അജബ്ഗഡ് കോട്ട, തെഹ്ള കോട്ട & കാങ്ക് വാടി കോട്ട (കോട്ടകൾ # 103, 104 & 105) (ദിവസം # 69 – രാത്രി 10:20)


2
വാവിലെ, ഇന്നലത്തേത് പോലെ നല്ല തണുപ്പ് ആയിരുന്നു. 13 ഡിഗ്രി തന്നെ ആയിരിക്കണം. തണുപ്പത്ത് കുളിക്കുന്നത് എനിക്കിപ്പോൾ ഒരു ശീലമായിരിക്കുന്നു. കുളി കഴിഞ്ഞപ്പോഴേക്കും നവരത്ന റസ്റ്റോറന്റിന്റെ ഉടമയുടെ ഭാര്യ ഒരു കപ്പ് ചായയുമായി വന്ന് ഞെട്ടിച്ചു. റസ്റ്റോറന്റിലെ ജീവനക്കാരും ഉടമയുമൊക്കെ എന്നെ ഇപ്പോൾ കുടുംബാംഗത്തെ പോലെ കാണാൻ തുടങ്ങിയിരിക്കുന്നു.

അജബ്ഗഡ് കോട്ടയിലേക്കാണ് ആദ്യം പോയത്. 70 കിലോമീറ്റർ ദൂരം അവസാനിക്കുന്നതോടെ മലമുകളിൽ കോട്ട കാണാൻ തുടങ്ങും. ചെറിയ ഒരു കോട്ടയാണ്. മലയും ചെറുത് തന്നെ.
കോട്ടയുടെ മുൻവശം വരെ വാഹനം ഓടിച്ച് ചെല്ലാവുന്ന തരത്തിൽ പുതിയതായി ഒരു റോഡ് ഉണ്ടാക്കിയിട്ടുണ്ട്. കുത്തനെയുള്ള ആ കയറ്റത്തിലൂടെ ഭാഗിയെ കയറ്റുന്നത് ബുദ്ധിമോശം ആണെന്ന് തോന്നിയതുകൊണ്ട് ഞാൻ അവളെ താഴെ ഒതുക്കിയ ശേഷം മുകളിലേക്ക് നടന്നു കയറി.

കോട്ടയിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. വനം വകുപ്പിന്റെ അധീനതയിലാണ് ഇപ്പോൾ കോട്ട. കോട്ടയുടെ ഉടമയും വനംവകപ്പും തമ്മിൽ ഒരുപാട് നാൾ നീണ്ടുനിന്ന കേസ് അവസാനിച്ചപ്പോൾ, കോട്ട നിൽക്കുന്ന സ്ഥലം വനംവകുപ്പിനും കോട്ട അതിന്റെ ഉടമയ്ക്കും കൊടുക്കാൻ വിധിയായി. പക്ഷേ കോട്ടയിലേക്ക് വഴിയില്ലാതെ ഉടമസ്ഥൻ എങ്ങനെ അതിലേക്ക് പോകും? വഴി കൊടുക്കേണ്ടത് വനം വകുപ്പാണ്. അവർ വഴി കൊടുത്തില്ല. ഉടമ കോട്ട ഉപേക്ഷിച്ച് പോയി. അത് വനം വകുപ്പ് കൈവശപ്പെടുത്തി. കോടതിയും കൊള്ളാം, വനം വകുപ്പും കൊള്ളാം.
വനം വകുപ്പ് ഉദ്യോഗസ്ഥൻ ഒരാൾ കോട്ടയിൽ താമസമുണ്ട്. അതുകൊണ്ട് കോട്ടയുടെ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്ന മേസ്തിരി എന്നെ സഹായിച്ചു.

ഉദ്യോഗസ്ഥൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ മേസ്തിരി എനിക്ക് സിഗ്നൽ തന്നു; ഞാൻ ഷൂട്ട് ചെയ്തു. “ഇവർ ഇത് പൊത്തിപ്പിടിച്ച് ഇരുന്നിട്ട് എന്ത് കാര്യം” എന്നാണ് മേസ്തിരിയുടെ ചോദ്യം. എന്റെ ചോദ്യവും അതുതന്നെ.

