കുറച്ച് ദിവസമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു വിഷയം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു. വിഷയം കോപ്പിയടി തന്നെ. ഇപ്രാവശ്യം പ്രതി സ്ഥാനത്ത് വരുന്നത് നത്താലിയ ഷൈൻ അറക്കൽ എന്ന വനിതയാണ്. അവർ ഇംഗ്ലീഷിൽ നിന്ന് കോപ്പി ചെയ്ത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നതാണ് തെളിവ് സഹിതം പിടിക്കപ്പെട്ടിരിക്കുന്നത്.
ഇതേപ്പറ്റി പരസ്യമായി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പറയുന്നതിന് മുൻപ് നത്താലിയയേയും അവരെ പ്രോത്സാഹിപ്പിക്കുന്നവരേയും അറിയിച്ച് സ്വയം പിന്തിരിയാൻ ഒരവസരം നൽകണമെന്ന് കരുതിയിരുന്നു. അത് പ്രകാരം നതാലിയ കോളം ചെയ്തിരുന്ന ഏഷ്യാനെറ്റിൽ വിവരമറിയിച്ചു. ഏഷ്യാനെറ്റിലെ വാക്കുത്സവം എന്ന പംക്തിയിൽ വന്ന അവരുടെ ഒരു ബുക്ക് റിവ്യൂ പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതുന്ന മറ്റുള്ളവരുടെ റിവ്യൂകൾ പകർത്തിയെഴുതി വള്ളിപുള്ളി വിടാതെ തർജ്ജിമ ചെയ്തതാണെന്നുള്ള തെളിവുകൾ ഏഷ്യാനെറ്റിന് അയച്ചുകൊടുത്തു. ഏഷ്യാനെറ്റിന് അത് ബോദ്ധ്യപ്പെടുകയും അവരോട് വിശദീകരണം തേടുമെന്നും കോളം നിർത്തലാക്കുമെന്നും എനിക്ക് മറുപടി തന്നു. (അതിന്റെ തെളിവുകളും കൈയിലുണ്ട്).
ഇന്നലെ രാത്രി നോക്കുമ്പോൾ നതാലിയയുടെ പ്രൊഫൈൽ മുങ്ങിയിരിക്കുന്നു. അവർ തെറ്റ് മനസ്സിലാക്കി ഈ പരിപാടി നിർത്തിപ്പോയി എന്നാണ് കരുതിയത്. അപ്പോൾ നത്താലിയയെ ടാഗ് ചെയ്തിരിക്കുന്ന ചില പോസ്റ്റുകൾ കണ്ടു. അതിലൊന്ന് എന്റെയൊരു സുഹൃത്തായ ശ്രീപാർവ്വതിയുടേതായിരുന്നു. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ.
ശ്രീപാർവ്വതി ഇത്തരം പൊയ്മുഖങ്ങളെ ആരാധിക്കുന്നുണ്ടെങ്കിൽ ഒരു സൂചന നൽകാമെന്ന് കരുതി ആ പോസ്റ്റിൽ ഞാനൊരു കമന്റിട്ടു. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ.
ഇന്ന് രാവിലെ ആയപ്പോഴേക്കും കാര്യങ്ങൾ ചൂടുപിടിക്കുകയും. എന്റെ കൈവിട്ട് പോകുകയും ചെയ്തു. ഞാൻ ഉന്നയിച്ചിരിക്കുന്ന കോപ്പിയടി ആരോപണങ്ങൾക്ക് തെളിവ് വേണമെന്നായി നതാലിയയെ അനുകൂലിക്കുന്നവരും എന്നെ അനുകൂലിക്കുന്നവരുമെല്ലാം. തെളിവ് ആവശ്യമെങ്കിൽ കൊടുക്കാമെന്ന് ശ്രീപാർവ്വതിയുടെ പോസ്റ്റിനടിയിൽ ഞാൻ ഉറപ്പ് നൽകിയിരുന്നതുമാണ്. പക്ഷേ തെളിവുകൾ സ്ക്രീൻഷോട്ടുകളായാണ് ഉള്ളത്. അത് പോസ്റ്റ് ചെയ്യാൻ ശ്രീപാർവ്വതിയുടെ പേജിൽ സാധിക്കുന്നില്ല.
