേ! റോഡുകൾ മോശമായാൽ പിന്നെ അതൊന്ന് ശരിയാക്കണമെങ്കിൽ മഴ ഒന്ന് തീരണമല്ലോ എന്നൊരു ന്യായീകരണവും ഉണ്ട്. ഇത് രണ്ടും വെറും മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണെന്നാണ് എന്റെ പക്ഷം. അതിനെ സാധൂകരിക്കാനായി ഒരുദാഹരണം ചൂണ്ടിക്കാട്ടാം. എന്റെ ഗ്രാമമായ വൈപ്പിൻ കരയിൽ 2004 ൽ ആണ് അവസാനമായി റോഡ് പണി നടന്നത്. 25 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വളരെ മനോഹരമായാണ് അന്ന് പുതുക്കിപ്പണിഞ്ഞത്. റോഡിൽ പലയിടത്തും മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളുണ്ട്. ഇപ്പോഴും മഴക്കാലത്ത് ആ ഭാഗമൊക്കെ വെള്ളത്തിനടിയിലാകും. എന്നിട്ടും റോഡ് ഇതുവരെ പൊട്ടിയിട്ടില്ല. അന്ന് ആ റോഡ് നിർമ്മാണസമയത്ത് മണിക്കൂറുകളോളം ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരടിക്ക് മേൽ കനത്തിലായിരുന്നു ടാറും മെറ്റലുമൊക്കെ ഇട്ട് റോഡ് കെട്ടിപ്പൊക്കിയത്. റോഡ് പണി കഴിഞ്ഞപ്പോൾ റോഡിനിരുവശത്തുമുള്ള ഭാഗം താഴ്‌ന്ന് പോയതുകൊണ്ട്, ഇരുചക്രവാഹനങ്ങൾ പലതും ശ്രദ്ധിക്കാതെ അതിലേക്ക് തെന്നി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് അവിടേയും ചെങ്കൽപ്പൊടി കൊണ്ടുവന്നിട്ട് റോഡിന്റെ ഒപ്പം പൊക്കിയെടുക്കുകയായിരുന്നു. ഇപ്പറഞ്ഞതൊന്നും കണക്കിലെടുക്കണമെന്നില്ല. മനുഷ്യനിർമ്മിതമായ വില്ലിങ്ങ്‌ടൺ ഐലന്റിൽ സായിപ്പ് ഉണ്ടാക്കിയിട്ട് പോയ റോഡുകൾ എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ലാതെ നിലനിന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
പറഞ്ഞ് വന്നത്, റോഡ് പണിയേണ്ട രീതിയിൽ നല്ലവണ്ണം പണിതാൽ പിന്നെ കൊല്ലത്തിൽ ഒരിക്കലോ മറ്റോ അവിടവിടെ ഉണ്ടായേക്കാവുന്ന വിള്ളലുകൾ അടച്ചാൽ മതിയാകും. പക്ഷെ ഇപ്പറഞ്ഞതുപോലൊന്നുമല്ല പൊതുവെ നമ്മുടെ നാട്ടിൽ റോഡുണ്ടാക്കപ്പെടുന്നത്. റോഡ് പണിയുമായി ജീവിതം മുന്നോട്ട് നയിക്കുന്ന കുറേ കോൺട്രാൿടർമാർക്ക് കാലാകാലം കറവപ്പശുവായി കൊണ്ടുനടക്കാനുള്ള ഒരു പദ്ധതി; ഒറ്റയടിക്ക് നല്ല റോഡ് നിർമ്മിക്കപ്പെട്ടാൽ അതിന്റെ പേരിൽ കൊല്ലാകൊല്ലം തടയുന്ന കിംബളം ഇല്ലാതായിപ്പോകുമെന്ന് ഭയന്ന് പേരിനൊരു റോഡ് നന്നാക്കലിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത; നല്ല രീതിയിൽ കാലാകാലം നിലനിൽക്കുന്ന റോഡിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാതെ മിനുക്കുപണികൾ നടത്തി മുന്നോട്ട് പോയാൽ മതി എന്ന് തീരുമാനിക്കുന്ന ഭരണകൂടത്തിന്റെ പിടിപ്പുകേട് ; ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ. ഇപ്പറഞ്ഞതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ‘വെള്ളാനകളുടെ നാട് ‘ എന്ന സിനിമ ഒന്ന് കണ്ടാൽ മതിയാകും.