* മാധോ സിംഗിന്റെ പേരക്കിടാവ് അജബ് സിംഗ് രജാവത്ത് ആണ് ഈ കോട്ട നിർമ്മിച്ചത്.

* നാല് മൂലകളിലും കൊത്തളത്തോട് കൂടി സമചതുരാകൃതിയിലാണ് കോട്ട.

* നിലവിൽ വനം വകുപ്പിന്റെ കീഴിലാണ് കോട്ട.

കോട്ടയിൽ നിന്ന് ഇറങ്ങി തൊട്ടടുത്തുള്ള രഘുനാഥ് ക്ഷേത്രത്തിലും ഹസ്റത്ത് കപൂർ ഷാ ബാബയുടെ ദർഗ്ഗയിലും ദർശനം നടത്തി. നല്ല പഴക്കവും ഭംഗിയുമുണ്ട് രഘുനാഥ് ക്ഷേത്രത്തിന്. പക്ഷേ നടയിലേക്ക് കടക്കാൻ പറ്റുന്നില്ല. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. ദർഗ്ഗയിൽ ആ പ്രശ്നമൊന്നും ഇല്ല.

രണ്ട് ദിവസം മുൻപ് ഓൺലൈൻ സുഹൃത്ത് നിധേഷ് Nidesh Ca , ആൽവാറിലെ തെഹ്ള എന്ന കോട്ടയുടെ ആകാശദൃശ്യം അയച്ചു തന്നിരുന്നു. അങ്ങനെയൊരു കോട്ട എന്റെ പട്ടികയിൽ ഇല്ല എന്നത് അപ്പോഴാണ് ശ്രദ്ധിക്കുന്നത്. തെഹ്ള കോട്ടയിലേക്ക് അജബ്ഗഡിൽ നിന്നും 14 കിലോമീററ്ററേയുള്ളൂ. ഭാഗിയെ അങ്ങോട്ട് നയിച്ചു.

റോഡിൽ നിന്ന് തന്നെ, മലമുകളിൽ കോട്ട കാണാം. പക്ഷേ അങ്ങോട്ട് കയറാനുള്ള വഴി നിശ്ചയമില്ല. തൊട്ടടുത്തുള്ള കടയിൽ ചോദിച്ചപ്പോൾ ആ പരിസരത്തുള്ള ചില വീടുകളുടെ പിന്നാമ്പുറത്തുകൂടെ കയറണം എന്ന് പറഞ്ഞു. വീടുകളിൽ ഒന്നിൽ ചോദിച്ചപ്പോൾ അവർ ഒരു ഇടുങ്ങിയ വഴി കാണിച്ചു തന്നു. ഇന്നലെ കാല കോട്ട കയറാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അതേ അനുഭവം ആയിരുന്നു ആദ്യത്തെ കുറച്ചുദൂരം. നിറയെ ‘ഗോൾഡ് മൈനു’കൾ. ചരിത്രമുറങ്ങുന്ന കോട്ടകളുൾ പലതിൻ്റേയും അവസ്ഥ ഇപ്പോൾ ഇതാണ്. പൊതുജനം കക്കൂസ് ആയി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

കൃത്യമായ വഴികൾ ഒന്നുമില്ല. മുള്ളുള്ള ചെടികൾ ഉണ്ട് താനും. പിൻവാങ്ങിയാലോ എന്ന് ആദ്യം ചിന്തിച്ചു. കുറച്ചുകൂടെ അടുത്ത് ചെന്ന് കോട്ടയുടെ ഒരു പടം എടുത്തിട്ട് മടങ്ങാം എന്ന് കരുതി മുന്നോട്ട് നീങ്ങി. അപ്പോൾ ഭേദപ്പെട്ട ഒരു വഴി തെളിഞ്ഞു വന്നു. അതിലൂടെ അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും കോട്ടയുടെ മുൻഭാഗത്ത് എത്തി. ഒറ്റയടിക്ക് കോട്ടയുടെ കവാടം കണ്ടുപിടിക്കാൻ പറ്റുന്നില്ല. കാട് പിടിച്ചു കിടക്കുകയാണ്. കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വഴി തടസ്സപ്പെടുത്തിയിരിക്കുന്നു. ഇടിഞ്ഞുവീണ കല്ലുകൾക്ക് മുകളിലൂടെ കയറി വേണം കവാടത്തിൽ എത്താൻ. ആ സാഹസത്തിന് മുതിരുമ്പോൾ മുകളിൽ നിന്ന് കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞു വീഴുമോ എന്ന് ഞാൻ ഭയന്നു.