വായനക്കാർക്ക് ഫോട്ടോ കമന്റ് ഇടാനുള്ള ഓപ്ഷൻ ശ്രീപാർവ്വതിക്ക് സ്വന്തം പേജിൽ സെറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നതുകൊണ്ട് മേൽപ്പറഞ്ഞ തെളിവുകൾ എന്റെ ബ്ലോഗിലൂടെ തന്നെ പറയേണ്ടി വന്നിരിക്കുകയാണ്. അല്ലായിരുന്നെങ്കിൽ ഇത് അവിടെ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു വിഷയമായിരുന്നു. ലോകം മുഴുവൻ സഞ്ചരിക്കുകയും ഒരുവിധം സാധാരണക്കാർക്കൊന്നും ദഹിക്കാത്ത തരത്തിലുള്ള പുസ്തകങ്ങളുടെ അവലോകനം എഴുതുകയും ചെയ്യുന്ന ഒരു വനിത അതിലെ ഒരു പുസ്തകാവലോകനം എവിടെ നിന്നാണ് ഒപ്പിച്ചിരിക്കുന്നതെന്ന് താഴെയുള്ള സ്ക്രീൻഷോട്ടുകൾ കണ്ട് ബോദ്ധ്യപ്പെട്ടോളൂ.
പച്ച നിറത്തിൽ കാണുന്നത് പുസ്തകത്തിലെ ഉദ്ധരണികൾ താൻ തർജ്ജിമ ചെയ്തതാണെന്ന് നത്താലിയ ലേഖനത്തിനടിയിൽ പറയുന്നുണ്ട്. ചുവന്ന നിറത്തിൽ ബാക്കിയുള്ളത് മുഴുവൻ മറ്റുള്ളവരുടെ പുസ്തകാവലോകനങ്ങളിൽ നിന്ന് ഓരോ പാരഗ്രാഫുകൾ വീതം കട്ടെടുത്ത് തർജ്ജിമ ചെയ്തതും. ഇതിനപ്പുറം നത്താലിയയിടേതായി ഒരു പാരഗ്രാഫ് പോലും ആ ലേഖനത്തിൽ ഇല്ല.
ഞാൻ ഇത് പിടിച്ചെന്ന് മനസ്സിലാക്കിയ ഉടൻ ബുക്ക് റിവ്യൂവിന്റെ കാര്യത്തിൽ അബദ്ധം പറ്റിപ്പോയെന്ന് ശ്രീപാർവ്വതിയുടെ പോസ്റ്റിനടിയിൽ നത്താലിയ കമന്റിട്ടു. പക്ഷേ എനിക്കതൊന്നും കാണാൻ പറ്റുന്നില്ല. കാരണം നതാലിയ എന്നെ ബ്ലോക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഞാനിതുവരെ നതാലിയയുടെ ഫേസ്ബുക്കിൽ പോയി ലൈക്ക്/ഡിസ്‌ലൈക്ക് മുതലായ ഒരു ഇമോജികളും ഇട്ടിട്ടില്ല, കമന്റിട്ടിട്ടില്ല. പിന്നെന്തിന് ഇത്രയും ഗുരുതരമായ ഒരാരോപണം ഉന്നയിക്കുമ്പോൾ അവരെന്നെ ബ്ലോക്ക് ചെയ്യണം ? അത് തന്നെ ഒരു കള്ളത്തരത്തിന്റെ ലക്ഷണമല്ലേ ? ആരോപണങ്ങൾ തെളിവടക്കം നിരത്തുന്ന എന്നോട് സംവദിക്കുകയാണ് നത്താലിയ ചെയ്യേണ്ടത് ?
