ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാർ അവർകൾക്ക് ഒരു തുറന്ന കത്ത്


pixlr_20191206172254283

2 019 നവംബർ 17 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ താങ്കളുടെ, ‘വിൽ‌പ്പനച്ചരക്കല്ല എഴുത്തുകാർ’ എന്ന ലേഖനം വായിച്ചു. എഴുത്തുകാരും പകർപ്പവകാശവും എന്ന വിഷയത്തിൽ മാതൃഭൂമി പത്രത്തിൽ 2019 ജൂൺ 15ന്റെ എഡിറ്റോറിയൽ പേജിൽ അഡ്വ:കാളീശ്വരം രാജ് എഴുതിയ ലേഖനവും പിന്നീട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ 2019 ഒൿടോബർ 27ന് ബഹുമാന്യ എഴുത്തുകാരായ സി.രാധാകൃഷ്ണനും എം.ടി.വാസുദേവൻ‌നായർക്കും പുറമെ അഡ്വ:കാളീശ്വരംരാജും എഴുതിയ ലേഖനങ്ങളുടെ തുടർച്ചയാണല്ലോ താങ്കളുടെ ലേഖനം. ഇത്രയുമല്ലാതെ ഈ വിഷയത്തിൽ മറ്റേതെങ്കിലും ലേഖനങ്ങൾ മാതൃഭൂമി പത്രത്തിലോ ആഴ്ച്ചപ്പതിപ്പിലോ വന്നിട്ടുണ്ടെങ്കിൽ ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടില്ല, എന്റെ എളിയ വായനയുടെ പരിധിയിൽ വന്നിട്ടില്ല.

മേൽ‌പ്പറഞ്ഞ ഈ ലേഖനങ്ങളിലൂടെയെല്ലാം വായനക്കാരിലേക്കും പൊതുജനങ്ങളിലേക്കും മാതൃഭൂമി എത്തിച്ചുകൊണ്ടിരിക്കുന്നത് അവർക്ക് കാര്യമായി പിടിപാടില്ലാത്ത പകർപ്പവകാശ നിയമങ്ങളും യൂറോപ്പ്യൻ രാജ്യക്കാരുടേതടക്കമുള്ള വിലപ്പെട്ട അനുഭവങ്ങളുമാണെന്നത് ഏറെ സന്തോഷത്തിന് വക നൽകുന്നു.

ഉദാ‍ഹരണത്തിന് താങ്കളുടെ ലേഖനം തന്നെ നോക്കൂ. സിൽ‌വിയാ ബീച്ച് എന്ന അമേരിക്കൻ വനിതയും അവരുടെ പകർപ്പവകാശ പ്രഖ്യാപനങ്ങളുമൊക്കെ അങ്ങയെപ്പോലുള്ള വലിയ വായനക്കാരനിലൂടെയും എഴുത്തുകാരനിലൂടെയും സഞ്ചാരിയിലൂടെയുമല്ലാതെ എന്നെപ്പോലുള്ള ശുഷ്ക്കവായനക്കാരും ലോകം കാണാത്തവരും എവിടുന്ന് മനസ്സിലാക്കാനാണ് ? “ഒരു കുഞ്ഞിന്റെ അവകാശം അതിന്റെ പെറ്റമ്മയ്ക്കാണ്, വയറ്റാട്ടിക്കല്ല; എഴുത്തുകാരന്റെ കുഞ്ഞാണ് അവന്റെ കൃതി.” എന്നിങ്ങനെയുള്ള അവരുടെ വലിയ വാക്കുകൾ വായനക്കാർക്ക് പങ്കുവെച്ചതിന് താങ്കൾക്ക് ഒരുപാട് നന്ദി.

സത്യത്തിൽ, ഓൺലൈൻ രംഗത്തെ എഴുത്തുകൾ വന്നതോടെ, മലയാളത്തിൽ പകർപ്പവകാശലംഘനം മറനീക്കി പൂണ്ട് വിളയാടുകയാണ്. ആയതുകൊണ്ടുതന്നെ എന്താണ് പകർപ്പവകാശം, എന്താണ് പകർപ്പവകാശ നിയമങ്ങൾ, എന്താണ് പകർപ്പവകാശ ലംഘനം എന്നിങ്ങനെയുള്ള കാര്യങ്ങൾ മലയാളി എഴുത്തുകാരും വായനക്കാരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാലഘട്ടത്തിൽത്തന്നെയാണ് മാതൃഭൂമി എന്ന താങ്കളുടെ കൂടെ ഉടമസ്ഥതയിലുള്ള പത്രത്തിലൂടെയും ആഴ്ച്ചപ്പതിപ്പിലൂടെയും  ഇത്തരം ലേഖനങ്ങൾ പകർന്ന് നൽകുന്നത് എന്നത് ശ്രദ്ധേയവും ശ്ലാഖനീയവുമാണ്. അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