രണ്ട് പ്രാവശ്യം മടങ്ങിപ്പോകാൻ ആലോചിച്ച ഞാൻ, ആ ചിന്ത ഉപേക്ഷിച്ച് ഇടിഞ്ഞുവീണ കോട്ട ഭാഗത്തിന് മുകളിലൂടെ അകത്ത് കടന്നു. ഒന്നും രണ്ടും കവാടങ്ങൾ എല്ലാം ഇടിഞ്ഞ് നിൽക്കുകയാണ്. തേപ്പ് വിട്ട് കല്ലുകൾ അടർന്ന് നിൽക്കുന്നു. കഷ്ടകാലത്തിന് ഞാൻ അതിനടിയിലൂടെ നടക്കുമ്പോൾ കവാടം ഇടിഞ്ഞുവീണാൽ, ‘കോട്ട ഇടിഞ്ഞുവീണ് ചത്തവൻ’ എന്ന ‘ഖ്യാതി’ ഉണ്ടായെന്ന് വരും.

വളരെ ശ്രദ്ധയോടെ പറ്റാവുന്ന അത്രയും ഭാഗം ഞാൻ നടന്നു. ഉള്ളിൽ ആകെ കാടുപിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കൾ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമല്ല. അതുകൊണ്ട് കൂടുതലായി കാടുതെളിച്ച് അകത്തേക്ക് പോകേണ്ടെന്ന് തീരുമാനിച്ച് താഴേക്ക് ഇറങ്ങി.

പോയ വഴിക്കല്ല ഇറങ്ങിവന്നത്. മറ്റൊരു വീടിൻെറ കക്കൂസ് ഭാഗത്തുനിന്നാണ് ഇറങ്ങി വന്നത്. പരിചയമില്ലാത്ത ഒരാളെ പെട്ടെന്ന് വീടിന്റെ പിന്നാമ്പുറത്ത് കണ്ടപ്പോൾ, ആ വീട്ടിലെ സ്ത്രീ അന്ധാളിച്ച് നിൽക്കുന്നുണ്ടായിരുന്നു.

ഭാഗിയെ പാർക്ക് ചെയ്ത കടയിൽ തിരിച്ചെത്തിയപ്പോൾ, ….

“ബാബുജി കോട്ട കയറിയോ? ഞാൻ ആകെ ഭയന്ന് നിൽക്കുകയായിരുന്നു.” എന്ന് കടക്കാരൻ.
“ഭയക്കാൻ എന്തിരിക്കുന്നു?”

“കോട്ടയിൽ പുള്ളിപ്പുലി ഉള്ളതായി റിപ്പോർട്ട് ഉണ്ട്. ഒന്നു രണ്ട് പ്രാവശ്യം താഴെയിറങ്ങി, വീടുകളിൽ നിന്ന് ആടുകളെ പിടിച്ചിട്ടുണ്ട്.”

“എന്നിട്ട് അതെന്തുകൊണ്ട് ആദ്യം പറഞ്ഞില്ല?”

“ഞാൻ കരുതി, അത്രയും കച്ചറ വഴിയിലൂടെ ബാബുജി കോട്ട കയറില്ലെന്ന്.”

കോട്ടയുടെ മറുവശം വനമാണ്. പുള്ളിപ്പുലി ആ ഭാഗത്ത് വിഹരിക്കാൻ പോയ നേരത്താകാം ഞാൻ കോട്ടയിൽ കയറിച്ചെന്നത്. കോട്ട പരമ്പര പുണ്യാളൻ കാത്തു.