ഈ തെളിവുകളിൽ നിന്നും അവരുടെ പോസ്റ്റിനടിയിൽ മറ്റുള്ളവർക്ക് കൊടുത്തിരിക്കുന്ന മറുപടി കമന്റുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നത് നത്താലിയ ഒരു പൊയ്മുഖമാണെന്നാണ്. (നതാലിയയുടെ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന പടം പൊയ്മുഖമാണെന്നല്ല.) നത്താലിയ തന്നെ ഒരു പൊയ്മുഖമാണെന്നാണ് ഞാൻ തറപ്പിച്ച് പറയുന്നത്. പല രാജ്യങ്ങളിൽ അവർ താമസിച്ചെന്ന നിലയ്ക്ക് അവർ ഏഷ്യാനെറ്റിൽ എഴുതിയിരിക്കുന്ന കോളത്തിലെ മറ്റ് ലേഖനങ്ങളും ഒറിജിനൽ അല്ലെന്ന് ഞാൻ ആരോപിക്കുന്നു. അത് ഒറിജിനലാണെങ്കിൽ ആ രാജ്യങ്ങളിൽ ഏതെങ്കിലും ഒരിടത്ത് നതാലിയ നിൽക്കുന്ന ഒരു ചിത്രമെങ്കിലും അതിനൊപ്പം കൊടുക്കേണ്ട ബാദ്ധ്യത എന്റേതല്ല, നതാലിയയുടേതാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാരണവശാലും അതൊന്നും വെളിച്ചപ്പെടുത്തില്ല എന്നാണവർ പറയുന്നത്. ലേഖനങ്ങളിലുള്ള ഓരോ ചിത്രങ്ങളും Pixabay യ്ക്ക് കടപ്പാട് നൽകി ചേർത്തിട്ടുള്ളതാണ്.
ലേഖനങ്ങളിലുള്ള അവരുടെ ഭാഷ പോലും സ്വന്തമല്ല. അന്യഭാഷയിലുള്ള എഴുത്തുകൾ തർജ്ജിമ ചെയ്യുമ്പോൾ ഒറിജിനലിന്റെ നിലവാരത്തിനനുസരിച്ച് വന്ന് ഭവിക്കുന്ന സ്വാഭാവികമായ ഭാഷാ ഔന്നത്യം മാത്രമാണത്. ഓളം പോലെ ഒരു ഓൺലൈൻ നിഘണ്ടുവിന്റെ സഹായമുണ്ടെങ്കിൽ സാധാരണ നിലയ്ക്ക് ആരും ഉപയോഗിക്കാത്ത തരത്തിലുള്ള വ്യത്യസ്തവും പുതുമയുള്ളതുമായ പദങ്ങൾ തിരഞ്ഞെടുക്കാൻ തർജ്ജിമ ചെയ്യുന്നയാൾക്ക് കഴിയും. പക്ഷേ ഇതൊക്കെ മനസ്സിലാക്കാൻ വായനക്കാരിൽ നല്ലൊരു കൂട്ടത്തിനും കഴിയണമെന്നില്ല.
ഇപ്പോൾ നതാലിയ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു നെടുനീളൻ ന്യായീകരണവുമായി വന്നിരിക്കുന്നു. ആ ലേഖനം ഒരു പരീക്ഷണമായിരുന്നെന്നാണ് പറയുന്നത്. മറ്റുള്ളവരുടേത് കോപ്പിയടിച്ച് തർജ്ജിമ ചെയ്ത് അത് ഓൺലൈൻ പത്രക്കാർക്ക് അയച്ചുകൊണ്ട് പബ്ലിഷ് ചെയ്യിപ്പിക്കുന്ന പരീക്ഷണം അതിഗംഭീരം തന്നെ. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ ഇറക്കുന്ന ന്യായീകരണങ്ങൾക്ക് ഒരു വിലയുമില്ലെന്ന് നത്താലിയ മനസ്സിലാക്കണം.