മുകളിൽ ഞാൻ പരാമർശിച്ച വൈപ്പിൻ മുനമ്പം റോഡിന്റെ ‘പുതുവൈപ്പ് ‘ ഭാഗമൊക്കെ ഇപ്പോൾ പൊട്ടിനാശമായിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. പൈപ്പ് ഇടാൻ വേണ്ടി റോഡിന്റെ വശങ്ങൾ കുഴിച്ചത് മാത്രമാണ്. റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ പൈപ്പ് ഇടാനോ കേബിൾ ഇടാനോ ആയി കുഴിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണല്ലോ ? കുഴിക്കുന്ന ഡിപ്പാർട്ട്മെന്റുകാർ റോഡ് നന്നാക്കാനുള്ള പണം കൊടുക്കാറുണ്ടെന്നാണ് അറിവ്. പക്ഷെ അതുകൊണ്ട് ജനങ്ങൾക്കെന്ത് കാര്യം? അടുത്ത പ്രാവശ്യം കാര്യമായ റോഡ് പണി നടക്കുമ്പോളല്ലാതെ ഈ കുഴികൾ മൂലം റോഡിനുണ്ടായ പരിക്കുകൾ ചികിത്സിക്കപ്പെടുന്നില്ല.
നിവൃത്തികേടുകൊണ്ട് ഇതൊക്കെ സഹിക്കാമെന്ന് വെക്കാം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. നമ്മുടെ നാട്ടിൽ ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതുമൊക്കെ നിർബന്ധമാക്കിയിരിക്കുകയാണല്ലോ ? (ഡ്രൈവർ മാത്രം സീറ്റ് ബൽറ്റ് ഇട്ടാൽ മതി, ഡ്രൈവർ മാത്രം ഹെൽമറ്റ് വെച്ചാൽ മതി എന്ന നിയമത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടുമില്ല.) ഒരാൾ ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ അയാൾ അപകടത്തിൽ പെട്ടെന്ന് വരും, മരിച്ചുപോയെന്നും വരും. അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഭരണകൂടത്തിനോ കോടതിക്കോ നഷ്ടമൊന്നും ഇല്ലല്ലോ ? പിന്നെന്തിനാണ് ഈ രണ്ട് നിയമങ്ങൾ ? അവനവന് വേണ്ടെങ്കിൽ അവനവന്റെ കുടുംബത്തിന് വേണ്ടെങ്കിൽ പിന്നെ ഇതൊക്കെ ഉപയോഗിക്കണമെന്ന് ബലം പിടിക്കുന്നത് എന്തിനാണ്. ഇപ്പറഞ്ഞ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ കൈയ്യിൽ നിന്നും പണം പിടുങ്ങുക എന്നത് മാത്രമല്ലേ ലക്ഷ്യം ? അല്ലാതെ വാഹനങ്ങൾ ഓടിക്കുന്ന ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന ആഗ്രഹത്തോടെയുള്ള നിയമം അല്ലല്ലോ ഇത്. ജനങ്ങളുടെ സുരക്ഷയാണ് ആഗ്രഹിക്കുന്നതെങ്കിൽ, പിഴ ഇടാക്കുന്നതിനു മുൻപ് ചെയ്യേണ്ടത് റോഡിലെ ഈ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനായി റോഡുകൾ നന്നായി സംരക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമല്ലേ ? നടപ്പാതകൾ എന്ന് പറയുന്ന ഓവുചാലുകൾക്ക് മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിയിടുകയല്ലേ ? അതൊക്കെ എന്തുകൊണ്ട് ചെയ്യുന്നില്ല. അതൊക്കെ ചെയ്തിട്ട് പോരേ ഹെൽമറ്റും സീറ്റ് ബൽറ്റും ഇടാത്തവന് പിഴയടിക്കുന്നത്.
ഇതുപോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത് പാലിക്കാത്തവർക്ക് പിഴയടിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളിൽ കരമടക്കുന്ന ഓരോ പൌരന്റേയും എല്ലാ ചികിത്സാച്ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അതിനാൽ, ഈ നിയമങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്ക് പിഴയടിക്കാനുള്ള അവകാശം അവർക്കുണ്ട്. നമ്മുടെ രാജ്യത്ത് സ്വന്തം വാഹനവുമായി അപകടത്തിൽ പെടുന്നവന് സർക്കാർ സഹായമൊന്നും നൽകാറില്ലല്ലോ ? ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ഫോൺ ചെയ്തുകൊണ്ട് വാഹനം ഓടിക്കുന്നവർക്കും പിഴ അടിക്കാമെന്നല്ലാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പിഴിയാനുള്ള ധാർമ്മികമായ അവകാശം ഭരണകൂടത്തിനില്ല. അതുണ്ടാകണമെങ്കിൽ ആദ്യം വാഹനം ഓടിക്കാൻ പാകത്തിന് റോഡുകൾ നന്നാക്കിയിടണം. അതുമല്ലെങ്കിൽ വാഹനാപകടത്തിൽ പെടുന്നവന്റെ എല്ലാ ചികിത്സാച്ചിലവുകളും സർക്കാർ തന്നെ വഹിക്കുന്നുണ്ടായിരിക്കണം.
ഈ വക കാര്യങ്ങളൊക്കെ ബഹുമാനപ്പെട്ട നീതിന്യായ കോടതിക്ക് മുന്നിൽ എത്തിക്കാനായി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ ഞാനൊരു തീരുമാനമെടുത്തു. എറണാകുളം നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടില്ല. പോലീസ് പിടിച്ച് നിയമം ലംഘിച്ചെന്ന് പറഞ്ഞ് പിഴ ഇടാക്കാൻ ശ്രമിച്ചാൽ പിഴ കൊടുക്കില്ല, പകരം എനിക്ക് കോടതിയിലേക്കുള്ള കടലാസ് തന്നാൽ മതി എന്ന് പറയും. എന്നിട്ട് കോടതിയിൽച്ചെന്ന് കാര്യം ബോധിപ്പിക്കും. ഇതായിരുന്നു തീരുമാനം. മാസങ്ങളോളം ഞാനങ്ങനെ സീറ്റ് ബൽട്ട് ഇടാതെ വാഹനമോടിച്ചു. ഈ ദിവസങ്ങളിലെല്ലാം കൂടെ യാത്ര ചെയ്യുന്ന ഭാര്യ വല്ലാത്ത അങ്കലാപ്പിലായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. എന്റെ ലക്ഷ്യം കോടതിയിൽ എത്തിപ്പറ്റുക എന്നതായിരുന്നു.
അങ്ങനൊരു ദിവസം എറണാകുളം സൌത്ത് പാലം ഇറങ്ങി വളഞ്ഞമ്പലേക്ക് കടന്നപ്പോൾ ട്രാഫിൿ പൊലീസുകാരൻ ഒരാൾ കൈകാണിച്ച് വാഹനം നിർത്തി. സീറ്റ് ബെൽട്ട് ഇട്ടിട്ടില്ലല്ലോ പിഴ അടച്ച് പോയാൽ മതി എന്ന് പറഞ്ഞു. തൊട്ടപ്പുറത്ത് നിർത്തിയിട്ട പൊലീസ് ബൈക്കിനരുകിൽ സബ് ഇൻസ്പെൿടർ പിഴ കൈപ്പറ്റാനായി നിൽക്കുന്നുണ്ട്. വാഹനം അരികുചേർത്ത് നിറുത്തി ഞാൻ എസ്.ഐ.യുടെ അടുത്തെത്തി. 100 രൂപ പിഴയടക്കണമെന്ന് എസ്.ഐ. ; പറ്റില്ലെന്നും കോടതിയിലേക്കുള്ള കടലാസ് തന്നാൽ ബാക്കി കാര്യങ്ങളൊക്കെ അവിടെ ബോധിപ്പിച്ചോളാമെന്നും ഞാൻ. ആ ദിവസങ്ങളിൽ സൌത്ത് പാലം മുഴുവൻ ടാറിങ്ങിനായി കൊത്തിക്കിളച്ച് ഇട്ടിരിക്കുകയായിരുന്നു. പക്ഷെ, തുടർച്ചയായ മഴ കാരണം, ടാർ ചെയ്യാനാകാതെ പാലം അതേ അവസ്ഥയിൽത്തന്നെ ആഴ്ച്ചകളോളം കിടന്നുപോയി.
ഇതിനിടയിൽ ഹെൽമറ്റ് വെക്കാത്തവർ രണ്ട് പേർ പിടിക്കപ്പെട്ടു. പിഴയടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ അവർ സ്ഥലം കാലിയാക്കുകയും ചെയ്തു.
