കൊലക്കയറാകുന്ന ചുവപ്പുനാടകൾ


99 - Copy

ഗസ്റ്റ് 20ന് മലപ്പുറത്ത് നിന്ന് സുഹൃത്ത് മണികണ്ഠനും കൂട്ടുകാരായ മറ്റ് രണ്ട് മണികണ്ഠന്മാരും ചേർന്ന് ഒരു പിക്ക് അപ്പ് നിറയെ ദുരിതാശ്വാസ സാമഗ്രികളുമായി എറണാകുളത്തെത്തി. എനിക്ക് പരിചയമുള്ള കുസാറ്റ് അടക്കമുള്ള ക്യാമ്പുകളിൽ വാഹനം അടുപ്പിച്ചപ്പോൾ അവിടെയെല്ലാം സാധനങ്ങൾ ഉണ്ടെന്ന് ബോദ്ധ്യമായതുപ്രകാരം അവസാനമായി ചെന്നത് മോഡൽ എഞ്ചിനീയറിങ്ങ് കോളേജിലേക്കാണ്. അവിടെയും സാധനങ്ങൾക്ക് ക്ഷാമമൊന്നും ഇല്ല. സത്യത്തിൽ എറണാകുളം പട്ടണത്തിന്റെ നടുക്കുള്ള ക്യാമ്പുകളിൽ സാധനങ്ങൾക്കൊരു ക്ഷാമവും ഇല്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന സഹായങ്ങൾ ആദ്യമെത്തുന്നത് നഗരത്തിലേക്കാണല്ലോ ? പോരാത്തതിന് ഈ പ്രദേശത്തെ മിക്കവാറും ക്യാമ്പുകളിൽ ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യൻ നേവിയാണ്.

വെള്ളത്താൽ ചുറ്റപ്പെട്ട് നിന്ന ദിവസങ്ങളിൽ യു,സി.കോളേജിലെ ക്യാമ്പിൽ വെള്ളത്തിനും മറ്റ് സാമഗ്രികൾക്കും ക്ഷാമമുണ്ടായിരുന്നു. പക്ഷെ അങ്ങോട്ട് അടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോൾ അതേ അവസ്ഥയുള്ളത് വൈക്കത്തേയും തലയോലപ്പറമ്പിലേയും ചേർത്തലയിലേയും ആലപ്പുഴയിലേയും മറ്റും ക്യാമ്പുകളിലാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (അവസാനം പറഞ്ഞ രണ്ട് സ്ഥലങ്ങളിലെ കാര്യം നേരിട്ടറിയില്ല.)

മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ മണികണ്ഠന്മാരുടെ വാഹനത്തോടൊപ്പം ചെന്നപ്പോൾ തലയോലപ്പറമ്പിൽ നിന്ന് ചിലർ സാധനങ്ങൾ കിട്ടുമോ എന്നന്വേഷിച്ച് അവിടെ വന്നിട്ടുണ്ടായിരുന്നു. ആ ഭാഗത്ത് ക്യാമ്പുകൾ തുറന്നിട്ട് രണ്ടാം ദിവസമേ ആകുന്നുള്ളൂ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നയിടത്താണ് ക്യാമ്പുകളിൽ പലതും. വലിയ പാത്രങ്ങളിൽ സാധനങ്ങൾ കയറ്റി, കയറ് കെട്ടി വെള്ളത്തിലൂടെ വലിച്ചാണ് ക്യാമ്പുകളിൽ എത്തിക്കുന്നത്. അവരതിന്റെ വീഡിയോ കാണിച്ചുതന്നു. എനിക്ക് മുൻപരിചയമുള്ളവരല്ല അവരാരും. എന്നിട്ടും മണിയും സുഹൃത്തുക്കളും ആ സാധനങ്ങൾ മുഴുവൻ അവർക്ക് കൊടുക്കാൻ തീരുമാനിച്ച് അവരുടെ വാഹനത്തിൽ കയറ്റി വിട്ടു. മോഡൽ എഞ്ചിനീയറിങ്ങ് കോളേജിലെ മുൻ വിദ്യാർത്ഥിയും ഫേസ്ബുക്ക് സുഹൃത്തുമായ ബാബു മാത്രമാണ് എനിക്കവിടെ പരിചയമുണ്ടായിരുന്ന ഏക മുഖം. ബാബുവിന് പരിചയമുള്ളവരാണെന്ന് തോന്നിയതുകൊണ്ട് മറ്റൊരു സംശയത്തിന്റേയും ആവശ്യം ഉണ്ടായില്ല. അവർ സാധനങ്ങൾ കൊണ്ടുപോയി.