ഇത്രയും പറഞ്ഞത് നത്താലിയ കോപ്പിയടിച്ച് തർജ്ജിമ ചെയ്ത The Book of Disquiet എന്ന പുസ്തകാവലോകനത്തിന്റെ കാര്യമാണ്. അതിന് കാൽക്കാശിന് കൊള്ളാത്ത ന്യായീകരണങ്ങൾ നത്താലിയ നടത്തിക്കഴിഞ്ഞു. അതിനുള്ള സമയം ഇന്നലെ വൈകുന്നേരം മുതൽ ഇതുവരെ നത്താലിയയ്ക്ക് കിട്ടി. എന്റെ തെളിവടക്കമുള്ള ആരോപണങ്ങൾ ഈ പോസ്റ്റ് രൂപത്തിൽ വരുന്നതിന് മുന്നേ തന്നെ ന്യായീകരണ പോസ്റ്റ് വീണെന്ന് ചുരുക്കം. അതിലെ ന്യായാന്യായങ്ങൾ ഇതെല്ലാം വായിക്കുന്നവർക്ക് തന്നെ തീരുമാനിക്കാൻ വിട്ടുകൊടുത്തുകൊണ്ട് നത്താലിയയുടെ മറ്റൊരു മോഷണ തർജ്ജിമയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇതും ഗുഡ് റീഡ്സിൽ നിന്ന് പകർത്തിയത് തന്നെയാണ്.
ഇതിന് നത്താലിയയ്ക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം. എഴുത്തിൽ കള്ളത്തരം കാണിക്കുന്ന ഒരു വ്യക്തിയെ ഇതിൽക്കൂടുതൽ തുറന്ന് കാട്ടിയാലേ കള്ളത്തരമാണെന്ന് സമ്മതിക്കൂ എന്നാണ് നത്താലിയയുടേയും അവരുടെ ആരാധകരുടേയും വാദമെങ്കിൽ നിങ്ങളോടൊന്നും കൂടുതൽ തർക്കിക്കാനില്ല. ഇത്രയും തെളിവുകൾ കണ്ട് ഒരു പത്രപ്രവർത്തകന് കാര്യങ്ങൾ ബോദ്ധ്യമായതുകൊണ്ടാണ് അദ്ദേഹം അവരെ കോളം എഴുത്തിൽ നിന്ന് ഒഴിവാക്കാം എന്ന് എനിക്ക് മെയിൽ അയച്ചത്. ഇതൊന്നും അറിയാത്ത ഇതൊന്നും മനസ്സിലാക്കാത്ത വായനക്കാരും പത്രപ്രവർത്തകരും ഇനിയുമുണ്ടെങ്കിൽ, മനസ്സിലായാലും തർക്കിച്ചുകൊണ്ടേയിരിക്കുന്നവരുണ്ടെങ്കിൽ കൂടുതൽ തെളിവുകൾക്കായി നത്താലിയ കട്ടെടുത്ത് തർജ്ജിമ ചെയ്ത എല്ലാ വരികൾക്കും പിന്നാലെ പോകാൻ എനിക്ക് തൽക്കാലം സമയവുമില്ല സൌകര്യവുമില്ല. എന്റെ സ്വന്തം വരികൾ കട്ടുകൊണ്ടുപോയി പുസ്തകമാക്കി അച്ചടിച്ച് വിറ്റ് കാശുണ്ടാക്കിയ കാരൂർ സോമനോടും മാതൃഭൂമി പബ്ലിക്കേഷനോടും നിയമയുദ്ധം നടത്താൻ തന്നെ എനിക്ക് സമയം തികയുന്നില്ല.
