ശ്രീ.കെ.ജയകുമാർ(IAS) എഴുതിയ അവതാരിക


ന്റെ ആദ്യപുസ്തകമായ ‘മുസ്‌രീസിലൂ‍ടെ‘ എന്ന യാത്രാവിവരണം Rediscovering Muziris എന്ന പേരിൽ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുന്ന ഘട്ടം വന്നപ്പോൾ അവതാരിക അഥവാ Foreward എഴുതാൻ മലയാളം യൂണിവേർസിറ്റി വൈസ് ചാൻസലറായ കെ.ജയകുമാർ സാറിനെയാണ് സമീപിച്ചത്.

ഇക്കാര്യത്തിനായി തിരൂര് മലയാളം യൂണിവേർസിറ്റിയിൽ ചെന്ന് കാണുന്നതിന് മുൻപ് എനിക്കദ്ദേഹവുമായി മുൻ‌പരിചയം ഒന്നുമില്ല. ഇംഗ്ലീഷ് പുസ്തകത്തിലേക്കുള്ള അവതാരികയാണ് ഇംഗ്ലീഷിൽ എഴുതി തരണം എന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം അത് ഓർക്കാതെ മലയാളത്തിലാണ് എഴുതിത്തന്നത്.

Muziris Eng

ഈ അവതാരിക പീന്നീട് ശ്രീമതി ഐഷാ ശശിധരൻ തർജ്ജിമ ചെയ്താണ് Rediscovering MUZIRIS എന്ന ഇംഗ്ലീഷ് പതിപ്പിൽ ചേർത്തിരിക്കുന്നത്. ഈ വരികൾക്ക് എങ്ങനെ നന്ദി രേഖപ്പെടുത്തണമെന്ന് എനിക്കറിയില്ല ജയകുമാർ സാർ. ഞാൻ വീണ്ടും വീണ്ടും ഇല്ലാത്ത അക്ഷരങ്ങൾക്കായി തപ്പിത്തടഞ്ഞ് വീണുപോകുന്നു.

സാറിന്റെ ഒഴുക്കുള്ളതും അതേസമയം വായിച്ചെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്തതുമായ കൈയ്യെഴുത്ത് പ്രതി ഇവിടെ ചേർക്കുന്നു. അതല്ലാതെ വായിക്കണമെന്നുള്ളവർക്കായി എടുത്തെഴുതുകയും ചെയ്യുന്നു.
———————————————————————-
k jayakumar

അഭിമാനിക്കാൻ ഒരു പുസ്തകം

വുട്ടി നിൽക്കുന്ന പരിചിതമായ മണ്ണ് ചരിത്രത്തിന്റെ പാദമുദ്രകൾ പതിഞ്ഞുകിടക്കുന്ന അത്ഭുത ഭൂമിയാണെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. ഈ അറിവിലേയ്ക്കുള്ള ഉണർത്താണ് ‘മുസ്‌രീസിലൂടെ’ എന്ന അപൂർവ്വവും അമൂല്യവുമായ പുസ്തകം. നേടാനാവുന്ന അറിവുകളുടെ വൈപുല്യത്തിൽ വായനക്കാരൻ അനുഭവിക്കുന്ന അത്ഭുതവും കൃതജ്ഞതയുമാണ് ഒരു പുസ്തകത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പുരസ്ക്കാരവും. കൊടുങ്ങല്ലൂരും പരിസരവും കേരളത്തിന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും, മുസിരീസ് എന്ന മുചിരിപ്പട്ടണം ഇതുതന്നെയാണോ എന്ന തർക്കം സജീവമാണെന്നും, പട്ടണത്ത് നടക്കുന്ന ഉദ്ഖനനം വിലപ്പെട്ട കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നും സാധാരണ വായനക്കാരന് സാമാന്യമായ അറിവുണ്ടായിരിക്കാം. എന്നാൽ ഈ അറിവുകൾക്കപ്പുറത്തേക്ക് കാണാനാകുന്ന ചരിത്രജാലകങ്ങൾ തുറന്നിടുകയാണ് ഈ കൃതി. ‘നാമിങ്ങറിയുന്നതൽ‌പ്പം’ എന്ന് നമുക്ക് തോന്നാതിരിക്കുകയില്ല.