അടുത്ത ദിവസം, കുട്ടനാട്ടിൽ ഒപ്പം പ്രവർത്തിച്ച സ്മികേഷ് അടക്കം മറ്റ് ചില സുഹൃത്തുക്കൾ വിളിച്ചു. പലയിടങ്ങളിൽ നിന്നും സാധനങ്ങളുമായി ട്രക്കുകൾ വരുന്നുണ്ട്. ആവശ്യമുള്ള, അർഹിക്കുന്ന ഇടങ്ങളിൽ അതെല്ലാം എത്തണം എന്നതാണ് സാധനങ്ങൾ അയക്കുന്നവരുടെ പ്രധാന അവശ്യം. സ്മികേഷിനും സംഗീതയ്ക്കും ജിനുവിനും ഒപ്പം കുട്ടനാട്ടിൽ നാല് ദിവസം ഞങ്ങൾ നടത്തിയതും അത്തരം ഒരു നീക്കമായിരുന്നെന്ന് അത് ശ്രദ്ധിച്ചിട്ടുള്ളവർ മനസ്സിലാക്കിക്കാണുമെന്ന് വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയിൽ വരുന്ന റിക്വയർ‌മെന്റുകളിൽ നിന്ന് യഥാർത്ഥ ആവശ്യക്കാരനെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. Verified എന്ന് പറഞ്ഞ് ആളുകൾ പോസ്റ്റിടുന്നുണ്ടെങ്കിൽ‌പ്പോലും, ഇതൊരു പ്രശ്നമായിത്തന്നെ നിലനിൽക്കുന്നു. ആ പോസ്റ്റുകൾ കാണുന്നത് നിരവധി പേരാണ്. നമ്മൾ സാധനങ്ങളുമായി അവിടെച്ചെല്ലുന്ന സമയത്തിനകം മറ്റ് രണ്ട് പേരെങ്കിലും ആ കേസ് ക്ലോസ് ചെയ്തിരിക്കും. നമ്മുടെ ഒരുപാട് സമയവും ഊർജ്ജവും ഇന്ധനവും നഷ്ടപ്പെടുകയും ചെയ്യും.

സാധനങ്ങൾ ആവശ്യമുള്ള ക്യാമ്പുകളാ‍യാലും വ്യക്തികളായാലും അവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്ന നടപടി മാത്രമേ രക്ഷയുള്ളൂ. വാഹനം പുറപ്പെടുന്ന അവസാന നിമിഷം വരെ അവരെ വിളിക്കുന്നു. മറ്റാരെങ്കിലും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ടെങ്കിൽ അവരെ വേറെ ഏതെങ്കിലും ആവശ്യക്കാരിലേക്ക് തിരിച്ച് വിട്ടോളൂ, നിങ്ങൾക്കുള്ള സാധനങ്ങളുമായി ഞങ്ങളുടെ വാഹനം ദാ പുറപ്പെടുകയാണ് എന്നറിയിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വിചാരിച്ചത് പോലെ ചെയ്യാൻ സാധിക്കുന്നു.