“സർക്കാറിന്റെ പ്രതിനിധിയായിട്ടാണല്ലോ സാറ് എന്നെ പിടിച്ചിരിക്കുന്നത്. അപ്പോൾപ്പിന്നെ എനിക്ക് സർക്കാറിനോട് പറയാനുള്ള കാര്യങ്ങൾ സാറിനോടല്ലാതെ ആരോട് പറയും? കോടതിയാണ് പിന്നൊരു ആശ്രയം. അതുകൊണ്ടല്ലേ കോടതിയിലേക്കുള്ള കടലാസ് ചോദിക്കുന്നത്.?
“ഇയാളെക്കൊണ്ട് വലിയ ശല്യമായല്ലോ ? “ എസ്.ഐ.യുടെ ക്ഷമ നശിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ ഞാനൊരു ഒത്തുതീർപ്പ് ഫോർമുല നിർദ്ദേശിച്ചു.
എസ്.ഐ.ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. പേരെന്താണെന്നും വീടെവിടാണെന്നും ജോലിയെന്താണെന്നുമൊക്കെ ലോഹ്യം ചോദിച്ച് അദ്ദേഹമെന്നെ പിഴയടിക്കാതെ പറഞ്ഞുവിട്ടു. സീറ്റ് ബെൽട്ട് ഇട്ടുകൊണ്ടുതന്നെ ഞാനവിടന്ന് വണ്ടിയുമെടുത്ത് യാത്ര തുടർന്നു.
ഈ സംഭവത്തിന് ശേഷം പുതിയ കോർപ്പറേഷൻ വന്നു. റോഡുകൾ ഒക്കെ നന്നാക്കി. പക്ഷെ മാസങ്ങൾക്കകം റോഡുകളൊക്കെ പഴയ അവസ്ഥയിലായി. ഇനിയിപ്പോൾ മഴയൊക്കെ മാറാതെ റോഡ് പണിയൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പണിതാലും ഒരു അടുത്ത മഴയിൽ പൊളിഞ്ഞിരിക്കുമെന്ന് കോൺട്രാൿടറന്മാരും അവരുടെ പണി പരിശോധിച്ച് വിലയിരുത്താൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തിയിരിക്കും. ഇതങ്ങനെ തുടർന്ന് പോകും. ആയിക്കോളൂ. പക്ഷേ…. ഹെൽമറ്റ് ഇടാത്തവനേയും സീറ്റ് ബൽറ്റ് ഇടാത്തവനേയും പിടിച്ച് പിഴയടിക്കുന്നതിന് മുന്നേ, റോഡുകൾ നന്നാക്കണം. അവിടവിടെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ കുഴികളൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. പക്ഷെ ഇതുപോലെ താറുമാറായിക്കിടക്കുന്ന റോഡിൽ വണ്ടി ഓടിക്കുന്നതിന് 15 വർഷത്തെ ടാക്സ് ഒറ്റയടിക്ക് നൽകുന്ന ജനങ്ങളെ, അവരുടെ സുരക്ഷയ്ക്കെന്ന പേരിൽ, പിഴയെന്ന ഓമനപ്പേരിട്ട് പിടിച്ചുപറി നടത്തരുത്.
വാൽക്കഷണം:- ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നതൊക്കെ വാഹനം ഓടിക്കുന്നവർ മാത്രമല്ല യാത്രക്കാർ എല്ലാവരും ഉപയോഗിക്കേണ്ടതാണ്. അതൊക്കെ ഉപയോഗിച്ചാൽ നമ്മുടെ പോക്കറ്റ് കാലിയാകില്ലെന്ന് മാത്രമല്ല, ജീവനും ചിലപ്പോൾ ബാക്കിയുണ്ടാകും. നമ്മളുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. മുകളിൽപ്പറഞ്ഞതൊക്കെയും, ഹൈക്കോർട്ട് പരിസരത്ത് ജീവിച്ചിട്ടും കോടതിയിൽ കയറി സ്വന്തം പ്രതിഷേധം അറിയിക്കാൻ പറ്റാതെ, പാതാളസമാനമായ ഈ റോഡിലൂടെ നിരന്തരം വാഹനമോടിക്കുകയും, ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാനായി വാഹനം തടയപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ പ്രതിഷേധക്കുറിപ്പ് മാത്രം.
ചിത്രങ്ങൾക്ക് കടപ്പാട് :- ഗൂഗിൾ