ചില കളവുകളും കള്ളത്തരങ്ങളും കണ്ടു. അതിനെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ചില സുഹൃത്തുക്കളേയും കണ്ടു. കാണുന്നത് പോലെയല്ല കാര്യങ്ങളെന്ന് അവരെ ഒന്നറിയിക്കണമെന്ന് തോന്നിയതുകൊണ്ട് അറിയിക്കുന്നു. നത്താലിയ നേരെ ചൊവ്വേയുള്ള എഴുത്തുകാരിയല്ല എന്നതിന് ഇത്രയും തെളിവുകൾ ധാരാളമാണ്. നത്താലിയ വെറുമൊരു ഓൺലൈൻ എഴുത്തുകാരിയല്ല. ഏഷ്യാനെറ്റ് പോലുള്ള ഒരു പോർട്ടലിൽ കോളമിസ്റ്റാണ്. ഏഷ്യാനെറ്റിലെ വാക്കുത്സവം എന്ന പക്തിയിൽ വന്ന ലേഖനങ്ങളിൽ നിന്നാണ് ഈ രണ്ട് കള്ളത്തരങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയാകുമ്പോൾ വായനക്കാർക്ക് മുന്നിൽ അൽപ്പമെങ്കിലും സുതാര്യത അനിവാര്യമാണ്. ഇനിയും നിങ്ങൾക്ക് നത്താലിയ മഹത്തായ എഴുത്തുകാരിയാണെങ്കിൽ നിങ്ങൾ പൂവിട്ട് പൂജിച്ച് വാഴ്ത്തി നടന്നോളൂ. എന്റെ കണ്ണിൽ എന്നും അവർക്ക് സാഹിത്യം ചോരണം ചെയ്ത് തർജ്ജിമ ചെയ്ത ഒരാളുടെ സ്ഥാനമേ ഉണ്ടാകൂ.
ഇത്രയും ഒരാളെപ്പറ്റി പറഞ്ഞുവെച്ചിട്ട് ഞാൻ എങ്ങോട്ടും ഓടി ഒളിക്കുന്നില്ല. 2007 നവംബർ മുതൽ ഈ സൈബർ ലോകത്തുണ്ട്. ഇത്തരത്തിൽ ഒരു നത്താലിയയോ അവരുടെ ആരാധകരോ പടയിടകി വന്നതുകൊണ്ട് ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിൽ നിന്നും ഓടിയൊളിക്കാൻ പോകുന്നില്ല. ഇത്തരം ആരോപണങ്ങളുമായി ഒരാൾ എനിക്കെതിരെ വന്നാൽ, നത്താലിയ എന്നോട് ചെയ്തത് പോലെ ഞാനയാളെ ബ്ലോക്ക് ചെയ്യില്ല. ഇവിടെത്തന്നെയുണ്ടാകും. ഞാൻ പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെങ്കിൽ അത് തെളിയിക്കേണ്ടത് നത്താലിയയാണ്. അതല്ലെങ്കിൽ അവർക്ക് നിയമനടപടികൾ സ്വീകരിക്കാം. ഏതറ്റം വരെ പോയിട്ടായാലും ഞാനത് നേരിടുന്നതാണെന്ന് ഉറപ്പ് തരുന്നു. അങ്ങനെയുണ്ടായാൽ നത്താലിയ ഇപ്പൊഴും പറഞ്ഞുകൊണ്ടേയിരിക്കുന്ന അവരുടെ ബാക്കിയുള്ള കള്ളത്തരങ്ങൾക്ക് കോടതി വഴി തന്നെ തിരശ്ശീല വീഴുകയും ചെയ്യും. അതെനിക്കുറപ്പാണ്. ബാക്കിയെല്ലാം ഇപ്പോളും നത്താലിയയ്ക്കൊപ്പം നിൽക്കുന്ന വായനക്കാരുടെ വിധി. ഭേഷായിട്ട് അനുഭവിച്ചോളൂ.