കൂട്ടത്തിൽ പകർപ്പവകാശവും പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഈയുള്ളവന്റെ ചില ആശങ്കകളും പരാതികളും താങ്കളുമായി പങ്കുവെക്കണമെന്നും ആഗ്രഹിക്കുന്നു. ഇത്രയൊക്കെ താൽ‌പ്പര്യം ഈ വിഷയത്തിൽ കാണിക്കുന്ന ഒരു വ്യക്തിക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എന്റെ ആശങ്കകൾക്കും പരാതിക്കും തീർപ്പുണ്ടാക്കാൻ ആകുമെന്ന ഉറച്ച വിശ്വാസത്തോടെ തന്നെ. അതിന് മുൻപ് ഞാൻ സ്വയം ഒന്ന് പരിചയപ്പെടുത്താം.

അൻപത് വയസ്സുള്ള എറണാകുളം സ്വദേശിയായ ഒരു വ്യക്തിയാണ് ഞാൻ. ജോലിസംബന്ധവും അല്ലാതെയുമായി അൽ‌പ്പസ്വൽ‌പ്പം യാത്രകൾ ചെയ്യാൻ അവസരമുണ്ടായിട്ടുണ്ട്. അതിലെ ചില പ്രധാന കാര്യങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. ബ്ലോഗ് എന്ന സൌകര്യം വന്നതോടെ ആ ഡയറിത്താളുകളിലുള്ള കാര്യങ്ങൾ കുറച്ചുകൂടെ വിശദമായി എഴുതിയുണ്ടാക്കി ഓൺലൈനിൽ പബ്ലിഷ് ചെയ്യാൻ തുടങ്ങി. പല ബ്ലോഗർ‌മാരും അക്കാലത്ത് തൂലികാനാമം സ്വീകരിച്ചിട്ടുള്ളതിന്റെ മാതൃക പിന്തുടർന്ന് നിരക്ഷരൻ എന്ന തൂലികാ നാമത്തിലാണ് ഞാൻ എഴുതിപ്പോന്നതെങ്കിലും മനോജ് രവീന്ദ്രൻ എന്ന സ്വന്തം പേരോ അഡ്രസ്സോ മറച്ചുവെച്ചിരുന്നുമില്ല. യാത്രാനുഭവങ്ങൾ സ്വയം അയവിറക്കാൻ എവിടെയെങ്കിലും കുറിച്ചിടുന്നു എന്നതിനപ്പുറം സ്വയം ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് കാണുന്നില്ല. നല്ല ഭാഷയും സാഹിത്യവും വർണ്ണനയും ഭാവനയുമൊക്കെ ചേർത്ത് എഴുതി വായനക്കാരെ ഹരം പിടിപ്പിക്കുകയും എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുകയോ അല്ലെങ്കിൽ ആ വരുമാനം നല്ലൊരളവിൽ ജീവനോപാധി ആക്കുന്ന അനുഗ്രഹീതരായിട്ടുള്ളവരെയോ മാത്രമാണ് എഴുത്തുകാരൻ എന്ന നിലയ്ക്ക് ഞാൻ കാണുന്നത്.

