Monthly Archives: November 2017

ഹൈ-ജമ്പും ഗർഭധാരണവും


11

ന്നലേം മിനിയാന്നും സ്ക്കൂളിൽ സ്പോർട്ട്സ് ഡേയ്സ്. എല്ലാക്കൊല്ലവും ഹൈ ജമ്പിൽ മത്സരിക്കാറുള്ള നേഹ ഇക്കുറി ആ ഇനത്തിൽ പങ്കെടുക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി രസകരം. ഹൈജമ്പ് ചാടുന്നത് പെൺകുട്ടികളിൽ ഭാവിയിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് ToC H സ്ക്കൂളിൽ പതിനൊന്നാം ക്ലാസ്സ് മുതൽ പെൺകുട്ടികൾക്ക് ഹൈ ജമ്പ് എന്ന മത്സരയിനം ഇല്ല.

ഇതിനൊക്കെ ഒന്നിലധികം മറുപടികൾ കൊടുക്കാനുണ്ട്.

മറുപടി 1:- ഇങ്ങനൊരു പഠനഫലം എങ്ങും വന്നതായി ഇതുവരെ കേട്ടിട്ടില്ല. എന്റെ അറിവിൽ ഒളിമ്പ്യനും മലയാളി ഹൈ ജമ്പ് താരവുമായ ബോബി അലോഷ്യസിന് മൂന്ന് മക്കളുണ്ട്. മറ്റ് ട്രാക്ക് & ഫീൽഡ് കായിക ഇനങ്ങളിൽ കേരളത്തിന്റെ യശസ്സുയർത്തിയ പി.ടി.ഉഷ, എം.ഡി.വത്സമ്മ, അജ്ഞു ബോബി ജോർജ്ജ്, മേഴ്സിക്കുട്ടൻ, എന്നിങ്ങനെയുള്ള വനിതാ താരങ്ങളെല്ലാം പ്രസവിച്ചിട്ടുണ്ട്. അന്വേഷിച്ച് നോക്കിയാൽ ചിലപ്പോൾ സുഖപ്രസവത്തിന്റെ അനുഭവങ്ങളും കേട്ടെന്ന് വരും.

മറുപടി 2:- കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ മുതൽ പ്രസവവും അതിനപ്പുറത്തേക്കുമുള്ള കാര്യങ്ങളിൽ വരെ, മാതാപിതാക്കളേക്കാൾ താൽ‌പ്പര്യം കാണിക്കുന്നതിന് സ്ക്കൂൾ അധികൃതർക്ക് പെരുത്ത് നന്ദി. പക്ഷേ, ഇത്രയും ശ്രദ്ധ കാണിക്കുന്നുണ്ടെങ്കിൽ അത് പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന കാലം മുതൽക്ക് കാണിക്കണമെന്ന് അപേക്ഷയുണ്ട്. പതിനൊന്നാം ക്ലാസ്സിലാണ് എല്ലാ പെൺകുട്ടികളും ഋതുമതികളാകുന്നതെന്നോ മറ്റോ സ്ക്കൂൾ അധികൃതർ ധരിച്ച് വശായിട്ടുണ്ടോ ആവോ ?

മറുപടി 3:- ഏഷ്യാഡിലും ഒളിമ്പിൿസിലുമടക്കം അന്തർദേശീയവും ദേശീയവുമായ എല്ലാ കായികമാമാങ്കങ്ങളിലും ഹൈ ജമ്പ് എന്ന ഇനത്തിൽ പെൺകുട്ടികൾ എത്തിപ്പെടുന്നത് പെട്ടെന്നൊരു ദിവസം മുകളിൽ നിന്ന് നൂലിൽ കെട്ടി ഇറക്കുന്നതുകൊണ്ടല്ല. സ്ക്കൂളുകളിൽ നിന്ന് ആരംഭിച്ച് ഇന്റർസ്ക്കൂൾ മത്സരങ്ങളിൽ വിജയിച്ച്, സംസ്ഥാന ചാമ്പ്യനായി, പിന്നെ ദേശീയ സ്ക്കൂൾ മത്സരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുമായി മാറ്റുരച്ച് വിജയിച്ച് മികച്ച ഉയരം രാഷ്ട്രത്തെ ബോദ്ധ്യപ്പെടുത്തിയാണ്. ഇന്ത്യയ്ക്ക് ഇന്നുവരെ ഒരു ഒളിമ്പിൿ ട്രാക്ക് & ഫീൽഡ് മെഡൽ കിട്ടാത്തതിനുള്ള അനേകം കാരണങ്ങളിൽ ഒന്ന് നിങ്ങളെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

മറുപടി 4:- ഏതോ ഒരു വിവരം കെട്ട പാതിരി, പെണ്ണുങ്ങൾ കായികാഭ്യാസങ്ങൾ ചെയ്താൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് കുറച്ച് നാൾ മുൻപ് നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ഇന്നും ഓൺലൈനിലുണ്ട്. അതുപോലുള്ളവർ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അദ്ധ്യാപകരേയും സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് അപകടകരമായ സാമൂഹിക അവസ്ഥയാണ്.

