വെള്ളുവക്കമ്മാരൻ


00

ലശ്ശേരിക്കും കണ്ണൂരിലും ഇടയിലുള്ള ഇടക്കാട് നിന്ന്, സുമംഗല രചിച്ച പൂർണ്ണ പബ്ലിക്കേഷൻസിന്റെ അറുപത് പേജുകളുള്ള വള്ളുവക്കമ്മാരൻ എന്ന നോവൽ ആരംഭിക്കുന്നു.

നോവൽ എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ചരിത്രകഥ എന്ന നിലയ്ക്കാണ് ഇത് മുന്നോട്ടു പോകുന്നത്. അതിലെ ആധികാരികതയുടെ ഉറപ്പില്ലായ്മ കൊണ്ടാകാം നോവൽ എന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ അന്നാട്ടിലെ വെള്ളുവ എന്ന തറവാട്ടിൽ ഉണ്ടായിരുന്ന രൈരു യജമാനൻ എന്ന ദേശ പ്രമാണിയായ നമ്പ്യാർ കാരണവരിൽ നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ അനന്തരവനായ കമ്മുവിലെത്തി, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളിലൂടെ നോവൽ മുന്നേറുന്നു.

തുടക്കത്തിൽ ഫിക്ഷൻ ആണെന്ന് തോന്നുമെങ്കിലും പിന്നീട് പലയിടത്തും ക്രിസ്തുവർഷങ്ങൾ എടുത്ത് പറയുകയും ഹൈദരാലിയും ടിപ്പുവും അടക്കമുള്ളവർ കടന്നുവരികയും ചെയ്യുന്നതോടെ ചരിത്രപരമായ രേഖപ്പെടുത്തലുകൾ നോവലിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നു.

ഹൈദരാലിയും ടിപ്പുവും ചരിത്രത്തിൽ കടന്നുവരുന്നിടത്തെല്ലാം ഇന്നും തീർന്നിട്ടില്ലാത്ത ധാരാളം തർക്കങ്ങൾക്കുള്ള വകുപ്പ് ഈ പുസ്തകത്തിലും സുലഭമാണ്.

പുസ്തകത്തിന്റെ അഥവാ നോവലിന്റെ പകുതിയോടെയാണ് ഫിക്ഷൻ വിട്ട് കഥ പൂർണ്ണമായും ചരിത്രത്തിലേക്ക് കടക്കുന്നത്. നോവൽ ആയതുകൊണ്ട് ചരിത്രത്തിന്റെ ആധികാരികത എത്രത്തോളമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ?

ഹൈദരാലി കേരളത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോയി മതപരിവർത്തനം നടത്തി മൈസൂർ പട്ടാളത്തിൽ ചേർത്ത ധാരാളം നായർ യുവാക്കളിൽ ഒരാൾ പിന്നീട് ഹൈദരാലിയുടെ വിശ്വസ്തനായി, സാമന്ത രാജാവായി, മകനായ ടിപ്പുവിക്കാൾ അധികം ഹൈദരാലിയുടെ സ്നേഹത്തിന് പാത്രീഭവിച്ച ഒരു കഥ മുൻപും വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ കഥയിലെ നായകനായ കുമാരൻ ടിപ്പുവിന്റെ ശത്രുവായിരുന്നു

ഹൈദരാലിയുടെ മരണത്തോടെ ടിപ്പുവിന്റെ ശത്രുത കാരണം തനിക്ക് ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ കുമാരൻ മഹാരാഷ്ട്രയിലേക്ക് പലായനം ചെയ്തതായാണ് അന്ന് വായിച്ചിട്ടുള്ളത്. പിന്നീട് കുമാരന്റെ സന്തതിപരമ്പരകൾ ചില സ്വത്തുതർക്കങ്ങളുമായി ബ്രിട്ടീഷ് കോടതികളിൽ കയറിയിറങ്ങുകയും അതിന്റെ തെളിവുകളായി ഇംഗ്ലണ്ടിലേക്ക് അയച്ചുകൊടുത്ത രേഖകൾ കപ്പൽ മുങ്ങി നഷ്ടപ്പെട്ടുപോയതായും വായിച്ചിട്ടുണ്ട്.

ഞാൻ വായിച്ചിട്ടുള്ള കുമാരൻ ആയിരിക്കില്ല ഈ കഥയിലെ കമ്മുവെന്ന് നോവലിന്റെ അവസാന പേജ് വരെ കരുതിയെങ്കിലും, അവസാന ഖണ്ഡികയിൽ പെട്ടെന്ന് കമ്മു മഹാരാഷ്ട്രയിൽ എത്തുന്നതോടെ കുമാരൻ തന്നെയായി മാറി. പക്ഷേ സന്തതി പരമ്പരകളും കേസും കപ്പൽച്ചേദവുമൊന്നും ഈ നോവലിൽ ഇല്ല. ചരിത്രമല്ല ഫിക്ഷനുമല്ല എന്ന കണക്കിന് നോവൽ അവസാനിക്കുന്നു.

ചരിത്ര രേഖകളുടേയും സമാഹരണത്തിന്റേയുമൊക്കെ കാര്യം മുഖവുരയിൽ സി.കുഞ്ഞിരാമമേനോൻ പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു ഉറപ്പോ ആധികാരികതയോ പോര. സുമംഗലയുടെ ഒരു മുത്തശിക്കഥ എന്ന ഗണത്തിൽപ്പെടുത്തി വായിക്കാമെന്ന് വെച്ചാലും മുത്തശ്ശിക്കഥയുടെ ഭാഷയും ആഖ്യാനവും ചരിത്രസംഭവങ്ങൾ കടന്നുവരുന്ന കഥയ്ക്ക് അപര്യാപ്തവും ഏച്ചുകെട്ടുമാകുന്നു.

വാൽക്കഷണം:- ഒന്നുകിൽ ടിപ്പുവിന്റേയും ഹൈദരാലിയുടേയും കാലത്ത് യഥാർത്ഥത്തിൽ എന്ത് സംഭവിച്ചെന്നറിയാൻ ഒരു ടൈം മെഷീൻ കണ്ടുപിടിക്കണം. അല്ലെങ്കിൽ ഈ രണ്ടുകൂട്ടരും കടന്നുവരുന്ന കഥകളും ചരിത്രവും വായിച്ച് തല പുണ്ണാക്കാൻ നിൽക്കരുത്. ഇത് രണ്ടും പറ്റിയില്ലെങ്കിലും അവരുടെ പേരിൽ തമ്മിൽത്തല്ലി ചാകാൻ നിൽക്കരുത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>