സിനിമ

കറുത്ത ജൂതൻ


11

കാലം സൌകര്യപൂർവ്വം വിസ്മരിച്ചുകളഞ്ഞ മലബാർ ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരുടെ കഥയും കല്ലറകളും തേടിയുള്ള ആറോൺ എല്യാഹുവിന്റെ, അഥവാ സലിം‌കുമാർ എന്ന സിനിമാക്കാരന്റെ സഞ്ചാരമാണ് കറുത്ത ജൂതൻ എന്ന സിനിമ.

നൂറ്റാണ്ടുകളായി നമുക്കൊപ്പം നമ്മളുടെ സംസ്ക്കാരത്തിന്റെ ഭാഗമായി ജീവിച്ചവർ, വാഗ്ദത്ത ഭൂമിയിലേക്ക് പോയതോടെ അവരുടെ സ്വത്തുവഹകൾക്ക് എന്തുസംഭവിച്ചു? ഉയിർത്തെഴുന്നേൽ‌പ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇസ്രായേൽ കാണാൻ പാകത്തിന് പാദം പടിഞ്ഞാറേക്ക് വരുന്ന വിധത്തിൽ വെട്ടിയ അവരുടെ കുഴിമാടങ്ങൾക്കെന്ത് സംഭവിച്ചു ? വലിയൊരു അന്വേഷണമാണത്. കല്ലറകളിൽ നിന്ന് കല്ലറകളിലേക്ക് ആ അന്വേഷണം വ്യാപിപ്പിച്ചാൽ, അവിടെയെല്ലാം ചരിത്രം പരതിയാൽ, മാളയിൽ നിന്ന് അല്ലെങ്കിൽ പറവൂരിൽ നിന്ന് അതുമല്ലെങ്കിൽ ചേന്ദമംഗലത്തുനിന്ന് ചെന്നെത്തി നിൽക്കുക ഇസ്രായേലിൽ തന്നെ ആയിരിക്കും.

മാളയിലെ ജൂതന്റെ വീടെങ്ങനെ പോസ്റ്റാപ്പീസായി മാറി. ? നിറയെ ഭൂസ്വത്തുണ്ടായിരുന്ന ആറോൺ എല്യാഹു എന്ന കറുത്ത ജൂതൻ എങ്ങനെ അന്തിചായ്ക്കാൻ ഒരിടമില്ലാത്തവനായി മാറി ? ഉത്തരം വളരെ വ്യക്തമായിത്തന്നെ കറുത്ത ജൂതനിലുണ്ട്.

ആർക്കോ വേണ്ടി കഥയറിയാതെ ആരെയൊക്കെയോ നാം കൊല്ലുന്നു. കൊന്നതെന്തിനെന്നും ചത്തതെന്തിനെന്നും അറിയാത്ത കൊലയാളിയും കൊല്ലപ്പെട്ടവനും. സിനിമയിലെ ജൂതന്റെ കാര്യത്തിലുപരി സമകാലിക പ്രസക്തിയുള്ള കാഴ്ച്ചപ്പാടാണത്. ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവൻ എന്നും കറുത്തവൻ തന്നെയാണ് എന്നത് പരമയായ മറ്റൊരു സത്യം തന്നെയാണ്.

മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് അസ്ഥാനത്തല്ല എന്ന് അടിവരയിട്ട് പറയുന്നുണ്ട് കറുത്ത ജൂതൻ. കഥാകൃത്തായും അഭിനേതാവായും സംവിധായകനായും സലിംകുമാർ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചിരിക്കുന്നു. സലിം‌കുമാറിന്റെ അഭിനയ ജീവിതത്തിലെ മികച്ച മൂന്ന് ചിത്രങ്ങളെടുത്താൽ അതിലൊന്ന് കറുത്ത ജൂതൻ തന്നെയാണ്. മികച്ചത് ഓരോന്നും എടുത്ത് പറഞ്ഞ് രസംകൊല്ലാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഒന്ന് പറയാതെ വയ്യ. അവാർഡുകൾ വീതം വെക്കുന്നതിന് മുന്നേ ഈ സിനിമ തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ പ്രേക്ഷകാഭിപ്രായത്തിന്റെ ബലത്തിൽ ഒരു പക്ഷേ കറുത്ത ജൂതന്റെ തലവര കുറേക്കൂടെ മികച്ച അംഗീകാരങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുമായിരുന്നു.

കഴിഞ്ഞ തലമുറയിൽ നമ്മൾക്കൊപ്പം ഉണ്ടായിരുന്നവരാണവർ. ആ കല്ലറകൾ തേടി ഞാനും കുറേ അലഞ്ഞിട്ടുണ്ട്. കിട്ടിയ ചില പൊട്ടും പൊടിയും എഴുതിയിടാൻ ശ്രമിച്ചിട്ടുമുണ്ട്. ആ സമയത്തൊന്നും മങ്ങിയ കാഴ്ച്ചയായിപ്പോലും സങ്കൽ‌പ്പിക്കാൻ കഴിയാതെ പോയ വലിയ ചില കാര്യങ്ങളാണ് കഥയായും സിനിമയായും  അഭ്രപാളിയിൽ സലിംകുമാർ തെളിച്ചുകാണിച്ചിരിക്കുന്നത്. അതിന് ഒരുപാട് നന്ദിയുണ്ട്. അത്തരമൊരു സിനിമയിൽ വളരെ ചെറുതായെങ്കിലും സഹകരിക്കാൻ അവസരം തന്നതിനും സംവിധായകനോട് സ്നേഹമുണ്ട്.

നല്ല സിനിമകൾക്ക് എന്നും തീയറ്ററിൽ ആള് കുറവായിരിക്കുമല്ലോ. ആദ്യദിവസമായ ഇന്ന് 25 ൽത്താഴെ മാത്രം ആളുകൾക്കൊപ്പമിരുന്ന് കാണേണ്ടിവന്നെങ്കിലും, വരും ദിവസങ്ങളിൽ കറുത്ത ജൂതൻ തീയറ്റർ നിറഞ്ഞോടുമെന്ന് തന്നെ വിശ്വസിക്കുന്നു. അതുണ്ടായില്ലെങ്കിൽ, നല്ല ചലച്ചിത്രങ്ങൾക്ക് മലയാള സിനിമാ വ്യവസായത്തിൽ ഇനി വലിയ പ്രസക്തിയൊന്നുമില്ല എന്നുതന്നെ പറയേണ്ടി വരും.