വികസനത്തിന്റെ പേരിൽ ഫോർട്ട് കൊച്ചിയിലെ ചില പൈതൃക കെട്ടിടങ്ങൾ തച്ചുടച്ചു കഴിഞ്ഞു. വാട്ടർ മെട്രോയ്ക്ക് വേണ്ടിയാണെന്നാണ് ഭാഷ്യം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് കപ്പലുകൾക്ക് വേണ്ടി കൽക്കരി ശേഖരിച്ചിരുന്ന കരിപ്പുരയാണ് അതിൽ പ്രധാനം. നിലവിൽ അത് ചില ക്ലബ്ബുകളുടെ ഓഫീസായിരുന്നു. ക്ലബ്ബുകാർക്ക് നോട്ടീസ് നൽകി ഒഴിപ്പിച്ചശേഷമായിരുന്നു നിലംപരിശാക്കൽ.
കരിപ്പുര ആകുന്നതിനു മുൻപ് അത് പോർച്ചുഗീസുകാരുടെ ആദ്യ സാന്താക്രൂസ് ദേവാലയമായിരുന്നു. ചരിത്രകാരനായ ശ്രീ. തൗഫീക്ക് സക്കറിയ അടയാളപ്പെടുത്തുന്നത്, തുടക്കത്തിൽ അതൊരു ബുദ്ധവിഹാര കേന്ദ്രമായിരുന്നു എന്നാണ്. ഈ ചരിത്രമെല്ലാം എഴുതി പ്രദർശിപ്പിച്ച് ഫോർട്ട് കൊച്ചിയുടെ പൈതൃക സ്മാരകങ്ങളുടെ കൂട്ടത്തിൽ മുതൽക്കൂട്ടാകേണ്ടിയിരുന്ന ഒരു കെട്ടിടം ഒറ്റരാത്രികൊണ്ട് നമ്മുടെ വികസന പ്രമുഖന്മാർ ഇടിച്ചു നിരത്തി.
ഫോർട്ട് കൊച്ചിയുടെ അന്തസ്സും ആഭിജാത്യവും ആകർഷണവുമൊക്കെ ഈ പഴയ കെട്ടിടങ്ങൾ തന്നെയാണ്. നിങ്ങളതൊക്കെ വികസനത്തിന്റെ പേരിൽ ഇടിച്ചുനിരത്താൻ തുടങ്ങിയാൽ നാളെ യാതൊരു ചരിത്രപ്രാധാന്യ കാഴ്ച്ചകളും ഇല്ലാത്ത ഒരു കപ്പൽക്കടവ് മാത്രമായി മാറും ഫോർട്ടുകൊച്ചി.
തടുക്കാൻ ചെന്നവരെ നേരിടാൻ പോലീസ് സന്നാഹത്തെ നിരത്തി കൊണ്ടായിരുന്നു ചരിത്രവും പൈതൃകവും ഇല്ലാതാക്കിയത്. അധികം വൈകാതെ ആ പരിസരത്തുള്ള ചീനവലകളും നീക്കം ചെയ്യുമെന്ന് കേൾക്കുന്നു. വാക്ക് വേ വരുന്നുണ്ടത്രേ !
കൊച്ചിൻ കോർപ്പറേഷനിൽ ടൗൺ പ്ലാനിങ് നടത്തുന്ന മഹാന്മാരെ സമ്മതിച്ചു കൊടുക്കണം. പോത്തിനെന്ത് ഏത്തവാഴ ?! ചരിത്രബോധമില്ലാത്ത കോമാളികൾക്കെന്ത് പൈതൃക സ്മാരകങ്ങൾ ?
വാൽക്കഷണം:- മോശം പറയരുതല്ലോ. മുല്ലപ്പെരിയാർ എന്ന 125 വർഷം പഴക്കമുള്ള ചരിത്രസ്മാരകം പൊളിക്കാതിരിക്കാൻ നമ്മുടെ ആൾക്കാർ ആവുന്നത്ര ശ്രമിക്കുന്നില്ലേ ?