സമയം രണ്ടു മണി ആയിട്ടേയുള്ളൂ. 11 കിലോമീറ്റർ അപ്പുറത്തുള്ള കാങ്ക് വാടി കോട്ടയിലേക്ക് കൂടെ പോകാൻ സമയമുണ്ട്. പക്ഷേ അങ്ങോട്ടുള്ള ഫോറസ്റ്റിന്റെ വഴി, തിങ്കളും ശനിയും മാത്രമേ തുറക്കൂ. പിന്നെയുള്ളത് ഗ്രാമത്തിലൂടെയുള്ള വഴിയാണ്. അതൊരു 18 കിലോമീറ്റർ കാണും. അത്രയും ദൂരം പോകാൻ ഒന്നരമണിക്കൂർ സമയമെടുത്തു. റോഡ് എന്ന ഒന്ന് കൃത്യമായിട്ട് ഇല്ല എന്നത് തന്നെ കാരണം.

ആ ഭാഗത്ത് ആരവല്ലി മലനിര മുറിച്ച് കടക്കുന്നിടത്ത് മാത്രമാണ് നല്ല റോഡ് ഉള്ളത്. കാങ്ക് വാടി എന്ന ഗ്രാമത്തിലുള്ളവർ ടാറിട്ട റോഡ് ആ ഗ്രാമത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ല. വൈദ്യുത ലൈനുകൾ ഇല്ല. പകരം സോളാർ ലൈറ്റുകൾ ഉണ്ട്. അത് ഈ അടുത്ത കാലത്ത് വന്നതാകണം.
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും അപരിഷ്കൃത ഗ്രാമമാണ് കാങ്ക് വാടി. പോത്തുകളും എരുമകളും മനുഷ്യരുമെല്ലാം ഏകോദര സഹോദരങ്ങളായി സഹകരിച്ച് ജീവിക്കുന്ന, ചാണകത്തിന്റെ മണം തിങ്ങി നിൽക്കുന്ന ഒരു ഗ്രാമം. എല്ലാ വീടുകളുടേയും മുറ്റത്ത് പോത്തുകളും എരുമകളും ആണ്. അത് കടന്നുവേണം വീട്ടിലേക്ക് എത്താൻ. തൊഴുത്ത് മുന്നിൽ വീട് പിന്നിൽ എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമാകും. കല്ലുകൾ വെറുതെ അടുക്കി വെച്ചിട്ടുള്ള വേലികൾ. അന്യ പുരുഷനെ കണ്ടാലുടൻ ഖൂങ്കട്ട് മുഖത്തേക്ക് വലിച്ചിടുന്ന യാഥാസ്ഥിതികരായ സ്ത്രീകളും യുവതികളും.

അതിൽ ഒരു വീട്ടിൽ ഞാൻ കയറി. ഉടനെ ചില യുവാക്കൾ, “റാം റാം ബാബുജി” എന്നുപറഞ്ഞ് എൻ്റെ മുട്ട് തൊട്ട് നമസ്കരിച്ചു. ആ വീട്ടിൽ കയറാൻ കാര്യമുണ്ട്. നാൽക്കാലികളെ വളർത്തുന്നത് കൂടാതെ ആ ഗ്രാമത്തിലെ മറ്റൊരു പ്രധാന കൃഷി ഞാൻ കണ്ടത്, പുകയിലയാണ്. മനുഷ്യരെല്ലാം വളഞ്ഞിരുന്ന് മുടി മെടയുന്നത് പോലെ പുകയില ചുറ്റി കെട്ടുന്നുണ്ട് പല വീടുകൾക്ക് മുന്നിലും.
അത് പുകയില തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് ഞാൻ ഒരു വീട്ടിലേക്ക് കയറിയത്. പുകയില തന്നെ. പക്ഷേ അവർ അതിനെ വിളിക്കുന്നത് തമ്പാക്ക് എന്നാണ്. കിലോഗ്രാമിന് 300 രൂപയാണ് വില. പ്രധാനമായും ഹുക്കയിൽ നിറയ്ക്കാനാണ് ഈ പുകയില ഉപയോഗിക്കുന്നത്.
യൂണിഫോം അണിഞ്ഞ കുട്ടികൾ സ്കൂൾ വിട്ട് വരുന്നുണ്ട്. പക്ഷേ ഈ ഗ്രാമത്തിലെങ്ങും അങ്ങനെയൊരു സ്കൂൾ ഞാൻ കണ്ടില്ല. രാജസ്ഥാനിൽ കിലോമീറ്ററോളം നടന്ന് പോകുന്നത് ഒരു വലിയ സംഭവമല്ല. പത്തോ പതിനഞ്ചോ കിലോമീറ്റർ അപ്പുറം ഒരു സ്കൂൾ ഉണ്ടായേക്കാം എന്നാണ് ഞാൻ അനുമാനിക്കുന്നത്.