വലിച്ച് നീ‍ട്ടാതെ വിഷയത്തിലേക്ക് കടക്കട്ടെ. മേൽ‌പ്പറഞ്ഞ തരത്തിൽ 2011 മുതലിങ്ങോട്ട് ഓൺലൈൻ എഴുത്തിടങ്ങളിലും എന്റെ സ്വന്തം ബ്ലോഗിലും വെബ്സൈറ്റിലുമൊക്കെയായി നൂറ് കണക്കിന് യാത്രാക്കുറിപ്പുകൾ ഈയുള്ളവൻ എഴുതിയിട്ടിട്ടുണ്ട്. ഭാര്യയുടെ ജോലിയും മകളുടെ പഠിപ്പും കാരണം കുറച്ചുനാൾ ഇംഗ്ലണ്ടിൽ ജീവിക്കേണ്ടി വന്നപ്പോൾ യൂറോപ്പിൽ പലയിടങ്ങളിൽ സഞ്ചരിച്ചതിന്റെ വിവരണങ്ങളും അക്കൂട്ടത്തിലുണ്ട്.
സ്പെയിനിലും പാരീസിലും അത്തരത്തിൽ ഞാൻ നടത്തിയ യാത്രയുടെ 58 പേജോളം വരുന്ന യാത്രാവിവരണങ്ങൾ, കാരൂർ സോമൻ എന്ന് സ്വയം പേര് സ്വീകരിച്ച  ഡാനിയൽ സാമുവൽ എന്ന വ്യക്തി വള്ളിപുള്ളി വിടാതെ കോപ്പിയടിച്ച് ‘സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ച് അച്ചടിച്ചിറക്കി. 2015 നടന്ന ഈ സംഭവത്തിൽ, പുസ്തക പ്രസാധകന്റെ ഭാഗം വഹിച്ചിരിക്കുന്നത് അങ്ങയുടെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ബുക്ക്സ് ആണെന്നതുകൊണ്ടാണ് ഇങ്ങനെയൊരു കത്തെനിക്ക് താങ്കൾക്ക് എഴുതേണ്ടി വരുന്നത്.

ഇത് വെറുമൊരു കോപ്പിയടി ആരോപണമല്ല. എന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം നടത്തിയ യാത്രയായതുകൊണ്ട് സ്വാഭാവികമായും എന്റെ യാത്രാവിവരണങ്ങളിൽ അവരുടെ പേരുകൾ കടന്നുവരുമല്ലോ ? (താങ്കളും അങ്ങനാണല്ലോ യാത്രാവിവരണങ്ങൾ എഴുതാറ്) എന്റെ ഭാര്യയുടേയും മകളുടെയും പേരുകൾ പോലും അതേപടി 13 ഇടങ്ങളിൽ കോപ്പിയടിച്ച് വെച്ചിട്ടുണ്ട് കാരൂർ സോമൻ. ഇതൊന്നും പരിശോധിക്കുക പോലും ചെയ്യാതെ മാതൃഭൂമി ബുക്ക്സ് അത് പുസ്തകമാക്കി അച്ചടിച്ചിറക്കി. സിൽ‌വിയാ ബീച്ചിന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ യാത്രാവിവരണമാകുന്ന കുഞ്ഞിനെ മാത്രമല്ല എന്റെ ജീവനുള്ള മകളേയും ഭാര്യയേയും വരെ, വയറ്റാട്ടി പോലുമല്ലാത്ത കാരൂർ സോമനും മാതൃഭൂമി ബുക്ക്സും ചേർന്ന് മോഷ്ടിച്ചെടുത്തു. എനിക്കുണ്ടായ വേദന ഒരു എഴുത്തുകാരനായ താങ്കൾക്ക് ബോദ്ധ്യപ്പെടാൻ ഒരു ബുദ്ധിമുട്ടുമുണ്ടെന്ന് തോന്നുന്നില്ല.

ഇത് കണ്ടയുടനെ സോഷ്യൽ മീഡിയയിലൂടെ ഞാൻ പ്രതികരിച്ചു. ഈ യാത്രാവിവരണങ്ങളൊക്കെ എഴുതിയിടാനും ഇതൊക്കെ കളവ് പോയാൽ മാറത്തടിച്ച് നിലവിളിക്കാനും എനിക്കാകെയുള്ളത് ഈയൊരു സോഷ്യൽ മീഡിയ മാത്രമാണ്. സ്വന്തമായി പത്രമോ അച്ചടിസ്ഥാപനമോ ഇല്ലാത്തവർക്ക് സോഷ്യൽ മീഡിയ അല്ലാതെ മറ്റെന്താശ്രയം ഇക്കാലത്ത് ?!

