കുട്ടനാട്ടിൽ രണ്ടാം ദിവസം


ജൂലായ് 24 ന് സംഗീതയ്ക്കും അചതിനും ഒപ്പം കുട്ടനാട്ടിൽ പോയിവന്നതിന് ശേഷം രണ്ടാമത് ജൂലായ് 26നും പോയിരുന്നു. കൂടുതൽ വെള്ളവും ഭക്ഷണവും വാഹനത്തിൽ കൊണ്ടുപോകാനുള്ള സൌകര്യത്തിനായി ഇപ്രാവശ്യം ഒറ്റയ്ക്കാണ് പോയത്. കുട്ടനാട്ടിൽ. ചമ്പക്കുളം പഞ്ചായത്തിലെ 8,9 വാർഡുകളിലാണ് രണ്ട് ദിവസം കൊണ്ട് ഭക്ഷണവും വെള്ളവും എത്തിക്കാനായത്. ഇനിയും എത്രയോ ഇടങ്ങൾ അതുപോലെ ബാക്കി കിടക്കുന്നു. എല്ലായിടത്തും ചെല്ലാനാകില്ലെങ്കിലും ചിലയിടങ്ങൾ കണ്ടതിൽ നിന്ന് തന്നെ കെടുതിയുടെ രൂക്ഷത മനസ്സിലാക്കാനായി.

കുട്ടനാട്ടുകാരെ സമ്മതിച്ചുകൊടുക്കണം. അവർക്കിത് ശീലമായതുകൊണ്ടാകണം പിടിച്ച് നിൽക്കുന്നത്. നമ്മളായിരുന്നെങ്കിൽ തകർന്ന് പോകുമായിരുന്നു. വീടും വീട്ടുസാമഗ്രികളും കൃഷിയുമൊക്കെ നശിച്ച് നിൽക്കുന്ന ഒരവസ്ഥ ആലോചിക്കാൻ തന്നെ പറ്റുന്നില്ല. മങ്കൊമ്പിലെ നാലുകെട്ട് ഭാഗത്ത് നെഞ്ചൊപ്പം വെള്ളമുള്ള സ്ഥലങ്ങൾ ഇപ്പോഴുമുണ്ടെത്രേ ! മൊത്തം ദുരിതം പറയാൻ പോയാൽ എങ്ങുമെത്തില്ല. അതിനാൽ ചുരുക്കത്തിൽ പറയാനുള്ളത് മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.

വെള്ളം മൊത്തക്കച്ചവടക്കാരന്റെ കൈയ്യിൽ നിന്ന് വാങ്ങാൻ ചെന്നപ്പോൾ, കുട്ടനാട്ടിലേക്കാണെന്ന് മനസ്സിലാക്കിയപ്പോൾ Taj Paradise ലെ ചെറുപ്പക്കാരൻ പരമാവധി വില കുറച്ച് തന്നു. വണ്ടി വിടുന്നതിന് മുൻപ് അയാൾ വീണ്ടും അടുത്തെത്തി. “കുട്ടനാട്ടിലേക്കല്ലേ ? അതിന് പൈസ വാങ്ങിയാൽ ശരിയാകില്ല.” എന്ന് പറഞ്ഞ് മുഴുവൻ പണവും തിരികെ തന്നു. അയാളേക്കാൾ പ്രായവും കാര്യവിവരവുമുണ്ടെന്ന് കരുതിയ പലരും മുഖം തിരിച്ച അനുഭവമുണ്ടായപ്പോളാണ് മനസ്സ് നിറച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ. ഒരുപാട് പ്രതീക്ഷയർപ്പിക്കാം പുതിയ തലമുറയിലെന്ന കാര്യത്തിൽ സംശയം വേണ്ട.

പഴവും ബ്രെഡ്ഡും ബിസ്ക്കറ്റും വെള്ളവുമാണ് ഇപ്രാവശ്യം കൊണ്ടുപോകാൻ തീരുമാനിച്ചത്. മോഡേൺ ബ്രഡ്ഡിൽ ചെന്നപ്പോൾ മുഖവുരയുടേയും പരിചയപ്പെടുത്തലിന്റേയുമൊന്നും ആവശ്യം വന്നില്ല. കുട്ടനാട്ടിലേക്കുള്ള സ്പെഷ്യൽ റേറ്റിൽ ബ്രഡ്ഡുകൾ തന്നു. ബിസ്ക്കറ്റ് വാങ്ങാൻ ലുലുവിൽ ചെന്നപ്പോൾ അവിടെ ഇപ്പോഴും പഴയപടി തന്നെ. ഇളവൊന്നുമില്ല. സാരമില്ല. യൂസഫലി ലക്ഷങ്ങൾ കുട്ടനാട്ടിലേക്ക് നൽകിയിട്ടുണ്ടെന്ന് വാർത്ത കണ്ടു.

തകഴിയിൽ നിന്ന് ജിനോയുടെ വള്ളത്തിൽ ചമ്പക്കുളത്ത് എത്തിയപ്പോൾ ഓമനക്കുട്ടനും സംഘവും കടവിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ചമ്പക്കുളം ആശുപത്രിയുടെ പരിസരത്തുള്ള വീടുകളിലാണ് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. മൂന്ന് ക്യാമ്പുകൾക്ക് സമീപത്തുകൂടെയും കടന്നുപോകേണ്ടി വന്നു. അരിയും പയറും മാത്രം കഴിച്ച് കഴിഞ്ഞുകൂടുന്നവർക്ക് ഒരു മാറ്റം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. വീടുകളിൽ കൊടുത്തത് കൂടാതെ മൂന്ന് ക്യാമ്പുകളിലും കൈയ്യിലുണ്ടായിരുന്നത് പങ്കുവെച്ച് കൊടുത്തു.

