Monthly Archives: July 2020

ഇതിലും വലുത് വരാനിരിക്കുന്നു !


33
ബാംഗ്ലൂരിലെ ഒരു അവസ്ഥയാണ് ചിത്രത്തിലുള്ളത്. കൊറോണ വന്നവർ കഴിയുന്ന ഒരു ഫ്ലാറ്റിന്റെ വാതിൽ, ഷീറ്റ് ഉപയോഗിച്ച് അധികൃതർ കൊട്ടിയടച്ചിരിക്കുന്നു! ഒരു തീപിടുത്തം ഉണ്ടായാൽ ആ വീട്ടിലുള്ളവർ വെന്ത് ചത്തെന്നിരിക്കും.

ഒരു വശത്ത് ക്വാറന്റൈയ്നിൽ ഇരിക്കേണ്ട സമയത്ത് പോലും അഴിഞ്ഞാടി നടക്കുന്നവർ. മറുവശത്ത് സ്വന്തം മക്കൾക്കോ കുടുംബാംഗങ്ങൾക്കോ ക്വാറന്റൈയ്നിൽ ഇരിക്കേണ്ടി വരുമ്പോൾ പോലും, അവരെ അകറ്റി നിർത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്നവർ. അതുകൊണ്ടുതന്നെ, വരുംവരായ്കകൾ നോക്കാതെ അങ്ങേയറ്റത്തെ നടപടികൾ സ്വീകരിക്കേണ്ടി വരുന്ന അധികാരികൾ. ഇതിൽ ആരെ കുറ്റപ്പെടുത്തണം എന്നറിയില്ല.

ഒരു കാര്യം മനസ്സിലാക്കുക. കൊറോണ വന്നവരെല്ലാം മരിച്ചിട്ടില്ല. കേരളത്തിലെ കാര്യം മാത്രം ഒരിക്കൽക്കൂടെ ആവർത്തിക്കാം. കഴിഞ്ഞ നാല് വർഷങ്ങളിൽ (ഓരോ വർഷവും) റോഡപകടങ്ങളിൽ മരിച്ചവരുടെ നൂറിലൊന്ന് ആൾക്കാർ മാത്രമേ ഇപ്പോഴും കൊറോണ വന്ന് മരിച്ചിട്ടുള്ളൂ. പിന്നെന്തിന്, ‘ജാഗ്രത മതി ഭയം വേണ്ട’ എന്ന് പറഞ്ഞപ്പോളൊന്നും, ജാഗ്രത കാണിക്കാതിരുന്ന നമ്മൾ ഇപ്പോൾ ഭയപ്പെടണം ?

ഞാനും ഒരു ഫ്ലാറ്റിലാണ് ബാംഗ്ലൂരിൽ ജീവിക്കുന്നത്. നാളെ എന്നേയും കൊറോണ പിടികൂടിയെന്നിരിക്കാം. നാളെ എന്റെ ഫ്ലാറ്റിന്റെ വാതിലും ഇതുപോലെ കൊട്ടിയടക്കപ്പെടാം. ഫ്ലാറ്റിൽ ഒരു തീ പിടുത്തം ഉണ്ടായാൽ ഞാനും വെന്ത് ചത്തെന്നിരിക്കാം.

പട്ടിണി കിടന്നോ, വെന്ത് പൊള്ളിയോ, കൊറോണ വന്നോ, നശ്വരമായത് പ്രകൃതി നിശ്ചയിച്ചിട്ടുള്ള കാലയളവിനുള്ളിൽ മണ്ണോട് മണ്ണ് ചേർന്നിരിക്കുക തന്നെ ചെയ്യും. പതിനാറുകാരനും ചിരഞ്ജീവിയുമായ മാർക്കണ്ഡേയൻ പോലും ഇന്ന് ജീവനോടെയുള്ളതായി എന്റെ അറിവിലില്ല. അതൊന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ചാൽ പിന്നെ ബേജാറില്ല.

“ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം,
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം,
മണ്ണിനു കീഴായ് കൃമികളായ് പോകിലാം,
നന്നല്ല ദേഹം നിമിത്തം മഹാമോഹം” …… എഴുത്തച്ഛന്റെ ഈ വാക്യങ്ങൾ മറക്കാതിരിക്കുക.

മരണമെന്ന ബേജാർ എനിക്കശേഷമില്ല. പക്ഷേ കുറ്റം ചെയ്തവർ കാരണം, കുറ്റം ചെയ്യാത്തവരടക്കം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിൽ തീർച്ചയായും ബേജാറുണ്ട്.

രോഗഭയത്തിന്റെ പേരിൽ, രോഗം വന്നവരെ ഇത്തരത്തിൽ ഒറ്റപ്പെടുത്തുകയും അകറ്റിനിർത്തുകയും രോഗമല്ലാതുള്ള മറ്റൊരു അപകടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നത് നിന്ദ്യമായ പ്രവർത്തിയാണ്. ഇതിനുത്തരവാദികൾ നമ്മൾ ഓരോരുത്തരുമാണ്.

പറ്റുമെങ്കിൽ രോഗം വരുന്നതിന് മുമ്പ് അകന്നിരിക്കൂ, അടങ്ങിയൊതുങ്ങി അടച്ചിരിക്കൂ. നമ്മൾ കാരണം മറ്റുള്ളവർക്ക് ഈ ചിത്രത്തിൽ കാണുന്നത് പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ സഹകരിച്ചേ പറ്റൂ. അതിലും വലിയ ഒരു സാമൂഹ്യ പ്രവർത്തനം ഇക്കാലത്ത് ചെയ്യാനില്ല.

വാൽക്കഷണം:- പലർക്കും അവരവരുടെ ജീവൻ മാത്രമാണ് വലുത്. സ്വാർത്ഥതയുടെ മകുടോദാഹരണങ്ങളെ കൊറോണ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു. നന്ദി കൊറോണാ.

അപ്ഡേറ്റ് @1300 hrs:- വാതിൽ കൊട്ടിയടച്ച നടപടി അധികൃതർ തിരുത്തിയിരിക്കുന്നു. എങ്കിലും, ഇങ്ങനെ ചെയ്തു എന്ന കാര്യത്തിൽ വ്യത്യാസം ഉണ്ടാകുന്നില്ല. ഇത്തരത്തിൽ അല്ലെങ്കിൽ ഇതുപോലെ മറ്റൊന്ന് ചെയ്യാനുള്ള മാനസികാവസ്ഥയിൽ മനുഷ്യത്വം നഷ്ടമായവർ പുറത്ത് നിൽക്കുന്നു എന്നതിലും സംശയിക്കേണ്ടതില്ല.