എന്റെ നിലവിളി കേട്ടതും മാതൃഭൂമി ബുക്ക്സ് പ്രതികരിച്ചു. 48 മണിക്കൂറിനുള്ളിൽ അവരെനിക്ക് കത്തയച്ചു. മാതൃഭൂമി ബുക്ക്സ് സാഹിത്യചോരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കാരൂർ സോമനെതിരെ നിയമനടപടികൾ കൈക്കൊള്ളുകയാണെന്നും പുസ്തകം വിപണിയിൽ നിന്ന് പിൻ‌വലിക്കുകയാണെന്നുമൊക്കെ ആ കത്തിലുണ്ടായിരുന്നു. എന്റെ കൃതി മോഷ്ടിക്കപ്പെട്ടതുകൊണ്ടാകണമല്ലോ അങ്ങനെയൊരു കത്തെനിക്ക് മാതൃഭൂമി ബുക്ക്സ് അയച്ചത്. അതെന്നെ ഏറെ സന്തോഷിപ്പിച്ചു. എങ്കിലും കോപ്പിയടി എന്ന ക്രിമിനൽ കുറ്റത്തിന് അതുകൊണ്ട് പരിഹാരമാകുന്നില്ലല്ലോ ? എന്റെ കുഞ്ഞ് നഷ്ടപ്പെട്ടതിന് അതുകൊണ്ട് സമാധാനമാകുന്നില്ലല്ലോ ?

ഞാൻ ഏറെ ആലോചിച്ച് പഠിച്ച് ചിന്തിച്ച് നിയമനടപടികളുമായി പോകാൻ തീരുമാനിച്ചു. അതിന്റെ ഫലമായി എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിയിൽ ഈ വിഷയത്തിൽ ഒരു ക്രിമിനൽ കേസും നഷ്ടപരിഹാരം ലഭിക്കാനായി ഒരു സിവിൽ സ്യൂട്ടും ഫയൽ ചെയ്തു. ആ കേസുകളിൾ 8 പേർ വീതമാണ് പ്രതിസ്ഥാനത്തുള്ളത്. അതിലൊരാൾ മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറൿടറിൽ‌മാരിൽ ഒരാളായ താങ്കളാണ്.  ഇങ്ങനെയൊരു കേസുള്ള കാര്യം താങ്കൾ അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നെനിക്ക് യാതൊരു ഉറപ്പും ഇതുവരെയില്ല. ആയതുകൊണ്ട് കൂടെയാണ് പകർപ്പവകാശനിയമത്തെപ്പറ്റി ഒരുപാട് വിജ്ഞാനം ഞാനടക്കമുള്ള മലയാളികൾക്ക് പകർന്ന് നൽകുന്ന താങ്കൾ ഇതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നിയതും ആയതിനാൽ ഈ കത്ത് എഴുതുന്നതും.

കേസിന്റെ ഭാഗമായി കോടതിയിൽ നിന്നുള്ള അറിയിപ്പ് തീർച്ചയായും താങ്കളുടെ അഡ്രസ്സിൽ ഡെലിവറി ചെയ്യപ്പെട്ടിട്ടുണ്ട്. കാരൂർ സോമൻ എന്ന ഭീരുമായ മോഷ്ടാവ് ഒഴികെ ഏഴ് പേരും കോടതിവഴിയുള്ള അറിയിപ്പ് കൈപ്പറ്റിയിട്ടുണ്ട്. പക്ഷെ ഒരുപാട് തിരക്കുകളുള്ള താങ്കൾ തന്നെയാണ് കോടതിയിൽ നിന്നുള്ള ആ അറിയിപ്പ് ഒപ്പിട്ട് വാങ്ങിയതെന്ന് എനിക്കുറപ്പൊന്നുമില്ല. അഥവാ താങ്കൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും ഒരുപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഒട്ടനേകം വ്യവഹാരങ്ങളിൽ ഒന്നായി മാത്രമേ താങ്കളതിനെ കണ്ടുകാണൂ. അത് തുറന്ന് വായിക്കാനുള്ള സാവകാശമോ സമയമോ അങ്ങയ്ക്കുണ്ടായിരിക്കാനുള്ള സാദ്ധ്യതയും വിരളമാണ്. ഓൺലൈനിൽ ഞാനെഴുതുന്ന ഈ തുറന്ന കത്ത് രജിസ്റ്റ്രേർഡ് തപാലിലും അങ്ങയ്ക്ക് അയക്കുന്നുണ്ട്. അതങ്ങ് തന്നെ കൈപ്പറ്റുമെന്നോ കൈപ്പറ്റിയാലും വായിക്കാനുള്ള സന്മനസ്സോ സാവകാശമോ ഉണ്ടാകുമോയെന്ന കാര്യം പോലും എനിക്ക് സംശയമാണ്. പക്ഷേ, ഞാനെന്റെ കടമ നിർവ്വഹിക്കുന്നു. പകർപ്പവകാശത്തെപ്പറ്റിയും എഴുത്തുകാരന്റെ അവകാശങ്ങളെപ്പറ്റിയും മനോഹരമായ ലേഖനങ്ങൾ എഴുതുന്ന താങ്കൾ ഇതൊന്നും അറിഞ്ഞിട്ടില്ലെങ്കിൽ താങ്കളുടെ സ്ഥാപനത്തിൽ ഇങ്ങനെ ചിലത് നടക്കുന്നുണ്ടെന്ന് അറിയിക്കാനുള്ള അവസരമായി ഈ സന്ദർഭം ഞാൻ വിനിയോഗിക്കുന്നു. അതിനുള്ള ഒരു നിമിത്തമായിരുന്നു ആഴ്ച്ചപ്പതിപ്പിൽ താങ്കൾ എഴുതിയ ലേഖനം.