ഗ്രാമത്തിന്റെ കഥ അവിടെ നിൽക്കട്ടെ. നമുക്ക് കാങ്ക് വാടി കോട്ടയുടെ കാര്യത്തിലേക്ക് കടക്കാം. ഗ്രാമാതിർത്തി കഴിയുന്നതോടെ ദൂരെ മലമുകളിൽ കോട്ട കാണാം. ഇത് അല്പം ഉയരമുള്ള മലയാണ്. മലക്ക് ചുറ്റും പലപല റോഡുകൾ കാണുന്നുണ്ട്. ഒന്ന് രണ്ട് റോഡുകളിലൂടെ പോയി വഴിതെറ്റി. മൂന്നാമത്തെ റോഡാണ് കോട്ടയിലേക്കുള്ള വഴിയിൽ എത്തിച്ചത്.
അവിടെ ഒരു ബോർഡ് ഹിന്ദിയിൽ കണ്ടു. “ഠഹരിയേ” എന്നായിരുന്നു അതിന്റെ തലക്കെട്ട്. ബാക്കി വായിക്കാൻ മെനക്കെടാതെ ഞാൻ ഭാഗിയുമായി കോട്ടയുടെ വഴിയിലൂടെ മുകളിലേക്ക് കയറി. ഫോട്ടോയുടെ ആദ്യത്തെ കവാടം തുറന്ന് കിടക്കുകയാണ്. എങ്കിലും ഭാഗിയെ ഞാൻ വെളിയിൽ ഇട്ട് അകത്തേക്ക് നടന്നു കയറി.

100 മീറ്ററോളം നീളത്തിൽ, ഒരു നീണ്ട ഇടനാഴിയാണ് ആദ്യം ഉള്ളത്. ചെറിയൊരു കയറ്റമാണ് അത്. അത് ചെന്ന് നിൽക്കുന്നത് കോട്ടയുടെ രണ്ടാമത്തെ കവാടത്തിൽ. അത് അടഞ്ഞുകിടക്കുകയാണ് എന്ന് തോന്നിയെങ്കിലും ചാരിയിട്ടേ ഉള്ളൂ. തള്ളി തുറന്ന് നോക്കുമ്പോൾ അകത്ത് നല്ല കാടാണ്. കോട്ടയാണെങ്കിൽ വളരെ വലുതാണ്. അലറി വിളിച്ചാൽ പോലും കോട്ടയുടെ മറുവശത്തേക്കോ താഴെ ഗ്രാമത്തിലേക്കോ ഒരു ശബ്ദവീചി പോലും എത്തില്ല. സമയം നാലുമണി. പട്ടാപ്പകൽ ആണെങ്കിലും ഒരു ഡ്രാക്കുളക്കോട്ടയിൽ ചെന്ന് കയറിയ പ്രതീതി.

തെഹ്ള കോട്ടയിൽ എന്നത് പോലെ ഇതിനകത്തും പുള്ളിപ്പുലിയോ മറ്റോ ഉണ്ടെങ്കിലോ? ഒന്നോ രണ്ടോ കുപ്പി ചോര പിന്നീട് കൊണ്ടുക്കൊടുക്കാം എന്ന് പറഞ്ഞ് ഡ്രാക്കുളയെ സമാധാനിപ്പിക്കാം. വല്ല ചുണ്ണാമ്പോ മറ്റോ കൊടുത്ത് യക്ഷികളേയും ഒതുക്കാം. അതുപോലല്ലല്ലോ പുള്ളിപ്പുലികൾ. അവറ്റകൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകില്ല.