ഊട്ടിയിലെ (കൈരളി അറവൻകാട്) പട്ടാളക്കാരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഓണാഘോഷങ്ങൾ റദ്ദാക്കി ആ പണം കൊണ്ട് വാങ്ങി അയക്കുന്ന 2 ട്രക്ക് നിറയെ സാധനങ്ങൾ കേരളത്തിലെത്തുന്നു. ആവശ്യമുള്ള സ്ഥലങ്ങൾ പറഞ്ഞാൽ അങ്ങോട്ടെത്തിക്കാം എന്ന് പറഞ്ഞ് ഇന്നലെ (21 ആഗസ്റ്റ്) സ്മികേഷ് വീണ്ടും വിളിച്ചു. ഉടനെ തലയോലപ്പറമ്പിലെ ടീമുമായി ബന്ധപ്പെട്ടു. അവർക്ക് സാധനങ്ങൾക്ക് ക്ഷാമം തന്നെയാണ്. ആദ്യദിവസത്തേക്കാൾ അധികമായിരിക്കുന്നു ഇപ്പോൾ ആ ഭാഗത്തെ ക്യാമ്പുകളുടെ എണ്ണം. ഊട്ടിയിൽ നിന്ന് വന്ന പട്ടാ‍ള ട്രക്കുകളിൽ നിന്ന് കുറേയേറെ സാധനങ്ങൾ സ്മികേഷ് മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റി ഇന്നലെ രാത്രി 08:30 ന് എന്റെയടുത്തെത്തി. ഊട്ടിയിൽ നിന്ന് ട്രക്കുകൾക്കൊപ്പം വന്ന രണ്ട് പട്ടാളക്കാരിൽ (Defence Service Corps) ഒരാളായ ബെന്നിയും ഞാനും കൂടെ ആ ലോറിയിൽ തലയോലപ്പറമ്പിലേക്ക് തിരിച്ചു. ബെന്നി ആ നാട്ടുകാരൻ ആയതുകൊണ്ട് സാധനങ്ങൾ എബനൈസർ ബൈബിൾ കോളേജിലെ കളൿഷൻ പോയന്റിൽ ഇറക്കിയശേഷം അദ്ദേഹം വീട്ടിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ഈ കളൿഷൻ പോയന്റിൽ നിന്ന് വൈക്കവും തലയോലപ്പറമ്പും കടുത്തുരുത്തിയും കൂടാതെ ചേർത്തല വരെയുള്ള 84 ൽ‌പ്പരം ക്യാമ്പുകളിലേക്കാണ് അവരിപ്പോൾ സാധനങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നത്.

രാത്രി 10 മണിയോടെ എബണൈസർ കോളേജിൽ എത്തിയപ്പോൾ അവിടെ കോർഡിനേറ്ററായ തിമോത്തിയും സുഹൃത്തുക്കളും കോളേജ് പ്രിൻസിപ്പാൾ എബ്രഹാം അച്ചനും തലേന്ന് സാധനമെടുക്കാൻ മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ പ്രവർത്തകരും എല്ലാം ഉണ്ട്. കുറഞ്ഞ സമയം കൊണ്ട് ഒരു ലോഡ് സാധനങ്ങൾ അവർ ഇറക്കി വെച്ചു. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ സ്റ്റോക്കുള്ളത് വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ്. അവർക്കിനിയും സാധനങ്ങൾ ആവശ്യമുണ്ട്. തിമോത്തിയും സുഹൃത്തുക്കളും പ്രിൻസിപ്പൾ അച്ചനുമെല്ലാം നല്ല രീതിയിൽ ഒരു കളൿഷൻ സെന്ററാണ് ആ പ്രദേശത്തുള്ള ക്യാമ്പുകൾക്ക് വേണ്ടി ഓപ്പറേറ്റ് ചെയ്യുന്നത്. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.മോഹനൻ അടക്കമുള്ളവർ അവിടെ വന്ന് കാര്യങ്ങൾ അന്വേഷിച്ച് സഹകരിച്ച് പോകുന്നുണ്ട്.

പറഞ്ഞുവരുന്നത്, നാട് മുഴുവൻ ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ ? എന്നിരുന്നാലും ഒരു വലിയ മാമ്പഴക്കൂടയാകുമ്പോൾ രണ്ട് മൂന്ന് പുഴുക്കുത്തുള്ള മാമ്പഴങ്ങൾ അതിൽ തീർച്ചയായും ഉണ്ടാകും. അത് കണ്ടെത്തി പുറത്ത് കളഞ്ഞാൽ കാര്യങ്ങൾ ഭംഗിയായിത്തന്നെ മുന്നോട്ട് പോകും. പക്ഷേ പുഴുക്കുത്ത് കണ്ടുപിടിക്കാൻ മാമ്പഴം ലാബിൽ അയച്ച് ടെസ്റ്റ് ചെയ്ത് റിപ്പോർട്ട് വരാൻ കാത്തുനിന്നാൽ മാമ്പഴം ഒന്നുപോലും സമയത്ത് പ്രയോജനപ്പെട്ടന്ന് വരില്ല. ആവശ്യക്കാരനെ സന്നദ്ധപ്രവർത്തകർ സ്വയം കണ്ടെത്തണം, പുഴുക്കുത്തുകളെ സ്വയം തിരിച്ചറിഞ്ഞ് വെളിയിൽ കളയണം. ഒരു കടലാസിനും വേണ്ടി കാത്തുനിൽക്കരുത്; ഒരു കടലാസുകളും അതിന് തടസ്സമാകരുത്.

ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ലെങ്കിൽ അൽ‌പ്പം കൂടെ വിശദമാക്കാം. കഴിഞ്ഞ ദിവസം എബണൈസർ കോളേജിൽ തിരുവനന്തപുറത്തുനിന്ന് പൊതുജനങ്ങൾ ശേഖരിച്ചതും, കളൿടറേറ്റിൽ നിന്ന് (സ്ഥലം ധരാളമുണ്ടായിരുന്നതുകൊണ്ട്) അയച്ചതുമടക്കം കോട്ടൺ ഹിൽ സ്ക്കൂൾ ബസ്സ് നിറയെ സാധനങ്ങൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. പക്ഷേ അത് ഇറക്കണമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഒപ്പ് വേണം എന്ന പ്രശ്നം തലപൊക്കി. തിമോത്തിയും പ്രിൻസിപ്പാളും ജോസ് കെ.മാണി അടക്കമുള്ളവരുമായി ബന്ധപ്പെട്ടു. അവസാനം രാവിലെ 8 മണിയോടെ വില്ലേജ് ഓഫീസർ എത്തിയപ്പോൾ സ്വകാര്യ കോളേജ് ആയതുകൊണ്ട് എബണൈസറിൽ ഇറക്കാൻ പറ്റില്ലെന്നും വില്ലേജ് ഓഫീസിൽ ഇറക്കിയാലേ ഒപ്പിടൂ എന്നായി. വില്ലേജ് ഓഫീസ് വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്. പിന്നെങ്ങനെ അവിടെ ഇറക്കും ? അവസാനം, സാധനങ്ങൾ ഇറക്കാതെ 9 മണിയോടെ ബസ്സ് സ്ഥലം വിട്ടു.

ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രിൻസിപ്പാളും അവിടത്തെ തന്നെ അദ്ധ്യാപകനായ തിമോത്തിയും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ഉള്ള, പഞ്ചായത്ത് പ്രസിഡന്റ് പോലും സഹകരിക്കുന്ന അൻപത് വർഷത്തിലേറെ പഴക്കമുള്ള ഒരു വലിയ സ്ഥാപനം, ഈ സാധനങ്ങൾ ദുരുപയോഗം ചെയ്യില്ല എന്ന സാമാന്യബോധം ആർക്കായാലും അവിടെച്ചെന്ന് കാണുമ്പോളെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചുവപ്പുനാടകളിൽ കുടുങ്ങി അതെല്ലാം ചേർന്ന്, വെള്ളം കയറിയ വീടുകളുടെ ഉത്തരത്തിൽ തൂങ്ങിച്ചാകാൻ പോന്ന തരത്തിൽ വലിയ കുരുക്കുകളായി മാറും. നേരിട്ട് പോയി അന്വേഷിച്ച് ബോദ്ധ്യം വന്നാൽ മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുത്ത് സാധനങ്ങൾ കൊടുക്കുക. അടിയന്തിരമായി കാര്യങ്ങൾ നീക്കണമെങ്കിൽ അതേ മാർഗ്ഗമുള്ളൂ.

മനുഷ്യജീവനുകൾ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അതിലൊരാൾ കള്ളനാണോ തട്ടിപ്പുകാരനാണോ എന്ന് നോക്കി അയാളുടെ പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലല്ലോ നമ്മളവരെ രക്ഷിച്ചത്. ഭക്ഷണവും വസ്ത്രവും എത്തിക്കുന്ന കാര്യത്തിൽ അതിനേക്കാൾ അധികം ജാഗ്രത പുലർത്താൻ നിന്നാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങില്ല. സർട്ടിഫിക്കറ്റുകളും കടലാസുകളും ചോദിക്കുന്നത് തട്ടിപ്പുകാരെ ഒഴിവാക്കാനാണെന്ന് നല്ല ബോദ്ധ്യമുണ്ട്. പക്ഷെ, ഈയൊരു സാഹചര്യത്തിലെങ്കിലും, ‘സർക്കാർ കാര്യം മുറപോലെ‘ എന്ന നിലയിലേക്ക് ആ കടലാസ് തെളിവുകൾ കൂപ്പുകുത്താനോ കാലതാമസം ഉണ്ടാക്കാനോ പാടില്ല.