മറുപടി 5:- പണ്ടൊക്കെ കുട്ടികൾ സ്ക്കൂളിൽ പോകുന്നുണ്ടെങ്കിൽ, അദ്ധ്യാപകരിൽ നിന്ന് പാഠ്യവിഷയങ്ങളിലെന്നപോലെ തന്നെ സിലബസ്സിന് വെളിയിലുള്ളതായ എന്തെങ്കിലുമൊക്കെ വിജ്ഞാനപ്രദമായ കാര്യങ്ങളും മനസ്സിലാക്കി വരുമെന്ന് രക്ഷകർത്താക്കൾ സന്തോഷിച്ചിട്ടുണ്ടാകാം. ഇന്നത് ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തിപരമായി എനിക്ക് നല്ല സംശയമുണ്ട്. (അദ്ധ്യാപക സുഹൃത്തുക്കൾ ഇത് കേട്ട് വിറളി പിടിക്കേണ്ടതില്ല. ഞാൻ അടച്ചാക്ഷേപിക്കുന്നതല്ല. പക്ഷെ, അങ്ങനൊരു അവസ്ഥ നിലനിൽക്കുന്നുണ്ട് എന്ന് ഞാൻ സംശയിക്കുന്നു. കുറഞ്ഞത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലെങ്കിലും.) ഏത് സംശയങ്ങളും വിരൽത്തുമ്പ് വഴി ഇന്റർനെറ്റിലൂടെ ലഘൂകരിക്കാനോ തീർക്കാനോ കഴിയുന്ന ഈ കാലഘട്ടത്തിൽ, ഏതൊരു കാര്യത്തെപ്പറ്റിയും നിമിഷനേരങ്ങൾക്കുള്ളിൽ മനസ്സിലാക്കാൻ പറ്റുമെന്ന അവസ്ഥയുള്ള ഈ യുഗത്തിൽ അദ്ധ്യാപകരും സ്ക്കൂൾ അധികൃതരും കുത്തിവെച്ച് വിടുന്ന അബദ്ധജഡിലമായ ഇത്തരം പല കാര്യങ്ങളുടേയും ശരിയായ വസ്തുത കണ്ടെത്തി കുട്ടികൾക്ക് പകർന്ന് കൊടുക്കേണ്ട ഉത്തരവാദിത്വം രക്ഷകർത്താക്കളിൽ നിക്ഷിപ്തമാണ്.

മറുപടി 6:- ആൺകുട്ടികളെ ഫ്യൂ‍സ് കെട്ടാനും ബൾബ് മാറ്റാനുമൊക്കെ പഠിപ്പിക്കുമ്പോൾ പെൺകുട്ടികളെ തുന്നലും അടുക്കളപ്പാഠങ്ങളും മാത്രം പഠിപ്പിച്ചത് Toc H എന്ന ഇതേ സ്ക്കൂളാണ്. അവിടന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. ഹൈസ്ക്കൂൾ ക്ലാസ്സിൽ ആയപ്പോൾ മുതൽ ഒരു കുട്ടിയെ സ്ക്കൂൾ മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒരുപാടുള്ളതുകൊണ്ട് മാത്രം പിന്നോട്ട് വലിഞ്ഞതാണ്. മറ്റൊരു സ്ക്കൂളിൽ ചെന്നാലും ഇതൊക്കെത്തന്നെയല്ല ഗതി എന്ന് ഉറപ്പൊന്നുമില്ലല്ലോ ?

മറുപടി 7:- നിങ്ങൾ ഇതുപോലെ എന്തൊക്കെ വിവരക്കേടുകൾ കുത്തിനിറയ്ക്കാൻ ശ്രമിച്ചാലും അതിന്റെ മറുവശം ആലോചിക്കാനും കണ്ടെത്താനുമുള്ള പ്രായവും വിവേകവും ഇന്നത്തെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമുണ്ടെന്ന് മനസ്സിലാക്കുക. കുട്ടികൾക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരമാണ് നിങ്ങളുണ്ടാക്കിക്കൊടുക്കുന്നത്. ശരികൾ മാത്രം കണ്ടും പഠിച്ചും മുന്നോട്ട് പോയാൽ, തെറ്റുകൾ പെട്ടെന്ന് കണ്ടെത്താൻ അവർക്ക് കഴിയണമെന്നില്ലല്ലോ. അങ്ങനെ ചിന്തിക്കുമ്പോൾ നിങ്ങളോട് നന്ദിയുണ്ട്. നല്ല ജോലി തന്നെയാണ് നിങ്ങൾ ചെയ്യുന്നത്. ഈ നിലവാരം തന്നെ തുടരൂ.