ഏറെ വിഷമം, ലജ്ജ, അമർഷം, ദേഷ്യം, എന്നീ വികാരങ്ങൾ ഒരുമിച്ച് തോന്നിപ്പിച്ച ഒരു പ്രസ്ഥാവനയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്.
‘ഗാന്ധി’ എന്ന സിനിമ വന്നതിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിടുവായത്തരം പറഞ്ഞിരിക്കുന്നത്.
1982ലാണ് റിച്ചാർഡ് ആറ്റൺബറോ സംവിധാനം ചെയ്ത്, ബെൻ കിങ്ങ്സിലി, മഹാത്മജിയുടെ വേഷം നടിച്ച സിനിമ പുറത്തിറങ്ങുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 40ൽപ്പരം ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയെ പലതരത്തിൽ അവരവരുടെ ദേശങ്ങളിൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് എന്നറിയാത്ത ഒരു പ്രധാന മന്ത്രിയാണ് നമുക്കുള്ളത് എന്നത് ഓരോ ഭാരതീയനും അപമാനമാണ്. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കലാണ്.
75 വർഷം മുന്നേ ഗാന്ധിജിയെപ്പറ്റി നമ്മൾ ലോകത്തെ അറിയിച്ചില്ല എന്നാണ് പ്രധാനമന്ത്രിയുടെ വാദം. 2024 – 75=1949. ഗാന്ധിജി കൊല്ലപ്പെട്ടത് 1948ൽ. അതായത് 80 വർഷം മുൻപ്. കൊല്ലപ്പെട്ടതിന് ശേഷം 34 വർഷം കഴിഞ്ഞ് 1982ൽ ആറ്റൺബറോയുടെ ‘ഗാന്ധി’ സിനിമ ഇറങ്ങുന്നത് വരെ ഗാന്ധിജിയെപ്പറ്റി മറ്റ് ലോകരാഷ്ട്രങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി അടിച്ച് വിട്ടിരിക്കുന്നത്.
ഗുജറാത്തിൽ ജനിച്ച ഗാന്ധിജിയെപ്പറ്റി അറിയാത്ത ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി. അതാണ് അതിലേറെ കഷ്ടം.
കക്ഷിരാഷ്ട്രീയപരമായി എന്തൊക്കെ എതിർപ്പ് ഉണ്ടെങ്കിലും അതിനൊക്കെ ഉപരി, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് ഒരു പൗരൻ കൊടുക്കേണ്ട സാമാന്യ ബഹുമാനം നൽകിയിട്ടുണ്ടായിരുന്നു ഇതുവരെ. ഇന്നുമുതൽ പക്ഷേ അതില്ല.
ഇത്തരം അപഹാസ്യപരമായ ഒരു പ്രസ്താവനയുടെ പേരിൽ സത്യത്തിൽ നരേന്ദ്രമോദി രാജിവച്ച് പുറത്ത് പോകേണ്ടതാണ്. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണിത്.
ചരിത്രം പഠിക്കാതെയും കലാലയങ്ങളിൽത്തന്നെ പഠിക്കാതെയും, ‘ഡിഗ്രിയുണ്ട് പിജിയുണ്ട് ‘ എന്നൊക്കെ കള്ളത്തരം പറഞ്ഞ്, വ്യാജ സർട്ടിഫിക്കറ്റുകളുമായി നടന്നാൽ, ഇതുപോലുള്ള സന്ദർഭങ്ങളിൽ വിവരക്കേട് പുറത്തുചാടും. ചെമ്പ് മിന്നിത്തെളിയും. ഒറ്റയടിക്ക് 80 മാദ്ധ്യങ്ങൾക്കാണത്രേ അഭിമുഖങ്ങൾ കൊടുത്തത്. കഴിഞ്ഞ 10 വർഷമായി ചെയ്യാത്ത പരിപാടി ഒറ്റയടിക്ക് ചെയ്തപ്പോൾ, ഇതുവരെ എന്തുകൊണ്ട് അഭിമുഖങ്ങൾ ചെയ്തില്ല എന്ന ചോദ്യത്തിന് ഗംഭീര ഉത്തരവുമായി.
വാൽക്കഷണം:- ഈ പോസ്റ്റിന് തീർച്ചയായും റീച്ച് കുറവായിരിക്കും. മോദിക്കെതിരെ ഈ വിഷയത്തിൽ പ്രതികരിച്ചവരെ ഓരോരുത്തരെയായി ഫേസ്ബുക്ക് താൽക്കാലികമായി ശിക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. വൈകാതെ എനിക്കും ശിക്ഷ കിട്ടും. പ്രതികരിച്ച് പ്രതികരിച്ച് ആ ശിക്ഷ ഓരോരുത്തരും ഏറ്റുവാങ്ങുക തന്നെ വേണം. സുക്കറിൻ്റെ ഇന്ത്യയിലെ കച്ചവടം താഴേക്കടിക്കുമ്പോൾ അയാൾ സ്വയം പഠിച്ചുകൊള്ളും.