11 കിലോമീറ്റർ ദൂരമുള്ള, തിങ്കളും ശനിയും മാത്രം തുറക്കുന്ന എളുപ്പവഴി കാട്ടിലൂടെയാണ്. അതിനർത്ഥം കോട്ട കാടിന്റെ പരിസരത്ത് തന്നെയാണ്. വന്യമൃഗങ്ങൾ ഈ കോട്ടയിലും ഉണ്ടാകാം.കോട്ടയുടെ രണ്ടാമത്തെ കവാടത്തിൽ നിന്ന് പിന്തിരിഞ്ഞ് നടക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒന്നാമത്തെ കവാടത്തിന് മുന്നിൽ നിന്ന് ഭാഗിയേയും എടുത്ത് താഴെ എത്തിയപ്പോൾ, അവിടെയുണ്ടായിരുന്ന ഹിന്ദി ബോർഡ് ഞാൻ പൂർണ്ണമായും വായിച്ചു. അത് ഏതാണ്ട് ഇപ്രകാരമാണ്.

” നിൽക്കൂ :- കാങ്ക് വാടി കോട്ട, സരിസ്ക്ക ടൈഗർ റിസർവ്വിന്റെ മദ്ധ്യത്തിലാണ് നിലകൊള്ളുന്നത്. കാങ്ക് വാടി കോട്ടയിൽ അനുവാദം ഇല്ലാതെ പോകുന്നത് അപരാധമാണ്.” -

(ഉപവന സംരക്ഷകന്റെ ആജ്ഞ)

പോരെ പൂരം! പുള്ളിപ്പുലി പിടിച്ചില്ലെങ്കിലും വനം വകുപ്പ് പിടിക്കും എന്ന അവസ്ഥയാണ്. ഒട്ടും സമയം പാഴാക്കാതെ ഇല്ലാത്ത റോഡിലൂടെ ഓടിച്ച് സ്ഥലം കാലിയാക്കി. അതെന്തായാലും കാങ്ക് വാടി കോട്ടയെ ഞാൻ എണ്ണത്തിൽ ചേർക്കുന്നു. ഏതെങ്കിലും ഒരു കോട്ടയുടെ കവാടത്തിന് ഉള്ളിൽ പ്രവേശിച്ചാൽ ആ കോട്ട സന്ദർശിച്ചതായി ഞാൻ കണക്കാക്കും. വനംവകുപ്പിന്റെ അനുമതി വാങ്ങി പിന്നീട് ഒരിക്കൽ ഇങ്ങോട്ട് വരുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

ആ പാതയിലൂടെ അങ്ങോട്ട് പോകുമ്പോഴും തിരിച്ച് വരുമ്പോഴും ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഭാഗിയുടെ ടയർ പഞ്ചർ ആകരുത്. ആക്സിൽ ഒടിഞ്ഞ് കിടക്കാനും പാടില്ല. ഇതിൽ എന്ത് സംഭവിച്ചാലും നേരിടാനുള്ള ഒരു മാനസികാവസ്ഥ അപ്പോൾ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ആ ആഗ്രഹം ഏറെക്കുറെ ഫലിച്ചു. തിരികെ നവരത്ന റസ്റ്റോറന്റിൽ എത്തി, ഉച്ചഭക്ഷണവും ചേർത്തുള്ളത് കഴിച്ചതിനുശേഷം ചെന്ന് നോക്കിയപ്പോൾ ഭാഗിയുടെ പിൻ ടയറിൽ ഒരെണ്ണത്തിൽ കാറ്റ് കുറവ്. രണ്ടു മണിക്കൂറിനകം അത് സമ്പൂർണ്ണ പഞ്ചറായി ഭവിച്ചിട്ടുണ്ട്. 69 ദിവസത്തിനിടയിൽ ആദ്യത്തെ പഞ്ചർ.

അത് കാര്യമാക്കാനില്ല. റോഡിന് നേരെ എതിർവശത്ത് പഞ്ചർ ഒട്ടിക്കുന്ന കടയാണ്. നാളെ രാവിലെ എല്ലാ പണിയും അവര് ചെയ്തോളും. അതിനുശേഷം അജിത് ഗഡ് കോട്ടയിലേക്ക് പോകാനാണ് പദ്ധതി.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>