നൂറ് കണക്കിന് വളണ്ടിയേർസ് എന്തിനും തയ്യാറായി പുറത്ത് നിൽക്കുന്നുണ്ട്. ആർക്കൊക്കെ സാധനങ്ങൾ കൊടുക്കുന്നോ അത് ലക്ഷ്യത്തിൽ എത്തുന്നത് വരെ ഒരോ വളണ്ടിയർ‌മാർ വീതം വാഹനങ്ങളിൽ കൂടെ പോകാ‍നുള്ള നടപടികൾ സ്വീകരിക്കൂ. കാര്യം ബോദ്ധ്യമായാൽ ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും തീരുമാനമെടുക്കാനുള്ള അധികാരം കൊടുക്കൂ. ഇത്രയെല്ലാം ജാഗ്രത പുലർത്തിയിട്ടും കുറച്ചെങ്കിലും മോഷ്ടിക്കപ്പെടുന്നെങ്കിൽ, എവിടെയെങ്കിലും വേലി തന്നെ വിളവ് തിന്നുന്നുണ്ടെങ്കിൽ അതൊരു ചെറിയ ശതമാനം മാത്രമാണെന്ന് മനസ്സിലാക്കണം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന ഒരു നിയമ സംഹിതയുള്ള രാജ്യമാണിത്. ചെറിയ കുട്ടികൾ അടക്കമുള്ള ലക്ഷക്കണക്കിന് ആൾക്കാർക്ക് സമയത്ത് ഭക്ഷണമെത്തിക്കേണ്ട ആവശ്യം വരുമ്പോൾ, എല്ലാ ജാഗ്രതയും പുലർത്തിയിട്ടും അർഹതയില്ലാത്ത രണ്ടുപേർ അതിനിടയിൽക്കടന്ന് ബിരിയാണി തിന്നുന്നുണ്ടെങ്കിൽ അവരെ അവഗണിക്കാനുള്ള വകുപ്പ് കൂടെ മേൽ‌പ്പറഞ്ഞ നിയമസംഹിത അർത്ഥമാക്കുന്നുണ്ട്. അത് മനസ്സിലാക്കി പെരുമാറുക.

സംസ്ഥാനത്തിന് പുറത്തുനിന്ന് എന്റെ സുഹൃത്തുക്കളും പരിചയക്കാരും വഴി വരുന്ന സാധനങ്ങൾ ആവശ്യമുള്ളതും അറിയുന്നതുമായ ക്യാമ്പുകളിലൂടെ കയറ്റിയിറക്കും. അവർ എടുത്തശേഷം ബാക്കിയുള്ളത് ലഭ്യത കുറവുള്ള സ്ഥലങ്ങളിലെ കളൿഷൻ സെന്ററുകൾ കണ്ടെത്തി അവിടെ എത്തിക്കും. എന്നിട്ടും ബാക്കി വരുന്ന സാധനങ്ങൾ മാത്രം കളമശ്ശേരി ഗസ്റ്റ് ഹൌസിലെ കളക്ഷൻ സെന്ററിൽ എത്തിക്കുകയുള്ളൂ. ഇതിനിടയ്ക്ക് ഏതെങ്കിലും ഒരു സാധനം കള്ളന്മാരിലേക്കോ മറിച്ച് വിൽ‌പ്പനക്കാരിലേക്കോ പോയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്താൽ, അത്രയും സാധനങ്ങൾ സ്വന്തം ചിലവിൽ വീണ്ടുമെത്തിക്കുമെന്ന് ഉറപ്പ് തരുന്നു. പോളി ടെൿനിക്കിൽ പഠിച്ചിട്ടില്ല; ബി.കോം.സി.ഐ.ഡിയുമല്ല. അതുകൊണ്ടുതന്നെ, സർക്കാറിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും ചുവപ്പ് നാടകളിൽ കുടുങ്ങാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമിക്കും. ഈയൊരു മനസ്സാക്ഷിയുറപ്പും തെളിവും മാത്രമേ തരാനുള്ളൂ.

വാൽക്കഷണം:- ഈ ചുവപ്പ് നാടകളുടെ പേരിൽ നിലവിൽ ഉണ്ടായിട്ടുള്ള പിളർപ്പുകളും പൊല്ലാപ്പുകളും കണ്ണീരുകളുമെല്ലാം മനസ്സിലാക്കുന്നു. പക്ഷേ, മേൽ‌പ്പറഞ്ഞ എബണൈസർ ഉദാഹരണമൊഴികെ എല്ലാ അനുഭവങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിക്കാനോ ഫോക്കസ് മാറ്റാനോ തൽക്കാലം ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോൾ എല്ലാം വിശദമായിത്തന്നെ പറഞ്ഞിരിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>