എനിക്കറിയാം വലിയൊരു പത്രസ്ഥാപനത്തോടും സമൂഹത്തിലെ ഉന്നതരായ വ്യക്തികളോടുമാണ് ഞാൻ കേസ് നടത്തുന്നതെന്ന്. പക്ഷേ, സത്യവും നീതിയും എന്റെ ഭാഗത്തായതുകൊണ്ടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പരിപൂർണ്ണ വിശ്വാസമുള്ളതുകൊണ്ടും ‘ദാവീദും ഗോലിയാത്തും‘ എന്ന കഥയിൽ പലപ്പോഴും ആവേശഭരിതനായിട്ടുള്ളതുകൊണ്ടും അവസാന സമ്പാദ്യം വരെ വിറ്റുപെറുക്കിയുള്ള ഒരു നിയമപോരാട്ടമാണ് ഞാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നിയമപോരാട്ടം നീതിയുടെ ഭാഗത്ത് അവസാനിച്ചാൽ അത് എല്ലാ മലയാളി എഴുത്തുകാർക്കും വായനക്കാർക്കും ഗുണം ചെയ്യുമെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. താങ്കളും അങ്ങനെ എന്തോ ലക്ഷ്യം വെച്ചാണല്ലോ ആഴ്ച്ചപ്പതിപ്പിൽ പകർപ്പവകാശ ലേഖനം എഴുതിയിരിക്കുന്നത്.

മാതൃഭൂമിയിലൂടെ മലയാളിക്ക് പകർന്ന് കൊടുക്കുന്നു എന്ന് സ്ഥാപനം എപ്പോഴും അവകാശപ്പെടുന്ന എന്തോ ഒരു സംസ്ക്കാരം ഉണ്ടല്ലോ ? അപ്പറഞ്ഞതിനും പകർപ്പവകാശനിയമത്തിനും വിൽ‌പ്പനച്ചരക്കല്ലാത്ത എഴുത്തുകാർക്കും ഒപ്പമാണ് താങ്കൾ നിലകൊള്ളുന്നതെങ്കിൽ താങ്കളിൽ നിന്ന് ഒരു മറുപടിയോ ഈ വിഷയത്തിൽ എനിക്കനുകൂലമായ ഒരു നിലപാടോ പ്രതീക്ഷിക്കുന്നു. ഏറ്റവും കുറഞ്ഞ പക്ഷം കൈയ്യെഴുത്ത് പ്രതി വായിച്ച് നോക്കിയശേഷം മാത്രം അച്ച് നിരത്താൻ ശുഷ്ക്കാന്തി കാണിക്കുന്ന കുറച്ച് ജോലിക്കാരെയെങ്കിലും സ്വന്തം സ്ഥാ‍പനത്തിൽ നിയമിക്കാനുള്ള സന്മനസ്സ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയ്ക്ക് എന്നെയൊന്ന് വിളിക്കണമെന്നോ ഞാനുമായി ബന്ധപ്പെടണമെന്നോ തോന്നുന്നെങ്കിൽ അതിലേക്കായി എന്റെ അഡ്രസ്സും ഫോൺ നമ്പറും ഈ കത്തിന്റെ തപാൽ കോപ്പിക്കൊപ്പം ചേർക്കുന്നു.

സത്യമേവ ജയതേ

സസ്നേഹം

- മനോജ് രവീന്ദ്രൻ നിരക്ഷരൻ

Comments

comments

One thought on “ ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാർ അവർകൾക്ക് ഒരു തുറന്ന കത്ത്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>