ഇത് എന്റെ ഒരാളുടെ മാത്രം സംശയങ്ങളും കണ്ടെത്തലുകളും തെളിവുകളും മാത്രമല്ല. മറ്റൊരാൾ കൂടെ ഇതേ സംശയങ്ങളുമായി പലപ്പോഴായി നത്താലിയയെ വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.(അതിൽക്കൂടുതൽ പേര് സംശയത്തോടെ നത്താലിയയെ വായിച്ചിട്ടുണ്ടെങ്കിൽ നല്ലത്.) ഒരവസരത്തിൽ ഞങ്ങൾ രണ്ടുപേരും ഈ വിഷയം ചർച്ച ചെയ്യാനിടയായി. കൂടുതൽ തെളിവുകൾ ശേഖരിച്ചു. അത് മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അയാളുടേയും എന്റേയും ഉത്തരവാദിത്തമാണെന്ന് തന്നെ കണക്കാക്കിക്കോളൂ. പക്ഷേ ഇക്കാര്യം പുറത്തറിയിക്കാനുള്ള ഉത്തരവാദിത്തം എന്നിലാണ് നിക്ഷിപ്തമായിരുന്നത്. ഞാനത് ചെയ്തിരിക്കുന്നു. ഈ വിഷയത്തിൽ എന്നെ ഒറ്റയ്ക്ക് നിർത്തുന്നതിന് ഒരു പരിധി രണ്ടാമത്തെയാൾ നിശ്ചയിച്ചിട്ടുണ്ട്. ആ പരിധി വിടുമ്പോൾ, ആവശ്യമെങ്കിൽ അയാൾ പരസ്യമായിത്തന്നെ രംഗത്ത് വരുന്നതായിരിക്കും. നത്താലിയയ്ക്ക് എതിരെ സംഘം ചേർന്നുള്ള ആക്രമണമാണ് നടക്കുന്നതെന്ന് പലയിടങ്ങളിലും ആരോപണങ്ങൾ കണ്ടതുകൊണ്ടാണ് ഇത്രയും കൂടെ പറയുന്നത്. ഇതൊരു സംഘടിത ആക്രമണമാണെന്ന് കോടതി വിധി വന്നാൽപ്പോലും തിരിച്ച് ചോദിക്കാനുള്ളത്,… വെറുതെ വഴിയിലൂടെ പോയ ഒരാളെ സംഘം ചേർന്ന് ആക്രമിച്ചതല്ലല്ലോ. സാഹിത്യം എന്ന പേരിൽ മോഷണമുതൽ തർജ്ജിമ ചെയ്ത് അവതരിപ്പിച്ചപ്പോൾ അത് രണ്ട് പേർ ചേർന്ന് പിടികൂടി വെളിയിൽ കൊണ്ടുവന്നതല്ലേ ?
വാൽക്കഷണം:- സംഘം ചേർന്ന് ആക്രമിക്കാനും മാത്രം എനിക്ക് നത്താലിയയോട് ഒരു വ്യക്തിവിരോധവും ഇല്ല. എനിക്കവരെപ്പറ്റി ഈ ഏഷ്യാനെറ്റ് കോളം ലേഖനങ്ങളിലൂടെയല്ലാതെ യാതൊരു മുൻപരിചയമോ അടുപ്പമോ അറിവോ ഇല്ല. എന്നുവെച്ച് എഴുത്തിൽ കള്ളത്തരം ഒരാൾ കാണിക്കുമ്പോൾ അത് കാണാത്ത മട്ടിൽ മുന്നോട്ട് പോകാനുമാവില്ല.
കുറെ മേനക്കെടെണ്ടി വന്നു അല്ലേ. എങ്കിലും വിശദീകരിച്ചത് നന്നായി, പ്രത്യേകിച്ചും വ്യക്തി ആക്രമണ ആരോപണം നേരിടേണ്ടി വരുമ്പോൾ.