ഓണം ഇങ്ങനേയും ആഘോഷമാക്കാം.


11
15 വർഷമായി കുഞ്ഞഹമ്മദിക്ക എന്ന ഈ മനുഷ്യൻ ഓണം ആഘോഷിക്കുന്നത് ഇങ്ങനെയാണ്. വയനാട്ടിലെ ചിതലയത്തും പരിസരത്തുമുള്ള 50 ഓളം ആദിവാസി കൂരകളിലേക്ക് ഓണക്കിറ്റുകൾ എത്തിക്കും. പറ്റേ കിടപ്പിലായി പോയവരെ തിരഞ്ഞെടുത്താണ് ഇപ്പോൾ പ്രധാനമായും കിറ്റ് നൽകുന്നത്.

അതൊരു സാധാരണ കിറ്റൊന്നുമല്ല. 4 പേരുള്ള ഒരു കുടുംബത്തിന് ഓണക്കാലം മുഴുവൻ ആഘോഷമാക്കാനുള്ള എല്ലാ പലവ്യഞ്ജനങ്ങളും അതിൽ ഉണ്ടാകും. ഇതെല്ലാം കൊടുക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞഹമ്മദിക്ക എടുക്കുമെങ്കിലും അത് പ്രദർശിപ്പിക്കാറില്ല. കൊടുത്തു എന്നതിൻ്റെ തെളിവിലേക്ക് സൂക്ഷിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. എങ്കിലും ആ ഭാഗത്തുള്ള പത്രക്കാർക്ക് ഇപ്പോൾ കൃത്യമായി ഇക്കാര്യം അറിയാം. ഓണക്കാലത്ത് കുഞ്ഞഹമ്മദിക്കയെ പിന്തുടർന്ന് അവർ അത് വാർത്തയാക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഈ ചിത്രത്തിൽ ഉള്ളത്.

ഇടയ്ക്കെപ്പോഴോ ഞാനും ഈ ഓണാഘോഷത്തിൻ്റെ ഓരം ചേർന്നു. എന്നിലൂടെ അറിഞ്ഞ് മറ്റൊരുപാട് സൃഹൃത്തുക്കളും അതിൻ്റെ ഭാഗമായി. ഇതിനായുള്ള സ്ഥിരം ഫണ്ട്, നിക്ഷേപം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. കേട്ടറിഞ്ഞ് ബ്രിട്ടീഷ് മലയാളി എന്ന UK സംഘടന 7 ലക്ഷത്തോളം വരുന്ന വലിയൊരു തുക ഇതിലേക്ക് തന്നു. അത് സ്ഥിരനിക്ഷേപമാക്കി അതിൻ്റെ പലിശ കൊണ്ടാണ് ഇപ്പോൾ ഈ ഓണാഘോഷം നടക്കുന്നത്.
കുഞ്ഞഹമ്മദിക്കയുടെ ആദിവാസി സേവനങ്ങൾ ഇതിൽ ഒതുങ്ങി എന്ന് കരുതരുത്. സ്ക്കുൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്ക്കൂൾ ബാഗ്, പുസ്തകങ്ങൾ, കുട, യൂണിഫോം എന്നിങ്ങനെയുള്ള സാമഗ്രികളും കുഞ്ഞഹമ്മദിക്ക എത്തിക്കുന്നു. ബ്രിട്ടീഷ് മലയാളി തന്ന സ്ഥിരനിക്ഷേപം കഴിഞ്ഞ കുറെ വർഷങ്ങളായി അതിന് വേണ്ടിയും ചിലവഴിക്കുന്നുണ്ട്.

പ്രളയം വരുമ്പോഴും മഹാമാരി വരുമ്പോഴും പ്രതീക്ഷിക്കാത്ത കാറ്റും മഴയും വരുമ്പോൾ ചോരുന്ന കൂരകൾക്ക് വേണ്ടിയും ഉള്ള പ്രവർത്തനങ്ങൾ വേറെയുമുണ്ട് കഥാനായകന്. ഒരിക്കൽ ഇക്കാര്യങ്ങൾ കേട്ടറിഞ്ഞ കിറ്റക്സ് ഉടമ ശ്രീ.സാബുവും കുഞ്ഞഹമ്മദിക്കയുമായി കൈകോർത്തിട്ടുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ വരുന്ന സഹായങ്ങൾ ആണ് അന്ന് അദ്ദേഹം നൽകിയത്.

