08 ജൂൺ 2023.
03:17PM.
കാക്കനാട്.
ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി കാറ്റിന്റെ അകമ്പടിയോടെ മഴ വീശിയടിച്ച് പെയ്തു കഴിഞ്ഞിരുന്നു. അയാൾ മഴയ്ക്കെതിരെ ബാൽക്കണിയുടെ ചില്ലുവാതിൽ അടച്ച്, അവസാനത്തെ ഭാണ്ഡവും തോളിലേറ്റി വീടിന് പുറത്ത് കടന്നു.
ഭാണ്ഡം സുരക്ഷിതമായി വാഹനത്തിൽ വെച്ച്, വാഹനം സ്റ്റാർട്ട് ചെയ്ത് മെല്ലെ നഗരത്തിന്റെ തിരക്കിലേക്ക് വളയം തിരിച്ചു.
വാഹനത്തിൻ്റെ പാട്ടുപെട്ടിയിൽ, ചില സന്ദർഭങ്ങളിൽ, പറഞ്ഞുപാടിച്ചത് പോലെ, സന്ദർഭത്തിനോട് ഇഴുകിച്ചേരുന്ന ചില ഗാനങ്ങൾ വന്ന് അത്ഭുതപ്പെടുത്താറുണ്ട്. ഇപ്രാവശ്യം വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ, ഒരു തമിഴ് ഗാനമാണ് ഉയർന്നത്.
“പുതിയ ഉലകൈ
പുതിയ ഉലകൈ
തേടിപ്പോകിറേൻ,
എന്നൈ വിട്.
മീണ്ടും നാൻ
നീളൈ പോകിറേൻ,
ദൂരമായ്
വാഴപ്പോകിറേൻ.”
Great Indian Expedition യാത്ര ഇന്നുച്ചയ്ക്ക് പുനരാരംഭിച്ചു.
ഇന്ന് ഇപ്പോൾ, തൃശൂർ ജില്ലയിലെ ഒരു രഹസ്യ സങ്കേതത്തിൽ തങ്ങിയിരിക്കുന്നു. നാളെ വടക്കൻ മലബാറിലെ ഏതെങ്കിലും ഒരു രഹസ്യ സങ്കേതത്തിൽ ഉണ്ടാകും. മറ്റന്നാൾ കാർവാറിലോ ഗോകർണ്ണത്തോ ആയിരിക്കാം. അതിനടുത്ത ദിവസം ഗോവയിൽ.
പിന്നങ്ങോട്ട് ഗോവയിലെ 16 കോട്ടകളും പള്ളികളും ബീച്ചുകളും ഗ്രാമങ്ങളും തെരുവുകളും അരിച്ചുപെറുക്കി തീരുന്നത് വരെ ഗോവയിലെ ഏതെങ്കിലുമൊക്കെ തെരുവുകളിൽത്തന്നെ. എന്ന് തീരുന്നോ അന്ന് വരെ.
അളന്ന് കുറിച്ച സമയം കൈയിൽ പിടിക്കാതെയുള്ള യാത്രയാണിത്. ഉച്ചയ്ക്ക് 3 മണിക്ക് എവിടെ എത്തുന്നോ അവിടെ തമ്പടിക്കുന്നു. അപ്പുറത്തോ ഇപ്പുറത്തോ അന്നം വല്ലതും കിട്ടുമെങ്കിൽ അത് വാങ്ങിക്കഴിക്കുന്നു. ആഹാരം ഇല്ലാത്തിടത്ത് മാത്രം വാഹനത്തിലെ അടുപ്പ് പുകയ്ക്കുന്നു. പൊതുശൗചാലയങ്ങൾ കിട്ടുന്നില്ലെങ്കിൽ മാത്രം വാഹനത്തിലെ ശൗചാലയം ഉപയോഗിക്കുന്നു. തെണ്ടികളായ സഞ്ചാരികൾ, ആകാശത്തിലെ പറവകളെപ്പോലെയാണെന്ന് കേട്ടിട്ടില്ലേ? അവർ നനയ്ക്കാറില്ല, കുളിക്കാറില്ല, അതേപ്പറ്റി ആകുലപ്പെടാറുമില്ല