മതിലകവും മാളയും കോട്ടയിൽ കോവിലകവും ഗോതുരുത്തും ചേന്ദമംഗലവും പാലിയവും പറവൂരുമൊക്കെ സാധാരണ മലയാളിക്ക് എത്രതന്നെ പരിചിതമാണോ അത്രതന്നെ അപരിചിതവുമാണ്. എത്രയെത്ര ചരിത്ര മുഹൂർത്തങ്ങളുടെ ഓർമകളാണ് അവ ഹൃദയത്തിൽ സൂക്ഷിക്കുന്നത് ! ഇപ്പോഴും നമുക്ക് അവയെക്കുറിച്ച് പൂർണ്ണവും ഉദ്പ്രഫിതവുമായ ചിത്രമുണ്ടോ ? നമ്മുടെ ചരിത്രപഠനം ഈ ശേഷിപ്പുകളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടുണ്ടോ ? ചരിത്രപഠനത്തിന്റെ പണ്ഡിതവഴികൾ വിട്ട് സഞ്ചരിക്കാൻ നമുക്കിപ്പോഴും സാധിച്ചിട്ടുണ്ടോ ? കേരളചരിത്രത്തിന്റെ വിട്ടുപോയ കണ്ണികൾ തേടിയുള്ള ഗവേഷണങ്ങൾ വേണ്ടവിധം നാം ഏറ്റെടുത്തിട്ടുണ്ടോ ?

നിരക്ഷരന്റെ ഈടുള്ള ഈ പുസ്തകം ഈവിധമുള്ള ചോദ്യങ്ങൾ ഉണർത്തുക തന്നെ ചെയ്യും. കെട്ടുകഥകളും യുദ്ധങ്ങളും അധിനിവേശങ്ങളുമൊക്കെ നിറഞ്ഞ ഒരു നാടിന്റെ ഉൾവഴികളിലൂടെയുള്ള ഈ യാത്ര ‘ചരിത്രത്തിന്റെ ഇരുൾ‌വീണുകിടക്കുന്ന ഇടനാഴികളിലേക്ക് വെളിച്ചം വീശാൻ’ ഉപകരിക്കുമെന്ന ഗ്രന്ഥകാരന്റെ പ്രതീക്ഷ തീർച്ചയായും അസ്ഥാനത്തല്ല. എത്രയെത്ര വിലപ്പെട്ട വസ്തുതകളാണ് വായനക്കാരന് സ്വന്തമാകുന്നത്. ഒരു ജനതയുടെ ഭൂതകാലം അറിയാനുള്ള അഭിനിവേശവും അന്വേഷണകൌതുകവും സമർപ്പണബുദ്ധിയും കൊണ്ടുമാത്രമേ ഇത്ര സമ്പന്നമായ ഒരു ഗ്രന്ഥം രചിക്കാനാവൂ. നിഷ്പക്ഷതയും വസ്തുനിഷ്ഠതയുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആഖ്യാന ശൈലിയും ഭാഷയും അത്യന്തം അകൃത്രിമവും. എഴുത്തിന്റെ ആർജവം വായനക്കാരന്റെ പ്രചോദനമായി രൂപാന്തരപ്പെടുന്നു.

ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സമീപനത്തിലൂടെ പുസ്തകത്തിലെ ഓരോ ഫോട്ടോയും പുതിയ ലോകങ്ങൾ തുറക്കുന്ന അത്ഭുതജാലകങ്ങളായി മാറുന്നു. ലഭ്യമായ സാങ്കേതിക വിദ്യ സമുചിതമായി ഉപയോഗപ്പെടുത്തി കാണാപ്പുറങ്ങൾ കാണിച്ചുതരുന്ന ഈ സങ്കേതം ലോകത്തുതന്നെ അധികമാരും ഉപയോഗപ്പെടുത്തിയിട്ടില്ല. അത് വായനയെയും ചരിത്രാന്വേഷണത്തെയും പുതിയ വിതാനങ്ങളിലേക്ക് കൊണ്ടുപോകുന്നു.

ചരിത്രം മൃതമായ വസ്തുതകളും നിശ്ചലമായ നിഗമനങ്ങളുമല്ല. നിരന്തരം പുനഃസൃഷ്ടിക്ക് വിധേയമാവുന്ന ചലനാത്മകമായ വിജ്ഞാനധാരയാണത്. സ്മാരകങ്ങളിലും ശേഷിപ്പുകളിലും കൌതുകവും ജിജ്ഞാസയുമുണർത്തി, അവയിൽ പുതിയ അർത്ഥങ്ങൾ കണ്ടെത്തി വായനക്കാരന്റെ ചരിത്രബോധത്തിന് പുതിയൊരുണർവും ചൈതന്യവും പകരാൻ ഈ പുസ്തകത്തിന് അനായാസമായി സാധിക്കുന്നു. അറിവും അന്വേഷണവും ആഖ്യാനവൈഭവവും സാങ്കേതികമികവും കൈകോർക്കുന്ന ഈ വിലപ്പെട്ട പുസ്തകം മലയാളികളെ അഭിമാനിതരാക്കുന്നു. പുതിയ അന്വേഷണങ്ങൾക്ക് നിർബന്ധിക്കുന്നു.

കെ.ജയകുമാർ
(ഒപ്പ്)
സെപ്റ്റംബർ 2016

1
23

Comments

comments

One thought on “ ശ്രീ.കെ.ജയകുമാർ(IAS) എഴുതിയ അവതാരിക

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>