ക്യാമ്പെന്ന് പറഞ്ഞാൽ വലിയ സംഭവമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. വെള്ളം കയറാത്ത ഏതെങ്കിലും ഭാഗത്ത് ഒരു ടർപ്പോളിൻ വലിച്ചുകെട്ടി അതിനടിയിൽ സർക്കാർ കൊടുക്കുന്ന അരിയും പയറും വേവിച്ച് കഴിക്കുന്നു. കിടപ്പ് അതിനോട് ചേർന്നുള്ള ഏതെങ്കിലുമൊരു കെട്ടിടത്തിൽ, അല്ലെങ്കിൽ ഭക്ഷണം കഴിച്ചശേഷം വെള്ളം കയറി നാശമായ സ്വന്തം വീട്ടിൽത്തന്നെ.

പയറ് കഴിച്ച് മടുത്തു അൽ‌പ്പം പച്ചക്കറി സംഘടിപ്പിച്ച് തരാമോ എന്നും കുറച്ച് വിറക് സംഘടിപ്പിച്ച് തരാമോ എന്നും ഒന്നുരണ്ട് ക്യാമ്പിലുള്ളവർ ചോദിച്ചിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. സർക്കാറിന്റെ കീഴിലുള്ള ക്യാമ്പിൽ ഇടപെടുന്നത് ശരിയല്ലെന്നും അത് മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും തോന്നുന്നു. ക്യാമ്പുകൾക്ക് വെളിയിലുള്ളവരിലേക്ക് സഹായമെത്തിക്കാനാണ് ആദ്യദിവസം മുതൽ ശ്രമിച്ചതെങ്കിലും ഒരു ക്യാമ്പിനരികിലൂടെ കടന്ന് പോകുമ്പോൾ അവരെ കണ്ടെന്ന് നടിച്ച് കടന്നുപോകാനാവില്ല.

രണ്ടാം ദിവസത്തെ ചിലവ് മുഴുവൻ വഹിച്ചത് ഡൽഹിയിൽ നിന്ന് ജയലക്ഷ്മിയും  കൊച്ചിയിൽ നിന്ന് നിന്ന് അശ്വതി ഗിരീഷുമാണ്. അവർ നൽകിയ പണം ഇനിയും ബാക്കിയുണ്ട്. ആ തുകയ്ക്ക് വെള്ളം മാത്രം വാങ്ങി സ്മികേഷിനും  സുഹൃത്തുക്കൾക്കുമൊപ്പം നാളെ വീണ്ടും പോകാൻ ഉദ്ദേശിക്കുന്നു. നാളെത്തെ ആവശ്യത്തിലേക്ക് വെള്ളം വാങ്ങാൻ സൌത്ത് ആഫ്രിക്കയിൽ നിന്ന് അംജിത് സഹായം എത്തിച്ചിട്ടുണ്ട്. ഇപ്രാവശ്യം ചമ്പക്കുളത്തുനിന്ന് മാറി മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാൻ പറ്റുമെന്നാണ് കരുതുന്നത്. സ്മികേഷ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സഹായം എത്തിക്കണമെന്നുള്ളവർ സ്മികേഷുമായി ബന്ധപ്പെടുക. വെള്ളമിറങ്ങിക്കഴിഞ്ഞ് വേണ്ടിവരുന്ന സഹായങ്ങൾക്കും ശുചീകരണത്തിനും വേണ്ടി ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്.

ഹജ്ജിന് പോകുന്നതിന് മുൻപ് നിഷാദ് യൂസഫ് തന്നിട്ടുപോയ പണം ആ സമയത്തെ സഹായങ്ങൾക്ക് വിനിയോഗിക്കാമെന്ന് കരുതുന്നു. ഒരു വാക്കുപോലും ചോദിക്കാതെ തന്നെ സ്വയമറിഞ്ഞ് ധനസഹായമെത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. മുഴുവൻ പ്രവർത്തനങ്ങൾക്ക് ശേഷം വരവ് ചിലവ് കണക്കുകൾ, സാമ്പത്തിക സഹായം എത്തിച്ച എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്നതാണ്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ചധികം പ്ലാസ്റ്റിക്ക് കുട്ടനാട്ടിലേക്ക് ചെന്നിട്ടുണ്ടെങ്കിലും അത് നിലവിലുള്ള നമ്മുടെ പ്ലാസ്റ്റിക്ക് പ്രശ്നത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. പ്ലാസ്റ്റിക്ക് വെള്ളത്തിലിടാതെ തിരികെ ഏൽ‌പ്പിക്കാനുള്ള സർക്കാർ സംവിധാനങ്ങളിലേക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ആവശ്യം നിറവേറ്റിക്കഴിഞ്ഞതിന് ശേഷം പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കളുടെ ശുചീകരണം മറ്റൊരു പദ്ധതിയായിത്തന്നെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്.

വാൽക്കഷണം:- വള്ളത്തിലിരിക്കുമ്പോൾ പകർത്തിയ തുമ്പും വാലുമില്ലാത്ത കുട്ടനാടിന്റെ ചില മൊബൈൽ ഫോൺ വീഡിയോകൾ ജോഹർ കൂട്ടിയോജിപ്പിച്ച് തന്നത് ഇവിടെ കാണാം. സഹായം കൊടുക്കുന്നതിന്റെ പടമെടുത്ത് കഷ്ടതയനുഭവിക്കുന്നവരുടെ മുഖങ്ങൾ പരസ്യമാക്കുന്നത് ധാർമ്മികതയല്ല എന്നുള്ളതിനാൽ അത്തരം രംഗങ്ങൾ പകർത്തിയിട്ടില്ല

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>