സർക്കാരിന്റെ ഓണക്കിറ്റുകളുമായി, ഓണക്കോടിയുടുത്ത് ചിലർ നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് ഇത് പറയണമെന്ന് തോന്നിയത്. സർക്കാരിന്റെ ഓണക്കിറ്റുകൾ കിട്ടാത്ത ആദിവാസികളെ കൃത്യമായി തപ്പി കണ്ടുപിടിച്ചാണ് കുഞ്ഞഹമ്മദിക്കയുടെ പ്രവർത്തനം. ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ശമ്പളം പറ്റുന്ന എത്രയോ സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്. അവർക്ക് ആർക്കും എന്തേ കുഞ്ഞഹമ്മദിക്കയുടെ ലിസ്റ്റിലുള്ള ആദിവാസികൾക്കായി കുറച്ച് ഓണക്കിറ്റുകൾ സംഘടിപ്പിച്ച് കൊടുക്കാൻ ആകുന്നില്ല? ഇവരുടെ വോട്ടുകൾ കൊണ്ട് ഒരു പഞ്ചായത്ത് വാർഡ് പോലും ജയിക്കാൻ ആവില്ല എന്നതുകൊണ്ടാണോ? എല്ലാറ്റിനുമുപരി വോട്ട് ആണല്ലോ മുഖ്യം!

ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഈ ഉപന്യാസം അവസാനിപ്പിക്കാം.

കുഞ്ഞഹമ്മദിക്കയുടെ ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് തന്നെ താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. അതിന് പല കാരണങ്ങളുണ്ട്.

കാരണം 1:- ആ ഭാഗത്ത് ഏതൊരു ജീവകാരുണ്യ സഹായം ആവശ്യം വന്നാലും ആദിവാസികളും പൊതുജനങ്ങളും സ്ക്കൂളുകാരും ഒക്കെ വിളിക്കുന്നത്, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ രണ്ടറ്റം മുട്ടിക്കാൻ ബദ്ധപ്പെടുന്ന ഈ മനുഷ്യനെയാണ്.

കാരണം 2:- അത്രയ്ക്ക് ഭദ്രമായ സാമ്പത്തിക അവസ്ഥ അദ്ദേഹത്തിനില്ല; അദ്ദേഹം സമാഹരിച്ചിട്ടുള്ള സ്ഥിരം ഫണ്ടിനുമില്ല.

കാരണം 3:- പഴയത് പോലെ നല്ല ആരോഗ്യാവസ്ഥയിൽ അല്ല അദ്ദേഹം. ഇത് എത്രനാൾ തുടർന്ന് പോകാൻ പറ്റും എന്ന കാര്യത്തിൽ അദ്ദേഹത്തിന് നല്ല ആശങ്കയുണ്ട്.

എങ്കിലും ജീവനോടെ ഇരിക്കുന്ന കാലത്തോളം ഇത് ഭംഗിയായിത്തന്നെ കൊണ്ടുപോകാൻ ഈ മനുഷ്യൻ ആഗ്രഹിക്കുന്നു. അതിന് ചെയ്യേണ്ടത് സ്ഥിരനിക്ഷേപം വർദ്ധിപ്പിക്കുക എന്നതാണ്.

ആയതിനാൽ, സാമ്പത്തികമായി സഹായിക്കാൻ പറ്റുമെന്നുള്ളവർ, ഈ ഓണത്തിൻ്റെ പൊട്ടും പൊടിയും വല്ലതും ബാക്കി ഇരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് അയച്ച് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ തുകയുടെ ഉത്തരവാദിത്തം എന്നിലും നിക്ഷിപ്തമാണ്. ഇതിൻ്റെ കണക്കുകൾ സൂക്ഷിക്കുന്നത് ഞാനാണ്. കുഞ്ഞഹമ്മദിക്കയുടെ ബാങ്ക് നോമിനിയും ഞാനാണ്. അദ്ദേഹത്തിന് ഇത് തുടർന്ന് കൊണ്ടുപോകാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്ന കാലത്ത് ഈ തുക, അത് തന്നവർക്ക് തന്നെ തിരികെ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാരണങ്ങളാൽ, ഇങ്ങനെ കിട്ടുന്ന തുകയുടെ കണക്ക് ഞങ്ങൾ പരസ്യമായി പറയുന്നതായിരിക്കും. ആയതിനാൽ പേര് രഹസ്യമാക്കി വെക്കണമെന്നുള്ളവർ ആദ്യമേ അറിയിക്കണം. തുക തന്നവർക്ക് മാത്രം മനസ്സിലാകുന്ന ഒരു പ്രത്യേക കോഡ് സഹിതം ഞങ്ങളത് രഹസ്യമാക്കി വെക്കുന്നതാണ്.

ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി കുഞ്ഞഹമ്മദിക്കയുടെ ബാങ്ക് വിവരങ്ങളും UPI നമ്പറും താഴെ ചേർക്കുന്നു. എല്ലാവർക്കും നന്ദി. ഓണാശംസകൾ!

UPI Number – 9645238180
Bank name – Central bank of India
Account # 3227581510
Account Name – Kunji Muhammed
Branch – Thottakkara
IFSC – CBIN0283040

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>